സ്‌നേഹപൂർവ്വം ശ്രീനിവാസന്‌

താങ്കൾ അഭിനയിച്ചതും സംവിധാനം ചെയ്‌തതുമായ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്‌. നായികാ-നായകൻമാരെ നോക്കി സിനിമ കാണുന്ന സ്വഭാവക്കാരല്ല മലയാളികളിലധികവും. സംവിധായകനേയും തിരക്കഥാകൃത്തിനേയും നോക്കിയാണ്‌ അധികംപേരും സിനിമ കാണുന്നത്‌. സാമൂഹികപ്രതിബദ്ധതയോടുകൂടി സിനിമ നിർമ്മിക്കുന്ന കൂട്ടത്തിൽപ്പെട്ടവരാണല്ലോ താങ്കളും സത്യൻ അന്തിക്കാടും അടൂർ ഗോപാലകൃഷ്‌ണനും ശ്യാമപ്രസാദും മറ്റും. ഇവരിൽതന്നെ കൊമേഴ്‌സ്യൽ ടച്ചും ഒപ്പം സാമൂഹിക വിമർശനവും നടത്തുന്ന സിനിമകൾ എടുക്കാനുളള താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. എന്തെന്നാൽ തികച്ചും ക്ലാസ്സിക്കലായ ഒരു സിനിമ നിർമ്മിച്ചാൽ അത്‌ സാമ്പത്തികമായി തകരുമെന്നു മാത്രമല്ല സാധാരണക്കാരായ പ്രേക്ഷകരെ സിനിമയിൽ നിന്നും അകറ്റുക കൂടി ചെയ്യും. സിനിമ എന്നത്‌ വെറും നിഴൽകൂത്തുമാത്രമല്ലെന്നും അത്‌ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മീഡിയ ആണെന്നും മനസ്സിലാക്കിയ ചുരുക്കം ചില കലാകാരൻമാരിൽ ഒരാളാണ്‌ താങ്കൾ.

വെളളാനകളുടെ നാട്ടിൽ നടക്കുന്ന അഴിമതികളേയും ജീവിക്കാൻ വേണ്ടി ആദർശം വരെ മാറ്റിവയ്‌ക്കുന്ന നായകനെയും വെറും തമാശാരൂപത്തിൽ അവതരിപ്പിച്ചെങ്കിലും നാട്ടിൽ നടക്കുന്ന അഴിമതികളെക്കുറിച്ച്‌ ജനങ്ങൾക്കിടയിൽ ബോധവാന്മാരാക്കാൻ ‘വെളളാനകളുടെ നാട്‌’ എന്ന സിനിമയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. കേരളത്തിൽ വ്യവസായങ്ങളും മറ്റു തൊഴിൽ സംരംഭങ്ങളും കുറയാനും അടച്ചുപൂട്ടാനും ഉണ്ടായ സാഹചര്യങ്ങൾ നമുക്കറിയാം. അതിൽ തൊഴിലാളി സമരങ്ങളുടെ പങ്ക്‌ അനിർവചനീയവുമാണ്‌. ‘വരവേൽപ്പ്‌’ എന്ന സിനിമയിലൂടെ, മുടന്തൻ ന്യായങ്ങളിലൂടെയും തൊഴിലാളി നേതാക്കൻമാരുടെ ദുർശാഠ്യത്തിന്റെയും ഫലമായി എങ്ങനെ വ്യവസായങ്ങൾ നിന്നുപോകുന്നു അല്ലെങ്കിൽ അടച്ചുപൂട്ടപ്പെടുന്നുവെന്ന്‌ ഹാസ്യത്തിന്‌ മേമ്പൊടി ചേർത്തവതരിപ്പിച്ചത്‌ മലയാള പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചു. ആ സ്വാധീനം ഇവിടത്തെ തൊഴിലാളിവർഗ്ഗ പാർട്ടികളെയും അതിന്റെ നേതാക്കന്മാരെയും സമൂലം മാറ്റുകയും ചെയ്‌തു. ഇന്നിപ്പോൾ അനാവശ്യ സമരങ്ങൾ നടത്താൻ ഒരു നേതാവും ആവശ്യപ്പെടാറുമില്ല അഥവാ ആവശ്യപ്പെട്ടാൽ തങ്ങളുടെ അക്ഷയപാത്രമായ വ്യവസായസംരംഭത്തെ അതിന്റെ പേരിൽ അടച്ചുപൂട്ടാൻ ഒരു തൊഴിലാളിയും തയ്യാറുമാകില്ല. (ആയിരക്കണക്കിന്‌ തൊഴിലാളികൾക്ക്‌ ജീവിതമാർഗ്ഗമായിരുന്ന പ്ലാച്ചിമടയിലെ കൊക്കോകോള ഫാക്‌ടറിക്കെതിരെ ജനരോഷം ഇരമ്പിയിട്ടും അവിടെ പണിയെടുത്തിരുന്ന ഒരു തൊഴിലാളി ഒഴിച്ച്‌ മറ്റാരും ആ സമരത്തിന്‌ പിന്തുണ നൽകുവാൻ തയ്യാറായില്ല എന്നോർക്കണം). വരവേൽപ്പ്‌ എന്ന സിനിമയെക്കുറിച്ച്‌ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്‌ പോലും ഒരിക്കൽ പരാമർശിക്കുകയുണ്ടായി.

കാലങ്ങൾ മാറി, സിനിമയിലെ സാങ്കേതികവിദ്യകൾ മാറി, തൊഴിലാളികളുടെ ചിന്താഗതികളും നേതാക്കൻമാരുടെ പ്രവർത്തനരീതിയിലും മാറ്റങ്ങൾ വന്നു. പക്ഷേ ഇവിടത്തെ ഗവൺമെന്റ്‌ ഉദ്യോഗസ്ഥരുടെ മനസ്സുമാത്രം മാറിയില്ല. പ്രപഞ്ചം മാറ്റത്തിനു വിധേയമാണെന്ന നിയമം ഒരുപക്ഷേ ഉദ്യോഗസ്ഥർക്കു ബാധകമല്ലായെന്നു തോന്നുന്നതായി മലയാളിക്ക്‌ തോന്നിയ കാലം വന്നു. അപ്പോൾ താങ്കളിലെ കലാകാരൻ മലയാളിയുടെ മനസ്സു കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു. അതിന്റെ ഫലമായി ‘മിഥുനം’ എന്ന സിനിമ ജന്മം കൊണ്ടു. ഈ സിനിമയിലൂടെ കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ തടസ്സം നിൽക്കുന്നത്‌ തൊഴിലാളികളോ തൊഴിലാളി യൂണിയനുകളോ അല്ല; ഇന്നാട്ടിലെ ഉദ്യോഗസ്ഥരാണെന്ന സത്യം താങ്കൾ ജനങ്ങളെ അറിയിച്ചു. ദാക്ഷായണി ബിസ്‌കറ്റ്‌ തുടങ്ങാൻ വേണ്ടി സേതുമാധവൻ കയറിയിറങ്ങാത്ത ഡിപ്പാർട്ടുമെന്റുകളില്ല. ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ ശരിക്കും സാധാരണക്കാർക്ക്‌ അറിവുളള കാര്യങ്ങൾ ആണെങ്കിലും അത്‌ ഒരു ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്ത്‌ ഈ ഉദ്യോഗസ്ഥരെ തന്നെ കാണിക്കുവാൻ താങ്കൾ തയ്യാറായി. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്നാട്ടിലേയ്‌ക്ക്‌ വ്യവസായങ്ങൾ വരുന്നതിനെ തടസ്സം നിൽക്കുന്നത്‌ വെളളാനകളായ ഉദ്യോഗസ്ഥർ മാത്രമാണെന്ന സത്യം തുറന്നുകാട്ടാൻ ‘മിഥുനം’ എന്ന സിനിമയ്‌ക്ക്‌ സാധിച്ചു. ഈ അവസ്ഥ ഇന്നും മാറ്റാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം നമ്മുടെ മുഖ്യമന്ത്രി ഈ അടുത്തകാലത്ത്‌ ഉദ്യോഗസ്ഥരുടെ അനങ്ങാപ്പാറ നയത്തെ വിമർശിച്ചതിലൂടെ മനസ്സിലാക്കാൻ കഴിയും.

‘വടക്കുനോക്കി യന്ത്രം’ എന്ന സിനിമയിൽ നായകന്‌ ഉണ്ടാകുന്ന അപകർഷതാബോധം വരച്ചുകാട്ടാൻ താങ്കൾ സ്വയം ഒരു തൂലികയായി മാറുകയാണുണ്ടായത്‌. ഇവിടെ സുന്ദരിയായ ഒരു ഭാര്യയ്‌ക്കുമുന്നിൽ അത്ര സുന്ദരനല്ലാത്ത ഒരു ഭർത്താവനുഭവിക്കുന്ന മനോവ്യഥ ചൂണ്ടിക്കാട്ടാൻ, ആ കഥാപാത്രത്തെ മറ്റൊരാളിലൂടെ സാക്ഷാത്‌ക്കരിക്കുന്നതിനെക്കാൾ സ്വയം ആ ഭർത്താവായി മാറുകയാണ്‌ താങ്കൾ ചെയ്‌തത്‌. ഇതാകട്ടെ പ്രേക്ഷകർക്ക്‌ വളരെ വ്യക്തമായി മനസ്സിലാക്കാനും സാധിച്ചു. ‘ഉദയനാണു താരം’ എന്ന സിനിമയിലൂടെ സിനിമാലോകത്തിന്റെ പിന്നണിയിൽ നടക്കുന്ന സംഭവങ്ങൾ പ്രേക്ഷകർക്കുമുന്നിൽ എത്തിച്ചു. ഈ സിനിമയ്‌ക്ക്‌ ഒരു സാമൂഹിക പ്രതിബദ്ധതയില്ലെങ്കിലും തന്റെ കൺമുന്നിൽ കണ്ടുവന്ന പച്ചസത്യങ്ങൾ ഫ്രെയിമിലാക്കുവാൻ താങ്കൾക്കു സാധിച്ചു. ഇതാകട്ടെ സിനിമ എന്ന രഹസ്യഗുഹയിൽ സംഭവിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധാരണക്കാരായ പ്രേക്ഷകനു കഴിഞ്ഞു. ഇവിടെ സരോജ്‌കുമാർ എന്ന സൂപ്പർസ്‌റ്റാറായി സ്വയം ഒരു കോമാളിയെപ്പോലെ കാണികൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അത്‌ സിനിമയിലെ സൂപ്പർസ്‌റ്റാർ കഥാപാത്രങ്ങൾക്ക്‌ ഒരു പുനർചിന്തനത്തിന്‌ വഴിയൊരുക്കി. ഈ സിനിമയിൽ ഉദയൻ എന്ന സൂപ്പർസ്‌റ്റാർ, സരോജ്‌കുമാറാണെന്നും സരോജ്‌കുമാർ എന്ന സൂപ്പർ സ്‌റ്റാർ ഉദയനാണെന്നും സിനിമാസ്വാദകർക്കു മനസ്സിലായി. എത്ര തന്ത്രപരമായാണു താങ്കൾ ഈ സിനിമയിൽ നായകകഥാപാത്രമാകാതെ ഒരു സൂപ്പർസ്‌റ്റാറിനെക്കൊണ്ട്‌ ആ വർഗ്ഗത്തിൽപ്പെട്ട സ്വഭാവക്കാരെ വിമർശനവിധേയമാക്കിയത്‌.

ഇപ്പോഴിതാ ‘കഥപറയുമ്പോൾ’ എന്ന സിനിമയിലെ ബാർബർ ബാലനും സംസാരവിഷയമായി മാറിയിരിക്കുന്നു. സ്‌നേഹബന്ധങ്ങൾക്കുമുകളിലല്ല പണത്തിന്റെ സ്ഥാനം എന്ന മഹത്‌സന്ദേശം ജനങ്ങളിലെത്തിക്കാൻ താങ്കൾക്കു കഴിഞ്ഞു. ഈ സിനിമ കാണാൻ ആഢംബരകാറുകളിൽ തീയറ്ററിലെത്തുന്ന പ്രേക്ഷകർക്ക്‌ ബാർബർ ബാലന്റെ ജീവിതം ജുറാസിക്‌ പാർക്കിലെ ഡയനോസറിനെ പോലെ ഒരു അത്ഭുതം മാത്രമാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ ബാർബർ ബാലൻ അന്യനല്ല. നമ്മുടെ നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന ഒട്ടനവധിയാളുകൾ ബാർബർ ബാലന്റെ അതേ ജീവിതം നയിക്കുന്നവരാണ്‌. ഈ സിനിമ കാണുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ജീവിതമാണ്‌ അഭ്രപാളിയിൽ ജീവിക്കുന്നതെന്ന്‌ തോന്നാം. തന്റെ ബാർബർ ഷോപ്പിന്‌ ബദലായി മറ്റൊരു ബാർബർ ഷോപ്പ്‌ അതും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒന്ന്‌ വന്നപ്പോൾ പരമ്പരാഗതമായി അതേ തൊഴിൽ ചെയ്‌തു ജീവിച്ചു വന്ന ഒരാൾക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇതൊക്കെ ആഗോളവത്‌കരണത്തിന്റെ ഭാഗമാണെന്ന സത്യം നേതാവിനെക്കൊണ്ട്‌ പ്രേക്ഷകരോട്‌ പറയുമ്പോഴും അതേ നേതാവു തന്നെ അത്തരം പ്രലോഭനങ്ങൾക്ക്‌ വശംവദനാവുകയും ചെയ്യുന്നു. ചില്ലറവില്‌പന രംഗത്തേക്ക്‌ വൻകിട കമ്പനികൾ കടന്നുവരുമ്പോൾ പരമ്പരാഗതമായി ചെറുകിട കച്ചവടങ്ങൾ നടത്തി ജീവിച്ചിരുന്നവർക്ക്‌ ഉണ്ടാകുന്ന അല്ലെങ്കിൽ നാളെ ഉണ്ടാകാൻ പോകുന്ന അനുഭവം ഇതിലൂടെ താങ്കൾ ജനങ്ങളെ ബോധിപ്പിക്കുന്നു. ഈ മുന്നറിയിപ്പുകൾ തീർച്ചയായും പോസിറ്റീവ്‌ മൈൻഡിൽ തന്നെ ജനങ്ങൾ സ്വീകരിക്കും എന്നതിന്‌ യാതൊരു സംശയവും ഇല്ല.

അങ്ങനെ നമ്മുടെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികൾക്ക്‌ കാരണമാകുന്ന ഓരോ ക്യാൻസർ വൈറസുകളേയും കണ്ടെത്താൻ താങ്കൾക്കു കഴിയുന്നുണ്ട്‌. ഇതേപോലെ പഠനവിധേയമാക്കേണ്ട മറ്റൊരു വിഷയമാണ്‌ സ്‌നേഹബന്ധങ്ങളെക്കാളുപരി സമ്പത്തിന്റെ പുറകെയുളള പരക്കംപാച്ചിൽ. ഐ.ടി രംഗം ചൂടു പിടിച്ചതോടുകൂടി കുടുംബബന്ധങ്ങളിൽ കാതലായ മാറ്റങ്ങൾ വന്നു. പാശ്ചാത്യനാടുകളിൽ സംഭവിക്കുന്നതുപോലെയുളള വിവാഹബന്ധം വേർപെടുത്തൽ നമ്മുടെ നാട്ടിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അടുത്ത കാലത്ത്‌ വനിതാകമ്മീഷൻ അദ്ധ്യക്ഷ ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. അധിക ശമ്പളം കൊടുക്കാൻ ഐറ്റി കമ്പനി മാനേജ്‌മെന്റ്‌ തയ്യാറാകുമ്പോൾ തങ്ങളുടെ ജീവിതം തന്നെ അവർക്കുമുന്നിൽ പണയപ്പെടുത്തേണ്ടിവരുമെന്ന സത്യം മനസ്സിലാക്കാൻ ഐ.ടി പ്രൊഫഷണലുകൾ ശ്രമിക്കാറില്ല.

ഐ.ടി രംഗത്തെന്നപോലെ പണക്കൊയ്‌ത്ത്‌ മാത്രം ലക്ഷ്യമാക്കിയുളള മറ്റൊരു പ്രൊഫഷനാണ്‌ നേഴ്‌സിംഗ്‌. മക്കളെ വെറും കറവുമാടുകളെ പോലെ കണ്ട്‌; പണം സമ്പാദിക്കാനായി പായുന്ന ചില മാതാപിതാക്കൾ നമ്മുടെ സമൂഹത്തിലുണ്ട്‌. എങ്ങനെയെങ്കിലും തന്റെ മകൾ പ്ലസ്‌ ടു പാസായാലുടൻ ലക്ഷങ്ങൾ കൊടുത്ത്‌ (ബാങ്ക്‌ വായ്‌പയെടുത്തും കടം വാങ്ങിയും) നേഴ്‌സിംഗിന്‌ അഡ്‌മിഷൻ വാങ്ങി മകളെ ഒരു നേഴ്‌സാക്കി, പിന്നീട്‌ ഐ.ഇ.എൽ.ടി.എസോ, സി.ജി.എഫ്‌.എൻ.എസോ പാസാക്കി അമേരിക്കയിലോ ഇംഗ്ലണ്ടിലോ കയറ്റി അയയ്‌ക്കുന്നതോടുകൂടി മാതാപിതാക്കൾ സ്വസ്ഥമാകുന്നു. മകൾ നേഴ്‌സാകുന്നതുവരെ മരണത്തെ നേരിൽ കണ്ട പോത്തിനെപോലെ പരക്കം പായുകയായിരിക്കും ഈ മാതാപിതാക്കൾ. അമേരിക്കയിലും യൂറോപ്പിലും നേഴ്‌സിംഗ്‌ എന്ന പ്രൊഫഷൻ സമൂഹത്തിൽ മാന്യത കുറയ്‌ക്കുന്ന ഒരു തൊഴിലായി അവിടുത്തെ നാട്ടുകാർ കരുതുന്നതുകൊണ്ടാണല്ലോ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നേഴ്‌സുമാരെ അവിടേക്ക്‌ കയറ്റുമതി ചെയ്യുന്നത്‌. എന്നാൽ ഏതു തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടെന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുന്നതുകൊണ്ട്‌ അന്യദേശങ്ങളിലെ രോഗികൾ രക്ഷപ്പെട്ടു എന്നുവേണം കരുതാൻ.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ, ജനിക്കാൻ പോകുന്നത്‌ പെൺകുട്ടിയാണെന്നറിഞ്ഞാൽ ഭ്രൂണഹത്യ നടത്തുന്ന പതിവുണ്ടെങ്കിൽ, ദൈവത്തിന്റെ സ്വന്തം രാജ്യമായ നമ്മുടെ നാട്ടിൽ ഈ ക്രൂരത വളരെ വിരളമായാണ്‌ നടക്കുന്നത്‌. ഇത്‌ ഇവിടത്തെ ജനങ്ങൾ ബോധവാന്മാരായതുകൊണ്ടാണെന്ന്‌ നാം വീമ്പടിക്കാറുണ്ട്‌. പെൺകുട്ടികളെ ഏതുവിധേനയും നേഴ്‌സുമാരാക്കാൻ വെമ്പൽ കൊളളുന്നതു കാണുമ്പോൾ മനസ്സിലാകുന്നത്‌ ഇവരെ വെറും കമ്പോളവസ്‌തുവായി മാത്രമേ ഇത്തരം മാതാപിതാക്കൾ കാണുന്നുളളു എന്നതാണ്‌. നമ്മുടെ വീട്ടിൽ ഒരു പശുവിനെ വളർത്തുകയാണെങ്കിൽ; അത്‌ പ്രസവിക്കുമ്പോൾ പശുകിടാവാണെങ്കിൽ ഗൃഹനാഥന്‌ വളരെ സന്തോഷമായിരിക്കും. കാരണം ഈ പശുകിടാവ്‌ വളർന്ന്‌ പ്രസവിക്കുകയും അങ്ങനെ ക്ഷീരകർഷകനായ ഗൃഹനാഥന്റെ വരുമാനം വർദ്ധിക്കുകയും ചെയ്യും. ഈ ഒരു മനഃസ്ഥിതിയാണ്‌ പെൺകുട്ടികളുടെ കാര്യത്തിൽ നമ്മുടെ രക്ഷിതാക്കൾക്കും ഉളളത്‌. പെൺകുട്ടികളെ നേഴ്‌സുമാരാക്കി മാറ്റി അമേരിക്കയിലേയ്‌ക്കും ഇംഗ്ലണ്ടിലേയ്‌ക്കും മറ്റും കയറ്റി അയച്ച്‌ സ്വസ്ഥമായി അവരുടെ പണം ചിലവഴിച്ച്‌ സുഖലോലുപതയിൽ കഴിയണമെന്ന്‌ ആഗ്രഹിക്കുന്ന കുടുംബങ്ങൾ കൂടുതലായും ക്രൈസ്‌തവർക്കിടയിലാണെങ്കിലും ഈ വഴിയെ ചിന്തിക്കാൻ ഇന്ന്‌ ഹൈന്ദവരും മുസ്ലീങ്ങളും തയ്യാറായതായി കാണാം. ഇങ്ങനെ അപ്രതീക്ഷിതമായി സമ്പന്നരാകുന്നവരാകട്ടെ സമൂഹത്തോടു യാതൊരു മമതയും പുലർത്താതെ സമൂഹത്തെ കൂടുതൽ അസൂയപ്പെടുത്തി ജീവിക്കുന്നവരായാണ്‌ കണ്ടുവരുന്നത്‌. നമ്മുടെ സമൂഹത്തിലേയ്‌ക്ക്‌ ഒന്നു നോക്കിയാൽ ഇത്തരത്തിൽപ്പെട്ട നിരവധി ആളുകളെ കാണാൻ കഴിയും.

ഈ അടുത്ത നാളിൽ ഇക്കാര്യം എനിക്ക്‌ നേരിട്ട്‌ അനുഭവിച്ചറിയാൻ ഒരവസരം കിട്ടി. ഒരു പ്രൈവറ്റ്‌ ബസിൽ ഞാൻ യാത്ര ചെയ്യുകയായിരുന്നു. നിറയെ യാത്രക്കാരുമായി ബസ്‌ പൊയ്‌ക്കൊണ്ടിരിക്കുന്ന സമയത്ത്‌ ഇടയ്‌ക്കുവച്ച്‌ ഒരു മദ്ധ്യവയസ്‌കൻ ബസ്സിൽ കയറി. കയറിയപാടെ അയാൾക്ക്‌ ഇരിക്കാൻ സീറ്റ്‌ വേണമെന്ന്‌ വാശിപിടിച്ചു. അയാളുടെ പ്രായമുളള ഒരാളോട്‌ എഴുന്നേറ്റ്‌ തരണമെന്ന്‌ അയാൾ ആവശ്യപ്പെട്ടു. പക്ഷേ ഇരിക്കുന്നയാൾ അതിനു തയ്യാറായില്ല. ഇത്‌ അയാളെ കുപിതനാക്കി. രണ്ടാളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ്‌ വഴക്കായി. ഇരിയ്‌ക്കുന്ന ആൾ പറഞ്ഞു “തന്നെപ്പോലെ തന്നെ ഞാനും ടിക്കറ്റ്‌ എടുത്താണ്‌ യാത്ര ചെയ്യുന്നത്‌. എനിക്കുളളതുപോലുളള അവകാശവും നിയമവും മാത്രമേ തനിക്കും ഉളളൂ” എന്ന്‌. അപ്പോൾ ആ മദ്ധ്യവയസ്‌കൻ പറയുകയാണ്‌; “എനിക്ക്‌ ഇവിടത്തെ നിയമവും ഗവൺമെന്റിന്റെ ഔദാര്യവുമൊന്നും വേണ്ട. എനിക്ക്‌ എന്റെ മക്കൾ അമേരിക്കയിൽ നിന്നും പണം അയച്ചു തരുന്നതുകൊണ്ടാണ്‌ ഞാൻ ജീവിക്കുന്നത്‌. അല്ലാതെ ഇവിടത്തെ ഒരുത്തന്റേയും സഹായം എനിക്കുവേണ്ട…”. പക്ഷേ അയാളറിയുന്നില്ലല്ലോ അയാളെ പോലെയുളള ഓരോ പൗരന്റേയും ജീവനും സ്വത്തും സംരക്ഷിക്കാൻ ഗവൺമെന്റ്‌ എത്രയോ കോടികളാണ്‌ ചിലവഴിക്കുന്നതെന്ന്‌. ഇവിടെ ശക്തമായ ഒരു നിയമവാഴ്‌ചയില്ലായിരുന്നുവെങ്കിൽ ഇയാൾ മണ്ണിനടിയിൽ എപ്പോൾ പോയി എന്നു ചോദിച്ചാൽ മതി.

അങ്ങനെ കറവമാടുകളെ പോലെ വളർത്തിക്കൊണ്ടുവരുന്ന ഈ പെൺകുട്ടികൾ, അവരുടെ വിവാഹത്തോടെ സമ്പത്തിനെ മാത്രം സ്‌നേഹിച്ചിരുന്ന തന്റെ മാതാപിതാക്കളെ കൈവെടിയുകയും അവർ തങ്ങൾക്ക്‌ ഒരു ബാധ്യതയായി തോന്നുമ്പോൾ അവരെ ഏതെങ്കിലും വൃദ്ധസദനത്തിൽ എത്തിക്കുകയും ചെയ്യുന്നു. ഒരു കുഗ്രാമമായ എന്റെ നാട്ടിലെ ഒരു ഗവൺമെന്റ്‌ വക വൃദ്ധസദനത്തിൽ ഇതുപോലെ നിരവധി വൃദ്ധർ താമസിക്കുന്നുണ്ട്‌. അവരിൽ കൂടുതൽ ആളുകളും ക്രൈസ്‌തവ സമൂഹത്തിൽ നിന്നും വന്നവരാണ്‌. ക്രൈസ്‌തവർക്കിടയിലെ സാമൂഹ്യജീവിതരീതി മാറിയതിന്റെ ഫലമാണ്‌ വിവാഹപൂർവ്വ കൗൺസലിംഗിൽ പങ്കെടുക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ, വിവാഹത്തിനുശേഷം കൗൺസലിംഗിനായി പുരോഹിതരെ സമീപിക്കുന്നത്‌. ഒരിക്കൽ സ്‌കൂളിലെ പി.റ്റി.എ മീറ്റിംഗിൽ ഒരു പുരോഹിതൻ തന്നെ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം.

എൽ.ഐ.സി.യിലേയ്‌ക്ക്‌ ഈ വർഷം ഏറ്റവും കൂടുതൽ തുക ഇൻവെസ്‌റ്റ്‌ ചെയ്‌ത പ്രദേശമായി ചങ്ങനാശ്ശേരിയെ തിരഞ്ഞെടുത്തത്‌ നാം കണ്ടു. പുറമെ നോക്കിയാൽ അതിസമ്പന്നരായ ആരെയും ഇവിടെ കണ്ടെത്താൻ കഴിയില്ല. നല്ല ഒരു വ്യവസായശാലപോലുമോ അറിയപ്പെടുന്ന ഒരു സമ്പന്നൻ പോലുമോ ഇവിടെ ഇല്ല. പക്ഷേ എല്ലാവരുടെയും ബാങ്ക്‌ ബാലൻസ്‌ സമ്പന്നമാണ്‌. കാരണം ഭൂരിപക്ഷം ആളുകളുടെയും മക്കളോ മരുമക്കളോ അമേരിക്ക, ഇംഗ്ലണ്ട്‌ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്നവരാണ്‌. അവർ അയച്ചുകൊടുക്കുന്ന പണം സമൂഹത്തിന്‌ ഉപകാരപ്രദമാകത്തക്ക യാതൊരു രീതിയിലും ഇൻവെസ്‌റ്റ്‌ ചെയ്യാതെ വെറുതെ കൈവശം വച്ചിരിക്കുകയാണിവർ. ചങ്ങനാശ്ശേരിയിൽ ഈ അടുത്ത കാലത്തു നടന്ന മോഷണങ്ങളിലെല്ലാം ലക്ഷങ്ങളാണ്‌ ഓരോ വീടുകളിൽ നിന്നും പോയതെന്ന്‌ പത്രങ്ങളിൽ വായിക്കാൻ ഇടയായതു നോക്കുമ്പോൾ മേൽപ്പറഞ്ഞതിന്‌ മറ്റു തെളിവുകളേ വേണ്ട.

മനുഷ്യന്റെ ഹ്രസ്വമായ ഈ ജീവിതം വെറും സമ്പത്തിനുവേണ്ടി മാത്രം കാവൽ നിൽക്കുന്ന കാവൽനായയെ പോലെ ജീവിച്ചു തീർക്കാനുളളതല്ല. സമ്പത്തുളളവർ നാലുചുറ്റും മതിലുകൾ കെട്ടി അതിനുളളിൽ വീർപ്പടക്കി ജീവിക്കുമ്പോൾ സമ്പത്തില്ലാത്തവർ സമൂഹത്തിൽ ഇടകലർന്ന്‌, അവന്റെ ദുഃഖങ്ങൾ പരസ്‌പരം പങ്കുവച്ച്‌ ജീവിക്കുന്നു. ഫലമോ സമ്പന്നർക്കിടയിൽ മാനസിക സംഘർഷം വർദ്ധിക്കുകയും അത്‌ ആത്മഹത്യയിലും മറ്റും ചെന്ന്‌ നിൽക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ കേരളത്തിലാണല്ലോ നടക്കുന്നത്‌. ഇതിന്റെ മുഖ്യകാരണം ഇത്തരം അപ്രതീക്ഷിതമായ അധികവരുമാനവും അപ്രതീക്ഷിതമായി അവയുടെ വരവു ഇല്ലാതാകുകയും ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ്‌. നമ്മുടെ മണിഓർഡർ ഇക്കണോമിയിൽ, സമ്പന്നരാകുന്ന ഒരു വിഭാഗവും അവരുടെ ഒപ്പമെത്താൻവേണ്ടി വൃഥാ ഓടിത്തളരുന്ന മറ്റൊരു വിഭാഗവും ഉണ്ട്‌. ഇങ്ങനെ ഓടുന്നവരാകട്ടെ ഇടയ്‌ക്കുവച്ച്‌ തന്റെ ജീവിതമാകുന്ന ഓട്ടം തന്നെ അവസാനിപ്പിക്കുന്നു. പെട്ടെന്നു പണക്കാരനാകാൻ വേണ്ടി എന്തു വൃത്തികെട്ട രീതിയും മാർഗ്ഗവും സ്വീകരിക്കാൻ ഇക്കൂട്ടർ തയ്യാറാകുന്നു. ഫലമോ തീവ്രവാദിഗ്രൂപ്പുകൾക്ക്‌ അംഗസംഖ്യ കൂടുന്നു. ഒപ്പം നാട്ടിൽ അശാന്തിയും. മോഷണങ്ങളുടെ സ്വഭാവവും ടെക്‌നോളജിയും മാറി. വാഴക്കുല മോഷ്‌ടിച്ചിരുന്നവർക്ക്‌ ഇന്ന്‌ വാഴക്കുല വേണ്ട പകരം ബാങ്കിലെ സ്വർണ്ണം മതി അല്ലെങ്കിൽ റബ്ബർ ഷീറ്റ്‌ മതി.

സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സ്‌ഫോടാത്മകമായ ജീവിതരീതിയെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുവാൻ ഒരു തിരക്കഥാകൃത്തായ താങ്കൾക്ക്‌ കഴിയുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്‌ മാത്രമാണ്‌ താങ്കൾക്കായി ഈ കത്തെഴുതാൻ തീരുമാനിച്ചത്‌. വിശ്വസ്ഥതയോടെ താങ്കളുടെ ഒരു ആരാധകൻ.

Generated from archived content: essay1_may23_08.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here