നമ്മൾ മലയാളികൾ ചില കാര്യങ്ങളിൽ അന്ധവിശ്വാസികളാണ്. പുതിയതായി എന്തെങ്കിലും സംരംഭം തുടങ്ങുവാനോ അല്ലെങ്കിൽ ഒരു ദീർഘയാത്ര നടത്തുവാനോ ആഗ്രഹിക്കുന്നവർ ഒരിക്കലും ആഴ്‌ചയുടെ അവസാനമോ മാസത്തിന്റെ അവസാനമോ അതുമല്ലെങ്കിൽ വർഷത്തിന്റെ അവസാനമോ തിരഞ്ഞെടുക്കാറില്ല. ഇത്തരം അവസാനദിനങ്ങൾ അശുഭകരമായേ ഭവിക്കൂ എന്നാണ് നമ്മുടെ വിശ്വാസം. ഇത് ഒരുപക്ഷേ വെറും അന്ധവിശ്വാസമായിരിക്കാം. നമ്മുടെ സാമ്പത്തികവർഷം അവസാനിക്കുന്നത്, അതായത് കണക്കുകൾ അവസാനിപ്പിക്കുന്നത് മാർച്ച് 31-ാം തീയതി ആയതുകൊണ്ട്, മാർച്ച് 31 നേയും നമ്മൾ വർഷാവസാനമായാണ് കണക്കാക്കുന്നത്. 1998ൽ ഇതേപോലൊരു മാർച്ച് 31-ാം തീയതിയാണ് പി.ഡി.പി ചെയർമാനായിരുന്ന ശ്രീ അബ്‌ദുൾ നാസർ മഅദ്‌നിയെ അദ്ദേഹത്തിന്റെ കലൂരിലുളള സ്വന്തം വസതിയിൽനിന്നും കേരളാ പോലീസ് അറസ്‌റ്റു ചെയ്‌തത്. പിന്നീട് കോയമ്പത്തൂർ ബോംബ് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ തമിഴ്‌നാടു പോലീസിന് കൈമാറുകയും കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടയ്‌ക്കുകയും ചെയ്‌തു. അതോടുകൂടി നീലാകാശം മഅദ്‌നിയ്‌ക്കുമുന്നിൽ ഇരുണ്ട തടവറയായി മാറി. ഈ കേസിൽ 165 പേരെ പോലീസ് അറസ്‌റ്റു ചെയ്യുകയുണ്ടായി. ഇവരിൽ 14-ാം പ്രതിയായിരുന്നു മഅദ്‌നി. എന്നാൽ ഒന്നാം പ്രതിയായ അൽ-ഉമ എന്ന തീവ്രവാദി സംഘടനയുടെ നേതാവ് എസ്.എ.ബാഷയടക്കം 164 പ്രതികൾക്കും പലപ്പോഴായി പരോൾ അനുവദിക്കുകയുണ്ടായി. പക്ഷേ മഅദ്‌നിയുടെ മുന്നിൽ മാത്രം നിയമം ഒരു നോക്കുകുത്തിയായി. മഅദ്‌നിക്ക് പരോൾ അനുവദിച്ചാൽ കേരളത്തിലെ ക്രമസമാധാനം താറുമാറാകുമെന്നാണ് കേരളാപോലീസ്, പരോൾ അപേക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പോലീസിന് നൽകിയ വിശദീകരണം. ഇതിനോടകം അദ്ദേഹം നിരവധി രോഗങ്ങൾക്ക് അടിമയായി മാറി. ഒരു കാല് നഷ്‌ടപ്പെട്ട അദ്ദേഹത്തിന്റെ കൃത്രിമക്കാലിന് കേടു സംഭവിക്കുകവഴി പരസഹായം കൂടാതെ മലമൂത്രവിസർജനം നടത്താൻ പോലും കഴിയാത്ത സ്ഥിതിവിശേഷമാണിപ്പോൾ. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ഒരു പൗരനോടും ഇത്രയും ക്രൂരവും പൈശാചികവുമായ രീതിയിൽ ഭരണകൂടം പെരുമാറിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഈ അവസ്ഥയിൽ നമ്മുടെ അന്ധവിശ്വാസം യാഥാർത്ഥ്യമാവുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
സമൂഹത്തിലെ നാനാതുറകളിലുളള നേതാക്കൾ ഇപ്പോൾ അദ്ദേഹത്തിന്റെ മോചനത്തിനായി ശബ്‌ദമുയർത്തി വരുന്നു. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിനെ ഉൻമൂലനാശം ചെയ്യുവാൻ കൂട്ടുനിന്നവർ ഇന്ന് അദ്ദേഹത്തെ മോചിപ്പിക്കുവാനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പുറകെ തല ചൊറിഞ്ഞും തോൾമുണ്ട് അരയിൽ കെട്ടിയും ഒരു ഭൃത്യനെപോലെ നടക്കുന്നതുകാണുമ്പോൾ ഒരു സിനിമാ ഗാനമാണ് ഓർമ്മയിലെത്തുന്നത്-അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ, പരസ്‌പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ. ഇക്കാര്യത്തിൽ ആരുടെയൊക്കെയോ ഉണ്ട ചോറിന് ആരോടൊക്കെയോ നന്ദി കാട്ടുകയാണ് ജയലളിത. നമ്മുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അഭ്യർത്ഥനയ്‌ക്കുപോലും പുല്ലുവിലയാണ് ഈ ‘ലേഡി ഹിറ്റ്‌ലർ’ കല്‌പിക്കുന്നത്. മഅദ്‌നിയെ ഭയപ്പെടുന്നതാര്? മഅദ്‌നിയെന്ന ഒരു വ്യക്തിയിൽ തൂങ്ങി കിടക്കുന്നതാണോ നമ്മുടെ ക്രമസമാധാനം? (മഅദ്‌നിയുടെ സാന്നിധ്യമില്ലായിരുന്നിട്ടുപോലും മാറാടും പൂന്തുറയിലും മറ്റും വർഗ്ഗീയ ലഹളകൾ എങ്ങനെയുണ്ടായി?) മഅദ്‌നിയെ ഇരുമ്പഴിക്കുളളിലാക്കാൻ പിന്നണിയിൽ കളിച്ചവർ ആരൊക്കെയാണ്? ഒരു ന്യൂനപക്ഷ സമുദായംഗമായ മഅദ്‌നിയെ ഭൂരിപക്ഷസമുദായങ്ങൾ എന്തിന് ഭയപ്പെടണം? ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ കിട്ടിയ ഒരു നിവേദനമായി ഈ ചോദ്യങ്ങളെ കണക്കാക്കി, ഇവയ്‌ക്ക് മറുപടി പറയാൻ നമ്മുടെ പുതുപ്പളളിയുടെ കുഞ്ഞൂഞ്ഞ് തയ്യാറാകുമോ?
ഭരണപക്ഷത്തും പ്രതിപക്ഷത്തുമല്ലാത്ത ഒരു ഒറ്റയാൻ പോരാളിയായിരുന്നു അബ്‌ദുൾ നാസർ മഅദ്‌നി. മഅദ്‌നിയുടെ പാർട്ടിയായ പി.ഡി.പിയുടെ വളർച്ച, മുസ്‌ളീംലീഗ് എന്ന മലബാർ പാർട്ടിക്ക് ഒരു തിരിച്ചടിയായിരുന്നു. ഒരുപക്ഷേ കേരളത്തിൽ ഇത്രയും ചുരുങ്ങിയ കാലത്തിനുളളിൽ പെട്ടെന്ന് വളർന്നുവന്ന ഒരു പാർട്ടി വേറെ ഉണ്ടെന്ന് തോന്നുന്നില്ല. മുസ്ലീംലീഗ് എന്നത് ഒരുപറ്റം പണച്ചാക്കുകളുടെ കൂട്ടം മാത്രമാണെന്ന്, മലബാറിൽ നിന്ന് പറയാൻ ചങ്കൂറ്റം കാട്ടിയത് ഒരുപക്ഷേ മഅദ്‌നി മാത്രമായിരിക്കും. മഅദ്‌നിയുടെ വളർച്ചയോടുകൂടി, മുസ്ലീംലീഗിന്റെ കാൽചുവട്ടിലെ മണ്ണ് കുറെശ്ശേ ഒലിച്ചുപോകാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം, മുസ്ലീംലീഗ് നേതൃത്വം ക്രമേണ മനസ്സിലാക്കിയിരുന്നു. ആ കാലഘട്ടത്തിലാണ് കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ഐസ്‌ക്രീം പെൺവാണിഭകേസ് ഉയർന്നു വരുന്നത്. പെൺവാണിഭക്കേസിൽ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ശക്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാൻ മഅദ്‌നിയും അദ്ദേഹത്തിന്റെ പാർട്ടിയും തീരുമാനിച്ചു. ഈ തീരുമാനം മുസ്ലീംലീഗിനെ സംബന്ധിച്ചിടത്തോളം അതിന്റെ ശിഥിലീകരണത്തിന്റെ അവസാനഘട്ടത്തിലായി മാറിയതോടുകൂടി എങ്ങനെയും മഅദ്‌നിയെ ഒതുക്കേണ്ടത് മുസ്ലീംലീഗിന്റെ ആവശ്യമായി തീർന്നു. ഇത് ഒരുവശത്ത് നടക്കുമ്പോൾ മറ്റൊരു വശത്ത് വേറൊരു കൂട്ടർ മഅദ്‌നിയ്‌ക്കെതിരെ പടയൊരുക്കം ആരംഭിച്ചു എന്നുവേണം കരുതാൻ.
സംഘ്‌പരിവാർ സംഘടനകൾക്കും മഅദ്‌നിയുടെ വളർച്ച ഒരു പേടിസ്വപ്‌നമായിരുന്നു. കേരളത്തിൽ ശക്തമായ അടിത്തറയുളള സി.പി.എം പ്രവർത്തകരെപോലും ഭയപ്പെടാത്ത ആർ.എസ്.എസ് അടക്കമുളള സംഘടനകൾ എന്തിന് മഅദ്‌നിയെ ഭയപ്പെടണം? ഇവിടെ മഅദ്‌നി രൂപം കൊടുത്ത ഒരു രാഷ്‌ട്രീയ ഫോർമുലയെയാണ് സംഘ്‌പരിവാർ സംഘടനകൾ ഭയപ്പെട്ടത്. 2005ൽ നടക്കാൻ പോകുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ ലാലുപ്രസാദ് യാദവിനെതിരെ രാംവിലാസ് പാസ്വാൻ ഉണ്ടാക്കാൻ പോകുന്ന ഫോർമുല-അതായത് മുസ്ലീം-ദളിത്-പിന്നോക്ക സഖ്യം, വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ മഅദ്‌നി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. (മഅദ്‌നിയുടെ ഈ ഫോർമുലയുടെ ബദലായിട്ടുവേണം ബി.ജെ.പിയുടെ ക്രിസ്‌ത്യൻ-ദളിത്-പിന്നോക്ക ഐക്യത്തിലൂന്നിയ സഖ്യത്തെ കാണാൻ. കെ.എം.മാണിയെ എൻ.ഡി.എ ഗവൺമെന്റിൽ അംഗമാക്കി ക്രിസ്‌ത്യൻ സമൂഹത്തെ ബി.ജെ.പിയുടെ ഒപ്പം നിർത്താനുളള നീക്കത്തെക്കുറിച്ച് മറ്റ് കേരളാ കോൺഗ്രസുകാർ ഇപ്പോൾ ആരോപണമുന്നയിക്കുന്നു. ഒരുപക്ഷേ ഈ നീക്കത്തിനെതിരെ അരമനയിൽ നിന്നും അപായമണി മുഴങ്ങിയില്ലായിരുന്നുവെങ്കിൽ കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങൾ തന്നെ മാറിയേനെ! മാണിക്ക് പകരം എൻ.ഡി.എയ്‌ക്ക് കിട്ടിയത് മറ്റൊരു കുഞ്ഞാടായ പി.സി.തോമസിനെ മാത്രമാണ്). മഅദ്‌നിയുടെ ഈ പുതിയ നീക്കത്തിന് മുസ്ലീം നേതാക്കളുടെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. കൂടാതെ കുറെ ഈഴവ നേതാക്കളെക്കൂടെ തന്റെ സഖ്യത്തിലേയ്‌ക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ പിടിച്ചെടുക്കുവാൻ വേണ്ടി ഏതു മരത്തിലും ചുറ്റിപ്പടരാൻ താല്‌പര്യമുളള നേതാക്കൾ എസ്.എൻ.ഡി.പി നേതൃത്വത്തിലുണ്ടെന്ന തിരിച്ചറിവ് മഅദ്‌നിയെ ഇക്കാര്യത്തിൽ ബഹുദൂരം മുന്നോട്ടുകൊണ്ടുപോയി. കേരളത്തിലെ 30%ലേറെ വരുന്ന പിന്നോക്കസമുദായങ്ങളും 25% ഓളം വരുന്ന മുസ്ലീങ്ങളും ബാക്കി ദളിത് സമൂഹങ്ങളും ഒത്തുചേർന്നാൽ, കേരളഭരണം മറ്റു കക്ഷികൾ ഒരു കാലത്തും സ്വപ്‌നം കാണേണ്ടിവരില്ലെന്ന് മനസ്സിലാക്കിയ മഅദ്‌നി, കേരളത്തിലെ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും കണ്ണിലെ കരടായി മാറി. ഒരു പൊതുശത്രുവിനെ ഒതുക്കാൻ ശത്രുവിന്റെ ശത്രു, മിത്രം എന്ന നയമാണ് ഇവിടെ എല്ലാകക്ഷികളും കൂടി നടപ്പിലാക്കിയത്. എൻ.ഡി.എയുടെ സഖ്യകക്ഷിയായ ജയലളിത ഈ നാടകത്തിൽ തന്റെ ഭാഗം ശക്തമായി ആടിത്തിമിർക്കുകയും ചെയ്‌തു. ബി.ജെ.പി അനുഭാവിയായ ശ്രീ രത്‌നസിംഗിനെ അഡ്വക്കേറ്റ് ജനറലാക്കിയതും മറ്റൊരു ബി.ജെ.പി അനുഭാവിയായ ശ്രീ കെ.പി.രാധാകൃഷ്‌ണമേനോനെ ഓംബുഡ്‌സ്‌മാനിലെ ഏകാംഗമാക്കിയതും മറ്റും കൂട്ടിവായിക്കുമ്പോൾ, ഇതെല്ലാം മഅദ്‌നിയെ ഒറ്റിക്കൊടുത്തതിന് മുസ്ലീംലീഗ് നല്‌കിയ വെളളിക്കാശുകളാണെന്ന് മനസ്സിലാകും. ഇവിടെ മഅദ്‌നിയെന്ന വ്യക്തിയെയല്ല, ഒരുപക്ഷേ അദ്ദേഹം നടപ്പിലാക്കാൻ ഉദ്ദേശിച്ച ഈ ഫോർമുലയെയായിരിക്കും നമ്മുടെ രാഷ്‌ട്രീയ നേതൃത്വം ഭയക്കുന്നത്. ഇതിനായി മഅദ്‌നി പുറത്തുവരുന്നതും കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങൾ തിരുത്തപ്പെടുന്നതും നമുക്ക് സ്വപ്‌നം കാണാൻ കഴിയുമോ? കാത്തിരുന്നു കാണാം.
Generated from archived content: essay1_nov24.html Author: prasannakumar-delhi