നേർക്കുനേർ

വെളളിരേഖ തിളങ്ങുന്നൂ

കൂരിരുട്ടിലിടയ്‌ക്കിടെ

തെളിച്ചേൻ കൗതുകം പൂണ്ടു

വിളക്കും, പോയി നോക്കിടാൻ

പരുങ്ങുന്നുണ്ടതെന്താവാം?

തെല്ലടുത്തെത്തി നോക്കവേ,

‘ശബ്ദമുണ്ടാകൊല്ലെ’യെന്നായ്‌

സീൽക്കാരത്തിന്റെ ഭീഷണം

വിരണ്ടേനല്പ,മെന്നാലും

വിറകൊളളാതെ നിൽക്കയായ്‌

വിരണ്ടോരതിഥിക്കൊട്ടും

വിനയാകാതെ പോക്കിടാൻ

ഭയമെന്നതേ കാണുന്നുളളൂ

നമ്മൾതന്നുളളിലിക്ഷണം

ആയതിൻ സ്‌പർശനം ശീതം

വിട്ടു നീ രക്ഷനേടിടൂ

തല്ലിച്ചതയ്‌ക്കുവാൻ വയ്യ,

കണ്ടുനിൽക്കാനുമങ്ങനേ,

കൊല്ലുവാൻ ഞാനാരു, നിന്നിൽ

കാണുമ്പോളെന്റെ ജീവനെ.

എമ്മട്ടറിഞ്ഞിട്ടും നമ്മൾ

ചൂഴ്‌ന്നു കൂടും ജനത്തിനേ?

ഇഴജാതികൾ, നിന്നെപ്പോൽ

വിഷം ചീറ്റിവരാം ചിലർ,

വർഗ്ഗബോധമേ തീണ്ടാത്തോർ

വർഗ്ഗത്തിൻ വീര്യമേറിയോർ,

ഫണം നിവർക്കും, ചീറ്റീടും

ദംശിക്കാനോങ്ങിയെത്തിടും

സത്യത്തിൻ കൺകളിൽ തുപ്പും

ദൗർബല്യത്തെ വരിഞ്ഞിടും –

നീയെതിർക്കേണ്ടോരിവരാം

ആഴിയിൽ ഉപ്പിടേണമോ?

അവർതൻ കൈകളാൽ ജീവൽ

പ്രകാശത്തെയണച്ചിടാൻ

പെരുത്തപാപമൊന്നും നീ

ചെയ്‌തതില്ലയിതേവരേ

ഇഴഞ്ഞുപോയിടൂ വേഗം

കാലടിക്കന്യമാം വഴി

മടങ്ങിടേണ്ടയോർത്തെന്നാൽ

നമ്മൾതൻ സ്വച്ഛജീവിതം.

Generated from archived content: poem1_dec28_06.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here