കുരുതിക്കൊറ്റൻ

ഉയരും ജയഘോഷ, മൊത്തതിൻ

നടുവിൽ പോരതുവെന്നവർ വരും

ഉടലാകെ മിനുങ്ങി, തങ്ങളി-

ന്നുയിരെത്തൊട്ടൊരു വേദമോതിടും

പലപേരതു തന്റെ ധീരത

യ്‌ക്കവരോരോവിധമങ്ങു നല്‌കിടും

ജയദേവത മുന്നിലായിരം

ചമയക്കാഴ്‌ചയൊരുക്കിവച്ചിടും.

നിണമിറ്റിയ പോലെമിന്നിടും

നറുപൂമാലയണിഞ്ഞണഞ്ഞതാ-

മൊരുജന്തുവതിന്നു നല്ലപേർ

കുരുതിക്കൊറ്റനതെന്നുരച്ചിടും.

പലനാളിനുമുമ്പുതൊട്ടവർ

കരുതീടുന്നൊരു ഭാഗ്യജാതകം

ജപവിദ്യകളാചരിച്ചവർ

ജനമധ്യത്തിലുരുക്കഴിച്ചിടും

ബലിപീഠമതേറുവാൻ ശിര-

സ്സുയരെത്തന്നെ പിടിച്ചുകൊണ്ടവൻ

നടകൊൾവതു കാണ്‌മതോ പണി

വിജയാഘോഷമതിനെ വെന്നിടും.

അനുകൂലമതാക്കുവാൻ കഥാ-

വിഗതിക്കൊത്തൊരു പാത്രമായവൻ

കഥകോറിയൊരക്ഷരങ്ങളിൽ

അമരസ്സർഗ്ഗമതായി വാണിടും.

ബലിപീഠമൊരുക്കിവയ്‌പ്പവർ

ബലികൾക്കുള്ള മഹത്വമോർക്കുമോ?

ബലശാലിയവന്നു വൻ ബലം

ബലഹീനന്റെ ബലിത്വമേകവേ

ഒരു ജന്മമുറയ്‌ക്കുവാനവർ

പലജന്മങ്ങളെ വേരറുത്തിടും

പലനോവുകളൊക്കെ നെയ്‌തവർ

കുളിരും പട്ടുടയാട ചുറ്റിയും,

ഇരുനേത്രമുരുക്കി വീഴ്‌തിയോ-

രനഘപ്‌പൊന്‌മണി ധാരകോരിടും

പലന്യായമതേറ്റുചൊല്ലിയാ

നിലവിട്ടൊരു വിതുമ്പലാറ്റിടും.

അതുകാണ്മതിനായി പോയവർ

തിരികേവന്നു പറഞ്ഞതൊക്കയും

ഭവിതവ്യതന്റെ ശാസനം

ഭരമേറ്റോനു കിടച്ചമേന്‌മയാം.

Generated from archived content: poem1_apr20_10.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English