ഈശന്റെ വാക്ക്‌

ദീപ്‌തനക്ഷത്രപുഷ്‌പത്തെ-

പ്പേടിച്ചീടുന്ന വണ്ടുനീ

നൻമ തൻ നൻമധുസ്‌പർശം

ലൂസിഫർ നീ കൊതിക്കുമോ?

ഞാൻ വെളിച്ചം, ഭയന്നീടും

എൻ മുഖഛായ കാൺകെ നീ,

കൂരിരുട്ടിൽ നിൻ കയ്യെന്നെ-

ത്തേടുവാനതെ കാരണം.

നിൻകളിപ്പാവയായ്‌ത്തീർന്നു

ഭാഗ്യശക്തി ക്ഷയിച്ചവൻ,

ആത്‌മരാഗം പിഴച്ചീടും

കമ്പിപൊട്ടിയ തംബുരു.

ഞാനടുത്തങ്ങു നില്‌ക്കുമ്പോൾ

കഷ്‌ടമാസാധുതൻ കരം

നീ വിലയ്‌ക്കങ്ങെടുത്തൂ, നിൻ

കൈകളെൻനേർക്കു പൊങ്ങിടാ.

എന്റെയാത്മാംശമാകുന്നോൻ

നീയയയ്‌ക്കുന്നൊരായുധം!

പാഞ്ഞു നെഞ്ചിൽപ്പതിച്ചീടിൽ

വേദനിക്കുന്നു മൻമനം.

നീ ചിരിക്കായ്‌കതിൽ വറ്റും

കാരുണ്യക്കടലല്ല ഞാൻ

കണ്ണീരുപ്പുകലർന്നുള്ളോ-

രന്നമാകുമവന്നു ഞാൻ.

ലൂസിഫർരാവുനീയെങ്കിൽ,

പകൽഞ്ഞാനെത്തീടും ക്ഷണം.

ദോഷവാക്കിന്‌ വിഷം നീ, ഞാൻ

സത്യവാക്കിന്നജയ്യത.

ജയിക്കാനുള്ള നിന്നാശ

ജയിക്കില്ലെന്നറിഞ്ഞീടൂ,

അന്ധകാര മഹാരാട്ടേ,

കാഴ്‌ച ഞാനന്ധനെന്നുമേ.

വെൺശിലയ്‌ക്കുള്ളിലായ്‌ ജീവൻ

തേടും ശില്‌പ്പിക്കു വേദന,

ജീവനറ്റോരു ശില്‌പ്പത്തെ-

ക്കാണ്‌കെയുണ്ടാം വിലാപവും

അറിഞ്ഞീടുന്നതില്ലാ നീ,

അറിവൂ ഞാനിതൊക്കെയും-

ശില്‌പ്പിയും ശില്‌പ്പവും ഞാനേ,

അവയ്‌ക്കുള്ളിൽ തുടിപ്പതും!

Generated from archived content: poem1_feb25_10.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here