വാസവദത്ത മുതൽ റെജീന വരെ

സൂര്യനെല്ലി, കോഴിക്കോട്‌, കോതമംഗലം, തോപ്പുംപടി, വിതുര, കിളിരൂർ.. കെ.എസ്‌.ആർ.ടി.സി ബസ്‌ ഡിപ്പോയിൽ ബസ്‌ റൂട്ടിന്റെ അനൗൺസ്‌മെന്റ്‌ പോലെ നീണ്ടുപോകുന്നു ഈ പേരുകൾ. എന്താണ്‌ ഈ പേരുകളുടെ പ്രത്യേകത. ഒരു കാലത്ത്‌ പുന്നപ്ര-വയലാർ-മൊറാഴ-കാവുംപായി തുടങ്ങിയ ദേശീയ സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട്‌ അറിയപ്പെടുന്ന സ്ഥലങ്ങൾക്കുളള ചരിത്രപരമായ പ്രാധാന്യത്തെക്കാൾ കൂടുതലാണ്‌ മുകളിൽ പറഞ്ഞ പേരുകൾക്കുളള പ്രാധാന്യം. കേരളത്തിലെ രാഷ്‌ട്രീയചരിത്രത്തെ മാറ്റിമറിച്ച, ഇപ്പോഴും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധമായ പെൺവാണിഭങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്‌ മുകളിൽ കൊടുത്തിരിക്കുന്നത്‌. മുസ്ലീംലീഗ്‌ എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‌ ഒരു തീരാതലവേദനയായി മാറിയിക്കുന്നു ഇതിൽ ചിലത്‌. അതിലെ നായകനായി ദൃശ്യ-പത്ര മാധ്യമങ്ങളും പ്രതിപക്ഷ-ചില ഭരണപക്ഷ രാഷ്‌ട്രീയ പ്രവർത്തകരും ശക്തമായ സമരവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ശ്രീ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ്‌ പ്രവർത്തകർ കാട്ടിക്കൂട്ടിയ ആഭാസത്തരങ്ങൾ നാം കണ്ടതാണല്ലോ. 1991 ഡിസംബർ 6ന്‌ ബാബറിമസ്‌ജിദിന്‌ മുകളിൽ സംഘ്‌പരിവാർ സംഘടനകൾ കാവിക്കൊടി ഉയർത്തിയ പ്രതീതി സൃഷ്‌ടിച്ചുകൊണ്ടാണ്‌ ലീഗ്‌ പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിന്‌ മുകളിൽ മുസ്ലീംലീഗിന്റെ കൊടി ഉയർത്തിയത്‌. ഇവിടെ നമ്മുടെ ദേശീയ വികാരം ഒരിക്കൽ കൂടി വ്രണപ്പെടുകയായിരുന്നു.

കോഴിക്കോട്‌ ഐസ്‌ക്രീം പാർലർ കേസിലെ മുഖ്യസാക്ഷിയായ റെജീനയുടെ പുതിയ വെളിപ്പെടുത്തലുകളുടെയും തിരുത്തലുകളുടെയും പശ്ചാത്തലത്തിൽ ശ്രീ കുഞ്ഞാലിക്കുട്ടി രാജിവയ്‌ക്കമെന്നാണ്‌ പ്രതിപക്ഷവും ചില കുഞ്ഞാലിക്കുട്ടി വിരുദ്ധ ഭരണപക്ഷക്കാരും ആവശ്യപ്പെടുന്നത്‌. ഇത്‌ തികച്ചും സ്വാഭാവികം മാത്രമാണ്‌. മാധ്യമങ്ങളാവട്ടെ ഒരു സെൻസേഷണൽ കേസു കിട്ടിയ സംതൃപ്‌തിയിൽ, അവരുടെ വായനക്കാരുടെയും പ്രേക്ഷകരുടെയും എണ്ണം കൂട്ടാൻ വേണ്ടി പരസ്‌പരം മത്സരിക്കുന്നു. സമ്മാനമഴയും തംബോലയും കാട്ടി ജനങ്ങളെ ബഫൂണുകളാക്കിമാറ്റിയ ഇവർക്ക്‌ കിട്ടിയ ഒരു തുറുപ്പുചീട്ടാണ്‌ റെജീന. രാഷ്‌ട്രീയകക്ഷികളുടെയും മാധ്യമങ്ങളുടെയും ഇടയിൽ ഞെരിഞ്ഞമരുന്നത്‌ കേരളീയരുടെ ആത്മാഭിമാനവും ജീവിതപ്രാരാപ്‌ധങ്ങളുമാണ്‌. ഈ കേസിൽ സാധാരണക്കാരായ ജനങ്ങൾക്ക്‌ എന്തെങ്കിലും താല്‌പര്യമുണ്ടോ എന്നുകൂടി നാം അന്വേഷിക്കണം. സൂര്യനെല്ലിക്കേസിലും കിളിരൂർക്കേസിലും ജനങ്ങൾക്കുണ്ടായ ചേതോവികാരം തന്നെയാണോ മറ്റു കേസുകളുടെ കാര്യത്തിലും ഉളളത്‌? റെജീനയുടെ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ, റെജീന സ്വയം കുഞ്ഞാലിക്കുട്ടിയുടെ മുൻപിൽ വഴങ്ങുകയായിരുന്നു. ഇതിനെ പീഡനം എന്ന പേരിൽ ഉൾപ്പെടുത്താനാവുമോ? എന്താണ്‌ പീഡനം എന്ന വാക്കിന്റെ അർത്ഥം? ഞാൻ മനസ്സിലാക്കിയിടത്തോളം, ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നതിനെയാണ്‌ നാം പീഡനം എന്ന വാക്കുകൊണ്ട്‌ അർത്ഥമാക്കുന്നത്‌. സൂര്യനെല്ലി, കിളിരൂർ കേസുകളിൽ സംഭവിച്ചത്‌ പീഡനം എന്ന വാക്കിന്‌ കൂടുതൽ ശക്തി പകരുന്നു. പണത്തിനുവേണ്ടി കുഞ്ഞാലിക്കുട്ടിയെപോലെയുളള പലരുടേയും കൂടെ പോകുന്ന ഒരുവളെ എന്തു പേരിട്ടു വിളിക്കണം. ഇതിന്റെ പേരിൽ ശ്രീ കുഞ്ഞാലിക്കുട്ടി രാജിവെയ്‌ക്കേണ്ടതുണ്ടോ? ഒരു പൊതുപ്രവർത്തകൻ എപ്പോഴും സമൂഹത്തിനും വളർന്നുവരുന്ന ഒരു പുതുതലമുറയ്‌ക്കും മാതൃക കാട്ടേണ്ടവനാണ്‌. ഒരു പൊതുപ്രവർത്തകനായ കുഞ്ഞാലിക്കുട്ടി ഇത്തരം സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ പാടുണ്ടോ? കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നവർ എന്തുകൊണ്ട്‌ അദ്ദേഹം പൊതുപ്രവർത്തനം കൂടി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല? ഇത്തരം ഒരു ആവശ്യം ഉന്നയിക്കാൻ എന്തേ നമ്മുടെ നേതാക്കൾ തയ്യാറാവുന്നില്ല? നാളെ അവർക്കും ഇതേപോലൊരവസ്ഥയെ നേരിടേണ്ടിവന്നാൽ അവരും പൊതുപ്രവർത്തനം അവസാനിപ്പിച്ച്‌ തൊഴിൽ രഹിതനായി വീട്ടിൽ കുത്തിയിരിക്കേണ്ടി വരുമെന്ന്‌ ഇക്കൂട്ടർക്ക്‌ നന്നായറിയാം.

മുസ്ലീംലീഗ്‌ മുസ്ലീം സമുദായത്തിന്റെ പാർട്ടിയാണെന്നും അതിന്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട്‌ മുഹമ്മദാലി ശിഹാബ്‌ തങ്ങൾ മുസ്ലീം സമുദായത്തിന്റെ പരമോന്നത നേതാവാണെന്നുമാണ്‌ മുസ്ലീംലീഗ്‌ നേതൃത്വം പറയുന്നത്‌. അപ്പോൾപിന്നെ, ‘വ്യഭിചാരം’ പാപമാണെന്ന്‌ പരിശുദ്ധ ഖുറാൻ ആശ്ലേഷിക്കുമ്പോൾ, അത്തരം ഒരു ആരോപണത്തിന്‌ വിധേയനായ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുകവഴി പാണക്കാട്‌ തങ്ങൾക്കും ഈ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ കഴിയുമോ? ആയിരം തേൻതുളളികൾക്കിടയിൽ ഒരു മീൻതുളളി വീണാൽ ആയിരം തേൻതുളളികളും നാറും എന്ന സത്യം മനസ്സിലാക്കാൻ മുസ്ലീംലീഗ്‌ നേതൃത്വം തയ്യാവണം. ഇവിടെ സ്വന്തം സമുദായത്തിലെ തന്നെ നിർദ്ധനയായ ഒരു പെൺകുട്ടിയെ വ്യഭിചാരത്തിനായി പ്രേരിപ്പിച്ചുവെന്ന വസ്‌തുത കണക്കിലെടുത്ത്‌, മുസ്ലീം പേഴ്‌സണൽ ലോ ബോർഡ്‌ ഈ പ്രശ്‌നത്തിൽ ഇടപെടേണ്ടതായിരുന്നു. മുസ്ലീം സമുദായത്തിന്റെ പേരുംപറഞ്ഞ്‌ അധികാരത്തിലെത്തി, അവർക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ തട്ടിയെടുത്ത്‌ കോടീശ്വരന്മാരായി ലക്ഷ്വറിവാഹനങ്ങളിൽ കുതിച്ചുപായുകയും സന്ധ്യകഴിഞ്ഞാൽ കാമം തീർക്കാൻ ഐസ്‌ക്രീം പാർലറുകൾ തേടി അലയുകയും ചെയ്യുന്ന ഇത്തരം നേതാക്കളെ മുക്കാലിയിൽ കെട്ടി തല്ലാൻ ഓരോ മുസൽമാനും തയ്യാറാവാത്തിടത്തോളം കാലം അവർ എന്നും ഇത്തരം ചൂഷണങ്ങൾക്ക്‌ വിധേയരായിക്കൊണ്ടേയിരിക്കും.

സ്‌ത്രീ ഒരു ഉപഭോഗവസ്‌തുവാണെന്ന്‌ നമ്മുടെ പൂർവ്വപിതാമഹൻമാർ നമ്മെ പഠിപ്പിച്ചിരുന്നു. വാസവദത്തയും മഗ്‌ദലനമറിയവും മറ്റും അത്തരം ചില കഥാപാത്രങ്ങളായിരുന്നു. ദേവദാസി സമ്പ്രദായം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. വേശ്യവൃത്തി നടത്തിയിരുന്ന സ്‌ത്രീകൾ തിങ്ങിപാർത്തിരുന്ന ദേവദാസി ഗ്രാമങ്ങൾ ഒരുകാലത്ത്‌ രാജഭരണത്തിൻ കീഴിലായിരുന്നുവെങ്കിൽ, ഇന്ന്‌ അത്‌ ചുവന്ന തെരുവുകൾ എന്നപേരിൽ ജനാധിപത്യഭരണത്തിൻ കീഴിലാണെന്ന വ്യത്യാസം മാത്രം. മുംബെയിലെ കാമാഠിപുരയും ഡൽഹിയിലെ ജീ.ബി.റോഡും കൽക്കട്ടയിലെ സോണാഗാച്ചിയും ഇത്തരം കുപ്രസിദ്ധമായ ചുവന്ന തെരുവുകളാണ്‌. ഇത്തരം തെരുവുകളിലേക്ക്‌ സ്വമനസാലെ എത്തിപ്പെടുന്നവർ വളരെ കുറച്ചുപേർ മാത്രമേയുളളൂ. ഭൂരിപക്ഷം പേരും എന്തെങ്കിലും പ്രലോഭനങ്ങളിൽ പെട്ട്‌ ഇവിടെ എത്തപ്പെടുന്നതാണ്‌. ഇക്കഴിഞ്ഞ നവംബർ 1-​‍ാം തീയതി ഡൽഹിയിലെ ജീ.ബി റോഡിൽനിന്നും ഏകദേശം 200 ഓളം പെൺകുട്ടികളെ അറസ്‌റ്റുചെയ്യുകയുണ്ടായി. 10 വയസ്സിനുതാഴെ പ്രായമുളള പെൺകുട്ടികളെ കൊണ്ടുവന്ന്‌ അവരിൽ ഹോർമോൺ കുത്തിവച്ച്‌ അവരുടെ ശരീരവളർച്ചയെ ത്വരിതപ്പെടുത്തി, അവരുടെ ശരീരം വിറ്റു കാശാക്കുന്ന നിരവധി ദല്ലാളന്മാർ ജീ.ബി റോഡ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന്‌ പോലീസുകാർ പറയുന്നു. നേപ്പാൾ, ബംഗ്ലാദേശ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്നും വരുന്നവരാണ്‌ ഈ പിഞ്ചുകുട്ടികളിൽ ഭൂരിപക്ഷവും. പെൺവാണിഭക്കാർക്ക്‌ പരവതാനി വിരിച്ചു കൊടുക്കുന്ന നേതാക്കന്മാർ ഉളളത്രയും കാലം ഇത്തരം ഹീനകൃത്യങ്ങൾ നമ്മുടെ നാട്ടിലും വന്നു കൂടായ്‌കയില്ല. വാഴത്തൈകളിൽ മരുന്നു കുത്തിവയ്‌പിച്ച്‌ അതിനെ പെട്ടെന്ന്‌ കുലപ്പിക്കുന്ന കൃഷിവീരന്മാരുളള നാടല്ലെ നമ്മുടെ കേരളം.

കേരളത്തിൽ പെൺവാണിഭക്കേസുകൾ ഒരു തുടർക്കഥകളായി മാറികൊണ്ടിരിക്കുന്നു. പണത്തിനോടുളള അമിതാർത്തിയും സീരിയൽ സിനിമാരംഗത്തു കൂടെയുളള പ്രശസ്തിയുമാണ്‌ പെൺകുട്ടികളെ ഇത്തരം സംഘങ്ങളുമായി അടുപ്പിക്കുന്നത്‌. വിദേശത്തുനിന്നും എത്തുന്ന ഹവാലപണം സമ്പന്നമായ ഒരു മദ്ധ്യവർഗ്ഗത്തെ സൃഷ്‌ടിച്ചിരിക്കുകയാണ്‌. ഇത്‌ ജനങ്ങൾക്കിടയിലെ സാമ്പത്തിക അച്ചടക്കത്തെ സാരമായി ബാധിച്ചിരിക്കുന്നു. പരമ്പരാഗതതൊഴിലുകളിൽ ഏർപ്പെട്ടിരുന്ന സ്‌ത്രീകൾ ഇന്ന്‌ തൊഴിൽ രഹിതരായിക്കൊണ്ടിരിക്കുന്നു. ഈ സമ്പന്നമദ്ധ്യവർഗ്ഗത്തിനോട്‌ മത്സരിച്ചു ജീവിക്കണമെങ്കിൽ സ്‌ത്രീകൾക്ക്‌ ഇത്തരം സെക്‌സ്‌ റാക്കറ്റുകളുമായി ബന്ധപ്പെട്ടേ മതിയാവൂ എന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. അമിത ലാഭം കിട്ടുന്ന ഏതു തരം കൃഷിയിലും വ്യവസായത്തിലും ഏർപ്പെടുകയെന്നത്‌ നമ്മുടെ ഒരു ജന്മവാസനയാണ്‌. അക്കരപ്പച്ച തേടി പായുന്ന ഇത്തരം പ്രവർത്തികൾ അവസാനം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്നു. ഒരു കാലത്ത്‌ മരച്ചീനിയടക്കം പല കൃഷികളും കൊണ്ട്‌ സമ്പന്നമായിരുന്ന നമ്മുടെ കൃഷിയിടങ്ങൾ പിന്നീട്‌ കൊക്കോയ്‌ക്കു മുന്നിൽ കീഴടങ്ങി. പിന്നീട്‌ റബ്ബറിനുണ്ടായ അമിതവില കൊക്കോയുടെ നാശത്തിന്‌ വഴിവച്ചു. നമ്മുടെ നെൽവയലുകൾ വരെ റബ്ബറിനുമുന്നിൽ വഴിമാറി കൊടുത്തു. അങ്ങനെ കേരളം, റബറളം ആയി മാറി. റബ്ബറിന്‌ തുടർച്ചയായി ഉണ്ടായ വിലയിടിവുകൾ റബറിന്റെ അസ്‌തിത്വത്തിനു കാരണമായി. പിന്നീട്‌ നമുക്ക്‌ ലഭിച്ച പൊൺമുട്ടയിടുന്ന താറാവാണ്‌ – വാനില. ഇപ്പോഴിതാ വാനിലയും ഊതിവീർപ്പിച്ച ബലൂൺ മാതിരിയായി. ഇത്‌ ഒരുവശത്തുകൂടെ നടക്കുമ്പോൾ മറുവശത്ത്‌ ഒരുകൂട്ടർ നമ്മുടെ കൂട്ടുകുടുംബവ്യവസ്ഥിതിക്കുമേൽ കത്തിവയ്‌ക്കുകയാണ്‌. അവർ ഉദ്ദേശിക്കുന്ന രീതിയിലുളള കമ്പോളവ്യവസ്ഥിതി സംജാതമാവുകയും ആഢംബർ ഉത്‌പന്നങ്ങൾ വിറ്റഴിയുകയും വേണമെങ്കിൽ ഈ കൂട്ടുകുടുംബവ്യവസ്ഥിതി ശിഥിലമാകേണ്ടത്‌ അവരുടെ ആവശ്യമായിരുന്നു. അതിനായി അവർ ചില തംബോല മാധ്യമങ്ങളെ കൂട്ടിനു പിടിച്ചു. വാലന്റൈൻസ്‌ ഡേ പോലുളള ആഘോഷങ്ങൾ ഇവരുടെ ഉത്‌പന്നങ്ങളാണെന്ന വസ്‌തുത നാം തിരിച്ചറിയണം. അവസാനം കൂട്ടുകുടുംബവ്യവസ്ഥിതി തകരുകയും അണുകുടുംബങ്ങളിലേക്ക്‌ നാം എത്തിച്ചേരുകയും ചെയ്‌തു. പിന്നീട്‌, കൂട്ടുകുടുംബങ്ങളിൽ നിന്നും വിഘടിച്ച്‌ പുറത്തുവന്ന ധൂമകേതുക്കളായ ഈ അണുകുടുംബങ്ങൾ തമ്മിൽ മത്സരമായി. എങ്ങനെയും പണമുണ്ടാക്കി മറ്റുളളവർക്ക്‌ ഒപ്പം എങ്കിലും എത്തപ്പെടാനുളള ബദ്ധപ്പാടിൽ ചിലർ ആത്മഹത്യയിൽ അഭയം തേടുകയും മറ്റു ചിലർ ഇത്തരം പെൺവാണിഭസംഘങ്ങൾക്ക്‌ അടിമകളായിക്കൊണ്ടിരിക്കുകയകും ചെയ്യുന്നു. ഇതല്ലേ കിളിരൂർ കേസിലും സംഭവിച്ചത്‌. പണമുണ്ടാക്കാൻ സീരിയലിൽ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ച ആ കുട്ടി ഇപ്പോൾ അത്യാസന്നനിലയിലാണ്‌.

ഇതിന്റെ എല്ലാത്തിന്റെയും പിന്നിലെ വില്ലൻ ആരാണ്‌? സംശയമെന്യേ പറയാം-പുത്തൻ കൊളോണിയൽ വ്യവസ്ഥിതിയുടെ ഉല്‌പന്നമായ ഉദാരവത്‌കരണം. റിസർവ്വ്‌ ബാങ്കിന്റെ ഉദാരവത്‌കരണ നയമാണ്‌ കേരളത്തിലേക്ക്‌ കോടികളുടെ ഹവാല പണം ഒഴുകുവാൻ കാരണമെന്ന്‌ സാമ്പത്തിക വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേ ഉദാരവത്‌ക്കരണം തന്നെയാണ്‌ നമ്മുടെ പരമ്പരാഗത വ്യവസായങ്ങളുടെയും അന്തകനായി മാറിയത്‌. ഈ ഉദാരവത്‌കരണനയത്തെ പ്രോത്സാഹിപ്പിക്കുന്ന അധികാരവ്യവസ്ഥയാണോ തെറ്റുകാർ അതോ ഇത്തരം അധികാരവ്യവസ്ഥകളുടെ സൃഷ്‌ടിയായ ഉദാരവത്‌കരണത്തിന്റെ ഉപ-ഉല്‌പന്നങ്ങളായ റെജീനമാരുടെ പുറകെ പോയ കുഞ്ഞാലിക്കുട്ടിമാരാണോ തെറ്റുകാർ? തന്നെ കുഞ്ഞാലിക്കുട്ടി മൂന്നു തവണ പീഡിപ്പിച്ചുവെന്ന്‌ വളരെ ലാഘവത്തോടുകൂടി പറയുന്ന റെജീന തെറ്റുകാരിയണോ? നമ്മുടെ സമൂഹത്തെ ധൃതരാഷ്‌ട്രാലിംഗനം നടത്തി ഞെക്കിക്കൊല്ലുന്ന ഈ ഉദാരവത്‌കരണത്തിനെതിരെ സമരം നടത്താതെ കുഞ്ഞാലിക്കുട്ടിമാരുടെ രാജിയിൽ മാത്രം തൂങ്ങിക്കിടക്കുന്ന നേതാക്കൻമാർ തെറ്റുകാരാണോ? തെറ്റായവർ ആര്‌, ശരിയായവർ ആര്‌ എന്ന്‌ ബഹുമാനപ്പെട്ട വായനക്കാർ തന്നെ തീരുമാനിക്കുക.

Generated from archived content: essay1_nov11.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English