ഭാരതമെന്ന പേർ കേട്ടാലഭിമാന-
പൂരിതമാകണമന്ത രംഗം
കേരളമെന്നു കേട്ടാലോ
തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ
എന്നാൽ ഈ കവി സങ്കല്പം ഇന്ന് തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. വർത്തമാനകാലത്ത് ലോകസമൂഹത്തിനുമുന്നിൽ ഭാരതത്തിന് അഭിമാന പുരസ്‌കരം പറയത്തക്കതായ ഒന്നും തന്നെയില്ല. മതത്തിന്റെ പേരിൽ മനുഷ്യൻ പരസ്‌പരം തല്ലി ചാവുന്നു. രാഷ്‌ട്രീയക്കാർവരെ പരാജയപ്പെടുന്ന ഇത്തരം സംഭവങ്ങളിൽ ദൈവങ്ങൾ നിസ്സഹായത അവലംബിക്കുന്നു. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ നടന്ന ഗോധ്ര കൂട്ടക്കൊലയും അതിനോടനുബന്ധിച്ച് അരങ്ങേറിയ വർഗ്ഗീയലഹളയും നമ്മുടെ രാജ്യത്തിന്റെ യശസ്സുതന്ന ഇല്ലാതാക്കി. വർഗ്ഗീയ ലഹളക്കാർ, ഇന്ത്യയെ ഒന്നടങ്കം ബാധിച്ച അർബുദമായി മാറിയപ്പോഴും, കേരളം എന്ന നമ്മുടെ ഈ കൊച്ചു സംസ്ഥാനം ഇത്തരം വർഗ്ഗീയ ലഹളകളിൽനിന്നും ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. എന്നാൽ വർഗ്ഗീയതയുടെ ഭീഭത്സമുഖം കണികണ്ടാണ് ഇന്നത്തെ നമ്മുടെ പ്രഭാതം വിരിയുന്നത്. അതിന്റെ ഒരു ചെറിയ പതിപ്പുമാത്രമാണ് ഒളവണ്ണ ഗ്രാമത്തിൽ സംഭവിച്ചത്.
ഭാരതത്തിന്റെ പ്രഭാവലയത്തിന് പ്രകാശകിരണങ്ങൾ നൽകി, നവയുഗഭാരതത്തെ ലോകജനതയ്‌ക്കുമുന്നിൽ തലയെടുപ്പൊടുകൂടി അവതരിപ്പിച്ച, വിരലിലെണ്ണാവുന്ന മഹത്‌പ്രതിഭകളെ നമുക്ക് മുന്നിലുളളൂ. അവരിൽ അഗ്രഗണ്യ സ്ഥാനമാണ് അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന മദർ തേരേസ്സയ്‌ക്കുളളത്. നിരാശ്രയരും നിരാലംബരുമായ നാനാജാതി മതസ്ഥർക്കുമുന്നിൽ മാനുഷികസ്‌നേഹമന്ത്രം ഉരിയാടിയ ഇവരെ ജാതിമതഭേദമന്യേ എല്ലാവരും ഒരുപോലെ സ്‌നേഹിച്ചിരുന്നു. അങ്ങനെയുളള അവരുടെ അനുയായികളെയാണ് ഇക്കഴിഞ്ഞ ദിവസം വർഗ്ഗീയവാദികൾ ആക്രമിച്ചത്. സാമൂഹ്യസേവനത്തിന്റെ പേരിൽ മതപരിവർത്തനം നടത്തുന്നുവെന്നാണ് ഇവരുടെ മേലുളള ആരോപണം. ആരോപണം സത്യമോ മിഥ്യയോ ആയാൽപോലും ഈ സംഭവം നിന്ദ്യവും ക്രൂരവുമായിപോയെന്നുളളതിന് യാതൊരു സംശയവും ഇല്ല.
യുവാക്കൾ വഴിതെറ്റുന്നതെന്തുകൊണ്ട്?
ഇതിനോടകം പോലീസ് കുറെ പ്രതികളെ അറസ്‌റ്റുചെയ്‌തുകഴിഞ്ഞു. ഇവരെല്ലാം തന്നെ 20നും 30നും ഇടയിലുളള ചെറുപ്പക്കാരാണെന്നതാണ് വസ്‌തുത. എന്തുകൊണ്ട് നമ്മുടെ യുവാക്കൾ ഇങ്ങനെ വഴിതെറ്റിപ്പോകുന്നു? ഇവിടെയാണ് നമ്മുടെ മുൻ മുഖ്യമന്ത്രി ശ്രീ ഇ.കെ.ആന്റണിയുടെ പരാമർശം മുഖവിലയ്‌ക്കെടുക്കേണ്ടത്. ന്യൂനപക്ഷങ്ങൾ സമ്മർദ്ദതന്ത്രം ഉപയോഗിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നുവെന്ന ആന്റണിയുടെ ആരോപണം കേരള രാഷ്‌ട്രീയത്തെതന്നെ മാറ്റിമറിച്ചു. എൻ.എസ്.എസ്. – എസ്.എൻ.ഡി.പി അടക്കമുളള ഹൈന്ദവസംഘടനകൾ ആന്റണിയ്‌ക്കു പിന്തുണയുമായി വന്നപ്പോൾ മറ്റു ഹൈന്ദവേതര സംഘടനകൾ പ്രതിപക്ഷത്തും അണിനിരന്നു. ഫലമോ, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റ സീറ്റുപോലും നേടാനാവാതെ ദയനീയമായി പരാജയപ്പെട്ടു. പരാജയം വിലയിരുത്തിയ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്, ആന്റണിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടാണ് പരാജയകാരണം എന്നാണ്. എന്തൊരു വിരോധാഭാസമായ വിലയിരുത്തൽ അല്ലേ. ഒരു ദേശീയകക്ഷിയേയും അവരു നേതൃത്വം നൽകുന്ന ഒരു ഗവൺമെന്റിനെയും പരാജയപ്പെടുത്താൻ ഈ ന്യൂനപക്ഷങ്ങൾക്ക് കഴിയുമെങ്കിൽ, ഇവിടെ ന്യൂനപക്ഷമെന്ന വാക്കിന്റെ അർത്ഥം തന്നെ മാറും.
യുവാക്കൾ തീവ്രഹിന്ദുത്വത്തിന് അടിമകളാവുന്നു
ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരള കോൺഗ്രസുകളുടെ ഒരു ചെറിയ കഷണം മന്ത്രിസഭയിൽ ഉണ്ടാവുമെന്നുളളതിൽ ഒരു സംശയവും വേണ്ട. ഈ കേരള കോൺഗ്രസുകളെ നിയന്ത്രിക്കുന്നതിൽ ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാർക്കുളള പങ്ക് പകൽപോലെ സത്യവുമാണ്. യു.ഡി.എഫിലുളള മറ്റൊരു കഷണമാണ് മുസ്ലീംലീഗ്. പട്ടിണിപ്പാവങ്ങളായ മുസ്ലീങ്ങളുടെ പേരിൽ കോടികൾ സമ്പാദിച്ച് ആഢംബരജീവിതം നയിക്കുന്നവരാണ് മുസ്ലീംലീഗ് നേതാക്കളിൽ ഏറിയ പങ്കും. മുസ്ലീംലീഗ് മന്ത്രിമാർ പ്രത്യേകിച്ച് ശ്രീ കുഞ്ഞാലിക്കുട്ടി ഒരു സൂപ്പർമുഖ്യമന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്നാണ് കോൺഗ്രസ് നേതാക്കൻമാർപോലും ആരോപിക്കുന്നത്. കേരളത്തിലെ ക്രിസ്‌ത്യൻ-മുസ്ലീം പ്രാതിനിധ്യം അവകാശപ്പെട്ട് അധികാരങ്ങളിലെത്തുന്ന ഈ പാർട്ടികളിലെ മന്ത്രിമാർ സ്വജനപക്ഷപാതം കാട്ടി കേരളത്തിലെ വനഭൂമിയും വിദ്യാഭ്യാസസ്ഥാപനങ്ങളും തട്ടിയെടക്കുന്നുവെന്ന് മറ്റു സമുദായങ്ങൾ ആരോപിച്ചാൽ അതിൽ കഴമ്പില്ലാതില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണം നിരത്തി, ശ്രീ വെളളാപ്പളളി നടേശൻ വിമർശിക്കുന്നത് ഇതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ്. ഇത്തരം ചൂഷണങ്ങൾ, ഭൂരിപക്ഷസമുദായങ്ങളിലെ ചെറുപ്പക്കാരുടെ മനസ്സിനെ വൃണപ്പെടുത്തുകയും അവരെ വർഗ്ഗീയചേരിയിൽ എത്തിക്കുകയും ചെയ്‌താൽ യാതൊരു അത്ഭുതവുമില്ല.
ശ്രീ ആന്റണി തന്റെ ന്യൂനപക്ഷവിരുദ്ധ പരാമർശത്തിലൂടെ ഒരു ഭൂതത്തെ തുറന്നുവിട്ടെങ്കിലും അതിനെ പിടിച്ചുകെട്ടുവാനുളള മാർഗ്ഗംകൂടി പറഞ്ഞുതരേണ്ടിയിരുന്നു. ഭൂരിപക്ഷവർഗ്ഗീയതയെപോലെ തന്നെ ന്യൂനപക്ഷവർഗ്ഗീയതയും എതിർക്കപ്പെടേണ്ടതാണ്. അതിന് ന്യൂനപക്ഷങ്ങൾ, പ്രാദേശികവാദികളായ ഇത്തരം സങ്കുചിത ചിന്താഗതിക്കാരായ കേരള കോൺഗ്രസുകളുടെയും മുസ്ലീംലീഗിന്റെയും കരാളഹസ്‌തങ്ങളിൽ നിന്നും വെളിയിൽ വരേണ്ടിയിരിക്കുന്നു. ദേശീയധാരാരാഷ്‌ട്രീയ കക്ഷികൾക്കു മാത്രമേ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയൂ. മുസ്ലീംലീഗ് എന്ന പ്രസ്ഥാനം ഉണ്ടെങ്കിലേ ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സംരക്ഷണം കിട്ടൂ എന്ന വിശ്വസിക്കാൻ പറ്റുമോ? അങ്ങനെയെങ്കിൽ ഹിന്ദുവർഗ്ഗീയസംഘടനകളിൽ നിന്നും ബാബറിമസ്‌ജിദിനെ സംരക്ഷിക്കുവാൻ എന്തുകൊണ്ട് മുസ്ലീംലീഗിന് കഴിഞ്ഞില്ല. അതുപോലെ ക്രിസ്‌ത്യാനികൾക്ക് സംരക്ഷണം നൽകുവാൻ കേരളാകോൺഗ്രസുകൾക്കേ കഴിയൂ എന്നുവിശ്വസിക്കുവാൻ പറ്റുമോ? അങ്ങനെയെങ്കിൽ മാരാമൺ കൺവൻഷൻ തടയാൻ സംഘ്‌പരിവാർ സംഘടനകൾ തീരുമാനിച്ചപ്പോൾ, അതിനെ ചോദ്യം ചെയ്യാൻ ഡി.വൈ.എഫ്.ഐക്കാരോടൊപ്പം കേരള കോൺഗ്രസുകാർ എന്തുകൊണ്ട് തയ്യാറായില്ല.
മതപരിവർത്തനം യാഥാർത്ഥ്യമാണോ?
കേരളത്തിൽ മതപരിവർത്തനം നടക്കുന്നുണ്ടോ? പൂർണ്ണമായും ഇല്ല എന്നുപറയാൻ കഴിയുമോ? നമ്മുടെ ഗ്രാമങ്ങളിൽ അങ്ങിങ്ങായി ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ പറ്റുമോ? ഏതു മതത്തിൽ വിശ്വസിക്കുവാനും മതപ്രചരണം നടത്തുവാനുമുളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നമുക്കു നൽകുന്നുണ്ട്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി, ഇസ്ലാം മതം സ്വീകരിച്ച് കമലസുരയ്യ ആയി മാറിയത് ഒരു നിമിഷം നമുക്ക് ഓർക്കാം. ഹിന്ദുമതത്തിൽ സ്‌ത്രീകൾ നേരിടുന്ന തിക്‌താനുഭവങ്ങളിൽ മനം മടുത്താണ് താൻ ഇസ്ലാംമതം സ്വീകരിക്കുന്നതെന്നാണ് ഇതേപ്പറ്റി ശ്രീമതി കമലാസുരയ്യ പ്രതികരിച്ചത്. എന്നാൽ കമലാസുരയ്യയെപ്പോലെ ഹിന്ദു-ക്രിസ്‌ത്യൻ-ഇസ്ലാം മതങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ചതിനുശേഷമാണോ, പട്ടിണിപ്പാവങ്ങൾ മതം മാറുന്നത്. ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ, കരഞ്ഞു കണ്ണുനീർ വറ്റി, കാലിയായ ഒരു ചാൺവയറുമായി നിൽക്കുന്ന തന്റെ കുഞ്ഞുങ്ങൾക്കുമുന്നിൽ നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു ഗൃഹനാഥന്റെ മുന്നിൽ, കനിവിന്റെ ഒരു ധാന്യം വച്ചുനീട്ടിയാൽ, അവൻ ഒരിക്കലും ദാതാവിന്റെ ജാതിയോ, മതമോ നോക്കാറില്ല. വിശന്നിരിക്കുന്നവൻ ഒരിക്കലും അവന്റെ തലച്ചോറാൽ ചിന്തിക്കില്ലെന്നും അവന്റെ കത്തുന്ന കാലിയായ വയറിലൂടെ മാത്രമേ ചിന്തിക്കുവെന്നുമുളള സത്യം മതപ്രചാരകർ മനസ്സിലാക്കുന്നു. ഇവിടെ മനുഷ്യന്റെ പട്ടിണിയെ മതപ്രചാരകർ (അവർ ഹിന്ദുവോ ക്രിസ്‌ത്യനോ മുസ്ലീമോ ആകാം) ചൂഷണം ചെയ്യുകയാണ്. വിശക്കുന്നവന് ആഹാരം കൊടുക്കുന്നത് സൽക്കർമ്മമാണെന്ന ന്യായം പറഞ്ഞ് ഇതിനെ നമുക്ക് വേണമെങ്കിൽ ന്യായീകരിക്കാം. പക്ഷേ ഭക്തിസാന്ദ്രമായ സിനിമകൾ കാട്ടിയും മനുഷ്യനെ തങ്ങളുടെ മതങ്ങളിലേക്ക് ആകർഷിപ്പിക്കാറുണ്ട്. കർണ്ണാടകത്തിലെ നൻജനാഗുഡുവെന്ന ഗ്രാമത്തിൽ ജീസസ്, ദയാസാഗർ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ച് ലക്ഷമ്മ എന്ന ദളിത് സ്‌ത്രീയടക്കം നിരവധി ആളുകളെ ക്രിസ്‌തുമതവിശ്വാസികളാക്കിയ കഥ http:www.christianitytoday.com/ct/2003/012/12.28.html ഈ ലിങ്കിലൂടെ മനസ്സിലാക്കാൻ കഴിയും.
ആദ്യം പട്ടിണി മാറ്റൂ പിന്നീടാകാം മതം മാറ്റം
മീത്തൽ കോളനിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് നേതാവ് ശ്രീ കുമ്മനം രാജശേഖരൻ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ദരിദ്രനാരായണന്മാരായ ഹിന്ദുക്കളെപോലെ തന്നെ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന എത്രയോ സ്ഥലങ്ങൾ കേരളത്തിലുണ്ട്. എന്തുകൊണ്ട് മിഷണറിപ്രവർത്തകർ അവരെ സഹായിക്കാനെത്തുന്നില്ല’. പട്ടിണിയുടെ കാര്യത്തിൽ ഹിന്ദുക്കളെപോലെതന്നെ മുസ്ലീങ്ങളും പിന്നിലല്ല എന്ന സത്യം ഈ ചോദ്യത്തിലൂടെ ഇദ്ദേഹം വ്യക്തമാക്കി. പട്ടിണി കിടന്നു മരിച്ചാലും വേണ്ടില്ല, ഹിന്ദുക്കളല്ലാത്തവരുടെ സഹായം തങ്ങൾക്കുവേണ്ടെന്നാണോ ശ്രീ കുമ്മനം ഉദ്ദേശിക്കുന്നത്? എങ്കിൽ എന്തുകൊണ്ട് ഈ പട്ടിണി കിടക്കുന്ന കോളനി നിവാസികളെ സഹായിക്കാൻ ശ്രീ കുമ്മനം മുന്നിട്ടിറങ്ങുന്നില്ല? ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും കണക്കുകളും ശതമാനവും നിരത്തി മതവിശ്വാസികളുടെ എണ്ണത്തെപ്പറ്റി തർക്കിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം; സ്വാതന്ത്ര്യം കിട്ടി 57 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യാമഹാരാജ്യത്തെ ദരിദ്രരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. കോൺഗ്രസ്-ബി.ജെ.പി ഗവൺമെന്റുകളുടെ തെറ്റായ സാമ്പത്തികനയങ്ങളുടെ കെടുതികളാണിതെന്ന സത്യം മതങ്ങളുടെ പേരിൽ കടിപിടികൂടുന്നവർ മനസ്സിലാക്കണം. നിരാശ്രയരായ കന്യാസ്‌ത്രീകളെ ആക്രമിച്ചതിന് ശേഷം മീത്തൽ കോളനിയിലേക്ക് സർക്കാർ സഹായം ഒഴുകികൊണ്ടേയിരിക്കുകയാണ്. തികച്ചും സ്വാഗതാർഹമായ കാര്യമാണിത്. പക്ഷേ ഇത്തരം കോളനികൾ കേരളത്തിൽ നിരവധിയുണ്ടെന്ന യാഥാർത്ഥ്യം സർക്കാരും മതനേതാക്കൻമാരും മനസ്സിലാക്കിയാൽ നന്ന്. ആദ്യം കത്തുന്ന വയറ്റിലെ കനൽ കെടുത്തൂ, എന്നിട്ടാകാം മതം മാറ്റൽ പ്രശ്‌നം.
കേരളത്തിൽ മതവൈര്യം വളരുന്നതെന്തുകൊണ്ട്?
ജാതിമതചിന്തകളും ജന്മിവാഴ്‌ചകളും അടക്കിവാണിരുന്ന കേരളത്തിൽ, അതിനെതിരെ പടപൊരുതിയ നവോത്ഥാനപ്രസ്ഥാനങ്ങളുടെ നായകരിൽ പ്രമുഖ സ്ഥാനമാണ് ശ്രീ നാരായണഗുരുവിനുളളത്. അങ്ങനെ ശ്രീ നാരായണഗുരുവിന്റെ മതേതരചിന്തയിലൂന്നിയ ആശയങ്ങളാൽ ഉഴുതുമറിക്കപ്പെട്ട കേരളഭൂമിയിൽ പിന്നീട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ശരിക്കും വേരോടി. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം ഒരു പരിധിവരെ കേരളീയരെ ജാതിമതചിന്തകൾക്കും അടിമത്തമനോഭാവത്തിനുമെതിരെ ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. അതുപോലെ തന്നെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും മറ്റു മതേതരപ്രസ്ഥാനങ്ങളുടെയും വളർച്ച കേരളത്തെ മതഭ്രാന്തിന്റെ വക്കിൽനിന്നും സംരക്ഷിച്ചു നിർത്തുവാൻ സഹായിച്ചുപോന്നു. എന്നാൽ ഇന്ന് ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ മതേതരചിന്തയിൽ വന്ന വ്യതിയാനങ്ങളും യുവാക്കളെ ഇത്തരം പ്രസ്ഥാനങ്ങളിൽനിന്നും അകറ്റാൻ കാരണമായി. ഇതു മുതലാക്കുവാൻ വർഗ്ഗീയപ്രസ്ഥാനങ്ങൾക്ക് സാധിക്കുകയും ചെയ്‌തു. ആലപ്പുഴ മെഡിക്കൽകോളേജിൽ ജാതിതിരിഞ്ഞ് വിദ്യാർത്ഥികൾ സംഘടിക്കുന്നതായ വാർത്തകൾ ഇതിന്റെ ചെറിയ ചെറിയ ഉദാഹരണങ്ങൾ മാത്രമാണ്.
മതവൈര്യം എങ്ങനെ തടയാം
ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയും രാഷ്‌ട്രീയകക്ഷികൾ അധികാരത്തിനുവേണ്ടി ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും തിരിച്ച് വോട്ടുബാങ്കുകളാക്കി ഇവരുടെ പുറകെ പോകാതിരിക്കുകയും ചെയ്‌താൽ ഒരു പരിധിവരെ ഇത്തരം മതവൈര്യം ഇല്ലാതാക്കാം. കൂടാതെഃ-
1. വിദേശസഹായം ഒഴിവാക്കുക – ഏതെങ്കിലും ഉപാധികളോടുകൂടിയ വിദേശസാമ്പത്തിക സഹായങ്ങൾ പൂർണ്ണമായും നിർത്തലാക്കുക. ഉപാധികളില്ലാതെ കിട്ടുന്ന സഹായങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗക്കാർക്കുമാത്രമായി ചുരുക്കാതിരിക്കുക.
2. പട്ടിണി മാറ്റുവാൻ വേണ്ട സത്വരനടപടികൾ സ്വീകരിക്കുക- വേലക്കു കൂടി ഭക്ഷണം എന്ന ആശയം പ്രാവർത്തികമാക്കുക. ഒരു വർഷത്തിൽ കുറഞ്ഞത് 100 തൊഴിൽ ദിനങ്ങളെങ്കിലും സൃഷ്‌ടിക്കുക.
3. സമ്പൂർണ്ണ ഭൂപരിഷ്‌കരണം നടപ്പിലാക്കുക – കേരളത്തിൽ ഇത് പ്രാബല്യത്തിൽ വന്നെങ്കിലും ഭൂരിപക്ഷം ആദിവാസികളും ഇന്നും ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്തവരാണ്. ഇവർക്ക് പട്ടയം കൊടുക്കുവാനുളള നടപടികൾ സ്വീകരിക്കുക.
4. ഹിന്ദു-മുസ്ലീം-ക്രിസ്‌ത്യൻ തുടങ്ങി വർഗ്ഗീയതയിലൂന്നിയുളള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്തുക. അതായത് മതവും രാഷ്‌ട്രീയവും കൂട്ടിക്കുഴയ്‌ക്കാതിരിക്കുക. ഇത്തരം വർഗ്ഗീയ കക്ഷികളുടെ രജിസ്‌ട്രേഷൻ റദ്ദുചെയ്യുക.
5. കോളേജുകളിലെ കലാലയ രാഷ്‌ട്രീയത്തിന് നിയമസാധുത ഉറപ്പുവരുത്തുക. 18 വയസ്സു തികഞ്ഞ വോട്ടവകാശം ഉളള ഒരു വിദ്യാർത്ഥിക്ക് രാഷ്‌ട്രീയം പാടില്ല എന്നു പറയുന്നത് വിരോധാഭാസമാണ്. വിദ്യാർത്ഥികൾ ജാതീയമായി സംഘടിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായകരമാകും.
Generated from archived content: essay1_oct28.html Author: prasannakumar-delhi