അവതരണങ്ങളിൽ അപമാനിക്കപ്പെടുന്ന അനുഷ്‌ഠാനകലകൾ

സെലബ്രേഷൻസ്‌ എന്ന കൂട്ടായ്‌മ കുറച്ചു ദിവസങ്ങൾക്ക്‌ മുമ്പ്‌ ‘മലവാഴി’ എന്ന ഒരു ടെലിഫിലിം, കൊച്ചി ഫൈൻ ആർട്‌സ്‌ ഹാളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സംവിധാനം സഹോദരൻമാരായ കെ.എസ്‌.മനോജ്‌കുമാറും, കെ.എസ്‌.വിനോദ്‌കുമാറും നിർവഹിച്ചിരിക്കുന്നു. ഇതിന്റെ പ്രവർത്തകർ വടക്കാഞ്ചേരിക്കടുത്തുളള മച്ചാട്‌ (തെക്കുംകര) എന്ന ഗ്രാമത്തിൽ അഞ്ചു ദിവസം താമസിച്ച്‌ ചിത്രീകരിച്ചതാണത്രെ ഈ ചലച്ചിത്രം. ഈ ചിത്രത്തിന്റെ നിർമ്മാണച്ചിലവ്‌ സംഘടനാംഗങ്ങൾ സ്വന്തം കൈയിൽ നിന്നെടുത്തതാണ്‌. ആത്മാർത്ഥമായ അവരുടെ പ്രവർത്തനം, ആ ചേതോവികാരം പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്‌. ഇത്തരം കൂട്ടായ്‌മകൾ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഉണ്ടാവേണ്ടത്‌ സമൂഹത്തിന്റെ ആവശ്യവുമാണ്‌. ഈ ചലച്ചിത്രപ്രവർത്തകരോടുളള എല്ലാ ആദരവോടും കൂടി തന്നെ ഇതിൽ വന്ന പിഴവുകൾ ചൂണ്ടികാണിക്കട്ടെ.

മലവായിയാട്ടം എന്ന അനുഷ്‌ഠാന കലയുടെ പശ്ചാത്തലത്തിലാണ്‌ കഥ അവതരിപ്പിക്കപ്പെടുന്നത്‌. (ലേഖകൻ ഓർമ്മവച്ചകാലം മുതൽ ഈ അനുഷ്‌ഠാനം അടുത്തുകാണുകയും പങ്കെടുക്കുകയും ചെയ്‌ത ഒരാളാണ്‌) മലവായിയാട്ടത്തിന്റെ കൊട്ടും ദൃശ്യങ്ങളുമായി തുടങ്ങിയ ചിത്രത്തിൽ പിന്നീട്‌ കണ്ടത്‌ പെണ്ണായി മാറാൻ കൊതിക്കുന്ന ഗൗരി എന്ന യുവാവിന്റെ കഥയാണ്‌. മലവായി വേഷം കെട്ടുന്ന ചേറുവിന്റെ കൂടെയാണ്‌ ഗൗരി താമസിക്കുന്നത്‌. ചേറു മദ്യപനും സ്‌ത്രീലമ്പടനുമാണ്‌. ഗൗരി പെണ്ണാവുകയാണെങ്കിൽ താൻ വിവാഹം കഴിക്കാമെന്ന്‌ ചേറു വാക്കു നല്‌കുന്നു. പെണ്ണാവാൻ ആഗ്രഹിക്കുന്ന ഗൗരി അതിനായി ഒരു ശസ്‌ത്രക്രിയയ്‌ക്ക്‌ ഒരുങ്ങുന്നു. തന്നെ പെൺകുട്ടികളുടെ ഇടയിൽ, അവരെപ്പോലെ വസ്‌ത്രം ധരിപ്പിച്ചും, പൊട്ടുകുത്തിയും വളർത്തിയ ചേച്ചിയോട്‌ തന്നെ ഗൗരി പണം ആവശ്യപ്പെടുന്നു. ഇതിനിടെ മൂക്കൻ ചാത്തൻ വേഷംകെട്ടുന്ന ആൾ അതിനു തയ്യാറാവാതെ വന്നപ്പോൾ, ചേറു മൂക്കൻചാത്തനാവാനും, ഗൗരിയെ മലവായി ആക്കാനും തീരുമാനിച്ചു. ഗൗരിയുടെ ചേച്ചി, ചേറുവിനു മുന്നിൽ കന്യകാത്വം വിറ്റ പണം ശസ്‌ത്രക്രിയയ്‌ക്കായി ഗൗരിക്കു നല്‌കുന്നു. ഗൗരി ഇതറിഞ്ഞു എന്നു മനസ്സിലാക്കിയ ചേറു താൻ ഗൗരിയുടെ ചേച്ചിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നു പറയുന്നു. ഇതു ഗൗരിയുടെ മനസ്സിന്‌ കടുത്ത ആഘാതമായി. മലവായി വേഷം കെട്ടിയ ഗൗരി ആട്ടത്തിനിടയിൽ മൂക്കൻചാത്തനായ ചേറുവിനെ വെട്ടുന്നു. ഭ്രാന്തനായി ചങ്ങലയിൽ പൂട്ടിയിരിക്കുന്ന ഗൗരിയുടെ ചിത്രത്തിൽ ടെലിഫിലിം അവസാനിക്കുന്നു.

പ്രസ്‌തുത ചലച്ചിത്രം കണ്ടുകഴിഞ്ഞപ്പോൾ വലിയ നിരാശയാണ്‌ അനുഭവപ്പെട്ടത്‌. അനുഷ്‌ഠാന കലയുമായി ബന്ധപ്പെട്ട അപാകതകളും, കഥാതന്തു മുതൽ സംവിധാനം വരെയുളള പോരായ്‌മകളും സംവിധായകൻ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന്‌ വിളിച്ചോതുന്നു. മികച്ചു നിന്ന ഒരു ഘടകം പശ്ചാത്തല സംഗീതമാണ്‌. നാടൻപാട്ടുകളുടെ ഈണങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നിർവഹിച്ചിരിക്കുന്നു.

അനുഷ്‌ഠാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

തൃശൂർ, പാലക്കാട്‌ ജില്ലകളിലെ പറയ സമുദായം വർഷത്തിലൊരിക്കൽ നടത്തുന്ന ഒരു അനുഷ്‌ഠാനമാണ്‌ ‘മലവായിയാട്ടം’. ഇത്‌ രാത്രിയിൽ തുടങ്ങി പിറ്റേന്നും രാവിലെവരെ നീണ്ടു നില്‌ക്കുന്നു. ‘മലവാഴി’ എന്നാണ്‌ ചിത്രത്തിന്റെ പേരെങ്കിലും കാലങ്ങളായി ഇതവതരിപ്പിക്കുന്നവർ പറയുന്നത്‌ മലവായി എന്നാണ്‌. മലയിൽ വാഴുന്ന ദേവത തന്നെയാണ്‌ മലവായി അഥവാ മലവാരത്തമ്മ. ഉദിപ്പനത്തപ്പന്റെ (ഉദിപ്പനത്തപ്പൻ ശിവനാണ്‌ എന്ന്‌ തെറ്റി വായിക്കാനുളള-ഗോത്ര ദൈവങ്ങൾ ഹിന്ദു പുരാണത്തിലെ ദേവതകളാണെന്ന്‌ പറയാനുളള-ഒരു പ്രവണത ഈയിടെ തുടങ്ങിയിട്ടുണ്ട്‌. നിസ്സംശയം പറയട്ടെ ഉദിപ്പനത്തപ്പൻ സൂര്യനാണ്‌. “ന്റെ ഉദിപ്പനത്തപ്പാ” എന്ന്‌ രാവിലെ ഉണർന്ന ഉടനെ മുറ്റത്തിറങ്ങി, കിഴക്കോട്ടു തിരിഞ്ഞു പ്രാർത്ഥിക്കുന്ന അപ്പൂപ്പൻമാരെ ഇപ്പോഴും കാണാം) മക്കളാണ്‌ മലവായിയും സഹോദരനായ മൂകൻ ചാത്തനും. (മാണി അല്ലെങ്കിൽ മുത്തപ്പൻ എന്നും പറയാറുണ്ട്‌) അവർ മലവാരത്തുനിന്നും നാട്ടിലിറങ്ങുന്നതും, തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ്‌ പാട്ടിൽ തെളിഞ്ഞുവരുന്നത്‌. സഹോദരനായ മൂകൻ ചാത്തൻ പെങ്ങളെ കളിയാക്കി ശുണ്‌ഠി പിടിപ്പിക്കാറുണ്ട്‌. ദേഷ്യം വരുന്ന മലവായി സഹോദരനെ പേടിപ്പിച്ച്‌ ഓടിച്ചുകളയും. അരിവാളെടുത്ത്‌ ഓടിക്കുന്നത്‌ കൊല്ലാനല്ല. (ചിത്രത്തിന്റെ ക്ലൈമാക്‌സിൽ മലവായി മൂക്കൻ ചാത്തനെ വെട്ടുന്നുണ്ട്‌.)

ചലച്ചിത്രകാരൻ ഗൗരിയുടെ കഥ പറയാൻ മലവായിയാട്ടത്തിന്റെ ചട്ടകൂട്‌ ഉപയോഗിച്ചത്‌ എന്തിനാണെന്ന്‌ ആദ്യമേ എഴുതികാണിക്കുന്നുണ്ട്‌. മീശയും മുലയും ഉളള ദേവതയാണത്രെ മലവായി. കഥയിലെ ഗൗരിയുമായുളള സാദൃശ്യമായി ചലച്ചിത്രകാരൻ ഇതിനെ കണക്കാക്കുന്നു. എന്നാൽ ഇവിടെ തന്നെയാണ്‌ ഏറ്റവും വലിയ തെറ്റു സംഭവിക്കുന്നത്‌. മലവായി വേഷത്തിൽ മൂക്കിനുതാഴെ കെട്ടുന്ന ആഭരണം മീശയല്ല ദംഷ്‌ട്രമാണ്‌. അതിന്റെ സ്ഥാനം വായിലാണ്‌; ചുണ്ടിനു മുകളിലല്ല. ഉദിപ്പനത്തപ്പന്റെ മകളാണ്‌ മലവായി എന്ന്‌ പാട്ടിൽ വ്യക്തമായി പറയുന്നുണ്ട്‌. ചിത്രത്തിന്റെ അവസാനം കാണിക്കുന്ന മലവായിയാട്ടത്തിൽ തലയിൽ ‘വട്ടമുടി’ വച്ചിരിക്കുന്നു. മലവായിയാട്ടത്തിൽ വട്ടമുടി ഉപയോഗിക്കില്ല. വട്ടമുടി ഉപയോഗിക്കുന്നത്‌ മറ്റു ദേവത വേഷങ്ങൾക്കാണ്‌. ദൃശ്യഭംഗിയ്‌ക്കാണെങ്കിലും ഒരു അനുഷ്‌ഠാനകലയിൽ ഉൾപ്പെടാത്ത കാര്യങ്ങൾ ചേർക്കാനുളള അധികാരം ചലച്ചിത്രകാരനില്ല. മലവായിവേഷം കെട്ടുന്ന ആൾക്ക്‌ ഈ പ്രത്യേക സമുദായത്തിൽ മാന്യമായ സ്ഥാനമുണ്ട്‌. അതുപോലെയുളള ഒരു വ്യക്തിക്ക്‌ ചലച്ചിത്രത്തിലെ ചേറുവിനെപ്പോലെ വ്യഭിചരിച്ചു നടക്കാൻ പറ്റില്ല. അല്ലെങ്കിൽ അത്തരം ഒരു വ്യക്തിക്ക്‌ ഇതുപോലുളള ദൈവക്കോലങ്ങൾ കെട്ടാൻ പറ്റില്ല. ചേറുവിനെപോലെയുളള ഒരാൾക്ക്‌ സമുദായം ഭ്രഷ്‌ട്‌ തന്നെ കല്പിച്ചു കളയും. പ്രസ്തുത സമുദായാംഗങ്ങൾ ഒറ്റപ്പെട്ട്‌ താമസിക്കുന്നവരല്ല എന്നതുകൊണ്ടുതന്നെ ഇതര വീടുകളിലെ കാര്യം മറ്റെല്ലാവരും വളരെ പെട്ടെന്ന്‌ തന്നെ അറിഞ്ഞിരിക്കും. സമുദായം പെട്ടെന്ന്‌ തന്നെ ‘കൂട്ടം’ കൂടുകയും ദുർന്നടപ്പിനെതിരെ കർശന നിലപാടെടുക്കുകയും ചെയ്യും. അതുകൊണ്ട്‌ തന്നെ ചേറുവിനും മാധവിയേടത്തിക്കുമെല്ലാം സ്ഥാനം ഈ സമുദായത്തിന്റെ പുറമ്പോക്കിലായിരിക്കും. നായാടി സമുദായത്തിൽ പെടുന്ന രണ്ടു കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്‌ ചിത്രത്തിൽ (എത്ര ആലോചിച്ചിട്ടും ഈ രംഗത്തിന്റെ ആവശ്യകത മനസ്സിലാവുന്നില്ല) ഒരു മദ്യപനും അവന്റെ ഭാര്യയും. ഈ വിഭാഗം ഒരുകാലത്ത്‌ വീടുകളിൽ പോയി ഭിക്ഷയെടുത്ത്‌ കഴിഞ്ഞു കൂടിയിട്ടുണ്ട്‌, ശരിതന്നെ. മദ്യപിക്കുകയും ചെയ്യും. പക്ഷെ ഇതുപോലെ മാനം വില്‌ക്കാൻ വേണ്ടി മാത്രം നടക്കുന്നവരായി ഒരു നാട്ടിലും കണ്ടിട്ടില്ല. തീയിനു ചുറ്റും അല്പവസ്‌ത്രം ധരിച്ച്‌ നൃത്തം ചവിട്ടുന്ന പെണ്ണങ്ങളെയും ആണുങ്ങളെയും ‘ആദിവാസികൾ’ എന്ന പേരിൽ കാണിക്കുന്ന അതേ ഫ്യൂഡൽ മാനസിക വികാരം തന്നെയാണ്‌ ഇതും. നാടൻകലകളെ ദൃശ്യഭംഗിക്കായി രാഷ്‌ട്രീയജാഥക്കും, ഘോഷയാത്രക്കും ഉപയോഗിക്കുന്നു എന്ന്‌ ചലച്ചിത്രത്തിലെ ഒരു കഥാപാത്രം തന്നെ തിരിച്ചറിയുന്നുണ്ട്‌. ഈ ടെലിഫിലിമിലും ഉദ്ദേശ്യം വ്യത്യസ്തമല്ല.

നാടൻകലകളെ പശ്ചാത്തലമാക്കി കഥ പറയുന്നത്‌ സ്വാഗതാർഹമാണ്‌. പക്ഷെ അവ അനുഷ്‌ഠിക്കുന്നവരുടെ അഭിമാനത്തേയോ, വ്യക്തിത്വത്തെയോ ഇടിച്ചു താഴ്‌ത്തുന്ന രീതിയിലാവരുത്‌ അവതരണം. അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മോശമായി ചിത്രീകരിക്കാൻ ആർക്കും അധികാരമില്ല. അറിയാത്ത കാര്യങ്ങൾ വേണ്ടത്ര പഠിക്കാനുളള പക്വത ചലച്ചിത്രകാരന്‌ ഇല്ലാതെ പോകരുതായിരുന്നു.

അവതരണത്തെക്കുറിച്ച്‌ ചിലത്‌

മലവാഴിക്കോ, ഗൗരിക്കോ ആർക്ക്‌ പ്രാധാന്യം കൊടുക്കണം എന്ന സംശയം തന്നെ അവതരണത്തെ അപക്വമാക്കി തീർത്തു. ചിത്രീകരണത്തിൽ മലവായിക്കും കഥയിൽ ഗൗരിക്കും പ്രാധാന്യം നല്‌കിയിരിക്കുന്നു. പല രംഗങ്ങളിലും നാടകത്തിന്റെ സ്വഭാവം മുഴച്ചു നില്‌ക്കുന്നത്‌ കാണാം. പ്രൊഫഷണൽ താരങ്ങളല്ല എന്നതുകൊണ്ട്‌ അഭിനയത്തിലെ ചില പിഴവുകൾ കാര്യമാക്കേണ്ടതില്ല. എന്നാലും അഭിനയം നാടകീയമാവാതെ സംവിധായകൻ നോക്കേണ്ടതായിരുന്നു. ഒഴിഞ്ഞ മൺപത്രങ്ങൾ, കളളു കുടിക്കാനായി നാടകത്തിൽ ഉപയോഗിക്കാം; എന്നാൽ സിനിമയിലോ?

പല രംഗങ്ങളിലും കഥാപാത്രങ്ങളുടെ മനോനില കാഴ്‌ചക്കാർക്ക്‌ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ചേറുവിന്‌ ശരീരം സമർപ്പിച്ച്‌ പുറത്തുവരുന്ന ഗൗരിയുടെ ചേച്ചി ഒരു ത്യാഗം ചെയ്‌തു എന്നാണ്‌ ചലച്ചിത്രകാരൻ കാണിക്കാൻ ശ്രമിക്കുന്നത്‌. പക്ഷെ അനുഭവപ്പെടുന്നത്‌ മറിച്ചാണ്‌. താല്‌പര്യത്തോടെ ചേറുവുമായി അഭിരമിച്ച്‌ പുറത്തുവരുമ്പോൾ പെട്ടെന്ന്‌ അനിയനെ കാണുകയും, താൻ ചെയ്‌ത പ്രവൃത്തിയെ ന്യായീകരിക്കാൻ കളവു പറയുകയും ചെയ്യുന്നു.

പ്രകാശനിയന്ത്രണത്തിൽ വന്ന പാകപ്പിഴ കാലത്തെ (രാത്രിയും പകലും) തന്നെ പരസ്‌പരം മാറ്റികളയുന്നു. വസ്‌ത്രാലങ്കാരവും വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഘടകമാണ്‌. ഈ ചിത്രത്തിലുടനീളം ഗൗരി, ചുളിയാത്തതും അഴുക്കു പുരളാത്തതുമായ വെളള മുണ്ടും ഷർട്ടുമാണ്‌ ധരിക്കുന്നത്‌ (സ്‌ത്രീയാവാൻ ആഗ്രഹിക്കുന്നതുകൊണ്ടാവാം, സ്‌ത്രീകളെപ്പോലെ ശരീരം മുഴുവൻ മറയ്‌ക്കുന്ന വസ്‌ത്രം ധരിക്കുന്നത്‌.) ചേറുവിന്റെ വീട്ടിലെ എല്ലാ പണികളും ചെയ്യുന്ന ഗൗരിയെ ഈ വേഷത്തിൽ സങ്കല്പിക്കാൻ തന്നെ പ്രയാസമാണ്‌. ചിത്രത്തിലൂടെ വെളിവാകുന്ന ഗൗരിയുടെ സാമ്പത്തികനിലയും വേഷവിധാനത്തെ സാധൂകരിക്കുന്നില്ല.

Generated from archived content: essay1_nov3.html Author: prasanth_varavoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here