കേരളം-വ്യവസായങ്ങളുടെ ശവപ്പറമ്പ്‌

കേരളം-പരശുരാമൻ മഴുവെറിഞ്ഞ്‌ കടലിനെ കരയാക്കി മാറ്റിയെന്ന്‌ ഐതിഹ്യപരമായി വിശ്വസിക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശം. പാറശാലമുതൽ മഞ്ചേശ്വരം വരെ, മലകളും സമതലങ്ങളും വനങ്ങളും നദികളും കൊണ്ട്‌ സമ്പൽസമൃദ്ധമായ ദേശം. വിദ്യാഭ്യാസത്തിലും സാംസ്‌കാരികതയിലും ആരോഗ്യമേഖലയിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. ഇതുമാത്രമല്ല കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോകജനശ്രദ്ധയ്‌ക്കുമുന്നിൽ എത്തിച്ച ഘടകങ്ങൾ. ലോകത്തിലാദ്യമായി ബുളളറ്റിനുപകരം ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്‌റ്റ്‌ ഗവൺമെന്റ്‌ അധികാരത്തിലെത്തിയത്‌ ഈ കൊച്ചു കേരളത്തിലാണ്‌. ഇന്ത്യയിൽ 100% സാക്ഷരത നേടിയ ഏക സംസ്ഥാനവും കേരളം മാത്രമാണ്‌. ബുദ്ധമതത്തിന്‌ വഴിമാറിയ ഹിന്ദുമതത്തെ പുനരുജ്ജീവിപ്പിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യർക്കും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക്‌ മോചനമന്ത്രം നൽകിയ ശ്രീ നാരായണഗുരുവിനും ശ്രീ അയ്യൻകാളിക്കും ജന്‌മം കൊടുത്ത ദേശം. മുല്ലപ്പൂ ചൂടിയ മലയാളിപ്പെണ്ണിന്‌ ക്യാൻവാസിലൂടെ ജീവൻ നൽകി, മലയാളിയുടെ സൗന്ദര്യം ലോകത്തിനുമുമ്പിൽ വരച്ചുകാട്ടിയ ശ്രീ രാജാരവിവർമ്മയുടെ ദേശം. എന്നാൽ വശ്യസുന്ദരമായ, ആരേയും കൊതിപ്പിക്കുന്ന സൗന്ദര്യത്തിന്റെ മൂർത്തഭാവമായ കൈരളി ഇന്നു കേഴുകയാണ്‌, തന്റെ മക്കൾ പട്ടിണിയും കടക്കെണിയും പൂണ്ട്‌ ആത്മഹത്യചെയ്യുന്നത്‌ കാണുമ്പോൾ.

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത്‌ ഇതാണെന്ന്‌ തോന്നിക്കുന്ന ഈ മലയാളനാട്ടിൽ ഇന്ന്‌ ആത്മഹത്യകളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന കർഷകർക്കുമുന്നിൽ മന്ത്രിമന്ദിരങ്ങൾ കൊട്ടിയടക്കപ്പെടുന്നു. കേരളത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു അർബുദമാണ്‌ തൊഴിലില്ലായ്‌മ. തൊഴിലുതേടി വിദേശങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കുടിയേറുന്ന മലയാളികളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു. വിദേശരാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളുളള വിഷയങ്ങൾ മാത്രം തിരഞ്ഞുപിടിച്ചു കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾ പരസ്‌പരം മത്സരിക്കുന്നു. സ്വാശ്രയ മെഡിക്കൽ-എൻജിനീയറിംഗ്‌ കോളജുകളിൽ നിന്നും പുറത്തുവരുന്ന ഡോക്‌ടർമാരുടെയും എൻജിനീയർമാരുടെയും നേഴ്‌സുമാരുടെയും സേവനം കേരളീയർക്ക്‌ ലഭ്യമാകുമോ? തൊഴിലുതേടി ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെത്തുന്ന മലയാളി പെൺകുട്ടികൾക്ക്‌ നേരെ നടക്കുന്ന അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ഇന്ത്യയിലെ സ്ഥിതി ഇതാണെങ്കിൽ, വിദേശരാഷ്‌ട്രങ്ങളിലെ മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇതിലും വലുതാണ്‌. വിദേശത്ത്‌ തൊഴിൽ വാഗ്‌ദാനം നൽകി അവിടെ എത്തിച്ച്‌ അനാശാസ്യപ്രവർത്തനങ്ങൾക്കായി പ്രേരിപ്പിക്കപ്പെട്ട മലയാളിപെൺകുട്ടികളുടെ കഥ നാം പത്രങ്ങളിലും മറ്റും വായിക്കാറുളളതാണ്‌. കുവൈറ്റിലേക്ക്‌ ജോലിക്കെന്ന വ്യാജേന ഇറാക്കിലെത്തിച്ച്‌ അമേരിക്കൻസേനയുടെ ദാസ്യ444വൃത്തിക്ക്‌ വിധിക്കപ്പെട്ട കുറെ മലയാളിയുവാക്കളുടെ കണ്ണീരിൽ ചാലിച്ച അനുഭവകഥകൾ ദൃശ്യമാദ്ധ്യമങ്ങൾ നമുക്ക്‌ കാട്ടിതന്നതാണ്‌. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു? എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ച്‌ നമ്മെ അന്ധതയുടെ ഹിമാലയൻസാനുക്കളിലെത്തിക്കുന്ന രാഷ്‌ട്രീയനേതൃത്വം, പരസ്‌പരം പരിചാരി ആത്മസംതൃപ്‌തിയടയുന്നു.

ബി.എം.ഡബ്‌ളൂ പോലുളള വമ്പൻകമ്പനികൾ കൊച്ചി കേന്ദ്രമാക്കി മുതൽ മുടക്കാൻ തയ്യാറായിരിക്കുന്നു. അതിനാൽ സമരങ്ങൾ ഉണ്ടാക്കി കേരളത്തിലെ വ്യവസായ അന്തരീക്ഷം താറുമാറാക്കരുതെന്ന്‌ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തോടപേക്ഷിക്കുന്നു. എന്നാൽ തങ്ങളുടെ സമരങ്ങൾ മൂലം കഴിഞ്ഞ പത്തുവർഷത്തിനുളളിൽ എത്ര വ്യവസായങ്ങൾ പൂട്ടിയിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ മറുചോദ്യത്തിനുമുന്നിൽ വ്യവസായ മന്ത്രി മൗനം ഭജിക്കുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾ ചത്ത കുഞ്ഞിന്റെയും ജനിക്കാത്ത കുഞ്ഞിന്റെയും ജാതകം നോക്കി പരസ്‌പരം കുറ്റപ്പെടുത്തുന്നു. ഇവർക്കിടയിൽ ചതഞ്ഞരയുന്നത്‌ ലക്ഷോപലക്ഷം വരുന്ന യുവതീ-യുവാക്കളുടെ ജീവിത സ്വപ്‌നങ്ങളാണ്‌.

കേരളത്തിലെ വ്യവസായ വളർച്ചക്ക്‌ തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ എന്താണ്‌? ഉത്തരേന്ത്യൻ വ്യവസായലോബികൾക്ക്‌ പറയാനുളള ഉത്തരം ഒന്നേയുളളൂ- തൊഴിലാളിസമരങ്ങൾ. കേരളത്തിൽ മുതൽ മുടക്കാൻ തയ്യാറായിവരുന്ന വ്യവസായികളെ, തൊഴിലാളി സമരങ്ങളുടെ കഥകൾ പറഞ്ഞ്‌ പിന്തിരിപ്പിക്കുന്ന ശക്തമായ ലോബികൾ മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. സത്യത്തിൽ തൊഴിലാളിസമരങ്ങളാണോ നമ്മുടെ വ്യവസായ തകർച്ചയുടെ യഥാർത്ഥകാരണം. താൻ ഇരിക്കുന്ന കൊമ്പ്‌ മുറിക്കാനും മാത്രം വിഡ്‌ഢികളാണോ ഇന്നത്തെ തൊഴിലാളി വർഗ്ഗം. ഒരു ഉദാഹരണം പറയാം പ്ലാച്ചിമടയിലെ കൊക്കോക്കോള കമ്പനി, അനധികൃതമായി ഭൂഗർഭജലം ഊറ്റുന്നതിനെതിരെയും പരിസ്ഥിതി മലിനീകരണം ചെയ്യുന്നതിനെതിരെയും, ഈ കമ്പനി അടച്ചുപൂട്ടിക്കുന്നതിനായി കേരളത്തിലെ രാഷ്‌ട്രീയ-പരിസ്ഥിതിപ്രവർത്തകരും സമരം നടത്തിക്കൊണ്ടിരിക്കുന്നു. ഭൂഗർഭജലം ഊറ്റുന്ന ഈ കമ്പനി പൂട്ടിക്കണമെന്ന്‌ ഓരോ മലയാളിയും ആഗ്രഹിക്കുമ്പോഴും ഒന്നോ രണ്ടോ തൊഴിലാളികളല്ലാതെ ഈ കമ്പനിയിൽ ജോലിചെയ്യുന്ന നൂറുകണക്കിന്‌ തൊഴിലാളികൾ ഈ സമരത്തെ അനുകൂലിക്കുന്നില്ല എന്നതാണ്‌ സത്യം. തൊഴിലാളികൾ വ്യവസായത്തിന്റെ അന്തകരാണെന്ന്‌ തീറ്‌ കൽപ്പിക്കുന്നവർ ഈ സംഭവത്തിന്‌ മുമ്പിൽ നിശ്ശബ്‌ദരാവുകയാണ്‌. തങ്ങളുടെ അത്താണിയായ തൊഴിൽശാലകളെ സംരക്ഷിക്കുന്ന കഥകൾ പറയുന്ന തൊഴിലാളികളെ കേരളത്തിലുടനീളം കാണാം. ഇതാണ്‌ ഇന്നത്തെ തൊഴിലാളി വർഗ്ഗം. അനാവശ്യമായി തങ്ങളുടെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി മാത്രം സമരം നടത്താൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന ഒരു രാഷ്‌ട്രീയ നേതാവും ഇന്ന്‌ നമ്മുടെ ഇടയിലില്ല. കാരണം അത്തരം നേതാക്കളെ ഒഴിവാക്കാൻ ഈ തൊഴിലാളികൾ തന്നെ നിർബന്ധിതരാവുന്നു.

ഗ്ലോബൽ ഇൻവെസ്‌റ്റ്‌മെന്റ്‌ മീറ്റിൽ പങ്കെടുത്ത അന്നത്തെ പ്രധാനമന്ത്രി ശ്രീ വാജ്‌പേയി “വരവേൽപ്പ്‌‘ എന്ന സിനിമയെ ഉദ്ധരിച്ച്‌ ഒരു കഥ പറയുകയുണ്ടായി. ഈ സിനിമയിലെ നായകനായ മോഹൻലാൽ വർഷങ്ങളോളം ഗൾഫിൽ കഠിനാധ്വാനം ചെയ്‌ത്‌ സമ്പാദിച്ച പണവുമായി നാട്ടിലെത്തി ഒരു ബസ്സുവാങ്ങി സർവീസു നടത്തുന്നു. പിന്നീട്‌ തൊഴിലാളി സമരം മൂലം ആ ബസ്സ്‌ ഒരു തൊഴിലാളി നേതാവു തന്നെ തകർക്കുകയും അവസാനം നായകൻ തിരിച്ച്‌ ഗൾഫിലേക്കുതന്നെ പോകുന്നതോടുകൂടി കഥ തീരുന്നു. ഇതേ കഥ തന്നെ 2004ലെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി കേരളത്തിലെത്തിയ ശ്രീ അദ്വാനിയും ആവർത്തിക്കുകയുണ്ടായി. ശ്രീനിവാസൻ തിരക്കഥയും പ്രിയദർശനം സംവിധാനവും ചെയ്‌ത ഈ സിനിമ ’അന്നത്തെ‘ രാഷ്‌ട്രീയ സാഹചര്യത്തിന്‌ യോജിച്ചതായിരുന്നു. എന്നാൽ പതിനഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷം അതേ ടീമിന്റെ തന്നെ ’മിഥുനം‘ എന്ന സിനിമയും നാം കണ്ടതാണ്‌. ഈ സിനിമയിലെ നായകകഥാപാത്രമായ മോഹൻലാൽ, ’ദാക്ഷായണി‘ എന്ന ബിസ്‌കറ്റ്‌ കമ്പനി തുടങ്ങാൻ ശ്രമിക്കുന്നു. എന്നാൽ ഇലക്‌ട്രിസിറ്റി-വ്യവസായ-പരിസ്ഥിതി ഉദ്യോഗസ്ഥൻമാർ മനഃപൂർവ്വം അതിന്‌ തടസ്സം നിൽക്കുന്നു. ഹാസ്യപരമായി സൃഷ്‌ടിച്ച ഈ സിനിമയിലെ ഇതിവൃത്തം ’ഇന്നത്തെ‘ വ്യവസായപുരോഗതിക്ക്‌ തടസ്സം നിൽക്കുന്നത്‌ തൊഴിലാളികളല്ല, മറിച്ച്‌ ഉദ്യോഗസ്ഥരും പരിസ്ഥിതിപ്രവർത്തകരുമാണെന്ന്‌ വ്യക്തമാക്കുന്നു. ശ്രീ വാജ്‌പേയും അദ്വാനിയും ’മിഥുനം‘ എന്ന സിനിമകൂടി കാണണം എന്ന ഒരു അഭ്യർത്ഥനകൂടിയുണ്ട്‌.

ഇതു കഥയാണെങ്കിൽ പച്ചയായ മനുഷ്യജീവിതത്തിൽ നടന്ന ഒരു സംഭവം പറയാം. കോട്ടയം ജില്ലയിലെ ചിങ്ങവനം ട്രാവൻകൂർ ഇലക്‌ടോ കെമിക്കൽസിലെ തൊഴിലാളികൾ ഒരു കാലത്ത്‌ ഗസറ്റഡ്‌ ഉദ്യോഗസ്ഥൻമാർക്കു തുല്യമായ ജീവിതനിലവാരം പുലർത്തിയിരുന്നു. എന്നാൽ ഇവർ ഇന്ന്‌ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി നെട്ടോട്ടമോടുകയാണ്‌. ഈ ഫാക്‌ടറിയിലെ ഉല്‌പന്നം കാർബണുകളായിരുന്നു. എന്നാൽ ആഗോളവത്‌കരണത്തിന്റെ ഭാഗമായി സിംഗപൂരിൽ നിന്നും ചൈനയിൽനിന്നും അതേ കാർബണുകൾ വിലകുറച്ച്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെട്ടു. സ്വാഭാവികമായും ഇവിടെ നിർമ്മിച്ചിരുന്ന കാർബണുകൾക്ക്‌ വിപണി നഷ്‌ടപ്പെട്ടു. ഫാക്‌ടറി പൂട്ടി. തൊഴിലാളികൾ സമരം തുടങ്ങി. എന്നാൽ സ്വർണ്ണതാക്കോലിട്ടു ഫാക്‌ടറി വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന്‌ ഘോരഘോരം പ്രസംഗിച്ച്‌ കൈയ്യടിവാങ്ങി നിയമസഭയിലെത്തിയ ശ്രീ ഉമ്മൻ ചാണ്ടി ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയുമായി. ആഗോളവത്‌കരണത്തിന്റെ ബലിയാടുകളായ ഈ തൊഴിലാളികളുടെ കത്തുന്ന വയറുകൾക്കുമുന്നിലെങ്കിലും ശ്രീ ഉമ്മൻ ചാണ്ടി തന്റെ വാക്കുകൾക്ക്‌ വിലകല്പിക്കുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.

ആഗോളവത്‌കരണം പോലെതന്നെ അമിതമായ പരിസ്‌ഥിതിസ്‌നേഹവും കേരളത്തിലെ വ്യവസായ തകർച്ചയ്‌ക്ക്‌ കാരണമാണ്‌. അമിതമായ പുത്രസ്‌നേഹം ദേവേന്ദ്രനെ ഒരു യാചകനാക്കിയതുപോലെയാണ്‌ ഈ പരിസ്ഥിതിപ്രവർത്തകരുടെ പ്രവർത്തനങ്ങൾ. പരിസ്ഥിതിപ്രശ്‌നത്തിന്റെ പേരിൽ വൈദ്യുതിനിലയങ്ങൾ വരുന്നതിനെ എതിർക്കുന്ന രീതി മാറ്റിയേ തീരൂ. കാരണം വ്യവസായവളർച്ചയ്‌​‍്‌ക്ക്‌ വൈദ്യുതി ഒരു സുപ്രധാന ഘടകം തന്നെയാണ്‌. കായംകുളം വൈദ്യുതിനിലയത്തിനെതിരെ പരിസ്ഥിതിപ്രവർത്തകരുടെ സമരം വിജയിച്ചിരുന്നെങ്കിൽ നാം ഇന്നും ഇരുട്ടിൽ തന്നെ കഴിയേണ്ടിവന്നേനെ. ഏലൂരിലെ എച്ച്‌.ഐ.എൽ എന്ന പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പരിസ്ഥിതിപ്രവർത്തകരുടെ വെല്ലുവിളികൾ ഒരു വ്യവസായശാലയ്‌ക്കുകൂടെ ശവകല്ലറ തീർത്തേക്കും. ഈ പരിസ്ഥിതി പ്രവർത്തകര ഒരു കാര്യം ചിന്തിക്കണം, തൊഴിലില്ലായ്‌മയും പട്ടിണിയും മൂലം ആത്മഹത്യയുടെ വക്കിലെത്തിനിൽക്കുന്ന മനുഷ്യരാശിയോട്‌ പരിസ്ഥിതിയുടെ സ്‌നേഹഗാഥ പാടിയാൽ അവന്റെ വിശപ്പുമാറുമോ? കേരളത്തോളം വരുന്ന ജപ്പാനിൽ പരിസ്ഥിതി പ്രശ്‌നങ്ങളില്ലേ. ജപ്പാൻ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ നാം അവർക്കുമുന്നിൽ തലകുനിച്ചു നിൽക്കുന്നു.

രാഷ്‌ട്രീയ-സാമൂഹിക-പരിസ്ഥിതി പ്രവർത്തകർ കൈയൊഴിഞ്ഞ സ്ഥിതിക്ക്‌, കേരളത്തെ ഇനി ആർക്കു രക്ഷിക്കുവാനാകും? ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിന്‌ നാം ഉത്തരം കണ്ടെത്തിയേ തീരൂ. എന്നാൽ ആനുകാലിക പ്രസക്തിയുളള ഈ സമസ്യ പൂരിപ്പിക്കുവാൻ വിദേശമലയാളികൾക്ക്‌ മാത്രമേ കഴിയൂ. ഇന്ത്യയുടെ വിദേശനാണ്യനിക്ഷേപത്തിന്റെ ഏറിയ പങ്കും സംഭാവന ചെയ്യുന്നത്‌ വിദേശമലയാളികളാണ്‌. ’ഫൊക്കാന‘ പോലുളള അമേരിക്കൻ മലയാളികളുടെ സംഘടന വളരെ ശക്തമായ അടിത്തറയുളളതാണ്‌. ഇതേപോലുളള നിരവധി മലയാളി സംഘടനകൾ ഗൾഫ്‌ രാഷ്‌ട്രങ്ങളിലും മറ്റും പ്രവർത്തിക്കുന്നു. നോർക്കയുടെ കീഴിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എല്ലാ മലയാളി സംഘടനകളുടെയും ഒരു ’കൺസോഷ്യം‘ രൂപീകരിച്ച്‌ അവർക്ക്‌ കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാനുളള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കണം. ബഹുരാഷ്‌ട്ര കമ്പനികളെക്കാളും അന്യഭാഷാ സംസ്ഥാനക്കാരേക്കാളും കേരളത്തിന്റെ ആത്മാവ്‌ തൊട്ടറിഞ്ഞ കേരളത്തിന്റെ മക്കളായ ഈ വിദേശമലയാളികൾക്ക്‌ മാത്രമെ കേരളത്തെ രക്ഷിക്കാനാവൂ. എന്നാൽ കേരളത്തിന്റെ വന-ജലസമ്പത്തിൽ മാത്രം കണ്ണുംനട്ട്‌ വരുന്ന ആട്ടിൻതോലണിഞ്ഞ ചെന്നായ്‌ക്കളെ നാം തിരിച്ചറിയുകയും വേണം. കൂടാതെ കോവളം കൊട്ടാരം പോലുളള നമ്മുടെ തനതായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന സ്‌മാരകങ്ങളെ ഹോട്ടൽ ബിസിനസ്സിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗൾഫാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ എന്തു വിലകൊടുത്തും തടയേണ്ടതു തന്നെയാണ്‌. ഇവർ ഇത്തരം സങ്കുചിത ചിന്തവെടിഞ്ഞ്‌ കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങാൻ തയ്യാറാവുകയാണ്‌ വേണ്ടത്‌.

ഹർത്താലുകളും പണിമുടക്കുകളും പൂർണ്ണമായും ഒഴിവാക്കണമെന്ന്‌ പറയുന്നത്‌ പൗരന്റെ സംഘടനാ സ്വാതന്ത്ര്യത്തെയും പ്രതികരിക്കാനുളള കഴിവിനെയും അടിച്ചമർത്തുന്നതിന്‌ തുല്യമാണ്‌. അതുകൊണ്ട്‌ ഹർത്താലുകളുടെ എണ്ണം കുറച്ച്‌ കേരളത്തിലെ വ്യവസായ അന്തരീക്ഷം ശാന്തമാക്കാൻ എല്ലാ രാഷ്‌ട്രീയകക്ഷികളും തയ്യാറാവണം. അതായത്‌ ബി.പി.ഓ പോലുളള ഔട്ട്‌ സോഴ്‌സിംങ്ങ്‌ ജോലികൾക്ക്‌ 24 മണിക്കൂറും പ്രവർത്തന സൗകര്യം ഉണ്ടായിരിക്കണം. കൂടുതൽ തൊഴിൽ സാധ്യതയുളള ഇത്തരം ജോലികളെ ഹർത്താലുകളിൽ നിന്നും ഒഴിവാക്കാൻ വേണ്ട നടപടികളെടുക്കണം. കൊച്ചിയിലെ വല്ലാർപാടം ടെർമിനൽ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്‌. അതോടുകൂടി കൊച്ചിയുടെ മുഖഛായതന്നെ-കേരളത്തിന്റെയും-മാറുമെന്ന്‌ നമ്മുക്ക്‌ വിശ്വസിക്കാം. ഇനിയെങ്കിലും മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ട്‌ പോയ സ്ഥിതി ഉണ്ടാകാതിരിക്കാൻ നമ്മുടെ ഭരണ-പ്രതിപക്ഷ കക്ഷികൾ തയ്യാറാവണം.

അനുബന്ധംഃ

ഇനി നമുക്ക്‌ ക്ഷേത്രങ്ങളും വിദ്യാലയങ്ങളുമല്ല വേണ്ടത്‌, മനുഷ്യന്റെ പട്ടിണി മാറ്റുവാൻ വ്യവസായങ്ങളാണ്‌ വേണ്ടത്‌- ശ്രി നാരായണഗുരു.

Generated from archived content: essay1_sep22.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here