പാഠം ഒന്ന്‌ ഃ ഹർത്താൽ

“ഹർത്താൽ കേരളീയരുടെ ദേശീയോത്സവമാണ്‌. ഹർത്താൽ എല്ലാമാസവും ആഘോഷിക്കപ്പെടുന്നു. ഹർത്താൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ആളുകളും ആഘോഷിക്കുന്നു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെയാണ്‌ ഹർത്താൽ ആഘോഷിക്കുന്നത്‌. ഹർത്താൽ ദിവസം ഒരു വിഭാഗം ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങി അക്രമങ്ങൾ കാട്ടി രസിക്കുന്നു. ആൺകുട്ടികൾ ക്രിക്കറ്റ്‌ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നു. പെൺകുട്ടികൾ ടി.വിയുടെ മുന്നിൽ ഇരുന്ന്‌ കോമഡികളും കണ്ണീർ സീരിയലുകളും കണ്ട്‌ രസിക്കുകയും ഒപ്പം കരയുകയും ചെയ്യുന്നു. മുതിർന്നവർ ഓരോ പെഗ്ഗ്‌ വീതം കഴിച്ച്‌ ചീട്ടുകളിയിൽ ഏർപ്പെടുന്നു. ഇതിനെയാണ്‌ നാം ഹർത്താൽ എന്നു വിളിക്കുന്നത്‌.”

ഹർത്താലിനെ ഓണത്തിന്‌ പകരം നമ്മുടെ ദേശീയോത്സവമായി പ്രഖ്യാപിക്കുകയും കുട്ടികൾക്ക്‌ പഠിക്കാൻ ഹർത്താൽ ഒരു സബ്‌ജക്‌ട്‌ ആക്കുകയും ചെയ്‌താലുളള സ്ഥിതിവിശേഷം എന്റെ മനസ്സിലൂടെ ഒരു നിമിഷം മിന്നിമറിഞ്ഞതാണ്‌ മുകളിൽ പറഞ്ഞ പരാമർശത്തിന്റെ സാരാംശം. ഹർത്താലിനെക്കുറിച്ച്‌ ഏതൊരാൾക്കും നല്ലയൊരഭിപ്രായം ഉണ്ടെന്ന്‌ തോന്നുന്നില്ല. ഹർത്താലിനെ നഖശിഖാന്തം എതിർത്ത്‌ മുഖപ്രസംഗങ്ങൾ എഴുതിയിട്ടുളള പത്രങ്ങളാണ്‌ മലയാളത്തിൽ കൂടുതലും. ഹർത്താലുകൾ സാധാരണയായി കേരളത്തിൽ മാത്രമാണ്‌ വിജയിക്കാറുളളത്‌. ഡൽഹി അടക്കമുളള മെട്രോസിറ്റികളിൽ ഹർത്താൽ വെറും പ്രഹസനമാണ്‌. ഇത്തരം സിറ്റികളിൽ ഹർത്താൽ വിജയിക്കാത്തതിനെ പ്രശംസിച്ചുകൊണ്ട്‌ മലയാള പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്‌. ഇത്തരം ലേഖനങ്ങളെ ഉദാഹരണങ്ങൾ കാട്ടി നിരവധി കോൺഗ്രസ്‌ നേതാക്കൾ വീറോടുകൂടി ഹർത്താലിനെതിരെ സംസാരിച്ച്‌ കൈയടിവാങ്ങുന്നതും കണ്ടിട്ടുണ്ട്‌. കേരളത്തിൽ ഏതൊരു ഈർക്കിലി പാർട്ടിയും ഹർത്താൽ പ്രഖ്യാപിച്ചാൽ അത്‌ സമ്പൂർണ്ണ വിജയത്തിലാണ്‌ കലാശിക്കാറുളളത്‌. ജനങ്ങൾ, ഈ പാർട്ടികളുടെ ആവശ്യങ്ങളെ ന്യായീകരിക്കുന്നതുകൊണ്ടല്ല, മറിച്ച്‌ പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പോലീസ്‌, ആ കർത്തവ്യത്തിൽ നിന്നും പിൻമാറുമ്പോൾ ജനങ്ങൾ തങ്ങളുടെ സ്വത്തും ജീവനും സ്വയം സംരക്ഷിക്കുവാൻ വേണ്ടി ഇത്തരം ഹർത്താലുകൾക്ക്‌ അടിമപ്പെടുകയാണ്‌. പക്ഷേ ജനജീവിതം ദുഃസഹമാക്കുന്ന കരിനിയമങ്ങൾക്കെതിരെയും വിലക്കയറ്റമടക്കമുളള ജനവിരുദ്ധനയങ്ങൾക്കെതിരെയും ഹർത്താലടക്കമുളള സമരങ്ങളിൽ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി സർക്കാരുകളെ മുട്ടുമടക്കിച്ചിട്ടുളള സംഭവങ്ങളും കേരളീയർക്കറിയാം.

ഹർത്താലിനെതിരെ വാചകമടിക്കുന്ന നിരവധി കോൺഗ്രസ്‌ നേതാക്കളിൽ ഒരാളാണ്‌ ശ്രീ എം.എം.ഹസ്സൻ. ഇത്തരം കോൺഗ്രസ്‌ നേതാക്കൾ നിരവധി വേദികളിൽ നിന്ന്‌ ഗാന്ധിസത്തെക്കുറിച്ചും ഗാന്ധിയൻ ജീവിതരീതികളെക്കുറിച്ചും ഗാന്ധിയൻ സമരമുറകളെക്കുറിച്ചും മുക്തകണ്‌ഠം പ്രശംസിച്ച്‌ സംസാരിക്കുന്നത്‌ നിങ്ങൾ കേട്ടിട്ടുണ്ടാവും. സ്വാതന്ത്ര്യസമരഘട്ടത്തിൽ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ നിയമലംഘനം, നിസ്സഹരണം, ഹർത്താൽ, പണിമുടക്ക്‌, നികുതിയടയ്‌ക്കാതിരിക്കൽ, വിദേശവസ്‌ത്ര ബഹിഷ്‌കരണം തുടങ്ങി നിരവധി സമരങ്ങളിൽ ഏർപ്പെടാൻ ഇന്ത്യയിലെ ജനങ്ങളോടാഹ്വാനം ചെയ്‌തിട്ടുണ്ട്‌. അന്ന്‌ ഗാന്ധിജി നമുക്ക്‌ പഠിപ്പിച്ചുതന്ന ആ ഗാന്ധിയൻ സമരമുറകൾ തെറ്റാണെന്നാണോ ഇന്നത്തെ കോൺഗ്രസുകാർ പറയുന്നത്‌. നാളെ ഭഗത്‌സിംഗ്‌-സുഖ്‌ദേവ്‌-രാജ്‌ഗുരു തുടങ്ങിയ ധീരദേശാഭിമാനികൾ നടത്തിയ സമരമുറകളും തെറ്റായിരുന്നുവെന്ന്‌ ഇന്നത്തെ ഹർത്താൽ വിരോധികൾ ആരോപിച്ചാലും അത്ഭുതപ്പെടാനില്ല. ഹർത്താലിനെ കണ്ണടച്ച്‌ തെറിപറഞ്ഞ്‌ കൈയടിവാങ്ങുന്ന നേതാക്കൾ, കരയുന്ന കുഞ്ഞിനേ പാലു കിട്ടാറുളളൂ എന്ന സത്യം മനസ്സിലാക്കണം. ജനക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന്‌ ദൈവനാമത്തിൽ സത്യപ്രതിഞ്ഞ്‌ജചെയ്‌ത്‌ അധികാരത്തിലെത്തുന്ന ഗവൺമെന്റുകൾ ജനദ്രോഹനടപടികൾ ഒന്നുംതന്നെ ചെയ്യില്ലെന്ന്‌ ഉറപ്പുനൽകാൻ കഴിയുമോ? അഥവാ അങ്ങനെ ചെയ്‌താൽ അതിനെതിരെ ജനങ്ങൾ കൈയുംകെട്ടി നോക്കി നിൽക്കണോ? ഹർത്താൽ പോലുളള സമരങ്ങൾ ഒഴിവാക്കി പകരം നിവേദനങ്ങൾ നൽകിയാൽ വിലക്കയറ്റമടക്കമുളള ജനദ്രോഹനടപടികൾ പിൻവലിക്കാൻ ഗവൺമെന്റുകൾ തയ്യാറാകുമെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുവോ?

ഹർത്താലിനെയും സമരങ്ങളെയും എന്നും എതിർത്തുപോന്നിട്ടുളള ഒരു പത്രമാണ്‌ മലയാള മനോരമ. എന്നാൽ രാജീവ്‌ഗാന്ധി ഗവൺമെന്റ്‌ പത്രങ്ങളെ കൂച്ചുവിലങ്ങിടാനായി കൊണ്ടുവന്ന പത്രമാരണനിയമത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയപ്പോൾ അതിനെ അവസരോചിതമായി പിന്താങ്ങിയവരാണ്‌ മനോരമ അടക്കമുളള പത്രങ്ങൾ. ടെലികോം മേഖലയിലും വ്യോമയാനമേഖലയിലും വിദേശനിക്ഷേപം നടത്താൻ തീരുമാനിച്ച മൻമോഹൻസിംഗ്‌ ഗവൺമെന്റിനെതിരെ സമരം നടത്തുന്ന ഇടതുപക്ഷ ട്രേഡ്‌യൂണിയനുകൾക്കെതിരെയും മനോരമയുടെ ശകാരവർഷം ചൊരിയുന്നതായി കാണാം. ടെലികോം മേഖലയിലും വിമാനത്താവളങ്ങളിലും അത്യാധുനിക സൗകര്യങ്ങൾ ഉണ്ടാകണമെങ്കിൽ അവ വിദേശികൾക്കുമുമ്പിൽ തുറന്നിടണമെന്നാണ്‌ ഇത്തരം പത്രങ്ങൾ ആവശ്യപ്പെടുന്നത്‌. എന്നാൽ വിദേശപത്രങ്ങൾക്ക്‌ ഇന്ത്യയിൽ പ്രസിദ്ധീകരണാനുമതി നൽകാനുളള കേന്ദ്രഗവൺമെന്റിന്റെ നയം, ഇന്ത്യൻ പത്രങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും അതുകൊണ്ട്‌ ഇത്തരം നയത്തിനെതിരെ ജനങ്ങൾ രംഗത്തുവരണമെന്നും പറയാനുളള ധാർമ്മികാവകാശം ഹർത്താലടക്കമുളള സമരമുറകൾക്കെതിരെ തിരിഞ്ഞിരിക്കുന്ന ഇത്തരം പത്രങ്ങൾക്കുണ്ടോ? ഇവിടെ ഒരു വിദേശപത്രം തുടങ്ങിയാൽ ഇന്ത്യയിലെ ജനങ്ങൾക്ക്‌ എന്ത്‌ ദോഷമാണ്‌ ഉണ്ടാകാൻ പോകുന്നത്‌? ഇതിനെതിരെ സമരം നടത്തിയാൽ അത്‌ അനാവശ്യ സമരമാകില്ലേ? പാക്കിസ്ഥാനിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളുടെ ഓൺലൈൻ പതിപ്പുവരെ നമ്മുടെ ഗ്രാമങ്ങളിലെ ഓരോ വീടുകളിലും ഇന്റർനെറ്റിലൂടെ ലഭ്യമാകുന്നുണ്ടല്ലോ. എന്നിട്ട്‌ ഇവിടെ എന്തു സംഭവിച്ചു. ഇന്ത്യയിൽ വിദേശപത്രങ്ങൾ പ്രസിദ്ധീകരണം തുടങ്ങിയാൽ സ്വന്തം നിലനിൽപ്പ്‌ തന്നെ നഷ്‌ടമാകുമെന്ന്‌ മനസ്സിലാക്കിയ മനോരമയും മറ്റും ഇപ്പോൾ ജനങ്ങളെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയാണ്‌. ഇത്തരം ബിസിനസ്സ്‌ താല്‌പര്യം മുൻനിർത്തി പ്രസ്താവന ഇറക്കുന്ന മറ്റൊരു കൂട്ടരാണ്‌ കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി. ഹർത്താൽ ദിവസം കടകൾ തുറന്ന്‌ ഹർത്താലിനെ പരാജയപ്പെടുത്തുമെന്നാണ്‌ ഈ സംഘടനയുടെ നേതാക്കൾ വീമ്പിളക്കുന്നത്‌. ജനങ്ങൾ അവരുടെ ന്യായമായ ആവശ്യങ്ങൾക്കായി സമരം നടത്തുമ്പോൾ അതിനെതിരെ കടകൾ തുറന്ന്‌ ആ സമരത്തെ പരാജയപ്പെടുത്താൻ മുതിരുന്ന കടകളെ നാളെ മുതൽ ജനങ്ങൾ ബഹിഷ്‌കരിക്കുമെന്ന്‌ തീരുമാനിച്ചാലുളള സ്ഥിതിവിശേഷം ഈ നേതാക്കൾ മനസ്സിലാക്കുന്നത്‌ നന്ന്‌. അതുകൊണ്ട്‌ നേതാക്കളുടെ ഇത്തരം വിഡ്‌ഢിത്തരത്തിന്‌ സാധാരണ കടക്കാർ തയ്യാറാകുമെന്ന്‌ തോന്നുന്നില്ല. ഈ സംഘടനയുടെ നേതാക്കളുടെ സ്വന്തക്കാർ മരിക്കുകയോ മറ്റോ ചെയ്‌താൽ ഉടൻ തന്നെ കടകമ്പോളങ്ങൾ അടച്ച്‌ ഹർത്താൽ ആചരിക്കുന്ന പതിവ്‌ ഇന്നും നമ്മുടെ നാട്ടിലുണ്ട്‌. എന്തേ ഇതിനെതിരെ പ്രതികരിക്കാത്തത്‌? വ്യാപാരികളെ പിന്തുടർന്ന്‌ ബസ്‌ ഓപ്പറേറ്റേഴ്‌സുമാരും ഹർത്താലിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. പെട്രോൾ ഉല്‌പന്നങ്ങൾക്ക്‌ ഒരു രൂപ കൂടിയാൽ ഉടനെ തങ്ങളുടെ ചാർജും കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പണിമുടക്ക്‌ നടത്തുന്ന ഒരു കൂട്ടരാണ്‌ ഈ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌. ബസ്സിൽ യാത്ര ചെയ്യുന്ന ഏതെങ്കിലും ഒരു സ്‌ത്രീയോട്‌ ബസ്‌ ജീവനക്കാരിൽ ആരെങ്കിലും അപമര്യാദയായി പെരുമാറുന്നത്‌ കണ്ട്‌ ചോദിച്ചാൽ, ഉടൻ തന്നെ ആ ഏരിയായിൽ ഹർത്താൽ നടത്തുന്ന മിടുക്കൻമാരാണ്‌ നമ്മുടെ ബസ്‌ ജീവനക്കാർ. ഹർത്താൽ മൂലം അന്നേ ദിവസം കോടികളുടെ നഷ്‌ടം കെ.എസ്‌.ആർ.ടി.സിക്ക്‌ ഉണ്ടായി എന്നു വാദിക്കുന്ന ഗവൺമെന്റ്‌ മറ്റു ദിവസങ്ങളിലെ ലാഭത്തെക്കുറിച്ച്‌ എന്തേ മിണ്ടുന്നില്ല. ഒരുദിവസം കോടികളുടെ ലാഭമുണ്ടെങ്കിൽ എന്തുകൊണ്ട്‌ കെ.എസ്‌.ആർ.ടി.സി. ലാഭകരമാകുന്നില്ല?

ഇവിടെ ഞാൻ ഹർത്താൽ എന്ന സമരമുറയെ പൂർണ്ണമായും പിന്താങ്ങുവാൻ ശ്രമിക്കുകയല്ല. ജനങ്ങളുടെ താല്‌പര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്നവർക്കേ ഹർത്താൽ ജനദ്രോഹകരമാണെന്ന്‌ പറയാൻ കഴിയൂ എന്നാണ്‌ ബി.ജെ.പി. നേതാവ്‌ ശ്രീധരൻപിളള പറയുന്നത്‌. ജനങ്ങളുടെ പ്രതിഷേധം ഗവൺമെന്റുകളെ അറിയിക്കുവാൻ ഹർത്താൽ അടക്കമുളള സമരമുറകൾ ആവശ്യമാണ്‌. അല്ലാതെ പ്രതിഷേധം ഒരു തുണ്ട്‌ കടലാസിലെഴുതി പോസ്‌റ്റ്‌ ചെയ്‌താൽ അത്‌ സെക്രട്ടറിയേറ്റിലെ ഏതെങ്കിലും ഒരു മൂലയിലെ ചവറ്റുകുട്ടയിലെ കിടക്കൂ. ഹർത്താലുകൾ പൊതുവേ ദോഷകരമായി ബാധിക്കുന്നത്‌ അന്യ സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നും കേരളത്തിലേയ്‌ക്ക്‌ വരുന്നവരെയാണ്‌. ഹർത്താലുകളെ കുറിച്ച്‌ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്വന്തം നാട്ടിലേക്കുവരുന്ന മലയാളികളും വിദേശ ടൂറിസ്‌റ്റുകളും മറ്റും വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും കുടുങ്ങിപോകാറാണ്‌ പതിവ്‌. ഇതൊഴിവാക്കാനായി റെയിൽവേ-വിമാനത്താവളങ്ങളിലെ ടാക്‌സികളിൽ തിരിച്ചറിയൽ സ്‌റ്റിക്കർ ഒടിച്ച്‌ അവയെ ഹർത്താലിൽനിന്നും ഒഴിവാക്കണം. കേരളത്തിന്‌ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയിരിക്കുന്ന ഭംഗി കാണാനെത്തുന്ന വിദേശടൂറിസ്‌റ്റുകൾ നമ്മുടെ അതിഥികളാണെന്ന്‌ സങ്കല്പിച്ച്‌ അവരെ ഇത്തരം ഹർത്താലുകളിൽ നിന്നും ഒഴിവാക്കണം. തീവ്രവാദികളെ ഭയന്ന്‌ ജമ്മു കാശ്‌മീരിലേക്കുളള ടൂറിസ്‌റ്റുകളുടെ എണ്ണം കുറയുകയും അവർ കേരളത്തെത്തേടിയെത്തുകയും ചെയ്‌തുകൊണ്ടാണ്‌ നമ്മുടെ ടൂറിസം മേഖല ഇത്രയും വികസിച്ചതെന്ന്‌ മനസ്സിലാക്കുകയും അതുകൊണ്ട്‌ ഇത്തരം വിദേശടൂറിസ്‌റ്റുകൾക്ക്‌ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാക്കാതിരിക്കാനും നാം ശ്രദ്ധിക്കണം. 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കേണ്ട ചില തൊഴിൽ മേഖല ഐ.ടി രംഗത്തുണ്ട്‌. ബിസിനസ്സ്‌ പ്രൊസസിംഗ്‌ ഔഡ്‌സോഴ്‌സിംങ്ങ്‌ (ബി.പി.ഓ) പോലുളള തൊഴിലുകൾ 24 മണിക്കൂറും പ്രവർത്തിച്ചാലെ പൂർണ്ണതയിലെത്തൂ. അതുകൊണ്ട്‌ അത്തരം തൊഴിലുകളിൽ ഏർപ്പെടുന്നവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ മഞ്ഞ സ്‌റ്റിക്കറുകൾ ഒട്ടിച്ച്‌ അവയെ ഹർത്താലിൽ നിന്നും ഒഴിവാക്കുന്ന രീതി പശ്ചിമ ബംഗാളിൽ കണ്ടുവരുന്നു. ഇത്‌ നമ്മുടെ നാട്ടിലും നടപ്പിൽ വരുത്തണം. കൂടാതെ മിന്നൽ പണിമുടക്കുകളും മിന്നൽ ഹർത്താലുകളും പൂർണ്ണമായും ഒഴിവാക്കാൻ രാഷ്‌ട്രീയ പാർട്ടികൾ തയ്യാറാവണം. ഹർത്താലുകൾ മുൻകൂട്ടി പ്രഖ്യാപിക്കുന്നതിലൂടെ, ജനങ്ങൾക്ക്‌ അന്നേ ദിവസം ഉണ്ടാകുന്ന ദുരിതങ്ങളെ മുൻകൂട്ടി അതിജീവിക്കാൻ കഴിയും. അതിനായി നമ്മുടെ ജനങ്ങൾ തയ്യാറെടുത്തുകഴിഞ്ഞുവോ എന്ന്‌ ഒന്നു പരിശോധിക്കാം.

———————————————–

സർക്കാർ ഉദ്യോഗസ്ഥനായ അച്‌ഛൻ പതിവിലും നേരത്തെ വീട്ടിലേക്കു വരുന്നത്‌ കണ്ട്‌ഃ

മകൻഃ അമ്മേ! അച്‌ഛൻ ഇന്ന്‌ എന്താ നേരത്തെ വരുന്നത്‌?

അമ്മഃ അച്‌ഛന്റെ കൈയിൽ വല്ലതും ഉണ്ടോ മോനേ?

മകൻ ഃ ഇടതു കൈയിൽ ഒരു കോഴിയും വലതുകൈയിൽ ഒരു കുപ്പിയും ഉണ്ട്‌.

അമ്മഃ ഓഹോ! എങ്കിൽ നാളെ കേരളത്തിൽ ഹർത്താലായിരിക്കും.

ഇങ്ങനെയല്ലേ നാം ഹർത്താലുകളെ നേരിടുന്നത്‌. ഇവിടെ നാം ഹർത്താൽ ആചരിക്കുകയല്ല ‘ആഘോഷിക്കുകയാണ്‌’ ചെയ്യുന്നത്‌. ഹർത്താൽ ജനദ്രോഹകരമാണെന്നും അതുകൊണ്ട്‌ അത്‌ ഒഴിവാക്കണമെന്നും പറയുന്നതിനേക്കാൾ നല്ലത്‌ സർക്കാർ ജനദ്രോഹനടപടികൾ അവസാനിപ്പിക്കണം എന്നു പറയുന്നതല്ലേ നല്ലത്‌.

Generated from archived content: essay2_dec1.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here