മദ്യനിരോധനം പ്രായോഗികമോ?

മദ്യം വിഷമാണ്‌, അത്‌ ഉണ്ടാക്കരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌ എന്ന ശ്രീ നാരായണ സൂക്തം ഇന്ന്‌ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കാരണം ഗുരുദേവ ആശയങ്ങൾ ജനങ്ങൾക്കിടയിലേയ്‌ക്ക്‌ പ്രചരിപ്പിക്കാൻ വിധിക്കപ്പെട്ടവർ തന്നെ, കളളുഷാപ്പുകൾക്ക്‌ വേണ്ടി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കളളുഷാപ്പുകൾക്കെതിരെയും സമ്പൂർണ്ണ മദ്യ നിരോധനം വേണമെന്നും മറ്റും ആവശ്യപ്പെടുന്നതോ കേരളത്തിലെ ജാതിമതഭേദമെന്യേ ഏവരാലും ആരാധിക്കപ്പെടുന്ന ക്രിസ്‌തീയസഭാദ്ധ്യക്ഷന്മാരും. മദ്യം വേണമെന്ന്‌ ഒരു കൂട്ടരും മദ്യം വേണ്ടെന്ന്‌ മറ്റൊരു കൂട്ടരും. ഇക്കൂട്ടരുടെ ചോദ്യങ്ങൾ കേട്ടാൽ തോന്നും ശ്രീ നാരായണഗുരു മദ്യത്തിനെതിരെ മാത്രം പ്രവർത്തിച്ച്‌ ഉയർന്നു വന്ന ഒരു ആത്മീയഗുരുവാണെന്ന്‌. അതായത്‌ ഒരു ദിവസം രാവിലെ ഗുരുദേവൻ കിടക്കയിൽ നിന്നും ചാടിയെഴുന്നേറ്റ്‌ മദ്യം വിഷമാണ്‌ അത്‌ ഉണ്ടാക്കരുത്‌, വിൽക്കരുത്‌, കുടിക്കരുത്‌ എന്നുപറഞ്ഞു എന്നു സാരം. കേരളീയ നവോത്ഥാനത്തിന്റെ ചുക്കാൻ പിടിച്ചയാളാണ്‌ ശ്രീ നാരായണഗുരു. അദ്ദേഹത്തിന്റെ ഇതൊഴികെയുളള മറ്റു ആശയങ്ങൾക്ക്‌ നേരെ എന്തുകൊണ്ട്‌ ഇവർ മുഖം തിരിക്കുന്നു. ഇപ്പോൾ നിങ്ങളുടെ മനസ്സിലും തോന്നി തുടങ്ങിയില്ലേ സമ്പൂർണ്ണ മദ്യനിരോധനം വേണമോ വേണ്ടയോ എന്ന്‌.

സമ്പൂർണ്ണ മദ്യനിരോധനം പ്രായോഗികമാണോ? ഉത്തരം അല്ല എന്നുതന്നെയാണ്‌. ഇത്‌ എന്റെ മാത്രം പക്ഷമല്ല. മറിച്ച്‌ മദ്യനിരോധനത്തെക്കുറിച്ച്‌ പഠിക്കാൻ നിയോഗിച്ച ഉദയഭാനു കമ്മീഷൻ പോലുളള മിക്ക കമ്മീഷനുകളും പറയുന്നതാണ്‌. ഈ ഉദയഭാനു മദ്യവർജ്ജിയായ ഒരു ഗാന്ധിയൻ കൂടിയാണെന്ന്‌ ഓർക്കണം. എന്നിട്ടും അദ്ദേഹം പറയുന്നത്‌ സമ്പൂർണ്ണ മദ്യനിരോധനം കൂടുതൽ ആപത്തുകൾ വരുത്തിവയ്‌ക്കുമെന്നും മറ്റുമാണ്‌. പിന്നെ മദ്യപാനത്തിനെതിരായി ജനങ്ങളെ ബോധവാന്മാരാക്കണമെന്നും വീര്യം കുറഞ്ഞതും വിലകുറഞ്ഞതുമായ മദ്യം വിപണിയിലിറക്കണമെന്നുമാണ്‌. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തികൊണ്ട്‌, കളളുഷാപ്പുകൾക്കെതിരായി തെരുവിലിറങ്ങാൻ, കഴിഞ്ഞ ആഴ്‌ച കൊച്ചിയിൽ ചേർന്ന കേരള കാത്തലിക്‌സ്‌ ബിഷപ്പ്‌ കോൺഫറൻസ്‌ തീരുമാനിച്ചു.

കഴിഞ്ഞ സർക്കാരിന്റെ ചില തെറ്റായ നയം മൂലം കളളുവ്യവസായവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകളുടെ തൊഴിലവസരങ്ങളാണ്‌ നഷ്‌ടപ്പെട്ടത്‌. ഇവർ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരാണെന്നുളളത്‌ മറ്റൊരു സത്യം. അപ്പോൾ പിന്നെ അവരുടെ ജോലിപോയാൽ പാതിരിമാർക്കെന്താ ചേതം. എന്നാൽ റബറിന്റെ വിലയിടിഞ്ഞതിൽ പ്രതിഷേധിച്ച്‌ ഇൻഫാം എന്നപേരിൽ ഒരു സംഘടനയുണ്ടാക്കി കുറെ അച്ചന്മാർ കോട്ടയത്ത്‌ തെരുവുകൾ കൈയേറിയതും നാം കണ്ടു. ഇതിനുപിന്നിൽ ഒളിഞ്ഞിരിക്കുന്ന സമുദായസ്‌നേഹം ആർക്കും അറിയില്ലായെന്ന്‌ ഇവർ വിചാരിക്കുന്നുണ്ടാകും. മലയോര കർഷകർക്കും മുക്കുവർക്കും വേണ്ടി വാദിക്കുന്ന ഈ സഭാദ്ധ്യക്ഷന്മാർ എന്തുകൊണ്ട്‌ കയർ-കശുവണ്ടി-ബീഡി കർഷകതൊഴിലാളികൾക്ക്‌ വേണ്ടി വാദിക്കുന്നില്ല. ഉത്തരവും വ്യക്തം. ഇവരിൽ ക്രിസ്‌തീയവിശ്വാസികളുടെ എണ്ണം പരിമിതമാണല്ലോ. ഇൻഫാമിന്റെ ഇപ്പോഴത്തെ ആവശ്യം കർഷകതൊഴിലാളികളുടെ വേതനം 30 രൂപയായി കുറയ്‌ക്കണമെന്നാണ്‌. ഇതിന്റെ പ്രയോജനം കിട്ടുന്നതോ കർഷകമുതലാളിമാർക്കും. ഈ മുതലാളിമാരാകട്ടെ സഭാവിശ്വാസികളും.

ധ്യാനത്തിലൂടെയും മറ്റും മദ്യപന്മാരുടെ എണ്ണം കുറയ്‌ക്കാൻ ശ്രമിച്ചിട്ട്‌ അത്‌ കൂടുന്നതല്ലാതെ കുറയ്‌ക്കാൻ ഇവർക്ക്‌ കഴിയുന്നില്ല. അങ്ങനെ വരുമ്പോൾ ദൈവവിശ്വാസികൾ തങ്ങളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കില്ലെന്നും ഇവർക്കറിയാം. അതുകൊണ്ടല്ലെ ഈ ധ്യാനവും മറ്റും ഉപേക്ഷിച്ച്‌ ഇവർ മദ്യത്തിനെതിരായി തിരിഞ്ഞതെന്ന്‌ ഒരു സംശയം. എന്തുകൊണ്ട്‌ ഇവർ വിദേശമദ്യബാറുകൾക്കെതിരെ പോരാട്ടം നടത്താതെ കളളുഷാപ്പുകൾക്കെതിരായി മാത്രം സമരം നടത്തുന്നത്‌. കേരളത്തിലെ ബാറുകളും വിദേശമദ്യഷാപ്പുകളും നടത്തുന്നവർക്കിടയിൽ ഒരു സർവ്വേ നടത്തിയാലറിയാം ഇക്കൂട്ടർക്ക്‌ മദ്യ കുഞ്ഞാടുകളുമായിട്ടുളള ബന്ധം. വെറും പച്ചവെളളം കൊണ്ട്‌ വീഞ്ഞുണ്ടാക്കി അത്‌ ആയിരങ്ങളെ കൊണ്ട്‌ കുടിപ്പിച്ച യേശുദേവനിൽ വിശ്വസിക്കുന്ന ഇവർ എന്തുകൊണ്ട്‌ വിശുദ്ധസ്ഥലങ്ങളായ ഇസ്രയേലിലും വത്തിക്കാനിലും ഇറ്റലിയിലും മറ്റും സമ്പൂർണ്ണ മദ്യനിരോധനം വേണമെന്ന്‌ വാദിക്കുന്നില്ല. മദ്യത്തെക്കുറിച്ച്‌ എല്ലാ മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്‌. ആഘോഷവേളകളിൽ ഇന്ദ്രപുരിയിൽ ദേവേന്ദ്രനും മറ്റു ദേവന്മാരും മദ്യം സേവിച്ചിരുന്നതായി ഹൈന്ദവർ വിശ്വസിക്കുന്നു. എന്നാൽ മദ്യപാനവും വ്യഭിചാരവും ഒരേപോലെ വർജ്ജിക്കേണ്ടതാണെന്നും ഈ മതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഇതു രണ്ടും മുൻ സോവിയറ്റ്‌ റിപ്പബ്ലിക്കുകളിൽ താരതമ്യേന കുറവാണെന്ന്‌ നമുക്കറിയാം. എന്നിട്ടും സോ​‍ാവിയറ്റ്‌ യൂണിയനെതിരായി തിരിഞ്ഞ്‌ അതിനെ കഷ്‌ണങ്ങളാക്കാൻ കൂട്ടുനിന്ന മാർപ്പാപ്പ, ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യപാന്മാരും വ്യഭിചാരികളും ഉളളത്‌ ഇന്നത്തെ റഷ്യയിലാണെന്ന സത്യത്തിന്‌ നേരെ കണ്ണടയ്‌ക്കുകയാണ്‌.

കേരളത്തിൽ ചാരായം നിരോധിച്ചതിനു ശേഷമാണ്‌ ഇത്രയും അധികം ആളുകൾ വിഷചാരായം കുടിച്ച്‌ മരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായത്‌. കളളവാറ്റുകാരെ നിയന്ത്രിക്കാൻ സർക്കാരിനാവാതെ വരുമ്പോൾ വിഷചാരായവും മറ്റും വിപണിയിലിറങ്ങുമെന്നുളളത്‌ സാധാരണം. അതുകൊണ്ട്‌ അതിന്റെ നിയന്ത്രണം സ്വകാര്യവ്യക്തികളെ ഏൽപ്പിക്കണം. വിഷചാരായം കുടിപ്പിച്ച്‌ ആളുകളെ കൊന്ന്‌ ജയിലിലായി സ്വന്തം സമ്പത്തും മറ്റും തട്ടിത്തെറിപ്പിക്കാൻ ആരും ശ്രമിക്കാറില്ലല്ലോ. തന്നെയുമല്ല സർക്കാരിന്‌ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു മാർഗ്ഗം വേറെയൊട്ടില്ല താനും. ആന്ധ്രയിലും മറ്റും മദ്യം ആദ്യം നിരോധിക്കുകയും പിന്നീട്‌ സർക്കാരിന്‌ വരുമാനം കൂട്ടാനായി നിരോധനം പിൻവലിക്കുകയും ചെയ്‌തത്‌ നാം കണ്ടതാണ്‌. മുൻ ധനകാര്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത്‌ എന്താണെന്നോ, ഷാപ്പുടമകളിൽ നിന്ന്‌ കിസ്‌തു കിട്ടിയിട്ടുവേണം അധ്യാപകർക്ക്‌ ശമ്പളം കൊടുക്കാൻ. അപ്പോൾ മറ്റൊരു ചോദ്യം, സ്‌കൂളുകളുടെ എണ്ണത്തിൽ ഏതു സമുദായമാണ്‌ മുന്നിൽ നിൽക്കുന്നത്‌. ഉത്തരവും വ്യക്തമല്ലേ.

ഇതിനു പിന്നിലെ കളികൾ കാണാൻ തൃക്കണ്ണിന്റെ ആവശ്യം ഉണ്ടെന്ന്‌ തോന്നുന്നില്ല. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസികളെ തിരുവനന്തപുരത്തെത്തിച്ച്‌ സമരം നടത്തിയതിന്റെ പിന്നിലെ കൈകൾ ആരുടേതാണെന്ന്‌ പകൽവെളിച്ചം പോലെ സത്യമാണ്‌. ആ പ്രശ്‌നം പര്യവസാനിച്ചപ്പോഴാണ്‌ ഇക്കൂട്ടർ കേരളത്തിലെ സ്‌ത്രീകളെ വശീകരിക്കാനായി സമ്പൂർണ്ണ മദ്യനിരോധനം എന്ന മുദ്രാവാക്യം ഉയർത്തി രംഗത്തു വന്നിരിക്കുന്നത്‌. ഒപ്പം നിർവീര്യമായിരിക്കുന്ന പ്രതിപക്ഷത്തിന്റെ അഭാവത്തെ ചൂഷണം ചെയ്‌ത്‌ രാഷ്‌ട്രീയ രംഗപ്രവേശം ചെയ്യാനും ശ്രമിക്കുകയാണ്‌. അങ്ങനെ മതത്തിനടിസ്ഥാനമായ ഒരു ഭരണമാണോ ഇക്കൂട്ടർ ആഗ്രഹിക്കുന്നത്‌. അതിന്റെ വിപത്തുകളെക്കുറിച്ച്‌ പിന്നീട്‌ പ്രതിപാദിക്കാം. സമ്പൂർണ്ണ മദ്യനിരോധനമാണ്‌ സ്വർഗ്ഗരാജ്യത്തിന്റെ അടിത്തറയെന്ന്‌ ക്രിസ്‌തീയസഭാദ്ധ്യക്ഷന്മാർ വിശ്വസിക്കുന്നുവോ. എങ്കിൽ അതിനായി ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങി അത്‌ നേടിയെടുത്താൽ, ഇക്കൂട്ടർ കാവിയുടുത്ത്‌ ശ്രീനാരായണീയ ശിഷ്യന്മാരാകാൻ തയ്യാറാകുമോ?

Generated from archived content: response.html Author: prasannakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here