പാർലമെന്റ്‌ തിളങ്ങുന്നു

1947 ആഗസ്‌റ്റ്‌ 15-ന്‌ ഇന്ത്യ ഒരു സ്വതന്ത്രജനാധിപത്യ റിപ്പബ്ലിക്കായി ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ വന്ന സ്വദേശി ഗവൺമെന്റിനെ ഇന്ത്യൻ ജനത രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നെഹ്രു ഗവൺമെന്റിന്റെ വസന്തകാലങ്ങളിൽ ഇന്ത്യൻ രാഷ്‌ട്രീയം തികച്ചും രാഷ്‌ട്രീയകക്ഷികളുടെയും രാഷ്‌ട്രീയ-സാമൂഹിക പ്രവർത്തകരുടേയും കൈകളിലായിരുന്നു. ഭാരതത്തിന്റെ രാഷ്‌ട്രീയ സുരക്ഷിതത്വവും വികസനവും സ്വതന്ത്ര ഇന്ത്യയിലെ രാഷ്‌ട്രീയകക്ഷികളുടെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന്‌ ഓരോ ഭാരതീയനും വിശ്വസിച്ചിരുന്നു. പേരിന്‌ ഒന്നോരണ്ടോ വ്യവസായി പ്രമുഖരെ മാറ്റി നിർത്തിയാൽ ഇന്ത്യൻ പാർലമെന്റ്‌ തികച്ചും രാഷ്‌ട്രീയ-സാമൂഹിക പ്രവർത്തകരാൽ സമ്പന്നമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ഗഹനമായി ചിന്തിക്കുവാനും അവയ്‌ക്ക്‌ പരിഹാരം നിർദ്ദേശിക്കുവാനും അതിനുവേണ്ടി പോരാടാനും അവർ മത്സരിച്ചിരുന്നു. ശ്രീ.ഇ.കെ.ഗോപാലനെപോലുളള പ്രതിപക്ഷ നേതാക്കൾ നെഹ്രുവിനെ ഒരു നല്ല ഭരണാധികാരിയാക്കി മാറ്റി എന്നുവേണം പറയാൻ.

എന്നാൽ 2004 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രമെന്ന്‌ അറിയപ്പെടുന്ന ഇൻഡ്യയിലെ, ജനാധിപത്യസമ്പ്രദായം എവിടെ എത്തിനിൽക്കുന്നു. വിദേശാധിപത്യത്തിൽ എത്തുമ്പോഴേക്കും ഭാരതം ചെറിയ ചെറിയ നാട്ടുരാജ്യങ്ങളുടെ അധീനതയിലായിരുന്നുവല്ലോ. വിദേശാധിപത്യത്തോടുകൂടി രാജഭരണം അവസാനിച്ചു. പിന്നീട്‌ നീണ്ടകാലത്തെ പ്രവർത്തനം കൊണ്ട്‌, നിരവധി രാജ്യസ്‌നേഹികളെ ബലിയർപ്പിച്ച്‌, ഇന്ത്യ വിദേശികളിൽ നിന്നും സ്വതന്ത്രമായി. പക്ഷേ നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഭാരതമണ്ണിൽ നിന്നും പിഴുതെറിയപ്പെട്ട രാജഭരണം ഇന്ന്‌ മറ്റൊരു പേരിൽ ഇന്ത്യയിൽ നടമാടിക്കൊണ്ടിരിക്കുന്നു. ഇതിനെയാണ്‌ നാം ‘ജനാധിപത്യം’ എന്നു വിളിക്കുന്നത്‌. ജനാധിപത്യമെന്നാൽ ജനങ്ങളുടെ ആധിപത്യത്തിലുളള ഭരണമെന്ന്‌ ചുരുക്കിപ്പറയാം. ഇവിടെ ജനങ്ങളാണ്‌ അധിപൻ. എന്നാൽ ഇന്നത്തെ ജനാധിപത്യ ഇന്ത്യയിലെ പാർലമെന്റിന്റെ അവസ്ഥ എന്താണ്‌? ജനങ്ങൾ തിരസ്‌കരിച്ച നാട്ടുരാജാക്കന്മാരുടെ പിൻതലമുറക്കാരും വ്യവസായ-കോടീശ്വര പ്രമുഖരും സിനിമാതാരങ്ങളും കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌ ഇന്ത്യൻ പാർലമെന്റ്‌. ഇവർക്കിടയിൽ നിന്നും ഒന്നോ രണ്ടോ രാഷ്‌ട്രീയപ്രവർത്തകനെ കണ്ടെത്തണമെങ്കിൽ വളരെയധികം കഷ്‌ടപ്പെടേണ്ടിവരും. ഇത്‌ ‘ജനാധിപത്യ’മോ അതോ ‘ജനായത്ത’മോ? എവിടെ ജനങ്ങളുടെ ആധിപത്യമല്ല, മറിച്ച്‌ ജനങ്ങളുടെ മേലുളള ആധിപത്യമാണ്‌. ജനാധിപത്യത്തിന്‌ വ്യക്തമായ നിർവ്വചനം നൽകിയ എബ്രഹാം ലിങ്കനെപോലുളളവർ ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തെ മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കുവാനായി പുതിയ വാക്കുകൾ തന്നെ സൃഷ്‌ടിക്കേണ്ടിവന്നേനെ!

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, സിനിമാ-ടി.വി താരങ്ങളെയും ക്രിക്കറ്റ്‌ താരങ്ങളെയും രാജകുടുംബാംഗങ്ങളേയും എന്തിന്‌ കുപ്രസിദ്ധ ഗുണ്ടകളേയും സ്ഥാനാർത്ഥിയാക്കാനായി പരസ്പരം മത്സരിക്കുകയായിരുന്നു. ബി.ജെ.പി, കോൺഗ്രസ്‌ അടക്കമുളള കക്ഷികൾ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുവാൻ ഇവർക്കാവുമോ? ഹൈടെക്‌-ഇൻഫെർമേഷൻ ടെക്‌നോളജിയിൽ ഊന്നി ഭാരതത്തെ ഒരു India Inc ആക്കിമാറ്റാനുളള ഭരണാധികാരികളായി മാറിയ ഈ വ്യവസായ-സിനിമാ പ്രമുഖർ, ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ പതനം ഒരു പാഠമാക്കേണ്ടതാണ്‌. ആന്ധ്രയെ ഒരു Hytech state ആക്കി മാറ്റുവാനായി സ്വയം ഒരു Cyber Chief Minister ആയി വേഷം കെട്ടിയാടിയ ശ്രീ നായിഡു, ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെ രോഷാഗ്‌നിയിൽ ഉരുകി വെന്തുവെണ്ണീറായി. നായിഡുവിനെ അപ്പാടെ അനുകരിച്ചുവന്ന കർണ്ണാടക മുഖ്യൻ എസ്സ്‌.എം.കൃഷ്‌ണയ്‌ക്കും മറ്റൊരു രക്തസാക്ഷിയായ നായിഡുവായി മാറേണ്ടിവന്നു.

ഇതൊക്കെ കണ്ടിട്ടും ഇക്കൂട്ടർ പാഠം പഠിക്കുന്നില്ലാ എന്നു തോന്നുന്നു. അതിന്റെ വ്യക്തമായ തെളിവാണ്‌ ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പ്‌. വ്യവസായ പ്രമുഖനും റിലയൻസ്‌ ഇൻഡസ്‌ട്രീസ്സിന്റെ വൈസ്‌ ചെയർമാനുമായ ശ്രീ അനിൽ അംബാനിയും മറ്റൊരു വ്യവസായിയായ ശ്രീ രാംനാരായൺ സാഹുവും സിനിമാതാരം അമിതാഭ്‌ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ശ്രീമതി ജയാബച്ചനും, സമാജ്‌വാദി പാർട്ടിയുടെ ടിക്കറ്റിൽ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ, //sMr.N.R.Narayana Murthy of Infosis, Mr.Azim Premji of Wipro, Mr.Ratan Tata of Taata Industries, Mr.Kumaramangalam Birla of Birla Group, Mr.Rahul Bajaj of Bajaj Group, Mr.Navin Jindal of Jindal Industries, Priya Thapar of JCT Group, Uday Singh of Sunstar Group, a liquor baron Mr.Vijay Mallya of Medowell, Mr.P.V.Abdul Wahab-an industrialist and a non-residential keralite, Mr.Sunil Dutt, Mr.Shatrugnan Sinha, Mr.Raj Babbar, Mr.Dharmendra, Mr.Vinod Khanna, Mr.Govinda, Ms.Jaya Pradha, Mr.Navjot Singh Sidhu, Mr.Kapil Dev etc… തുടങ്ങിയ വ്യവസായ-സിനിമാ-ക്രിക്കറ്റ്‌ താരങ്ങളടങ്ങിയ പാർലമെന്റിൽ ശ്രീ അനിൽ അംബാനിയും എത്തി.

ഇതേക്കുറിച്ച്‌ പത്രക്കാർ ശ്രീ അനിൽ അംബാനിയോട്‌ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഈ വർഷത്തെ ഏറ്റവും നല്ല തമാശയായി തിരഞ്ഞെടുക്കാം. ‘ഇത്‌ എന്റെ പിതാവ്‌ ശ്രീ ധീരുഭായി അംബാനിയുടെ ഒരു സ്വപ്‌നമായിരുന്നു. അത്‌ ഞാൻ സഫലീകരിക്കുന്നു.’ ഇന്ത്യയിലെ നഗരങ്ങളേയും ഗ്രാമങ്ങളേയും ഒന്നടങ്കം കീഴടക്കിയ ഒരു പരസ്യവാചകം നിങ്ങൾ ഓർക്കുന്നുണ്ടോ- “Reliance Indian Mobile-Karlo Duniya Muthi main-A Dhiru Bhai Ambani’s dream project.” ഇതുതന്നെയല്ലേ ശ്രീ അനിൽ അംബാനി പത്രക്കാരുടെ ചോദ്യത്തിനു നൽകിയ മറുപടിയും. യശഃശരീരനായ ശ്രീ അംബാനിയുടെ സ്വപ്‌നക്കഥ പറഞ്ഞ്‌ ഇന്ത്യൻ ജനതയെ കബളിപ്പിക്കുകയെന്നത്‌ റിലയൻസ്‌ ഗ്രൂപ്പിന്റെ ഒരു സ്ഥിരം പല്ലവിയായി മാറി. ഇതിനുംമാത്രം സ്വപ്‌നം കാണാൻ ശ്രീ അംബാനിയെന്താ ‘സ്വപ്‌നക്കൂട്ടി’ലാണോ താമസിച്ചിരുന്നത്‌. അതോ അദ്ദേഹം ഒരു ‘സ്വപ്‌നജീവി’യായിരുന്നോ. ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യം മാറ്റുമെന്ന്‌ അദ്ദേഹം സ്വപ്‌നം കാണാതിരുന്നത്‌, ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെ ജീവിക്കുന്ന ബഹുഭൂരിപക്ഷംവരുന്ന ഭാരതീയരുടെ ഭാഗ്യക്കേടായേ കാണാൻ പറ്റൂ. റിലയൻസ്‌ ഗ്രൂപ്പിന്‌ ലാഭം കിട്ടാത്ത ഒരു സ്വപ്‌നവും ശ്രീ അംബാനി കണ്ടതായി അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞതായി അറിവില്ല. അപ്പോൾ പിന്നെ പാർലമെന്റിലേക്ക്‌ തിരഞ്ഞെടുക്കുന്നതോടുകൂടി റിലയൻസ്‌ ഗ്രൂപ്പിന്‌ ഉണ്ടാകുന്ന ലാഭത്തെക്കുറിച്ച്‌ നമ്മൾ ചിന്തിക്കുകയേ വേണ്ട.

ശമ്പളമുൾപ്പെടെ (salary Rs.11.2 Crore) ശ്രീ അനിൽ അംബാനിയുടെ ഒരു വർഷത്തെ വരുമാനം, ഇന്ത്യൻ പാർലമെന്റിലെ എല്ലാ എം.പി.മാരുടേയും ശമ്പളത്തേക്കാൾ കൂടുതലാണെത്രേ. റിലയൻസ്‌ ഗ്രൂപ്പിന്റെ വരുമാനം ഏകദേശം 75,000 കോടി രൂപയാണ്‌. ഇതാകട്ടെ ഇന്ത്യാ ഗവൺമെന്റിന്‌ നികുതിയിനത്തിൽ

(corporate tax) കിട്ടുന്ന 63,000 കോടിയേക്കാൾ എത്രയോ കൂടുതലാണ്‌. ശ്രീ അനിൽ അംബാനിയുടെ ഭാര്യ ശ്രീമതി ടീന അംബാനിയ്‌ക്കുതന്നെ ഏകദേശം 64.80 കോടി രൂപയുടെ ആഭരണങ്ങൾ ഉണ്ട്‌. സ്‌ത്രീകൾക്ക്‌ പാർലമെന്റിൽ 30% സംവരണം ഏർപ്പെടുത്തുന്നതോടുകൂടി, ഈ 64.80 കോടിയുടെ ആഭരണങ്ങളുടെ ‘മൊഞ്ച്‌’ കാട്ടി, സമാജ്‌വാദി പാർട്ടിക്ക്‌ വേണമെങ്കിൽ ശ്രീമതി ടീനാ അംബാനിയേയും പാർലമെന്റിൽ എത്തിക്കാം. അതും ശ്രീ ധീരുഭായി അംബാനിയുടെ ‘സ്വപ്‌നലിസ്‌റ്റിൽ’ ഉൾപ്പെട്ടിട്ടുണ്ടോ ആവോ!

സി.പി.ഐ നേതാവും യശഃശരീരനുമായ ശ്രീ സുഗതൻ പറഞ്ഞ വാക്കുകൾ എനിക്ക്‌ ഓർമ്മ വരുകയാണ്‌- “കേരള നിയമസഭാമന്ദിരം ഇടിച്ചുപൊളിച്ച്‌ അവിടെ ചൊറിയണം നടണം‘. ശ്രീ സുഗതൻ ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ കേരളനിയമസഭാമന്ദിരം എന്നതിനു പകരം ഇന്ത്യൻ പാർലമെന്റ്‌ എന്ന്‌ തിരുത്തിപറഞ്ഞേനെ!

Generated from archived content: essay2-june30.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here