ചരിത്രസത്യങ്ങളെ വരേണ്യവർഗ്ഗത്തിനു വേണ്ടി വളച്ചൊടിക്കുക ചരിത്രാതീത കാലം മുതലേ ഉള്ളതാണ്. എന്നാൽ അത് ഏറ്റുപാടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് കേരളത്തിലെ (ഇന്ത്യയിലേയും) പിന്നാക്ക-ദളിത് വിഭാഗത്തിൽപ്പെട്ടവർ. ആധുനികയുഗത്തിലെ ജനാധിപത്യരീതികൾ വരെ രാജാക്കന്മാരുടേയും സവർണ്ണാധിപതികളുടേയും ദാനമാണെന്നു വരെ ഈ ചരിത്രകാരന്മാരാൽ രചിക്കപ്പെട്ടിരിക്കുന്നു. ഇതിനുവേണ്ടി രക്തം ചിന്തിയ അടിയാളന്മാരുടെയും അടിമവർഗ്ഗത്തിന്റെയും സമരവീര്യം മനപ്പൂർവ്വം തമസ്‌കരിക്കുന്നു. തിരുവിതാംകൂർ രാജഭരണാധികാരികൾ നിർത്തലാക്കിയ അപരിഷ്‌കൃത ആചാരങ്ങളുടേയും ജീവിത രീതികളുടേയും പേരിൽ തിരുവിതാംകൂർ ഭരണാധികാരികളെ വാനോളം പുകഴ്‌ത്താനാണ് ഇന്നും നമ്മുടെ മലയാള മാധ്യമങ്ങൾ ശ്രമിക്കുന്നത്. കൂടാതെ തിരുവിതാംകൂറിൽ സർക്കാർ സ്ഥാപിച്ച പല സ്ഥാപനങ്ങളും അണക്കെട്ടുകളും എന്തിന് കെ.എസ്.ആർ.ടി.സി വരെ തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണനേട്ടങ്ങളിൽ ഉൾപ്പെടുത്തുമ്പോഴും; ഈ നേട്ടങ്ങൾക്കു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ പേരുകൾ ഈ വരേണ്യവർഗ്ഗ ചരിത്രരേഖകളിൽ ചേർക്കാതെ വരുന്നത് മനഃപൂർവ്വമല്ലെങ്കിൽ പിന്നെ എന്താണ്?
ചാന്നാർ സ്ര്തീകൾക്ക് മാറുമറയ്‌ക്കാൻ അനുവാദം കൊടുത്തതിനും രാജഭരണത്തിന്റെ ഉദാരമനസ്സിനെ വാഴ്‌ത്തുന്നു. എന്നാൽ ഈ അവകാശത്തിനുവേണ്ടി ചാന്നാർ സ്ര്തീകൾ നടത്തിയ ഐതിഹാസിക സമരത്തേയും അതിനെ സർക്കാർ പട്ടാളക്കാർ അതിക്രൂരമായി നേരിട്ടതും ഇക്കൂട്ടർ വിസ്മരിക്കുന്നു. ഒരു ജനകീയ അവകാശ സമരത്തെ “ചാന്നാർ ലഹള” എന്ന പേരിൽ വിളിക്കാനാണ് ഈ ചരിത്രകാരന്മാർക്ക് മനസ്സുവന്നത്. എന്നിട്ടും 1859 ജൂലൈ 26ന് പുറപ്പെടുവിച്ച രാജവിളംബരത്തിൽ “മേൽജാതിക്കാരുടേതു പോലത്തെ വസ്ര്തധാരണം പാടില്ല” എന്ന നിബന്ധന പ്രത്യേകം ചേർക്കാൻ ഈ ദയാവാത്സല്യർ മറന്നില്ല. ഈ വിളംബരത്തിലൂടെ ചാന്നാർ സ്ര്തീകൾക്ക് മാത്രമേ മേൽമുണ്ടു ധരിക്കുവാനുള്ള അവകാശം കിട്ടിയിരുന്നുള്ളൂ. പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. അതായത് 1915ലെ പെരിനാട് സ്വാതന്ത്ര്യ സമരത്തിലൂടെ മാത്രമാണ് അയിത്ത ജാതിക്കാരായ മറ്റു സ്ര്തീകൾക്ക് മാറുമറയ്‌ക്കാനുള്ള അവകാശം കിട്ടിയത്.
മാറുമറയ്‌ക്കാനുള്ള അവകാശത്തിനുവേണ്ടി ചാന്നാർ സ്ര്തീകൾ നടത്തിയ സമരകാലഘട്ടത്തിലെ തിരുവിതാംകൂറിലെ താഴ്‌ന്ന ജാതിക്കാരുടെ ജീവിതരീതികൾ പരിശോധിക്കുന്നത്, രാജഭരണത്തിന്റെ “വിശാലമനസ്സിനെ” അടുത്തറിയാൻ സാധിക്കും. ബ്രാഹ്‌മണ സ്ര്തീകൾക്കും ക്ഷത്രിയ സ്ര്തീകൾക്കുമല്ലാതെ മറ്റൊരു ജാതികളിലുംപെട്ട സ്ര്തീകൾ മാറുമറച്ചുകൂടാ. നായർ സ്ര്തീകൾക്കും ബാധകമായിരുന്നു ഈ നിബന്ധന. മേലാളന്മാരുടെ മുമ്പിൽ ആരെങ്കിലും അരയ്‌ക്കു മുകളിൽ തുണിയിട്ടു ചെന്നാൽ മാറ് ഛേദിച്ചുകളയും. ബ്രിട്ടീഷ് ഭരണ പ്രദേശത്തുനിന്നും ആറ്റിങ്ങൽ റാണിയെ കാണാനെത്തിയ ഒരു സ്ര്തീ മാറുമറച്ചിരുന്നു എന്ന കുറ്റത്തിന്റെ പേരിൽ അവരുടെ സ്തനങ്ങൾ മുറിച്ചുകളയാൻ സ്ര്തീവർഗ്ഗത്തിൽപ്പെട്ട റാണി ഉത്തരവിറക്കുകയും അവരുടെ സ്തനങ്ങൾ മുറിച്ചുമാറ്റപ്പെടുകയും ചെയ്തു. താഴ്‌ന്ന ജാതിക്കാരായ സ്ര്തീകൾ കുട ചൂടിക്കൂടാ, പാദരക്ഷ ധരിച്ചുകൂടാ, സ്വർണ്ണാഭരണമണിഞ്ഞുകൂടാ, ഇളിയിൽ കുടം വച്ച് വെള്ളം ചുമന്നുകൂടാ, പശുവിന്റെ പാൽ കറന്നുകൂടാ, ഉച്ചാരണശുദ്ധിയിൽ സംസാരിച്ചുകൂടാ, ചെയ്യുന്ന ജോലിക്ക് കൂലിയില്ല, കല്ലുമാലയെ ധരിക്കാവൂ എന്നുവേണ്ട കേട്ടാൽ മൂക്കത്തു വിരൽവച്ചു പോകുന്ന പ്രവർത്തികളായിരുന്നു തിരുവിതാംകൂർ രാജഭരണത്തിൽ നടമാടിയിരുന്നത്. തലക്കരം, മുലക്കരം, മേൽമീശക്കരം തുടങ്ങി തൊട്ടതിനും പിടിച്ചതിനും വരെ കരം വസൂലാക്കി ഉണ്ടും ഉറങ്ങിയും സുഖിച്ചിരുന്ന രാജവാഴ്‌ചയുടെ കഥകൾ എല്ലാം തന്നെ അവരുടെ പൊതുജനസേവന തല്പരതയ്‌ക്കുമേൽ വിരൽ ചൂണ്ടുന്നതാണ്.
അടിമവ്യാപാരവും രാജാക്കന്മാരുടേയും വരേണ്യവർഗ്ഗത്തിന്റെയും ദയാദാക്ഷിണ്യമായി കണക്കാക്കുന്നു. 1792ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കുന്നത്. പിന്നെയും 20 വർഷങ്ങൾ കഴിഞ്ഞ് 1812ലാണ് തിരുവിതാംകൂറില റാണി ലക്ഷ്മിഭായി അടിമവ്യാപാരം നിരോധിക്കുന്നത്. 1843ൽ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം മലബാറിൽ അടിമ സമ്പ്രദായം നിരോധിച്ചു. 1812ൽ അടിമവ്യാപാരം തിരുവിതാംകൂറിൽ ഔദ്യോഗികമായി നിരോധിച്ചുകൊണ്ട് ഗവൺമെന്റ് വിളംബരം നടത്തിയെങ്കിലും 1862 വരെ പറയർ, പുലയർ തുടങ്ങിയവരെ അടിമകളായിത്തന്നെ നിലനിർത്തിപ്പോന്നിരുന്നു. 1853ലാണ് അടിമകൾക്ക് പിറക്കുന്ന കുട്ടികൾ സ്വതന്ത്രരാക്കപ്പെട്ടത്. പക്ഷേ 1869ൽ മാത്രമാണ് അടിയൻ, അടിയങ്ങൾ തുടങ്ങിയ വാക്കുകൾ സർക്കാർ രേഖകളിൽ നിന്നും പ്രമാണങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടത്.
അടിമത്ത നിരോധനത്തിനു വേണ്ടി ഇന്ത്യൻ നാട്ടുരാജാക്കന്മാർക്ക് വെളിപ്പാട് ഉണ്ടാകാൻ ഇടയാക്കിയ സാഹചര്യം എന്താണ്? അടിമത്തത്തിനെതിരെ പ്രാദേശികമായി ഉയർന്നുവന്ന സമരങ്ങളും യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അടിമത്ത വിരുദ്ധ പ്രക്ഷോഭണത്താൽ ഉയർന്നുവന്ന ഇന്ത്യയിലെ ക്രിസ്ത്യൻ മിഷണറിമാരുടെ സമയോചിതമായ ഇടപെടലുകളും (ബ്രിട്ടീഷ് രാജ്ഞി മുഖേന) ഒപ്പം ബ്രിട്ടീഷ് ഇന്ത്യയുടെ സമ്മർദ്ദങ്ങളുമാണ് റാണി ലക്ഷ്മിഭായിയെക്കൊണ്ട് അടിമത്ത നിരോധനത്തിൽ ഒപ്പുവയ്പിക്കാൻ പ്രേരിപ്പിച്ചത്.
അതുപോലെ തന്നെയുള്ള മറ്റൊരു സുപ്രധാന വിളംബരമായിരുന്നു പിൽക്കാലത്ത് തിരുവിതാംകൂർ സർക്കാരിന്റെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ക്ഷേത്രപ്രവേശന വിളംബരം. വൈക്കം സത്യാഗ്രഹമാണല്ലോ ക്ഷേത്രപ്രവേശനത്തിലേയ്‌ക്ക് എത്തിച്ചത് (എന്നാണ് സവർണ്ണചരിത്രകാരന്മാർ പറയുന്നത്). വെറും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയായിരുന്നോ ടി.കെ മാധവനെപ്പോലെയുള്ള ഒരു ജനകീയ നേതാവ് വളരെ സജീവമായി ഈ സമരത്തിൽ പങ്കെടുത്തത്. ഈഴവരെ സംബന്ധിച്ചിടത്തോളം സ്വന്തമായി നിരവധി ക്ഷേത്രങ്ങൾ ശ്രീനാരായണ ഗുരു തന്നെ നിർമ്മിച്ച് സ്വയം പ്രതിഷ്‌ഠ നടത്തി നൽകിയിരുന്നു. അതുകൊണ്ടുതന്നെയാണ് സത്യാഗ്രഹപന്തൽ ഒരു ദിവസം മാത്രം സന്ദർശിക്കുകയും 1000രൂപ സംഭാവന നൽകുകയും വെല്ലൂർ മഠം സ്വാഗതസംഘത്തിനായി വിട്ടുകൊടുക്കുകയും ചെയ്തതല്ലാതെ പിന്നീ സത്യാഗ്രഹത്തിന് പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു സഹായവും ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി നേതൃത്വവും ചെയ്തിരുന്നില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം വൈക്കം സത്യാഗ്രഹത്തിന് അത്രമേൽ കാര്യപ്രസക്തിയേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രവഴിയിലൂടെ അയിത്തജാതിക്കാർക്ക് നടക്കുവാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു വൈക്കം സത്യാഗ്രഹമെന്നും പറയുന്നവരുണ്ട്. ഇതിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്നറിയണമെങ്കിൽ ആ കാലഘട്ടത്തിൽ നടന്ന ചില സംഭവങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. 1924 മാർച്ച് 30നാണ് ശ്രീ. ടി.കെ മാധവന്റെ നേതൃത്വത്തിൽ സത്യാഗ്രഹം ആരംഭിച്ചത്. എന്നാൽ 1920 ൽ ഇതേ സമരനായകൻ ശ്രീ. ടി.കെ മാധവൻ ഇതേ വൈക്കം ക്ഷേത്രത്തിന്റെ നിരോധിക്കപ്പെട്ട വഴിയിലൂടെ ഒറ്റയ്‌ക്ക് നടക്കുകയുണ്ടായി. പിന്നീട് സത്യവൃതൻ, അയ്യപ്പൻ, കെ.കെ മാധവൻ തുടങ്ങിയവരോടൊപ്പവും ടി.കെ മാധവൻ വൈക്കം ക്ഷേത്രപരിസരത്തെ വഴികളിൽ സ്ഥാപിച്ചിരുന്ന തീണ്ടൽപലകകൾ മറികടന്നു പൊയിരുന്നു. എന്നാൽ ഏതെങ്കിലും സവർണ്ണർ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ സഹപ്രവർത്തകരേയോ തടഞ്ഞില്ല എന്നതാണ് സത്യം. അങ്ങനെയുള്ള സാഹചര്യത്തിൽ ശ്രീ. ടി.കെ മാധവനെപ്പോലുള്ള ഒരു നേതാവ് വെറും ക്ഷേത്രപ്രവേശനത്തിനും വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമായിരുന്നോ വൈക്കം സത്യാഗ്രഹം സംഘടിപ്പിച്ചത്?
വൈക്കം സത്യാഗ്രഹം മനുഷ്യാവകാശത്തിനും അദ്ധ്വാനിക്കുന്ന കീഴാളരുടെ അവകാശങ്ങളെ നിഷേധിക്കുന്ന സവർണ്ണ മേധാവിത്വത്തിനും അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ഭരണത്തിനും എതിരായ സമരമായിരുന്നു. കാക്കിനാഡയിൽ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ വച്ച് ശ്രീ. ടി.കെ മാധവനാണ് ഗാന്ധിജിയെക്കൊണ്ട് “അയിത്തോച്ചാടനം” കോൺഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിപ്പിച്ചത്. അതിനുശേഷം 1924 ജനുവരിയിൽ എറണാകുളത്തു വച്ചു ചേർന്ന കോൺഗ്രസ്സ് യോഗം അയിത്തോച്ചാടനത്തിനായി ടി.കെ മാധവൻ, കേളപ്പൻ, ശങ്കരൻ നമ്പൂതിരിപ്പാട്, ടി.ആർ കൃഷ്ണസ്വാമി അയ്യർ, കണ്ണന്തോടത്തു വേലായുധമേനോൻ തുടങ്ങിവയരെ തിരഞ്ഞെടുത്തത്. ഇതിന്റെ പ്രചരണത്തിനായി കെ.പി കേശവമേനോൻ, എ.കെ പിള്ള, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട് എന്നിവരെ തിരഞ്ഞെടുത്തു. അതിൻ പ്രകാരം 1924 ഫെബ്രുവരി 29ൽ ശ്രീ. കെ.പി കേശവമേനോന്റെ നേതൃത്വത്തിൽ നടന്ന ഒരു സമ്മേളനത്തിൽ വച്ച് അയ്യായിരത്തോളം ആളുകൾ ഒന്നടങ്കം നാളെത്തന്നെ വൈക്കം ക്ഷേത്രത്തിലെ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന വഴിയിലൂടെ സഞ്ചരിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ മജിസ്ര്ടേറ്റിന്റെയും മറ്റും സമ്മർദ്ദം മൂലം കേശവമേനോൻ ആ തീരുമാനം നടപ്പിലാക്കാൻ സമ്മതിച്ചില്ല. അല്ലായിരുന്നുവെങ്കിൽ വെറും സത്യാഗ്രഹമായി മാറാതെ ഈ പ്രക്ഷോഭം ഒരു ബഹുജനവിപ്ലവമായി മാറുമായിരുന്നു. ഇ.വി രാമസ്വാമി നായക്കരുടേയും ഗാന്ധിജിയുടെയും മറ്റും സന്ദർശനം കൊണ്ട് മാത്രമാണ് സത്യാഗ്രഹം ദേശീയ ശ്രദ്ധപിടിച്ചു പറ്റിയത്. നെഹ്‌റു അടക്കം പല പ്രമുഖരായ കോൺഗ്രസ്സ് നേതാക്കളും സത്യാഗ്രഹത്തിലേയ്‌ക്ക് എത്തിനോക്കുകപോലും ചെയ്തില്ല.
1924 മാർച്ചിൽ തുടങ്ങിയ സത്യാഗ്രഹം യാതൊരുവിധ പ്രത്യാക്രമണങ്ങളും ഉണ്ടാക്കാതെയും 1936 നവംബർ 12 വരെ തുടർന്നുപോന്നു. അതായത് ഈ സത്യാഗ്രഹം തിരുവിതാംകൂർ ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയെ അല്ലായിരുന്നു. എന്നിരുന്നാലും 1936ൽ ക്ഷേത്രപ്രവേശന വിളംബരത്തിന് ശ്രീ. ചിത്തിര തിരുന്നാൾ മഹാരാജാവിനെ പ്രേരിപ്പിച്ച ഘടകം എന്താണ്? അയിത്ത ജാതിക്കാരോടുള്ള സ്നേഹമോ? അങ്ങനെയായിരുന്നെങ്കിൽ 1924ൽ തുടങ്ങിയ സമരം 1936 വരെ നീട്ടിക്കൊണ്ടുപോയത് എന്തിനാണ്? ഇവിടെയാണ് സി.വി കുഞ്ഞിരാമനെപ്പോലുള്ള കുശാഗ്രബുദ്ധിക്കാരായ ചില ഈഴവ നേതാക്കളുടെ പങ്ക് വെളിച്ചത്തു വരുന്നത്.
1932ൽ ശ്രീ. ചിത്തിരതിരുന്നാൾ പ്രഖ്യാപിച്ച ഭരണപരിഷ്‌ക്കാരത്തിന്റെ അപര്യാപ്തതയ്‌ക്കെതിരെ ക്രിസ്ത്യാനികളും ഈഴവരും, മുസ്ലീങ്ങളും ചേർന്ന് ഒരു സംയുക്ത രാഷ്ര്ടീയ സമിതി രൂപീകരിച്ചു. ഇതായിരുന്നു പ്രശസ്തമായ നിവർത്തന പ്രക്ഷോഭം. (ക്രിസ്ത്യാനികളും മുസ്ലീംങ്ങളും കൂടി പങ്കെടുത്തതുകൊണ്ടാകാം ഈ സമരത്തെ “പ്രക്ഷോഭം” എന്ന് സംബോധന ചെയ്യാൻ വരേണ്യവർഗ്ഗത്തിനെ പ്രേരിപ്പിച്ചത്. അല്ലായിരുന്നെങ്കിൽ അത് “ഈഴവ ലഹള” എന്നേ അറിയപ്പെടുമായിരുന്നുള്ളൂ). ഇതിന്റെ ഭാഗമായാണ് കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ ശ്രീ. സി കേശവനെ രാജ്യദ്രോഹകുറ്റം ചുമത്തി നാടുകടത്തിയത്. 1936 ആഗസ്‌റ്റിൽ ഗവൺമെന്റ് സമ്മതിദാനാവകാശ നിയമം പരിഷ്‌ക്കരിച്ചു. അപ്പോഴും വൈക്കം സത്യാഗ്രഹം മുറപോലെ തന്നെ നടന്നുകൊണ്ടേയിരുന്നു. എന്നാൽ നിവർത്തനപ്രക്ഷോഭകാലത്ത്; അതായത് വൈക്കം സത്യാഗ്രഹം നടന്നുവന്നിരുന്ന സമയത്ത്; 1936ൽ തിരുവിതാംകൂറിൽ ഒരു ഈഴവ മഹാസമ്മേളനം നടന്നു. ഇതേ തുടർന്ന് ശ്രീ. സി.വി കുഞ്ഞിരാമനും മറ്റേതാനും ഈഴവപ്രമാണികളും കൂടി കോട്ടയത്തെ സി.എം.എസ് ബിഷപ്പായിരുന്ന മൂർ സായ്പിനെ കാണാൻ ചെന്നു. ഈഴവ സമുദായം ഒന്നടങ്കം ബ്രിട്ടീഷ് ചക്രവർത്തിയുടെ മതമായ സി.എം.എസ് സഭയിൽ ചേരാൻ ഒരുക്കമാണ് – അവരെ ഈഴവ ക്രിസ്ത്യാനികളായി കാണാതെ സുറിയാനി ക്രിസ്ത്യാനികളായി കാണണമെന്ന് കുഞ്ഞിരാമൻ ആവശ്യപ്പെട്ടു. ബിഷപ്പ് ഉടനടി സമ്മതം നൽകാതെ സഭയിൽ വിശ്വാസമുള്ളവരായെങ്കിലേ സഭയിൽ അംഗമായി ചേർക്കൂ എന്നു പറഞ്ഞു. കൊച്ചുകുട്ടികളെ മാമ്മോദീസാ മുക്കുന്നത് അവർ വിശ്വാസികളായിട്ടല്ലല്ലോ എന്ന് സി.വി തിരിച്ചടിച്ചു. മുതിർന്നവരാകുമ്പോൾ അതു വേണമെന്ന് ബിഷപ്പ് അറിയിച്ചതിനെ തുടർന്ന് സി.വിയും കൂട്ടരും മൂന്നു ഞായറാഴ്‌ചകളിൽ കോട്ടയം സി.എം.എസ് കത്തീഡ്രലിൽ ആരാധന നടത്തി. ഈ വിവരം സവർണ്ണരായിട്ടുള്ളവരുടെ ചെവിയിലുമെത്തി.
തിരുവിതാംകൂറിലെ ഹിന്ദു സമുദായത്തിലെ ഒരു പ്രബലസമുദായമായിരുന്നു ഈഴവർ. ഇതിനോടകം തന്നെ നിരവധി ഈഴവരും ഹരിജനങ്ങളും ക്രിസ്തുമതം സ്വീകരിച്ചതിലൂടെ തിരുവിതാംകൂറിലെ മറ്റൊരു പ്രബല സമുദായമായി ക്രിസ്തുമതവും വളർന്നു കഴിഞ്ഞിരുന്നു. ക്രിസ്ത്യാനികൾക്ക് ബ്രിട്ടീഷ് സർക്കാർ എല്ലാവിധ ഒത്താശകളും നൽകിവന്നു. അവർക്ക് സർക്കാർ സർവ്വീസിലും മറ്റും ജോലിയും ഉറപ്പാക്കി അഥവാ ബ്രിട്ടീഷ് ഭരണാധികാരികളുടെ കാവൽ സർക്കാരായ തിരുവിതാംകൂർ രാജാവിനെ കൊണ്ട് ഉറപ്പാക്കി. ഇനി ഈഴവർ കൂടി ക്രിസ്തുമതം സ്വീകരിച്ചാൽ തിരുവിതാംകൂറിൽ ക്രിസ്തുമതം ഒന്നാം സ്ഥാനത്തെത്തും. കണക്കുകൾ ഉദ്ധരിച്ച് പറയുകയാണെങ്കിൽ 1816ൽ 12.37% മാത്രമായിരുന്ന ക്രിസ്ത്യാനികൾ 1901 ആയപ്പോഴേക്കും 23.6% ആയി വളർന്നു. അതേ സമയം ഹിന്ദു മതമാകട്ടെ 1816ൽ 82.7% ആയിരുന്നത് 1901 ആയപ്പോഴേക്കും 68.5% ആയി കുറഞ്ഞു. 1930 ആയപ്പോഴേക്കും ക്രിസ്തുമതത്തിന്റെ വളർച്ച 30%മായി ഉയർന്നു. അതായത് ജാതി വ്യവസ്ഥയുടെ തിക്താനുഭവങ്ങൾ അനുഭവിച്ചിരുന്നവർ മതം മാറി ജോസഫും തോമസ്സും മറിയയും അന്നമ്മയുമൊക്കെയായി മാറി. (ഇങ്ങനെ മതം മാറി ക്രിസ്ത്യാനികളായവരെ തൊട്ടുകൂടായ്മയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതു കണ്ടിട്ടായിരുന്നല്ലോ സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രാന്താലായം എന്നു വിളിച്ചത്. എന്നാൽ വരേണ്യവർഗ്ഗത്തിനെതിരായ സ്വാമിയുടെ ഈ ആരോപണത്തിന്റെ കാരണങ്ങൾ ഹിന്ദു-മുസ്ലീം സംഘട്ടനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. വിവേകാനന്ദന്റെ നാടായ ബംഗാളിലും മറ്റും നടന്ന വർഗ്ഗീയ ലഹളകളുടെ പത്തിൽ ഒരംശം പോലും കേരളത്തിൽ സംഭവിച്ചിരുന്നില്ല. എന്നിട്ടും സ്വാമി ബംഗാളിനെ വർഗ്ഗീയലഹളയുടെ പേരിൽ ഭ്രാന്താലയം എന്നുവിളിക്കാതെ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചതിന്റെ പിന്നിലെ ചേതോവികാരം മേൽപ്പറഞ്ഞതല്ലാതെ മറ്റൊന്നല്ല).
സി.വി കുഞ്ഞിരാമന്റേയും സഹപ്രവർത്തകരുടേയും ഈ നടപടികളുടെ സമയത്താണ് 1936 ജൂൺ 11ന് എസ്.എൻ.ഡി.പി യോഗം നേതാക്കളായ ശ്രീ. പത്മനാഭനും ശ്രീ. കെ.പി ഗോവിന്ദനാശാനും തങ്ങൾ ഹരിപ്പാട് ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽ പ്രവേശിക്കുമെന്നും അവരെ തടഞ്ഞാൽ അവരോടൊപ്പം മറ്റനേകം പേർ ഇസ്ലാംമതം സ്വീകരിക്കുമെന്നും പ്രഖ്യാപിക്കുന്നത്. ഈ സമയം സിംലയിൽ സുഖവാസത്തിനുപോയ രാജാവിനെ അന്നത്തെ ദിവാനും സർവ്വോപരി കിരീടം വയ്‌ക്കാത്ത രാജാവുമായിരുന്ന സാക്ഷാൽ സർ. സി.പി രാമസ്വാമി അയ്യർ വിവരം അറിയിക്കുകയും “ദയാമനസ്‌കനായ” രാജാവ് ക്ഷേത്രപരിസരത്തുകൂടെ വഴി നടക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തു. അപ്പോഴും വൈക്കം ക്ഷേത്രത്തിലെ വഴികളിലൂടെ പ്രവേശനസ്വാതന്ത്ര്യത്തിനു വേണ്ടി (എന്ന് വരേണ്യവർഗം അവകാശപ്പെടുന്നു) സത്യാഗ്രഹം നടന്നുകൊണ്ടേയിരിക്കുന്നു. അതായത് മതം മാറുമെന്ന ഭീഷണികൊണ്ട് ഗോവിന്ദനാശാനും മറ്റും ഒറ്റദിവസം കൊണ്ട് ക്ഷേത്രപരിസരത്തുകൂടെ വഴി നടക്കാനുള്ള അവകാശം നേടിയെടുത്തിട്ടും പത്തുവർഷത്തിലധികം സത്യാഗ്രഹം നടത്തിയിട്ടും വൈക്കം സത്യാഗ്രഹക്കാർക്ക് അവരുടെ ആവശ്യം നേടിയെടുക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു.
സി.വിയുടെ നേതൃത്ത്വത്തിൽ ഈഴവർ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ വിറളിപൂണ്ട സവർണ്ണർ, എൻ.എസ്.എസ് നേതാവായിരുന്ന മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് ഒരു “സവർണ്ണജാഥ” സംഘടിപ്പിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് സി.പിയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംഭവിക്കാൻ പോകുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ സി.പി., ശ്രീ ചിത്തിര തിരുന്നാൾ രാജരാജവർമ്മ മഹാരാജാവിനെകൊണ്ട് ക്ഷേത്രപ്രവേശന വിളംബരത്തിൽ ഒപ്പുവയ്പിച്ചു. അത് വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമാണെന്ന് വരുത്തിതീർത്ത്, ഐതിഹാസികമായി തീരേണ്ടിയിരുന്ന, അയിത്ത ജാതിക്കാരുടെ സമൂലപരിവർത്തനം ഇല്ലാതാക്കി, വൈക്കം സത്യാഗ്രഹത്തെ പിരിച്ചുവിടുവിക്കാനും ഇടയാക്കി. സർക്കാരിനെതിരായി തീരേണ്ടിയിരുന്ന, അയിത്ത ജാതിക്കാരുടെ സമൂലപരിവർത്തനം ഇല്ലാതാക്കി, വൈക്കം സത്യാഗ്രഹത്തെ പിരിച്ചുവിടുവിക്കാനും ഇടയാക്കി. സർക്കാരിനെതിരായ സമരം നിർത്തിവയ്പിക്കാനും; ഈഴവരുടെ മതംമാറ്റം ഒഴിവാക്കാനും സാധിച്ചു. ഒരു വെടിക്ക് രണ്ടുപക്ഷി. ഒപ്പം അവർണ്ണർക്കുവേണ്ടി നടന്നുവന്നിരുന്ന സമരങ്ങൾ, ക്ഷേത്രത്തിൽ പ്രവേശനം കിട്ടിയ സന്തോഷത്താൽ (അപ്പക്കഷണം കിട്ടിയ കണക്കെ) നിർജ്ജീവമാക്കാനും സാധിച്ചു.
ഈ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ആഘോഷങ്ങൾ ജനകീയ സർക്കാരുകൾ വർഷംതോറും ലക്ഷങ്ങൾ മുടക്കി ആഘോഷിക്കുമ്പോഴും കേരളത്തിലെ ജാതിവ്യവസ്ഥയ്‌ക്ക് അറുതിവന്നിട്ടില്ലെന്ന് തിരുവല്ലയിലെ പരുമലയിലുള്ള മധു എന്ന ഈഴവ യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം തെളിയിക്കുന്നു. കേരള ഹൈക്കോടതിയിൽ ശ്രീ. മധു സമർപ്പിച്ച ഹർജിയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “17.02.2007ന് കവിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നമസ്‌കാരമണ്ഡപത്തിൽ കയറുന്നതിൽ നിന്നും പൂണൂൽ ഇല്ലാ എന്ന കാരണം പറഞ്ഞ് ക്ഷേത്ര ഭരണാധികാരികൾ വിലക്കി”. കവിയൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൻ കീഴിലുള്ള ഒരു ക്ഷേത്രമാണ്. അതായത് സർക്കാർ വക ക്ഷേത്രം. കേന്ദ്രമന്ത്രി ശ്രീ. വയലാർ രവിയുടെ ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ നടത്തിയ പുണ്യാഹ സംഭവം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഇല്ല വർണ്ണം, ഇല്ല ജാതി എന്നുപറഞ്ഞ് വീമ്പിളക്കുന്ന ഹിന്ദു ഐക്യവേദിക്കാരെ ആരേയും കണ്ടില്ല ഈ അനീതിയ്‌ക്കെതിരെ പോരാടാൻ. എങ്ങനെ കാണും അവരും വരേണ്യവർഗത്തിന്റെ നാളത്തെ ചരിത്രകാരന്മാരാകേണ്ടവരല്ലേ. നമ്മളോ അവരെഴുതുന്ന ചവറുകൾ വേദവാക്യംപോലെ വിഴുങ്ങി ‘ജിഹ്വ’ മുഴക്കുവാൻ വിധിക്കപ്പെട്ടവരും ഇതിനെതിരെ പോരാടുന്ന പുരോഗമനപ്രസ്ഥാനക്കാരെ പിച്ചിച്ചീന്തുന്ന മാധ്യമവർഗ്ഗം മറ്റൊരു വശത്തും.
റഫറൻസ് ഃ
1. വൈക്കം സത്യാഗ്രഹം ഒരു ചതിയുടെ ചരിത്രം – രാജഗോപാൽ വാകത്താനം, സഹോദരൻ പ്രസിദ്ധീകരണം, വാകത്താനം.
2. കാലത്തിനുമുമ്പേ നടന്നവർ – എം.സി ജോസഫ്, ഇൻഡ്യൻ എതീസ്‌റ്റ് പബ്ലിഷേഴ്‌സ്, ന്യൂ ഡൽഹി.
3. 11.11.2007ലെ കേരളകൗമുദി ദിനപത്രം.
4. 5.8.1984ലെ കലാകൗമുദി.
Generated from archived content: essay1_mar6_08.html Author: prasannakumar-delhi