വെളിച്ചമായ് വന്നു തുറപ്പു നിങ്ങൾ
ഇരുണ്ടൊരാകാശമൊടൊത്ത ചിത്തം
നിറപ്പു ചിത്രങ്ങളതിങ്കലെല്ലാം
വരുന്ന കാലത്തിനുണർവ്വു നൽകാൻ!
വിടർന്ന നക്ഷത്രഗണങ്ങളെപ്പോ-
ലെഴുത്തുകൾ മെല്ലെയുയിർത്തിടുന്നൂ
പ്രകാശമേകുന്നവ, വാക്കുമൊപ്പം
പെരുത്ത വാക്യങ്ങളുമായി നമ്മിൽ
തിളച്ച വാക്കിന്റെ കടുപ്പമോടും
തണുത്ത വാക്കിന്റെ വഴക്കമോടും
അനന്തമാകുന്ന വിധത്തിലെങ്ങും
നിറഞ്ഞു നിൽക്കുന്ന വിശുദ്ധരൂപം.
ഉരുണ്ടുകൂടുന്ന കറുത്തമേഘം
കണക്കു വാക്യങ്ങളുയിർക്കവേണം
തെളിഞ്ഞ തീർത്ഥം പൊഴിയുന്ന മട്ടിൽ
പരന്നു പെയ്തീടണമെന്റെയുള്ളിൽ.
വരച്ചു നാവിങ്കലമൂർത്തമാകും-
വിധത്തിലാജന്മമൊഴിഞ്ഞിടാതേ,
ഭജിച്ചിടുന്നേനതമൂല്യമാകും
നിധിക്കുതുല്യം നശിയാതെ നിൽപാൻ.
Generated from archived content: poem1_apr4_07.html Author: praveenab