അകമലരിന് സുഗന്ധം

കടലാഴം കടന്നൂ നാം
കൗസ്തുഭങ്ങള്‍ തിരയുന്നൂ
കരളാഴം ചിന്തകളൊട്ടറിഞ്ഞീടാതെ.
കതിരോനും മേലെ കാല-
പ്രവാഹത്തിന്നതിര്‍ത്തികള്‍
‍ഗണിച്ചൂനാം തമോഗര്‍ത്തമകക്കാമ്പായോര്‍.
ചിരിക്കുന്നോ,ചെറുപൂവിന്‍
ചിരിമുന്‍പില്‍ നമ്മുടെ പു-
ഞ്ചിരി, പറ്റേയെരിക്കും ലാവതന്‍ പ്രവാഹം.
അതില്‍ച്ചെറ്റുമയങ്ങി നീ
വരല്ലേ തേന്‍ കുരുവി, നീ
നുകര്‍ന്ന തേനൊരിറ്റെന്റെ മണ്ണിലായ് വീഴ്ത്തൂ.
രണധീരര്‍ പടവെട്ടി-
പ്പുളകങ്ങള്‍ ചേര്‍ത്ത മണ്ണില്‍
രുധിരമിറ്റതാ വീണുകിടപ്പൂ പുത്രന്‍.
വിരിഞ്ഞ നെഞ്ചുമായവന്‍
കിടക്കുന്നൂ, പടച്ചട്ട-
യണിഞ്ഞല്ലാ, പുറത്താണു പരിക്കു,പക്ഷേ.
അവനെപ്പുണര്‍ന്നുകൊണ്ടു
തപിക്കുന്നോരമ്മതന്റെ
ഹൃദയത്തിന്നാഴമൊട്ടൊന്നളക്കാമെന്നാല്‍
കഴിയുന്നീലവനെ വീഴ്-
ത്തുവാനായിച്ചമച്ചതാം
കഠാരയ്ക്കു നീളമെത്ര, മൂര്‍ച്ചയുമൊപ്പം!
ഒരു തുള്ളിക്കനിവിന്റെ
കുളിര്‍മൊഴി,യവര്‍തന്റെ
തിളയ്ക്കുന്ന മനതാരിന്‍ താപമേറ്റിട്ടു,
ഒഴുകുവാന്‍ തുടങ്ങും മുന്‍-
പെവിടെയോ തടയപ്പെ-
ട്ടൊരു നദി തന്റെ വീര്‍പ്പായുയരുന്നുണ്ടാം.
അതുപൊട്ടിത്തകരുമ്പോ-
ളിവിടെന്തു ബാക്കിയുണ്ടാം?
മറവിമേലക്ഷയസ്മൃതിതന്‍ താണ്ഡവം.
കടലാഴമളക്കു-
ന്നാകാശഗോളം കറക്കുന്നൂ,
നമുക്കുനാമന്യരായിക്കഴിഞ്ഞീടുന്നു.
പറയുന്നുണ്ടൊരുകാര്യ-
മതിനര്‍ത്ഥം മറിച്ചെന്നാ-
ലതിന്‍ കുറ്റം നമുക്കോ നമ്മുടെ ഭാഷയ്ക്കോ?
ആശക,ളാശയങ്ങളും
ജനിക്കുന്ന മനസ്സേ, നീ
ചിരിക്കുമ്പോളതിന്നര്‍ത്ഥം മറിച്ചെന്നാമോ.
വെറും ഭീരുകണക്കെ നിന്‍
മുഖതാരിന്‍ പിറകില്‍ വ-
ന്നൊളിച്ചീടും മനസ്സിനെ പഠിച്ചീടാനായ്-
മനുഷ്യാ,നീയിവിടത്തില്‍
രചിച്ചതാകാം ‘സയന്റിഫിക്
തിയറികള്‍ ’ തിരക്കൊല്ലാ, തോല്‍വി പറ്റീടാം.
ഹരിച്ചിട്ടും ഗുണിച്ചിട്ടും
കിടച്ചില്ലാ, കൂട്ടിയും കു-
റച്ചുമെങ്ങള്‍മടുക്കുന്നൂ,ശ്രമിക്കാതില്ല.

Generated from archived content: poem2_aug4_12.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English