ഏഴിലം പാല പൂത്തു……..

ഏഴിലം പാല പൂത്തു……………………….. അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂത്തുലഞ്ഞു. നാട്ടിൻ പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി നിൽക്കുന്ന ഏഴിലം പാല തുലാമാസത്തിൽ ആണ്‌ പൂക്കുന്നത്‌. മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ്‌ ഏഴിലം പാല. പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളിൽ പാലയിൽ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക്‌ കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന്‌ രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളു എന്നുമുള്ള മുത്തശ്ശി കഥകൾ ആരിലും ചെറുപ്പകാലത്ത്‌ ഭീതി ഉയർത്തുന്നതായിരുന്നു. കൂടാതെ പാലമരത്തിൽ ഗന്ധർവൻ വസിക്കുന്നുവെന്നും ഗന്ധർവൻ പെൺകിടങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുള്ള കഥകളും ഉണ്ടായിരുന്നു. പാലപൂക്കുമ്പോൾ ആ മണമേറ്റ്‌ പാമ്പുകൾ പാലച്ചുവട്ടിൽ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്‌. ഒരു പക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട്‌ എന്നതാവാം അതിനു കാരണം പക്ഷെ എന്ത്‌ തന്നെ അയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്‌ദ റൊമാൻസിന്‌ വഴി തെളിക്കും എന്നതിൽ സംശയമില്ല.

മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക്‌ പോകുന്ന ഈക്കാലയളവിൽ പകലിനു ദൈർഘ്യം കുറവും രാത്രിക്കു ദൈർഘ്യം കൂടുതൽ ആണ്‌. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറസുഗന്ധമായി പാലപ്പൂമണം ഒഴുകിയിറങ്ങും. മലയാളിക്ക്‌ പാലപ്പൂവ്‌ എന്ന്‌ കേട്ടാൽ ഓർമ്മവരിക പത്മരാജനും ഒപ്പം ഞാൻ ഗന്ധർവൻ എന്ന സിനിമയും ആണ്‌. മലയാള കവികൾക്കിടയിൽ ഇത്രമാത്രം സ്വാധീനം ചെലുത്തിയ വേറൊരു പൂവില്ലെന്നു തന്നെ പറയാം. കാരണം അത്രമാത്രം മികച്ച സിനിമാ ഗാനങ്ങളും ലളിത ഗാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്‌.

* പാലപ്പൂവേ നിൻ തിരു മംഗല്യ താലി തരൂ………

* ഏഴിലം പാലപ്പൂത്തു പൂ മരങ്ങൾ കുട പിടിച്ചു……….

* പൂവേ…. പൂവേ…… പാലപ്പൂവേ………..

* പാലപ്പൂവിതളിൽ….. വെണ്ണിലാ പുഴയിൽ

* ഏഴിലം പാല തണലിൽ…… ഏഴഴകുള്ള………

അങ്ങനെ അനവധി ഗാനങ്ങൾ

ഏഴിലം പാലയ്‌ക്ക്‌ ഈ പേര്‌ വരാൻ കാരണം ഒരിതളിൽ ഏഴ്‌ ഇലകൾ ഉള്ളതു കൊണ്ടാണത്രെ. ഏഴിലം പാല അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ്‌. ഇതിന്റെ ശാസ്‌ത്രനാമം അലേസ്‌ട്രാനിയ സ്കാളാരിസ്‌ (Alstonia scholaris). ലോകത്തെമ്പാടും ഏതാണ്ട്‌ നാൽപ്പതു മുതൽ അമ്പതുവരെ വ്യത്യസ്‌ത സ്‌പീഷ്യസ്‌ (species) ഉണ്ടെന്നാണ്‌ ശാസ്‌ത്ര മതം. ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക, മധ്യ അമേരിക്ക, ന്യൂസിലാന്റ്‌, ആസ്‌ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്‌. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ്‌ പാലമരങ്ങൾ. ഏഴിലംപാല, യക്ഷിപ്പാല, ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക്‌ അനവധി നാമധേയങ്ങൾ ഉണ്ട്‌. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര്‌. ആയുർവേദത്തിൽ പാല ഒരു മരുന്നായി ഉപയോഗിക്കുന്നു.

കടപ്പാട്‌ഃ

* കുസാറ്റിൽ നിന്നും കായം കുളത്തേക്കുള്ള യാത്രയിൽ പാലപ്പൂവിന്റെ മണം നുകർന്ന്‌ ഓർമ്മ പങ്കിട്ട ഡോ. സാബു.

* ഇളംപളളിൽ എളളും വിളയിൽ രഞ്ഞ്‌ജിത്‌, ഇളംപളളിൽ അരുൺ കൃഷ്‌ണൻ (പാതിരാത്രി പടം എടുക്കാൻ കൂടെ വന്ന പുരുഷ കേസരികൾ)

Generated from archived content: essay1_nov22_10.html Author: prasobh_krishna

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English