ഇളകിയാടിയ പ്രതിബിംബങ്ങൾ

“മുകുന്ദേട്ടാ”

തിരക്കേറിയ ആ വാരത്തിന്റെ അന്ത്യയാമങ്ങളിൽ ഉറക്കം ഇനിയും മുകുന്ദന്റെ കണ്ണുകളെ കൊതിപ്പിക്കുന്നതേയുളളൂ. അപ്പോഴാണ്‌ ഒരു വെടിയുണ്ടയുടെ പ്രകമ്പനത്തോടെ സൗമിത്രയുടെ വിളി അയാളിലേക്കു പാഞ്ഞു കയറിയത്‌. അതിന്റെ ഞെട്ടലിൽ കട്ടിലിൽ നിന്നുമയാൾ തെറിച്ചു താഴേക്കു വീണു. കൂടെ അവളുടെ മുഖംപോലെ വട്ടത്തിലിരുന്ന നാഴികമണിയും. അതവളുടെ ഒരനുവർത്തിയെന്നവണ്ണം ടിക്‌ ടിക്‌ നാവുകൊണ്ടയാളുടെ ഉറക്കത്തെ അധിഷേപിച്ചപ്പോൾ ഈർഷ്യയോടെ അയാൾ അതിന്റെ നാവു പിഴുതു ദൂരെയെറിഞ്ഞു. എന്നിട്ടു വീണ്ടും കട്ടിലിൽ കയറി കണ്ണുകൾ ഇറുമ്മിയടച്ചു കിടന്നു.

“മുകുന്ദേട്ടാ…”, സൗമിത്രയുടെ വിളി വീണ്ടും.

“ദൈവമേ, ഇവൾക്കുറക്കവുമില്ലേ..?” നഗ്നമായ കാലുകൾക്കിടയിൽ കൈകൾ ഒന്നുകൂടി ഇളക്കിമുറുക്കവെ അയാൾ പിറുപിറുത്തു.

കിടക്കയുടെ നേർമ്മയിൽ ആശ്വസിച്ചുകൊണ്ടയാളോർത്തു, ഇപ്പോഴെങ്ങാനും താഴോട്ടിറങ്ങിച്ചെന്നാൽ, ഹോ…

ഇന്നലെ മുത്തശ്ശിയുടെ എൺപത്തിമൂന്നാം പിറന്നാളായിരുന്നല്ലോ. ആഘോഷിക്കാനെത്തിയ ബന്ധുജനങ്ങൾ അക്രമപ്പെടുത്തിയ വീടിന്റെ അലങ്കാരങ്ങളെക്കുറിച്ചും അലങ്കോലപ്പെടുത്തിയ വസ്‌തുക്കളെക്കുറിച്ചും പുലമ്പുകയായിരിക്കും അവളിപ്പോൾ. ആരോടും ഒരു ബഹുമാനവുമില്ലാത്ത പുലമ്പൽ.

“അവരൊക്കെ നമ്മുടെ ബന്ധുക്കളല്ലേ..?” എന്നെങ്ങാനും ഒന്നു ചോദിച്ചാൽ പിന്നെ തന്റെ നേർക്കാകും.

വെളുപ്പിനെ കുളിച്ചിട്ടും ബന്ധുജനങ്ങൾ നടത്തിയിട്ടുപോയ പടയണിയുടെ അവഹേളനങ്ങൾ ഏറ്റുവാങ്ങി ചവറ്റുകൊട്ടയിലൊതുക്കുമ്പോൾ നെറ്റിയിലെ വിയർപ്പു തുടയ്‌ക്കുന്ന സൗമിത്രയോടു മുകുന്ദനു സഹതാപമില്ലാഞ്ഞിട്ടല്ല.

എങ്ങനെ സഹതപിക്കാതിരിക്കും? ഇങ്ങനെയുമുണ്ടോ ബന്ധുക്കൾ? ഇരുപ്പുമുറിയിലേക്കു പ്രവേശിച്ചാൽ പിന്നെ മൽസരിച്ചു കൊച്ചുബീഡിയും സിഗരറ്റും കത്തിച്ച്‌ അവർ അതിനെ കോടമഞ്ഞു മൂടിയ ഒരു മലമുകളാക്കും. കത്തിച്ച തീപ്പെട്ടിക്കൊളളി സങ്കോചം കൂടാതെ താഴെക്കെറിയുന്നതിൽ ഒന്നു പ്രതിഷേധിച്ചാലുടനെ ചോദിക്കും, “ഒരു തീപ്പെട്ടിക്കോലിൽ കത്താനുളളതേയുളേളാ മുകുന്ദാ നിന്റെ മാർബിൾത്തറ” എന്ന്‌. യൂറോപ്യൻ ക്ലോസെറ്റിൽ സിഗരറ്റും ബീഡിയും തീപ്പെട്ടിക്കൊളളിയും ചിലപ്പോൾ കടലാസുമവർ നിറച്ചുവയ്‌ക്കും. ഷോകേസ്സിലെ ആർട്‌ പീസോരോന്നായി പുറത്തെടുത്തോരോ പരട്ട കമന്റും പാസാക്കി എവിടെയെങ്കിലുമിട്ടിട്ടങ്ങു പോകും.

‘ഈ വീടെന്താ മുകുന്ദന്റേതു മാത്രമാണോ? നമ്മുടെയെല്ലാവരുടെയും കുടുംബസ്വത്തല്ലേ?’ എന്നുളള ഒരു ഹുങ്കാണോരോരുത്തർക്കും. അതെ, തറവാട്ടു സ്വത്തു താനും അനുഭവിക്കുന്നുണ്ട്‌. പക്ഷേ താനും മറ്റുളളവരെപ്പോലെ കളളും ചാരായവും കുടിച്ചു കിട്ടുന്നതൊക്കെ കളഞ്ഞിരുന്നെങ്കിലോ, അതൊക്കെപ്പറഞ്ഞാലാർക്കാണു മനസ്സിലാകുക?

എന്നാലും സൗമിത്ര അവരെയൊക്കെ അധിക്ഷേപിക്കുന്നതു കേൾക്കുമ്പോൾ ഉളളു കത്തിപ്പോകുന്നതുപോലെയാണു മുകുന്ദന്‌. ബന്ധുക്കൾ, പാരമ്പര്യം, കുടുംബം എന്നൊക്കെപ്പറഞ്ഞാലെന്താ? തോന്നയ്‌ക്കൽത്തറവാട്ടിലെ പങ്കിയുടെ മകനെന്ന പദവി, നാട്ടിലെ ഒരെണ്ണപ്പെട്ട ജനവ്യൂഹത്തിന്റെ ഭാഗമാണു താനെന്നുളള അഭിമാനം, അതത്ര നിസ്സാരമാണോ? അതിനേക്കുറിച്ചോർക്കുമ്പോഴേ മുകുന്ദന്റെ രോമം എഴുന്നേറ്റു നിൽക്കും. പട്ടണത്തിലെ ഒരു കോൺക്രീറ്റുകൂട്ടിൽ, ഒരു കമ്പനിക്ലാർക്ക്‌. അച്ഛന്റെ ജനകീയതയിൽ വളർന്നുവന്ന സൗമിത്രയ്‌ക്കറിയാമോ അതുവല്ലതും? നാട്ടുമ്പുറത്തെ പൗരാണികമായ ഒരു തറവാടിന്റെ പ്രമാണിത്തം അവൾക്കു കേട്ടുകേൾവി പോലും ആയിരിക്കില്ല.

തോന്നയ്‌ക്കൽത്തറവാട്‌ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ഒരു വടവൃക്ഷമാണ്‌. അതിന്റെ അന്തേവാസികൾ ചിട്ടയും പരിഷ്‌ക്കാരവുമുളള ആധുനികരല്ലായിരിക്കാം. പക്ഷേ അതൊന്നും ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങളല്ല. സൗമിത്രയോ തറവാട്ടിലെ ഒരന്യ രക്തമാണ്‌. അവിടെക്കാണുന്നതെല്ലാം വാനോളം പുകഴ്‌ത്തി, അതിന്റെ കീർത്തി വാരിമോന്തിക്കുടിച്ചു മതിമറക്കാനല്ലാതെ മറ്റൊന്നുമവൾ ചെയ്‌തുകൂടാ. അതു മുകുന്ദന്റെ ശാസനമാണ്‌. ഭാര്യയുടെ നേർക്കനുശാസനം പുറപ്പെടുവിക്കാൻ അയാൾ ചക്രവർത്തി തന്നെയാണ്‌.

അനുശാസനങ്ങളുടെ ആട്ടുകല്ലിൽ ഞെരിഞ്ഞമർന്ന സൗമിത്ര പക്ഷെ തോന്നയ്‌ക്കൽത്തറവാട്ടിൽ ദുഃഖിതയും പീഡിതയുമായിരുന്നു. തനിക്കു ചുറ്റും വളച്ചുകെട്ടിയ ധാരണകളുടെയും, വിശ്വാസങ്ങളുടെയും വേലിയേക്കാൾ അവൾക്കിഷ്‌ടപ്പെട്ടത്‌ സത്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നു. തോന്നയ്‌ക്കൽത്തറവാടിന്റെ ചരിത്ര സത്യങ്ങളിലൂടെ ആ സ്വാതന്ത്ര്യത്തോടെ അവൾ അലഞ്ഞു നടന്നു. ആ അലച്ചിലിൽ അവൾ തട്ടിമുട്ടി വീണ അനേകം പെരുന്തൂണുകളുണ്ട്‌. അവളുടെ അമ്മായിയമ്മ പങ്കി, പങ്കിയുടെ അനിയത്തിമാരായ ചെല്ലു, അംബി, അവരുടെ അമ്മയായ മാതു തുടങ്ങിയവർ.

ഇന്നലെ മാതുവിന്റെ പിറന്നാളായിരുന്നു. തറവാടിന്റെ സുവർണ്ണകാലത്ത്‌, അതായത്‌ പറങ്കികളുടെ സഹായത്തോടെ നാട്ടിൽ രാജഭരണം നടന്നിരുന്ന കാലത്ത്‌, അവർ ജീവിച്ചതു രാജകുമാരിമാരെപ്പോലെയാണ്‌.

അവരുടെ ഒരേയൊരാങ്ങള നാരായണദാസ്‌ തറവാട്ടിലും നാട്ടിലും ഒരുപോലെ അസ്ഥപ്രജ്ഞനായിരുന്നു. പോണ്ടിച്ചേരിയിലെ ഒരു പറങ്കിക്കമ്പനിയിൽ അയാൾക്കു ഗുമസ്തപ്പണിയായിരുന്നു. വർഷങ്ങൾ കൂടുമ്പോൾ, മുടിമുറിച്ചിട്ട പച്ചപരിഷ്‌ക്കാരിണി ഭാര്യ നളിനിയും, മക്കൾ ചിന്നുവും പൊന്നുവുമായി ആദ്യ കാലങ്ങളിൽ അയാൾ തറവാട്ടിൽ വന്നിരുന്നു. മരുമക്കത്തായ ശൈലിയിൽ തറവാട്ടിൽ വർത്തിച്ചിരുന്ന പെണ്ണാധിപത്യത്തോടയാൾക്കു വെറുപ്പായിരുന്നു. പിന്നെ തറവാട്ടിൽ തങ്കച്ചിമാർ സ്വത്തുക്കളുടെയും, നാട്ടിലെ തടിമിടുക്കുളള ആണുങ്ങളുടേയും പേരിൽ പരസ്പരം കൊമ്പുകോർത്തിരുന്നെങ്കിലും നാരായണദാസിന്റെ മുൻപിൽ അവരൊറ്റക്കെട്ടായിരുന്നു. ചിന്നുവിനോടും, പൊന്നുവിനോടും സ്‌നേഹമഭിനയിച്ചവരുടെ സ്‌റ്റൈലൻ കുപ്പായങ്ങൾ മക്കൾക്കുവേണ്ടി തട്ടിയെടുക്കുക തുടങ്ങി, അവരോട്‌ നളിനിയുടെ കുറ്റങ്ങൾ തുടങ്ങി, നാരായണദാസ്‌ തോട്ടക്കാരൻ നായർക്കു പിറന്ന മകനായതിനാൽ തറവാട്ടുസ്വത്തിനവകാശമില്ല എന്നുവരെ അവർ പറഞ്ഞു കേൾപ്പിച്ചു.

സ്വത്തിനോടുളള ആർത്തിയിൽ സ്വന്തം രക്തത്തെ നിർവീര്യമാക്കാൻ ശ്രമിച്ച പെൺമക്കളുടെയും സ്വയം ഒറ്റപ്പെട്ട മകന്റെയുമിടയിൽ അമ്മ തോന്നയ്‌ക്കൽ മാതുവമ്മ പക്ഷെ എന്തുകൊണ്ടോ നിശബ്‌ദത പാലിയ്‌ക്കാനാണ്‌ സ്വയം തീരുമാനിച്ചത്‌. സ്വന്തം നെഞ്ചിൽ ഇന്നും എച്ചിലായിക്കിടക്കുന്ന തോട്ടക്കാരന്റെ ചൂടോ അതോ സ്വാർത്ഥതയോ എന്താണതിന്റെ കാരണമെന്ന്‌ മാതുവിനല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. പൊളളുന്ന ആ നിശ്ശബ്‌ദതയുടെ ചൂടിൽ ഒരു നാൾ തറവാടിനേയും ജന്മം കൊടുത്ത മാതാവിനേയും ശപിച്ചുകൊണ്ടു നാരായണദാസ്‌ തറവാടിന്റെ പടിയിറങ്ങിപ്പോയി.

കഴിഞ്ഞ മുപ്പത്തഞ്ചു നാൽപ്പതുകൊല്ലങ്ങളായി തോന്നയ്‌ക്കൽത്തറവാടും ഭാഗം ചെയ്യാതെ കിടക്കുന്നതതുകൊണ്ടാണ്‌. തങ്കച്ചിമാരും മക്കളും, കൊച്ചുമക്കളും അടങ്ങുന്ന ഒരു ശേഖരം തടവാടിന്റെ പതിനഞ്ചോളം ഏക്കർ വരുന്ന ഭൂമി, ഓരോരുത്തരായി കയ്യൂക്കനുസരിച്ചു വളച്ചുകെട്ടിയെടുത്ത്‌, അതിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചാദായമുണ്ടാക്കി, നാട്ടിലെ രാഷ്‌ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നേതൃത്വമ വഹിച്ച്‌, പഞ്ചായത്തു ഭരിച്ച്‌, കളളും ചാരായവും കുടിച്ച്‌, വ്യഭിചരിച്ച്‌, വശീകരിച്ച്‌, മ്യൂച്ച്വൽ ഫണ്ടും ബ്ലേഡുകമ്പനിയും നടത്തി, ഗ്ലോബലൈസേഷന്റെ പിമ്പുകളായി അങ്ങനെ കുശാലായി ജീവിച്ചുവരവെയാണ്‌, എല്ലാത്തിന്റേയും അടപ്പുതട്ടിച്ച ആ സംഭവം കഴിഞ്ഞ മാസം ഉണ്ടായത്‌.

അച്ഛന്റെ സ്വത്തുക്കൾക്കവകാശം ചോദിച്ചുകൊണ്ട്‌ ചിന്നുവും പൊന്നുവും തറവാട്ടിലെത്തിയിരിക്കുന്നു. ഇന്നവർ ചെറിയമ്മമാരുടെ ഉമ്മാക്കിക്കഥകൾ കേട്ടു വിശ്വസിക്കുന്ന കൊച്ചുകുട്ടികളല്ല. അവരുടെ കൂടെ രാഷ്‌ട്രീയ സ്വാധീനമുളള ഭർത്താക്കൻമാരും മക്കളുമുണ്ട്‌. അംബിച്ചെറിയമ്മയുടെ മക്കൾ, ഉദയയും ഗീതയും, ഏതോ പറങ്കിയ്‌ക്കു ജനിച്ചതായതിനാൽ അവർക്കു തറവാടുസ്വത്തിനവകാശമില്ല എന്നൊരു ബോംബും അവർ പൊട്ടിച്ചിരിക്കുന്നു.

നാട്ടിലും തറവാട്ടിലും ഇന്നതൊക്കെ പഴേകഥകളാണ്‌. സ്വർണ്ണത്തലമുടിയും, നീലക്കണ്ണുകളുമുളള ആ കുട്ടികളെ കരിപോലെ കറുത്ത കുട്ടനാശാനെങ്ങനെ അംബിയ്‌ക്കുകൊടുക്കാൻ കഴിഞ്ഞു എന്നുളളതു പണ്ടൊക്കെ ധാരാളം ചോദിച്ചിട്ടുളള ചോദ്യങ്ങളാണ്‌. ഒടുവിൽ അവരുടെ സ്വർണ്ണനിറത്തിന്റെ പേരിൽത്തന്നെ മുന്തിയ തറവാടുകളിൽനിന്നു ബന്ധം തരമായപ്പോൾ വാലു കിളിച്ചതു തണലായി എന്നമട്ടിൽ എല്ലാവരുമതാഘോഷിച്ചു. കുട്ടനാശാനൊഴിച്ച്‌, മൂത്രത്തിൽ കല്ലുവളരുംപോലുളള വേദനയാണ്‌ കുട്ടനാശാന്റെ അടിവയറ്റിൽ അതിനെക്കുറിച്ചു കേൾക്കുമ്പോൾ.

അവരുടെ വരവ്‌ തറവാട്ടിലൊരടിയന്തിരാവസ്ഥ തന്നെ സൃഷ്‌ടിച്ചു. ഒരേ ചോരകൾ കുരുക്ഷേത്രത്തിലെപ്പോലെ ചേരി തിരിഞ്ഞു. അന്നത്തെപ്പോലെ ഇന്നും കൃത്യതയില്ലാത്ത പിതൃത്വവുമായി അവർ സ്വത്തിനുവേണ്ടി ആർത്തിയോടെ പടപൊരുതി. പരസ്പരം മണ്ണുകപ്പിയ്‌ക്കാനുളള ആലോചനകൾ ഇരു ക്യാമ്പിലും തിരുതകൃതിയായി നടന്നു. രണ്ടിനേയും-ചിന്നുവിനെയും പൊന്നുവിനെയും-അങ്ങു തട്ടിക്കളഞ്ഞാലെന്താ എന്നുവരെ തറവാട്ടിലെ കുറെ തീവ്രവാദികൾ അഭിപ്രായപ്പെട്ടു.

മുകുന്ദന്റെ ക്യാമ്പിലെ ഉച്ചകോടികളിൽ സൗമിത്രക്കു പ്രവേശനമില്ലായിരുന്നു. എങ്കിലും ഒരിക്കൽ ക്യാമ്പിന്റെ പുറത്തുവച്ചവൾ പറഞ്ഞു. “ആ കുട്ടികളങ്ങനെ പറഞ്ഞെന്നുവെച്ച്‌ ഇവിടാർക്കും സ്വത്തൊന്നും നഷ്‌ടപ്പെടാൻ പോണില്ല. ദൈവീകത്വത്തിന്റെ മറയങ്ങോട്ടു മാറ്റിയാൽ പഞ്ചപാണ്ഡവന്മാരുടെ പിതൃത്വം എന്തായിരുന്നു. ഭർത്താവു ഷണ്ഡനായിരുന്ന കുന്തിക്ക്‌ കാട്ടാളന്മാരടക്കമുളള പല ആണുങ്ങൾക്കും ജനിച്ച മക്കളായിരുന്നില്ലേ അവർ? എന്നിട്ടും അവർ പോരാടിയതു ബീജബന്ധമില്ലാത്ത പാണ്ഡുവിന്റെ സ്വത്തിനുവേണ്ടിയായിരുന്നില്ലേ? ഇതിപ്പൊ അതൊന്നുമല്ലല്ലോ, മാതാവിന്റെ സ്വത്തല്ലേ? മാതൃത്വത്തിൽ കളങ്കമില്ലല്ലോ.

സൗമിത്രയുടെ ബുദ്ധിയും ചരിത്രജ്ഞാനവും തറവാട്ടിലെ പെൺപുലികൾ വേഗം അംഗീകരിച്ചു. പക്ഷെ മുകുന്ദനുമാത്രം ആ അംഗീകാരത്തിൽ സംശയം ബാക്കിനിന്നു. കാരണം അതുപറഞ്ഞപ്പോൾ മാരിവില്ലുപോലുളള അവളുടെ കണ്ണുകളുടെ കോണിൽ അയാൾക്കുമാത്രം തിരിച്ചറിയാവുന്ന ഒരു ചിരി ഊറിനിന്നിരുന്നു.

എന്നാലും അതോടെ തറവാടു വീണ്ടും ശാന്തമായി. സ്വത്തിനെക്കുറിച്ചുളള എല്ലാവരുടെയും വ്യാകുലതകൾ പമ്പ കടന്നു. മാതുമുത്തശ്ശിയുടെ പിറന്നാളായി പിന്നീടവരുടെ ചർച്ച.

മുത്തശ്ശിയുടെ പിറന്നാളാഘോഷത്തിനു പട്ടണത്തിൽ പച്ചക്കറിയുടെ ഓർഡർ കൊടുക്കാൻ മുകുന്ദന്റെ കൂടെ കുട്ടനാശാനുമുണ്ടായിരുന്നു. ഓർഡർ കൊടുത്തു തിരിച്ചുപോകുമ്പോൾ പാറേൽ സ്‌കൂളിന്റെ പിന്നാമ്പുറത്തെ പൊട്ടിപ്പൊളിഞ്ഞ മതിലിനടുത്തെത്തി കുട്ടനാശാൻ അതിൽക്കയറിയിരുന്നു. അടുത്തു മുകുന്ദനും. സമയം ത്രിസന്ധ്യ കഴിഞ്ഞിരുന്നു. സ്‌കൂളിന്റെ പിന്നിലെ കൊക്കയിലേക്കിരമ്പിച്ചാടുന്ന വെളളത്തിന്റെ ശബ്‌ദം അവർക്കിടയിൽ ഒരു കോട്ടയായി ഉയർന്നു നിന്നു.

”പട്ടിയുടെ കയ്യീന്നു നീ എല്ലു തട്ടിപ്പറിക്കാൻ നോക്കീട്ടൊണ്ടോടാ മുകുന്ദാ?“ കുട്ടനാശാന്റെ പെട്ടെന്നുളള ചോദ്യം മുകുന്ദനെ കുഴക്കി.

”ഓർക്കുന്നില്ല… ചെറുപ്പത്തിലെങ്ങാനും.“

”നോക്കീട്ടും രക്ഷയില്ല, കിട്ടില്ല, എന്തു സാഹസം കാട്ടിയും പട്ടിയതു കൊടുക്കത്തില്ല… ആ പട്ടീടത്രയും കൂടി കഴിവ്‌ എനിക്കില്ലാതെപോയല്ലോ മുകുന്ദാ.“

”കുട്ടനമ്മാവനെന്താ പറയുന്നേ…?“ മുകുന്ദനൊന്നും മനസ്സിലായില്ല.

”എന്റെ നെഞ്ചിന്റെ ചൂടുപറ്റിക്കിടന്നു കണ്ടവന്റെ സന്തതികളെപ്പെറ്റിട്ട അവളെ…ച്ചീ എന്നൊന്നു വിളിക്കാമ്പോലും എനിക്കു കഴിഞ്ഞില്ലെടാ…“

”അപ്പോ ഒക്കെ നേരാണോ..?“

”പറങ്കികളുടെ ഏതോ ഒരു നാട്ടീന്നാരുന്നു. വെല്ലിംഗ്‌ടൻ. കഥകളി പഠിക്കാനുളള ഭ്രമവുമായിട്ടാണയാൾ ആദ്യം തോന്നയ്‌ക്കലെത്തിയത്‌.“

കുട്ടനാശാനന്നു കഥകളിയുടെ ആശാനായിരുന്നു. മനയ്‌ക്കലെ കഥകളി ഭ്രാന്തൻ, ദത്തൻ തമ്പുരാന്റെ ക്ഷണമനുസരിച്ച്‌ പലപ്പോഴും അവിടത്തെ കഥകളിത്തറയിലാടാറുണ്ടായിരുന്നു. ആയിടയ്‌ക്കാണ്‌ ആശാൻ തോന്നയ്‌ക്കലെ അംബിയെക്കണ്ടതും, പ്രേമിച്ചതും, പുടവകൊടുത്തതും.

”ഇപ്പോളയാൾ…?“

”അഞ്ചാറുകൊല്ലം മുൻപുവരെ അമ്മയ്‌ക്കും മക്കൾക്കും പിറന്നാൾ സമ്മാനങ്ങളയയ്‌ക്കാറുണ്ടായിരുന്നു.“

”സ്‌നേഹത്തിന്റെ നിഷേധം അതിന്റെ വേദന, അതു നീയറിഞ്ഞിട്ടില്ലല്ലോ മുകുന്ദാ…“ അതും പറഞ്ഞു കുട്ടനാശാൻ കരഞ്ഞു. ചുടുകണ്ണീർ കവിളുകളിലൂടെ ഒഴുകി. പറക്കമുറ്റാത്ത കിളിയെപ്പോലെ ഗദ്‌ഗദം തൊണ്ടയിൽ ചിറക്കിട്ടടിച്ചു. കുറെക്കഴിഞ്ഞു കരച്ചിലടങ്ങിയപ്പോൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു. അതും കഴിഞ്ഞു പെട്ടെന്നയാൾ ശാന്തനായി. ഇന്നലത്തെ പിറന്നാളാഘോഷങ്ങളിലും അയാൾ വളരെ ശാന്തനായിരുന്നു.

”മുകുന്ദേട്ടാ..“ സൗമിത്രയുടെ വിളി വീണ്ടും.

പക്ഷെ ഇപ്പോഴതൊരു തേങ്ങലിന്റെ ചൂളമായിട്ടാണയാളുടെ കാതിൽ വീണത്‌. തലയിണയിൽ നിന്നു മുഖമുയർത്തി അയാൾ കാതു കൂർപ്പിച്ചു. ആരൊക്കെയോ കരയുന്നു. അടക്കം പറയുന്നു. അയാൾ കിടക്കയിൽ നിന്നും ചാടിയെണീറ്റു താഴേക്കോടി. കോണിപ്പടികളുടെ താഴെ സൗമിത്ര നിന്നു കരയുന്നു. ”എന്തുപറ്റി?“, താഴേക്കു കുതിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

”കുട്ടനമ്മാവൻ“, അയാളുടെ ചുമലിലേക്കു വീണുകൊണ്ടവൾ തേങ്ങി.

ഇരിപ്പുമുറിയിൽ ആളുകളങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ പോലീസെന്നും ആംബുലൻസെന്നും പറയുന്നുണ്ടായിരുന്നു. പുറത്ത്‌ അരണ്ട വെളിച്ചത്തിൽ ആളുകൾ മുറ്റത്തുകൂടിയും, തൊടിയിലൂടെയും ഓടുന്നുണ്ടായിരുന്നു. അവരുടെ പുറകെ മുകുന്ദനും സൗമിത്രയും ഓടി. അന്നു മുകുന്ദനും കുട്ടനാശാനുമിരുന്നു സംസാരിച്ച പാറേൽ സ്‌കൂളിന്റെ പിൻഭാഗത്തെ വെളളച്ചാട്ടത്തിലേക്കാണവരോടിയത്‌.

മുകളിൽ നിന്നു നോക്കിയപ്പോൾ മതിമറന്നു കുതിക്കുന്ന വെളളത്തിന്റെ വെളുപ്പിൽ ഒന്നും വ്യക്തമായില്ല. കൊക്കയുടെ ഓരത്തെ ഊടുപാതയിലൂടെ അവർ താഴേക്കിഴഞ്ഞു.

താഴെനിന്നും പങ്കിച്ചെറിയമ്മയുടെ കരച്ചിൽ ഒരിരമ്പൽ പോലെയവരുടെ കാതിൽ വീണു.

”ദൈവമേ, എനിക്കിനിയാരുണ്ടേ…എന്നോടീ കടുംകൈയെന്തിനാ ചെയ്തത്‌ കുട്ടേട്ടാ…എന്റെ ചങ്കും പറിച്ചോണ്ടല്ലേ പോയത്‌.“

കുറച്ചുകൂടെ താഴെക്കിറങ്ങിയപ്പോൾ കണ്ടു, ആൾക്കൂട്ടം. ആൾക്കൂട്ടത്തിന്റെ ഉളളിലേക്കു നുഴഞ്ഞു കയറിയപ്പോൾ, ഒരു കാട്ടുകമ്പിൽത്തട്ടി, വെളളത്തിലാലോലമാടുന്ന കുട്ടനമ്മാവൻ. ഒന്നേ നോക്കിയുളളൂ.

”ഞങ്ങടച്ഛൻ പോയേ, ഞങ്ങക്കിനിയാരുണ്ടേ…“, കുട്ടനമ്മാവന്റെ മക്കൾ ഉദയയും ഗീതയുമാണ്‌. മുത്തച്ചിയുടെ പിറന്നാളിനു വന്നതായിരുന്നു അവർ.

”കളളികളാണെടാ എല്ലാം കളളികളാ…ആ തളളയടക്കം. പാരമ്പര്യം, തറവാട്‌, ഒക്കെ വെറും ഭോഷ്‌ക്കാണെടാ…സൂക്ഷിച്ചില്ലെങ്കിൽ നിന്നെയും അവരൊരു നാരായണദാസാക്കും.“

സ്‌കൂളിന്റെ പിന്നിലെ പൊളിഞ്ഞ മതിലിരുന്നതാ കുട്ടനമ്മാവൻ സംസാരിക്കുന്നു.

അകലെയകലെ സ്വർഗ്ഗത്തിന്റെ കമാനങ്ങളിലൂടെ കുട്ടനാശാന്റെ ആത്മാവ്‌ ഒരു ചെറുകിളിയായി പറന്നുയരുന്നതു മുകുന്ദൻ മനസ്സിൽ കണ്ടു. അതിന്റെ നേരിയ ചിറകടി സ്വനം ഒരു ഭൂകമ്പമായി അയാളുടെ മനസ്സിലെ പ്രതിബിംബങ്ങളെ ആട്ടിയുലച്ചു.

Generated from archived content: story1_june9.html Author: prassannakumari_raghavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here