ശ്രീ അനീസിന്റെ പ്രതികരണവും ശ്രീ മനോജിന്റെ ഇ.മെയിലും വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. കാരണം അദ്ദേഹത്തിന്റെ ഹർത്താലിനെക്കുറിച്ചുളള അവശേഷിക്കുന്ന സംശയങ്ങൾ കൂടി ദുരീകരിക്കാൻ കഴിയുമല്ലോ.
മനുഷ്യന് ചിന്തിക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും കഴിയും എന്നതാണ് മനുഷ്യനേയും മൃഗങ്ങളെയും വേർതിരിക്കുന്ന ഒരു സുപ്രധാന ഘടകം. എന്നാൽ എല്ലാ മനുഷ്യനും ഒരേ രീതിയിലാണോ ചിന്തിക്കുന്നത്. ഒരു ഉദാഹരണം നോക്കാം. ക്ലാസിൽ പഠിക്കാതെ വന്ന ഒരു കുട്ടിയെ ഒരു അദ്ധ്യാപകൻ ക്രൂരമായി തല്ലിയെന്നിരിക്കട്ടെ ഇവിടെ തന്നെ തല്ലിയ അദ്ധ്യാപകനെ കുട്ടി, ഒരു വില്ലനായി കാണുമ്പോൾ കുട്ടിയുടെ ഭാവിക്കുവേണ്ടിയാണ് താൻ കുട്ടിയെ തല്ലിയതെന്ന് അദ്ധ്യാപകൻ ചിന്തിക്കുന്നു. എന്നാൽ മൂന്നാമതൊരാൾ ചിന്തിക്കുന്നത് ഇതിൽനിന്നും വ്യത്യസ്ഥമായിരിക്കും. അതായത്, കുട്ടി പഠിക്കാത്തതുകൊണ്ട്, അവന്റെ ഭാവിക്കുവേണ്ടിയാണ് അദ്ധ്യാപകൻ തല്ലിയതെങ്കിലും ഇത്രയും ക്രൂരമായി തല്ലാൻ പാടില്ലായിരുന്നു എന്ന് മൂന്നാമൻ ചിന്തിക്കുന്നു. ഇവിടെ മൂന്നാമൻ പറയുന്ന വാചകം മനസ്സിലാക്കാൻ കഴിയാത്തവരുടെ കൂട്ടത്തിലാണ് എന്റെ സുഹൃത്തുക്കളായ ശ്രീ അനീസും മനോജും മറ്റും ഉളളത്.
വായിൽ വെളളിക്കരണ്ടിയുമായി പിറന്നുവീണ ജവഹർലാൽ നെഹ്രുവിനോട് ‘പട്ടിണി’ എന്നാൽ എന്താണെന്ന് ചോദിച്ചാൽ ഒരുപക്ഷേ അദ്ദേഹത്തിന് അത് അറിയില്ലായിരിക്കും. കാരണം അനുഭവത്തിന്റെ വെളിച്ചത്തിൽ പട്ടിണി എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. കൂടാതെ പട്ടിണിക്കെതിരെ ആരെങ്കിലും സമരം നടത്തിയാൽ അതിനെ അദ്ദേഹത്തിന് ന്യായീകരിക്കുവാനും കഴിയില്ല. പണിയെടുത്താൽ ന്യായമായ കൂലിവേണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളോളം സമരത്തിലും ഹർത്താലിലും പങ്കെടുത്തിരുന്നു കൃഷിപ്പണിക്കാരായിരുന്ന എന്റെ മാതാപിതാക്കൾ. തത്‌ഫലമായി ആ ദിവസങ്ങളിൽ പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുളള എന്നെ സംബന്ധിച്ചിടത്തോളം ആ സമരമുറകളെല്ലാം തെറ്റായിരുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയില്ല. എനിക്ക് അഭിനവ നെഹ്രുവാകുവാൻ കഴിയില്ല. തേച്ചുമടക്കിയ കുപ്പായവും ഷൂവും ടൈയും കെട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽനിന്നും പഠിച്ചു പുറത്തിറങ്ങി വിദേശങ്ങളിൽ ജോലി ചെയ്‌ത് ജീവിതമാസ്വദിക്കുന്നവർക്ക്് ഹർത്താലും പണിമുടക്കുകളും ഒരു പുച്ഛമാണെന്നറിയാം. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന മനോഭാവം വെടിഞ്ഞ് എന്നെങ്കിലും താഴേക്കിറങ്ങിവരുമ്പോൾ മാത്രമേ ഞാൻ പറയുന്ന കാര്യങ്ങളോട് ഇവർക്ക് യോജിക്കുവാൻ കഴിയൂ.
ഹർത്താലിനെ എതിർക്കുന്നവരുടെ സാമ്പത്തിക ചുറ്റുപാടുകൾ കൂടിയൊന്നു പരിശോധിക്കണം. ഹർത്താലിനെതിരെ ശ്രീ എം.എം.ഹസ്സൻ നടത്തിയ 48 മണിക്കൂർ നിരാഹാരത്തിന്റെ ഉദ്‌ഘാടനചടങ്ങിൽ പങ്കെടുക്കാൻ വന്നവരെ പരിചയപ്പെടാം. ശ്രീ. ടി.പത്‌മനാഭൻ റവഃഫാദർ സൂസപാക്യം, എൻ.എസ്.എസ്-എസ്.എൻ.ഡി.പി. നേതാക്കൻമാർ, പാളയം ഇമാം, സിനിമാനടന്മാരായ മധു, ജഗതി തുടങ്ങിയവർ, വയലാർ രവി, ശങ്കരനാരായണൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൻമാർ ഇവരെല്ലാം ഒരു നേരത്തെ കഞ്ഞികുടിക്കാൻ പോലും വകയില്ലാത്തവരാണെന്ന് ഹർത്താലിനെ എതിർക്കുന്നവൻ അവകാശപ്പെടില്ലായെന്ന് വിശ്വസിക്കുന്നു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഹസ്സനിക്കായുടെ സമരസഖാക്കളായി എത്തിയവരെല്ലാം ‘ഫൈവ്‌സ്‌റ്റാർ’ നേതാക്കൻമാരായിരുന്നു. ഒരു ദരിദ്ര നാരായണനെപോലും അവിടെ മഷിയിട്ടുനോക്കിയാൽ പോലും കാണില്ല. ഹർത്താലിനെതിരെ മറ്റൊരു ഹർത്താൽ നടത്തണോയെന്ന് പരിഹാസത്തോടുകൂടി ചോദിക്കുന്നവർക്കും ഹസ്സനിക്കായുടെ നിരാഹാരസമരം മറുപടി നൽകുന്നു. സമരപന്തലിനു സമീപത്തു നടന്നിരുന്ന മരാമത്തുപണികൾ 48 മണിക്കൂർ നേരം നിർത്തിവച്ചാണ് നമ്മുടെ നേതാവ് ഹർത്താലിനെതിരെ സമരം നടത്തിയത്.
ഹർത്താലിനെക്കുറിച്ച് ഞാനെഴുതിയ ആദ്യ ലേഖനത്തെ വിമർശിച്ചുകൊണ്ട് ഉയർന്ന വിമർശനങ്ങൾക്ക് ഞാൻ എഴുതിയ രണ്ടാമത്തെ ലേഖനത്തിലെ 14 ചോദ്യങ്ങൾക്കായുളള മറുപടികളിൽ ഒന്നോ രണ്ടോ മറുപടികൾ വീണ്ടും വിമർശിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ എന്റെ പന്ത്രണ്ട് മറുപടികളെ ഇവർ അംഗീകരിച്ചുവെന്നതാണ് സത്യം. ഇനി വിമർശനങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. എന്റെ രണ്ടുലേഖനങ്ങളെ വിമർശിച്ചുകൊണ്ട് നാലുപേരുടെ മെയിൽ എനിക്ക് കിട്ടിയപ്പോൾ എന്റെ അഭിപ്രായങ്ങളെ പിന്തുണച്ചുകൊണ്ട് പതിനേഴ് മെയിലുകൾ എനിക്ക് കിട്ടി. 99 കുഞ്ഞാടുകളേയും ഉപേക്ഷിച്ച് തന്റെ കാണാതായ ഒരു കുഞ്ഞാടിനുവേണ്ടി അന്വേഷണം നടത്തിയ ക്രിസ്‌തുദേവനെപ്പോലെ ഈ നാലുപേരുടെ അജ്ഞത കൂടി ദൂരീകരിക്കുവാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.
ചോദ്യംഃ ഹർത്താലുകൊണ്ട് സമീപകാലത്ത് എന്തെങ്കിലും നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?
ഉത്തരംഃ പ്രിയ സുഹൃത്തേ, കണ്ണടച്ചിട്ട് ഇവിടം മുഴുവൻ ഇരുട്ടാണെന്ന് പറയരുത്. (1) വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിക്ക് പിന്നിലെ കാരണം പ്രതിപക്ഷം നടത്തിയ സമരങ്ങളല്ലേ, അതോ ഒരു സുപ്രഭാതത്തിൽ എനിക്ക് തോന്നി രാജിവെക്കണമെന്ന് അതുകൊണ്ട് ഞാൻ രാജിവയ്‌ക്കുന്നുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളെ വിമർശകർ വിശ്വസിക്കുന്നുവോ. (2) വക്കം പുരുഷോത്തമൻ കൊണ്ടുവന്ന മദ്യനയം ഒരാഴ്‌ചക്കുളളിൽ പിൻവലിക്കാൻ ഉമ്മൻചാണ്ടിയെ പ്രേരിപ്പിച്ച ഘടകം, മദ്യനയത്തിനെതിരെ വരാനിരിക്കുന്ന രൂക്ഷമായ സമരമായിരുന്നു. (3) ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് നടന്ന അദ്ധ്യാപക-ഉദ്യോഗസ്ഥസമരം ഏകദേശം ഒരു മാസത്തിലധികം നീണ്ടുപോയെങ്കിലും അവസാനം ഗവൺമെന്റ് മുട്ടുമടക്കി. ഇവിടെ അഞ്ചു ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥരും അവരെ ആശ്രയിച്ചുകഴിയുന്നവരും ഹർത്താലിനെതിരായിരുന്നുവെന്ന് അനീസ് വിശ്വസിക്കുന്നുണ്ടോ? (4) സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അമിത ഫീസിനെതിരെ വിദ്യാർത്ഥികൾ നടത്തിയ സമരം ആ പ്രശ്‌നത്തെ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടുവരുവാനും ഭരണഘടനയിൽ വേണ്ട ഭേദഗതികൾ വരുത്താമെന്ന് കേന്ദ്ര ഗവൺമെന്റ് ഉറപ്പു നൽകുകയും ചെയ്‌തു. (5) അമിതമായ വൈദ്യുതി ചാർജിനെതിരെ നടത്തിയ സമരം അവസാനം വർദ്ധിപ്പിച്ച ചാർജ് പിൻവലിക്കുവാൻ ഗവൺമെന്റിനെ പ്രേരിപ്പിച്ചു. (6) രജനിയുടെ ആത്മഹത്യക്കുശേഷം നടന്ന സമരത്തിലൂടെ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാമെന്നും വീണ്ടും രജനിമാർ ആത്മഹത്യ ചെയ്യാനുളള സാഹചര്യങ്ങൾ ഉണ്ടാവില്ലയെന്നും സർക്കാർ ഉറപ്പു നൽകി. വളരെ ബൃഹത്തായ ഒരു ഓർമ്മശക്തി എനിക്കില്ലാത്തതുകൊണ്ട് ഇത്രയും ഉദാഹരണങ്ങൾ കൊണ്ട് എന്റെ സുഹൃത്തുക്കൾ തൃപ്‌തരാവുമെന്ന് വിശ്വസിക്കുന്നു. ഹർത്താലും പണിമുടക്കും കൊണ്ട് പ്രതിപക്ഷം നേടിയെടുത്ത ഈ അവകാശങ്ങൾ കൊണ്ട് ഹർത്താലിനെ എതിർക്കുന്ന ഫൈവ്‌സ്‌റ്റാർ നേതാക്കൻമാർക്ക് ഒരു പ്രയോജനവും ഇല്ലെന്നറിയാം. പക്ഷേ ലക്ഷോപലക്ഷം ജനങ്ങൾ അതിന്റെ ഗുണഫലം അനുഭവിക്കുന്നു.
ചോദ്യംഃ എന്തിനും ഏതിനും പഴയ സമരങ്ങളെ കൂട്ടുപിടിക്കുന്നത് ശരിയാണോ?
ഉത്തരംഃ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾ അന്നും ഇന്നും എന്നും ഒന്നുതന്നെയാണ്. ഒരുവൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ അമ്മിഞ്ഞപ്പാലിനുവേണ്ടി കരയുന്നു. സ്‌കൂളിൽ പോകുന്ന സമയത്ത് കല്ലുപെൻസിലിനുവേണ്ടി കരയുന്നു. ഹൈസ്‌കൂളിലെത്തുന്നതോടുകൂടി അവന്റെ കരച്ചിൽ വാച്ചിനും സൈക്കിളിനും വേണ്ടിയായി. കോളേജിലെത്തിയപ്പോൾ അവൻ പോക്കറ്റ്‌മണിക്കുവേണ്ടി കരഞ്ഞു. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവൻ ഒരു ജോലിക്കുവേണ്ടി അലഞ്ഞു. ജോലി കിട്ടാതെ വന്നപ്പോൾ അവൻ ജോലിക്കായി സർക്കാരിന്റെ മുന്നിൽ കരഞ്ഞു. അവസാനം സർക്കാർ ജോലി കിട്ടിയപ്പോൾ അവൻ ബോണസിനും ശമ്പളവർദ്ധനവിനും വേണ്ടി കരഞ്ഞു. ഇപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നു. ഇവിടെ അമ്മിഞ്ഞപ്പാലിനുവേണ്ടി കരയുന്ന കുട്ടിയും ശമ്പളവർദ്ധനവിനുവേണ്ടി സമരം നടത്തുന്ന ഉദ്യോസ്ഥനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. കുട്ടി കരയുയാണെങ്കിൽ പാലു കൊടുക്കാമെന്ന് അമ്മ (സർക്കാർ) വിചാരിക്കുന്നു. പക്ഷേ അമ്മ പാലുതരും, അതുകൊണ്ട് കരയണ്ടെന്ന് (സമരം) കുട്ടി വിചാരിച്ചാൽ ഒരിക്കലും പാലുകിട്ടില്ല. പിന്നീട് എന്തു സംഭവിക്കുമെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഇന്ത്യക്ക് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയതോടുകൂടി ഇന്ത്യാക്കാരന്റെ പട്ടിണിയും പരാധീനതകളും മാറിയോ?
ചോദ്യംഃ ജനങ്ങൾക്ക് താല്‌പര്യമില്ലാത്ത&ഗുണമില്ലാത്ത ഒരു ഹർത്താലിനെ പിന്തുണക്കാതിരിക്കാൻ അല്ലെങ്കിൽ എതിർക്കാൻ അവർക്കെന്താണ് ചെയ്യാൻ പറ്റുക?
ഉത്തരംഃ ഈ ചോദ്യത്തിന് ഇങ്ങനെ ഒരു മറുപടി പറയേണ്ടി വന്നതിൽ എനിക്ക് അതിയായ ഖേദമുണ്ട്. ദയവായി ഇത് എന്റെ അഭിപ്രായമായി ആരും കാണരുത്. കാരണം ഉട്ടോപ്യൻ ലോകത്തിലെ രാജാക്കൻമാരായ എന്റെ ഈ സുഹൃത്തുക്കളെ തൃപ്‌തിപ്പെടുത്താനായി മാത്രം ഞാൻ മറുപടി നൽകാം. ജനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് മാത്രം ഞാൻ മറുപടി നൽകാം. ജനങ്ങൾക്ക് ആവശ്യമില്ലാത്തതെന്ന് താങ്കൾ ഉന്നയിക്കുന്ന ഈ ഹർത്താൽ നടത്തുന്നതാരാണ്? രാഷ്‌ട്രീയ പാർട്ടികൾ. അതുകൊണ്ട് ആ രാഷ്‌ട്രീയപാർട്ടികളെ ഒറ്റപ്പെടുത്തുക. അവർക്ക് വോട്ടുകൊടുക്കാതിരിക്കുക. അതുമല്ലെങ്കിൽ തങ്ങൾക്കെതിരെ ഭരണകൂടങ്ങൾ എത്ര ജനദ്രോഹപരമായ നടപടികൾ എടുത്താലും നിങ്ങൾ അതിൽ ഇടപെടേണ്ടയെന്ന് ചങ്കൂറ്റത്തോടെ രാഷ്‌ട്രീയപാർട്ടികളോട് പറയുക. ഇലക്‌ഷൻ ബഹിഷ്‌കരിക്കുക. അങ്ങനെ എത്രയെത്ര മാർഗ്ഗങ്ങളുണ്ട് മാഷേ!
ചോദ്യംഃ ബി.പി.ഒ., ടൂറിസം തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കണമെന്ന് താങ്കൾ പറയുന്നതെന്തുകൊണ്ട്? മറ്റു വ്യവസായങ്ങളെ എന്തുകൊണ്ട് മാറ്റി നിർത്തി? ഹർത്താലുകളും അക്രമസ്വഭാവമുളള സമരങ്ങളും മൂലം കേരളത്തിൽ വരാനിരുന്ന അല്ലെങ്കിൽ കേരളത്തിന് നഷ്‌ടപ്പെട്ട വ്യവസായ തൊഴിലവസരങ്ങളെക്കുറിച്ച് താങ്കളുടെ ലേഖനങ്ങൾ എന്തേ പരാമർശിച്ചില്ല.
ഉത്തരംഃ ഇന്ന് ഇന്ത്യയിലും ലോകത്തും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന മേഖലകളാണ് ടൂറിസവും ബിസിനസ്സ് പ്രൊസ്സസിങ്ങ് ഔട്ട്‌സോഴ്‌സിങ്ങും (ബി.പി.ഒ.). അന്തരീക്ഷ-ജല മലിനീകരണങ്ങളില്ലാത്ത ഇത്തരം വ്യവസായങ്ങളാണ് കേരളം പോലുളള ജനസാന്ദ്രത കൂടിയതും സ്ഥലപരിമിതിയുളളതുമായ സംസ്ഥാനങ്ങൾക്കുചിതം. ടൂറിസം മേഖലയിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഭംഗിയെ വേണ്ട രീതിയിൽ ഉപയോഗിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഈ ഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളെ ആട്ടിയോടിച്ചാൽ പിന്നെ കേരളം ആരും വരാത്ത ഒരു ഓണംകേറാമൂലയായി മാറും. ഗോഡ്‌സ് ഓൺ കൺട്രിയെ ഗോസ്‌റ്റസ് ഓൺ കൺട്രിയാക്കരുതേ.
തൊഴിലാളി സമരങ്ങളും ഹർത്താലുകളും മൂലമാണ് കേരളത്തിലേക്ക് വ്യവസായങ്ങൾ വരാത്തതെന്ന് പറയുന്നത് ശരിയല്ല. ഇതേക്കുറിച്ച് ‘കേരളം-വ്യവസായങ്ങളുടെ ശവപ്പറമ്പ്’ എന്നപേരിൽ ഞാൻ ഒരു ലേഖനം എഴുതിയത് വായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾക്കുളള മറുപടിയാണ് ബി.എം.ഡബ്ല്യൂ കൊച്ചിയിൽ വ്യവസായം തുടങ്ങാൻ തീരുമാനിച്ചുവെന്നുളളത്. ഹരിയാനയിലെ ഗൂർഗാവ് എന്ന സ്ഥലത്തേക്ക് ഈ വ്യവസായഭീമനെ ആകർഷിക്കുവാൻ ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാക്രമങ്ങളെ അവഗണിച്ചാണ് ഇവർ കേരളത്തീരത്തെത്തിയത്. കൂടാതെ കൊച്ചിയിലെ ഇന്റർനെറ്റ് സിറ്റിയിൽ മുതൽ മുടക്കാൻ ഗൾഫ് രാജ്യങ്ങൾ വരെ ഇപ്പോൾ തയ്യാറായിരിക്കുന്നു. പണിമുടക്കുകളെയെല്ലാം അവഗണിച്ച് പ്ലാച്ചിമടയിൽ ഫാക്‌ടറി തുടങ്ങിയ കൊക്കോകോള കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നത് ആ ഫാക്‌ടറിയിലെ തൊഴിലാളികളാണോ? ഈ വിമർശകരൊക്കെ പ്ലാച്ചിമടയിലെ നിവാസികളായിരുന്നുവെങ്കിൽ, ഇന്ന് കേരളത്തിന്റെ വ്യവസായപുരോഗതിക്ക് തടസ്സം നിൽക്കുന്നത് തൊഴിലാളി സമരങ്ങളാണെന്ന് വാദിക്കുന്ന നിങ്ങളും കൊക്കോക്കോള ഫാക്‌ടറി പൂട്ടിക്കുവാനായി സമരം നടത്തിയേനെ.
ഇന്ന് കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെക്കാൾ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് നമ്മുടെ പരമ്പരാഗത വ്യവസായങ്ങളിലാണ്. മലിനീകരണസ്വഭാവം കുറവുളള ഇത്തരം വ്യവസായങ്ങളെ പുനരുദ്ധീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇത്തരം വ്യവസായങ്ങൾക്ക് ഹർത്താലുകൾ ഒരു തടസ്സമാകുന്നില്ല. എന്നാൽ ബി.പി.ഒ ജോലിയുടെ സ്ഥിതി അങ്ങനെയല്ല. ഈ ജോലിക്ക് ഒരു ദിവസം തടസ്സം നേരിട്ടാൽ ഇത്തരം ജോലികളുടെ നിലനിൽപ്പിനെതന്നെ ബാധിക്കും. ഇനി പറയൂ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളാണോ നമുക്ക് വേണ്ടത് അതോ പരമ്പരാഗത വ്യവസായങ്ങളോടൊപ്പം ടൂറിസം, ബി.പി.ഒ പോലുളള വ്യവസായങ്ങളാണോ വേണ്ടത്.
ചോദ്യംഃ പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതയെ എതിർക്കുന്നതിനോടൊപ്പം അതിനെ ക്യാൻസർ ചികിത്സയോടുപമിച്ചു. ഒരാൾക്ക് ക്യാൻസറുണ്ടെന്ന് തിരിച്ചറിഞ്ഞ ഉടനെ അവയവം മുറിച്ചുകളയുക എന്നതാണോ അതിന്റെ രീതി? മറ്റു വഴികൾ അടയുന്നു എന്നുറപ്പായതിനുശേഷമേ ഈ അവയവം മുറിക്കലിനെപറ്റി ചിന്തിക്കാവൂ.
ഉത്തരംഃ ഒരു ഉദാഹരണത്തിലൂടെ കാര്യം വ്യക്തമാക്കാൻ ശ്രമിച്ചതുപോലും മനസ്സിലാക്കാൻ കഴിയാത്ത രീതിയിലേക്ക് എന്റെ സുഹൃത്തുക്കളുടെ ഹർത്താൽ വിരോധം വളർന്നിരിക്കുന്നു. സർക്കാർ എന്തെങ്കിലും ജനദ്രോഹപരമായ നടപടികൾ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം അതിനെതിരെ പ്രതിപക്ഷം ഹർത്താൽ നടത്തിയതായി അനീസിന് ചൂണ്ടിക്കാട്ടാമോ? ആദ്യം ആ തെറ്റായ നടപടി പിൻവലിക്കണമെന്ന് സർക്കാരിനോടാവശ്യപ്പെടുന്നു. പിന്നീട് അതിനെതിരെ മാധ്യമങ്ങളിലൂടെ പ്രസ്താവന പുറപ്പെടുവിക്കുന്നു. അതിനുശേഷം അതിനെതിരെ യോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നു. എന്നിട്ടും ഗവൺമെന്റ് തയ്യാറാകാതെ വന്നാലെ ഹർത്താലുപോലുളള സമരങ്ങളിലേക്ക് കടക്കാറുളളൂ. അപ്പോൾ പൊതുമുതൽ നശിപ്പിക്കപ്പെടുന്നു. അതായത് അറിയാത്ത കുഞ്ഞ് ചൊറിയുമ്പോൾ അറിയും എന്ന സ്ഥിതിവിശേഷം ഉണ്ടാക്കാൻ സർക്കാരുകൾ ജനങ്ങനെ നിർബന്ധിക്കുന്നു.
ചോദ്യംഃ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജയിച്ച 19 പ്രതിപക്ഷ എം.പിമാർ പ്രതിപക്ഷത്തോടുളള മതിപ്പിനേക്കാൾ ഭരണപക്ഷത്തോടുളള എതിർപ്പിനാൽ ജയിച്ചവരല്ലേ?
ഉത്തരംഃ പരാജയപ്പെടുന്നവൻ പരാജയം സമ്മതിക്കാതിരിക്കാൻ പുലമ്പുന്ന വിഡ്‌ഢിത്തരങ്ങളാണ് ഇത്തരം പരാമർശങ്ങൾ. അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വരെ പരാജയപ്പെട്ടപ്പോഴും കേരളത്തിൽ കോൺഗ്രസിന് പകുതി സീറ്റുകളെങ്കിലും നിലനിർത്താൻ സാധിച്ചു. കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിക്കാതിരിക്കാൻ, അടിയന്തിരാവസ്ഥയെക്കാൾ ഹീനമായ എന്തു നടപടികളാണ് ആന്റണി മന്ത്രിസഭ കേരളീയരോട് ചെയ്തത്. ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ഇതിനു കാരണമായി പറയാനുളളതെങ്കിൽ എനിക്ക് ഒരു കാര്യം ചോദിക്കുവാനുളളത്, ന്യൂനപക്ഷ സമുദായങ്ങൾ എൽ.ഡി.എഫിന് വോട്ടു ചെയ്‌തെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾ യു.ഡി.എഫിനല്ലേ വോട്ടു ചെയ്യേണ്ടിയിരുന്നത്. അതോ ദേഷ്യവും വൈരാഗ്യവും ന്യൂനപക്ഷസമുദായങ്ങൾക്ക് മാത്രമേയുളേളാ? അതോ ഒരു മുന്നണിയെ വിജയിപ്പിക്കുവാനുളള കഴിവുവരെ ന്യൂനപക്ഷസമുദായങ്ങൾക്കുണ്ടോ? ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ നൂറു ദേഷ്യത്തിന് അതിൽ നിന്നും കയറാൻ കഴിയില്ലെന്ന തിരിച്ചറിവില്ലാത്തവരാണോ നമ്മുടെ വോട്ടർമാർ?
ഹർത്താലിനുവേണ്ടി തെരുവിലിറങ്ങുന്നവർ മാത്രമേ ഹർത്താലിനെ അനുകൂലിക്കുന്നുളളൂവെന്നും ഭൂരിപക്ഷം വരുന്ന തെരുവിലിറങ്ങാത്തവരാരും ഹർത്താലിനെ അനുകൂലിക്കുന്നില്ലയെന്നും എന്റെ സുഹൃത്ത് വിമർശിച്ചതുകൊണ്ടാണ്, സ്വാതന്ത്ര്യസമരത്തിനായി തെരുവിലിറങ്ങിയ ഒരു ന്യൂനപക്ഷത്തിന്റെ സമരമായിരുന്നുവോ സ്വാതന്ത്ര്യസമരമെന്ന് ഞാൻ ചോദിച്ചത്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഞാൻ പറഞ്ഞ പരാമർശങ്ങളെ ‘ചലഞ്ച്’ ചെയ്യുന്നവരോട് എനിക്ക് പറയാനുളളത് സ്‌കൂളിൽ പഠിപ്പിച്ച സ്വാതന്ത്ര്യസമരകഥകളെ ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന രീതിയിൽ അപ്പാടെ വിഴുങ്ങാതെ അതിനെക്കുറിച്ച് ഉളളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽ ചിന്തിക്കണമെന്നാണ്.
ബ്രിട്ടീഷുകാരും മറ്റും ഇന്ത്യയിലെത്തിയപ്പോൾ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടത് ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കല്ല, ആ ജനങ്ങളെ അടിമകളാക്കി ഭ്രാന്തമായി അടിച്ചമർത്തിക്കൊണ്ടിരുന്ന സവർണ്ണശക്തികൾക്കാണ് സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടത്. സഞ്ചാരസ്വാതന്ത്ര്യം, മാറുമറയ്‌ക്കാനുളള സ്വാതന്ത്ര്യം, വിദ്യാലയപ്രവേശനം തുടങ്ങിയ മനുഷ്യാവകാശങ്ങൾ അടിമവർഗ്ഗത്തിന് നൽകിയത് ബ്രിട്ടീഷുകാരായിരുന്നു. ഇന്ത്യയിൽ ‘സതി’ എന്ന അനാചാരം നിർത്തലാക്കിയത് ഈ ബ്രിട്ടീഷുകാരായിരുന്നു. സിന്ധുനദീതടസംസ്‌കാര അവശിഷ്‌ടങ്ങൾ നമുക്ക് കാട്ടിതന്നതും ഈ ബ്രിട്ടീഷുകാരായിരുന്നു. അല്ലാതെ ഇവിടത്തെ കോൺഗ്രസ് പ്രവർത്തകന്മാരായ പൊന്നു തമ്പുരാക്കന്മാരായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത സാധാരണക്കാരന്റെ ജീവിക്കുവാനുളള അവകാശങ്ങളെയോ അവന്റെ മടിക്കുത്ത് പിഴിയുവാനോ അവന്റെ പിച്ചച്ചട്ടിയിൽ മണ്ണിടുവാനോ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അബോധമായ ആയുധമായി പ്രവർത്തിക്കുകയും ഒരു സാമൂഹികവിപ്ലവം സാധ്യമാക്കുകയും ചെയ്‌തുവെന്ന് കാറൽമാക്‌സ് പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് ഭരണം പീഡനമായി തോന്നുമെങ്കിലും അത് അമിതാനന്ദം പ്രദാനം ചെയ്‌തുവെന്ന് മഹാകവി ഗേഥേയെ ഉദ്ധരിച്ചുകൊണ്ട് മാർക്‌സ് പറയുന്നു.
കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ നിന്നും വിദേശികളെ ഓടിക്കുകയെന്നരു മാത്രമായിരുന്നു ലക്ഷ്യം. അല്ലാതെ ബഹുഭൂരിപക്ഷം വരുന്ന അടിയാളന്മാരുടെ പട്ടിണിമാറ്റുകയെന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. എന്നാൽ വിദേശികൾക്കെതിരെയുളള സമരത്തെക്കാൾ സ്വദേശികളായ ജന്മിമാർക്കെതിരെ സമരം നടത്തിയ കമ്യൂണിസ്‌റ്റുകാരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയായിരുന്നു അന്നത്തെ കോൺഗ്രസുകാർ ചെയ്‌തിരുന്നത്. കോൺഗ്രസ് നേതാക്കൻമാരിൽ എത്രപേർ ഈ സാധാരണക്കാരിൽനിന്നും ഉണ്ടായിരുന്നു? ഇന്നലെവരെ തങ്ങൾ കയ്യടക്കിവച്ചഭരണവും നികുതി പിരിക്കുവാനുളള അവകാശവും ബ്രിട്ടീഷുകാർ കയ്യടക്കിയപ്പോൾ സ്വദേശീയരായ ഭരണാധികാരികൾക്ക് അവരോട് വെറുപ്പ് തോന്നിയതിൽ അത്ഭുതപ്പെടാനില്ല. സർക്കാർ ജോലികളിൽ ഹരിജനങ്ങൾക്ക് മുൻഗണന വേണമെന്ന് വാദിച്ച അംബേദ്‌കറെ പോലെയുളള നേതാക്കളെ ഗാന്ധിജിയടക്കമുളളവർ ഒറ്റപ്പെടുത്തി. അംബേദ്‌കറെ ഇംഗ്ലണ്ടിലേക്ക് വിളിപ്പിച്ച് ചർച്ച നടത്തിയതിനെ ഗാന്ധിജി എതിർത്തിരുന്നത് നമുക്കറിയാം. സുബാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായപ്പോൾ ഗാന്ധിജി കോൺഗ്രസ് പ്രവർത്തനം വരെ അവസാനിപ്പിക്കുവാൻ തയ്യാറായി. ഈ അംബേദ്‌കറും സുബാഷ് ചന്ദ്രബോസും സാധാരണക്കാരുടെ പ്രതിനിധികളായിരുന്നതുകൊണ്ടാണ് ഇവർക്കെതിരെ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകാനുളള മുഹമ്മദ് അലി ജിന്നയുടെ ആവശ്യത്തിന് ജവഹർലാൽ നെഹ്രു ഒരു വിട്ടുവീഴ്‌ച നടത്തിയിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്ഥാൻ എന്നും ബംഗ്ലാദേശെന്നും രണ്ടു രാഷ്‌ട്രങ്ങൾ ഉണ്ടാകില്ലായിരുന്നു. വിദേശികളിൽ നിന്നും ഭാരതം സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ ഇന്നും പട്ടിണിയിൽ തങ്ങളുടെ ജീവിതം ഹോമിക്കുന്നു. ഈ പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ചെന്നുനിന്ന് സർക്കാരിനെതിരെ സമരങ്ങളും ഹർത്താലുകളും നടത്തരുതെന്ന് പറയാനുളള ചങ്കൂറ്റമുണ്ടോ ഹർത്താലിനെ എതിർക്കുന്ന ഈ ഫൈവ്‌സ്‌റ്റാർ നേതാക്കൻമാർക്ക്.
ഞാൻ പറയുന്ന കാര്യങ്ങളെ അംഗീകരിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടാകാം. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോയെ ഭ്രാന്തനായി മുദ്രകുത്തി നമ്മുടെ സമൂഹം. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിനെതിരെ കലിതുളളിയ മതപണ്ഡിതൻമാർക്ക് ആ സിദ്ധാന്തം തെറ്റായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. ഗലീലിയോയിലെ ഭ്രാന്തനാക്കിയവരുടേയും ഡാർവിനെ അജ്‌ഞ്ഞനെന്നു മുദ്രകുത്തിയവരുടേയും നടുവിൽ നിൽക്കുന്നവരെ പോലെയുളളവർക്ക് ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് തോന്നില്ല. കാരണം അഞ്ജനം എന്നാലെന്താണെന്ന് ചോദിച്ചാൽ അത് മഞ്ഞളുപോലെ വെളുത്തിരിക്കും എന്നായിരിക്കും ഇവരുടെ മറുപടി.
Generated from archived content: essay3_jan20.html Author: prasannakumar-delhi
Click this button or press Ctrl+G to toggle between Malayalam and English