കുടജാദ്രിയിലെ സൂര്യോദയം

കുടജം നിറഞ്ഞതാമദ്രിതൻ മകുടത്തിൽ

നില്പതോ മഹാഭാഗ്യം പുലരിപ്പൊൻവെട്ടത്തിൽ

മൂകാംബതൻ പാദമലരിൻ സ്പർശത്താലേ

വസുധ സുഭഗയായ്‌, സുസ്മിതയായിരിപ്പൂ.

ആദിത്യദേവൻ പൊന്നിൻ കിരണംപൊഴിച്ചുകൊ-

ണ്ടാമയം നീക്കീടുവാനുദിച്ചു വന്നീടുന്നു,

സ്‌ഫടികപ്പാവാടപോലാവരണം തീർത്ത

നീഹാരകണികകൾ തന്നിലായ്‌ വഹിക്കുന്നു.

ദേവിതൻ കിരീടത്തിൽ രത്നമണ്ഡലം പോലെ-

യാദിത്യൻ തുടുതുടെയുയർന്നു പൊങ്ങീടുന്നു.

കാൺമതാപൊന്നമ്പലം, മംഗളരൂപതന്റെ

‘മോഹന’ സങ്കീർത്തനം വിണ്ണിലും ലയിക്കുന്നു.

പ്രകൃതീശ്വരിയാത്മസൗന്ദര്യം വർഷിച്ചുകൊ-

ണ്ടായിരമഭിഷേകപുഷ്പങ്ങളർപ്പിച്ചുപോയ്‌

സുകൃതവാഹിനിയായൊഴുകും സൗപർണ്ണികാ-

സിരകൾ ജപിക്കിന്നിതാദിത്യഹൃദയവും.

എൻ മനം വിഹരിപ്പൂ സുന്ദരരൂപയാകു-

മദ്രിതൻ മേലെ പുലർപ്രഭതൻ പൂരത്തിങ്കൽ

അപ്പൊഴേ കുറിച്ചതാം വാക്കുകളിതുവിധ-

മർപ്പിപ്പൂ നിവേദ്യമായമ്മതൻ തിരുമുമ്പിൽ.

Generated from archived content: kudajadri.html Author: praveenab

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here