ആടിമാസക്കാറ്റൊഴിഞ്ഞിപ്പുലർവേള-
യാവണിത്തെന്നലെയേറ്റിടുന്നു.
ആമയമെല്ലാമൊഴിഞ്ഞവദനമാ-
യാകാശമണ്ഡലം പുഞ്ചിരിപ്പൂ.
ചേലെഴും നൂറുനൂറായിരം പുഷ്പങ്ങ-
ളൊന്നായൊരുക്കി പ്രകൃതിതന്റെ
പൊൻമണിത്താലത്തിലാവണിപ്പൊന്നുഷ-
സ്സെത്തുന്ന നേരവും കാത്തിരിപ്പൂ.
മങ്ങിമറയുവാൻ നേരമായെങ്കിലും
വേർപെട്ടു പോകാതെ വിണ്ടലത്തിൽ
പാത്തുനില്‌ക്കുന്നാനിശാപതി, പൊൻകണി
കണ്ടീടുവാനോ കൊതിച്ചിരിപ്പൂ!
‘കണ്ടുഞ്ഞാനാദ്യമപ്പൊൻകണി’യെന്നപോൽ
പൂങ്കോഴിയുച്ചത്തിൽ കൂകിടുമ്പോൾ,
‘താനാണിതാദ്യം നുകർന്ന’തെന്നോതിയോ
തുമ്പയും, മുക്കൂറ്റിപ്പൂവുമൊപ്പം?
ആർപ്പുവിളികളുയരട്ടെ,യാനന്ദ-
ഭൈരവിയെങ്ങും മുഴങ്ങിടട്ടെ,
ഗ്രാമ്യഗേഹങ്ങളുണരട്ടെ, ഗ്രാമാന്ത-
രീക്ഷമൊഴിഞ്ഞ നഗരികളും.
എങ്ങും നിറഞ്ഞതാമൈശ്വര്യദേവിതൻ
കുമ്മിയടിതന്നൊലിയലകൾ
പൂമണമോലുന്നൊരങ്കണ വേദിയിൽ
നിന്നുമുയർന്നുപരന്നിടട്ടെ.
നന്മതൻ പൊൻവളയിട്ട സമൃദ്ധിയാം
പെൺകൊടിയൂഞ്ഞാലിലാടിടുമ്പോൾ,
അക്കന്യതൻ ഹർഷഗാനങ്ങൾ ദിക്കുക-
ളെട്ടും പരന്നു, പരന്നിടുമ്പോൾ,
പച്ചിലച്ചാർത്തുകൾ വെൺചാമരം വീശി
നില്പതായ് കേരളസ്വപ്നഭൂമി.
ആണ്ടുകൾ നൂറായ്, സഹസ്രമായ് നീങ്ങിലും
മാറാലകെട്ടാതെ സൂക്ഷിപ്പു നാം
കൈതവമേതുമില്ലാ രാജപൂരുഷ-
വാഗ്‌ദാനപാലനഗാഥയിന്നും.
അക്കഥതൻ നിറവിങ്കൽ ഘോഷിപ്പുനാം
പൂത്തിരുവോണപ്പെരുമയിപ്പോൾ.
Generated from archived content: poem_aavanipulari.html Author: praveenab