രണ്ട്‌ നർമ്മകഥകൾ

1. ആർ യു മലയാളീസ്‌…………?

മനുഷ്യർ ആരായാലും, “ ഇനി വേണ്ട, മതി” എന്ന്‌ പറയുന്ന ഒരു കാര്യമേ ഉള്ളു അത്‌ ആഹാരമാണ്‌. ആഹാരം വയറു നിറച്ചു കഴിച്ചാൽ പിന്നെ ആരായാലും പിന്നെ വേണം എന്ന്‌ പറയാറില്ല. പക്ഷെ, പണമായാലും കാറായാലും സ്വർണ്ണമായാലും വേറെ എന്ത്‌ തന്നെ ആയാലും ഇനിയും വേണം വേണം എന്നേ പറയൂ “മതി” എന്ന്‌ ആരും പറയാറില്ല ശരിയല്ലേ………….

ഇനി സംഭവത്തിലേക്ക്‌ വരാം

വീണുകിട്ടിയ ഒരു അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം ഇത്തവണ മൈസൂർ പോകാനായി തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അഞ്ചു സുഹൃത്തുക്കൾ മൈസൂറിനു പോയി. എല്ലാവരും നേരത്തെ പോയിട്ടുണ്ടെങ്കിലും, ഇന്റർനെറ്റിൽ നോക്കി താമസിക്കേണ്ടതായ ഹോട്ടലുകളുടെ ലിസ്‌റ്റ്‌ ഒക്കെ എടുത്ത്‌ വ്യത്യസ്‌ത ആഹാരം കിട്ടുന്ന ഹോട്ടലുകളുടെ പേരും സ്‌ഥലവും ഒക്കെ പ്രിന്റ്‌ എടുത്ത്‌ ആണ്‌ യാത്ര. ഈ ബാച്ചിലേഴ്‌സിന്റെ ഓരോരോ പ്രോബ്ലംങ്ങളെ…..

അങ്ങനെ ഞങ്ങൾ മൈസൂരിൽ എത്തി. ആദ്യം രണ്ടു ദിവസങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പോയി. ഇപ്പോഴും മൈസൂർ സൂ കാണുമ്പോൾ ഓർമ വരുന്നത്‌ കോളേജ്‌ ടൂർ ആണ്‌. അവസാന വർഷം ബി.എസ്‌.സി. കാലയളവ്‌, സുനാമി വീശിയടിച്ചു ഏതാണ്ട്‌ മൂന്ന്‌ ദിവസം കഴിഞ്ഞാണ്‌ ഞങ്ങൾ ടൂർ പോകുന്നത്‌. ആശങ്കയുടെ മുൾമുനയിൽ നിന്നുള്ള ഒരു യാത്ര ആയിരുന്നു അത്‌. രാത്രി പുറപ്പെട്ടു ഞങ്ങൾ പിറ്റേന്നു മൈസൂരിൽ എത്തി. എല്ലാവരും ഉറക്കക്ഷീണം കാരണം ന്യൂ ഇയർ ബസിൽ ആണേ ആഘോഷിച്ചത്‌. എല്ലാവരിലും മുൻപേ ഞങ്ങളുടെ പ്രിയപ്പെട്ട കൊടുമ്പിരി അളിയൻ എണീറ്റ്‌ കുളിയും തേവാരവും നടത്തി റൂമിൽ നിന്നിറങ്ങി ഒറ്റയ്‌ക്ക്‌ കറങ്ങാൻ ഇറങ്ങി. കറങ്ങിയിട്ട്‌ വന്നിട്ട്‌ ചങ്കിൽ കൊള്ളുന്ന ഒരു വാർത്ത അറിയിച്ചു.

“അളിയോ മൈസൂർ സൂ ഇന്നവധിയാണ്‌.”

“നിന്നോടാരാ പറഞ്ഞത്‌.”

“അവിടെ എഴുതി വെച്ചിട്ടുണ്ട്‌.

”എന്തോന്ന്‌.“

”ടുഡേ ഹോളിഡേ എന്ന്‌“

ഇതു കേട്ടപ്പോൾ സുഭാഷും നിതിനും കൂടി ഡയലോഗ്‌ അടിച്ചു.

”അളിയോ….. അവനു ഇംഗ്ലീഷ്‌ നേരെ ചൊവ്വെ വായിക്കാനറിയില്ലേ! വേറെ വല്ലോം ആയിരിക്കും അവിടെ എഴുതിയേക്കുന്നത്‌“ കറക്‌ട്‌ കാര്യമായിരുന്നു അവർ പറഞ്ഞത്‌. ഞങ്ങൾ റൂമിൽ നിന്നിറങ്ങി സൂവിന്റെ മുൻപിൽ ചെന്നപ്പോൾ അവിടെ എഴുതി വെച്ചത്‌ കണ്ടു ഞെട്ടി ”ടുഡേ ഹോളിഡേ“ എന്നല്ല” “ടൂസ്‌ ഡേ ഹോളിഡേ” എന്നാണ്‌. തള്ളേ….. കൊള്ളാം അതോടെ കൊടുമ്പിരി അളിയനെ ഞങ്ങൾ തേച്ചു…………

അത്‌ പോകട്ടെ തിരിച്ചു ഇപ്പോഴത്തെ യാത്രയിലേക്ക്‌ വരാം

ഇന്റർനെറ്റിൽ നിന്ന്‌ എടുത്ത ഒരു പുകൾ പെറ്റ ഒരു റസ്‌റ്റോറന്റ്‌ ആണ്‌ ഞങ്ങൾ രാത്രിയിൽ ആഹാരം കഴിക്കാനായി തിരഞ്ഞെടുത്തത്‌. ഒരു പോഷ്‌ ഹോട്ടൽ. കുറെ പരിഷ്‌ക്കാരികൾ അവിടുന്നു ആഹാരം കമ്പിലും സ്‌പൂണിലും കോർക്കുന്നു. തലയിൽ തൊപ്പിയും വെച്ചോണ്ട്‌ വന്ന ഒരു മഹാരാജാവ്‌ നൂറു പേജിന്റെ ഒരു ബുക്ക്‌ എടുത്തു തന്നു എന്നിട്ട്‌ കാണാകൊണാ വായിൽ കൊള്ളാത്ത കുറെ ഡിഷസിന്റെ പേര്‌ വിളമ്പി. ഞങ്ങൾ തന്ത്രപൂർവ്വം ആ മഹാരാജാവിന്റെ കയ്യിൽ നിന്നും ആ പൊത്തകം വാങ്ങിയിട്ട്‌ “യു പ്ലീസ്‌ ഗോ, വീ വിൽ ഡിസ്‌ കസ്‌ ആൻഡ്‌ ദെൻ കോൾ യു ഓക്കേ”

“ഓക്കേ താങ്ക്‌ യു സർ”.

ഞങ്ങൾ ഒരറ്റത്തൂന്നു പൊത്തകം വായന തുടങ്ങി കൂടാതെ സഹജമായ അലമ്പും. അങ്ങനെ കുറച്ചുകഴിഞ്ഞു ഞങ്ങൾ മഹാരാജാവിനെ കൈ കാട്ടി വിളിച്ചു എന്നിട്ട്‌ ആ പൊത്തകം നോക്കി ഇതുവരെ കേൾക്കാത്ത പേരിലുള്ള ഡിഷസിന്റെ ഓർഡർ കൊടുത്തു. മഹാരാജാവ്‌ അതെല്ലാം എഴുതി എടുത്തു എന്നിട്ടും പുള്ളിക്കൊരു സംശയം ഓർഡർ എടുത്തിട്ട്‌ പുള്ളിക്കാരൻ ചോദിച്ചു “ആർ യു മലയാളീസ്‌……?” ഞങ്ങൾ കോറസായി “അതെ”.

പിന്നെ മഹാരാജാവ്‌ ഞങ്ങൾക്ക്‌ മാത്രം കേൾക്കാവുന്ന ശബ്‌ദത്തിൽ പറഞ്ഞു “സാറെ മട്ടനും ചിക്കനും ഒന്നും വേണ്ട സാറെ. അതൊക്കെ ഇത്തിരി മൂപ്പ്‌ കൂടും. പോരാഞ്ഞു മൊത്തം കളറുമാ വയറു ചീത്തയാക്കേണ്ട സാറെ”

ഞങ്ങൾ- “പിന്നെ വേറെന്തുവാ നല്ലത്‌.”

“എഗ്ഗ്‌ മസാല മതി സാറെ അതാ നല്ലത്‌.”

“എന്നാൽ അങ്ങനെ ആയിക്കോട്ടെ, ചേട്ടന്റെ പേര്‌ എന്തുവാ”

“ദിലീപ്‌”

“നാട്ടിൽ എവിടാ”

“ഇടുക്കി”

ചേട്ടൻ ഓർഡറുമായി പോയി.

ആഹാരം വന്നു, ഭേഷാ കഴിച്ചിട്ട്‌ അമ്പതു ഉറുപ്പിക ടിപ്പും കൊടുത്തു ദിലീപ്‌ ചേട്ടനോട്‌ നന്ദിയും പറഞ്ഞു പുറത്തോട്ടിറങ്ങി ആദ്യം ചെയ്‌തത്‌ കയ്യിൽ വെച്ചിരുന്ന ഇന്റർനെറ്റിൽ നിന്നും എടുത്ത റസ്‌റ്റോറന്റ്‌ ലിസ്‌റ്റ്‌ ചുരുട്ടികൂട്ടി കളഞ്ഞു എന്നിട്ട്‌ പറഞ്ഞു “അല്ലേലും നമ്മൾ മലയാളികൾ എവിടെ ചെന്നാലും ഒന്നാണളിയാ”

2. എന്തുവാ ടീച്ചറെ……. എന്തുവാ ഈ ചെറുക്കൻ വായിച്ചതു?

പ്രൈമറി സ്‌കൂൾ അധ്യാപനത്തിന്റെ രസ ചരടുകൾ കോർത്തിണക്കിയ ഒരു ചിത്രമായിരുന്നു ‘ദൂരെ ദൂരെ ഒരു കൂട്‌ കൂട്ടാം’ അതിൽ മോഹൻലാൽ അഭിനയിച്ച ഒരു പ്രൈമറി സ്‌കൂൾ അധ്യാപകന്റെ ഇംഗ്ലീഷ്‌ പ്രാവിണ്യം (സാൾട്ട്‌ മാംഗോ ട്രീ = ഉപ്പുമാവ്‌) ശരിക്കും എല്ലാവരെയും ചിരിപ്പിക്കുകയും ഒപ്പം പ്രൈമറി സ്‌കൂൾ അധ്യാപകന്റെ ഇംഗ്ലീഷ്‌ നിലവാരത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. അല്‌പം അതിശയോക്തി ഉണ്ടെങ്കിലും അതിൽ പറയുന്ന ചില കാര്യങ്ങൾ സത്യമാണ്‌.

അതിന്റെ ഒരു കഥയിലേക്ക്‌ വരാം.

കൊച്ചാലുംതറ എൽ.പി. സ്‌കൂളിന്റെ മൂന്നാം ക്ലാസ്സിൽ സൗദാമിനി ടീച്ചർ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നു. അന്ന്‌ ജൂൺ 5 ലോക പരിസ്‌ഥിതി ദിനമാണ്‌. ബോർഡിൽ NATURE എന്ന്‌ എഴുതിയിട്ടുണ്ട്‌. മൂന്നാം ക്ലാസ്‌ എ ഡിവിഷനിലെ കെ. അരുൺ കൃഷ്‌ണനെ എണീപ്പിച്ചിട്ടു ടീച്ചർ ബോർഡിൽ എഴുതിയേക്കുന്നത്‌ വായിപ്പിച്ചു അരുൺകൃഷ്‌ണൻ വായിച്ചു നട്ടൂറി. ഇത്‌ കേട്ട്‌ കൊണ്ടാണ്‌ ഹെഡ്‌ മാസ്‌റ്റർ താമരാക്ഷൻ പിളള സാർ ക്ലാസിലോട്ടു കയറി വരുന്നത്‌ സാറിത്‌ കേട്ട്‌ ഞെട്ടി. എന്നിട്ട്‌ ടീച്ചറിനോട്‌ ചോദിച്ചു എന്തുവാ ടീച്ചറെ….. എന്തുവാ ഈ ചെറുക്കൻ വായിച്ചതു?“ ”നട്ടൂറി“യെന്നോ ഇവനൊക്കെ ഇങ്ങനെ വായിച്ചു പഠിച്ചാൽ നാട്ടുകാരും വീട്ടുകാരും എന്തോ പറയും അത്‌ തന്നോ നാളത്തെക്കാലത്ത്‌ ഇവന്റെ ”ഫുട്ടൂറി“ (FUTURE) എന്താകും ടിച്ചറെ? സൗദാമിനി ടീച്ചർഃ ”എന്തോ….. ചെയ്യാനാ സാറെ, ഇവനെയൊക്കെ എത്ര പറഞ്ഞു പഠിപ്പിച്ചാലും ഇവനൊക്കെ ഇങ്ങനെ വായിക്കൂ, അഹങ്കാരം അല്ലാതെന്തുവാ…. ഇനി ഇവനെയൊക്കെ എങ്ങനെ പഠിപ്പിക്കാനാ…. എന്നെക്കൊണ്ട്‌ വയ്യാ സാറെ… ഇവനെ ഒന്നും പഠിപ്പിക്കാൻ. അല്ലാ ഇവനെ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല അല്ലേലും ഇവന്റെ ഒക്കെ ക്‌ളട്ടൂറിയെ (CULTURE) ഇതൊക്കെ തന്നാ…..

Generated from archived content: humour1_mar10_11.html Author: prasobh_krishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English