ആടിനെ പട്ടിയാക്കരുത്‌!

2004 ജൂലൈ 7 കഴിയുമ്പോഴേക്കും നമ്മുടെ രാജ്യത്ത്‌ തൊഴിൽ നഷ്‌ടപ്പെട്ട മന്ത്രിമാരുടെ എണ്ണം 250 നുമേൽ കവിയും. കോടിക്കണക്കിനുവരുന്ന പട്ടിണിപാവങ്ങളായ തൊഴിൽരഹിതരുടെ പട്ടികയിൽ 250 മന്ത്രിമാരുടെ പേരുകൾ കൂടി ചേർക്കപ്പെടും. ഏതായാലും ഭാഗ്യത്തിന്‌ കേരളത്തിലെ ഒരു മന്ത്രിക്കുപോലും തന്റെ തൊഴിൽ നഷ്‌ടപ്പെടില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ശ്രീ ഇ.കെ.ആന്റണിയുടെ കാര്യം കട്ടപ്പുക. ‘കൂനിന്മേൽ കുരു’ എന്നതുപോലെ ആന്റണി കുറെ വെളളം കൂടി കുടിച്ചേനെ. കേരളത്തിലെപോലെ തൊഴിലില്ലായ്‌മ വേതനം കൊടുക്കുന്ന ശീലം മറ്റു സംസ്ഥാനങ്ങൾക്കു കൂടിയുണ്ടായിരുന്നുവെങ്കിൽ, തൊഴിൽരഹിതരായ ഈ മന്ത്രിമാർക്കുകൂടി വേതനം നൽകാനുളള വകുപ്പ്‌ എഴുതിച്ചേർക്കില്ലെന്ന്‌ ആരുകണ്ടു.

ഇന്ത്യൻ ഭരണഘടനയുടെ 97-​‍ാമത്‌ ഭേദഗതിയെന്ന വജ്രായുധമാണ്‌ ഈ മന്ത്രിമാരുടെ മന്ത്രിപദവി വെട്ടിയെടുത്തത്‌. ഇതുമൂലം ഏകദേശം 250 കോടിയോളം രൂപയുടെ ലാഭമാണത്രെ നമ്മുടെ രാജ്യത്തിനുണ്ടാകാൻ പോകുന്നത്‌. ഈ ഭേദഗതിയനുസരിച്ച്‌ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അടക്കം മന്ത്രിസഭാംഗങ്ങളുടെ എണ്ണം, അതാത്‌ സഭയിലെ മൊത്തം അംഗങ്ങളുടെ 15% ൽ കൂടുതൽ ആകാൻ പാടില്ല. പൊതുജനത്തെ കഴുതകളെന്നു വിളിക്കുന്ന രാഷ്‌ട്രീയക്കാരും ഹാപ്പി, അവർ ഇക്കാലമത്രയും കഴുതകളാക്കിയ ജനങ്ങളും ഹാപ്പി.

പക്ഷേ, ഈ ഭരണഘടനാഭേദഗതികൊണ്ട്‌ ജനങ്ങൾക്ക്‌ ലാഭമല്ല മറിച്ച്‌ നഷ്‌ടം തന്നെയാണ്‌. മൂക്കത്ത്‌ വിരൽ വയ്‌ക്കുന്നതിന്‌ മുമ്പ്‌ ഒരു കാര്യം ചിന്തിക്കണം, കൈയിൽ കിട്ടിയ ചക്കരക്കുടം എറിഞ്ഞുടയ്‌ക്കാൻ ആരും തയ്യാറാകില്ല. അപ്പോൾ പിന്നെ അത്‌ പിടിച്ചുമേടിയ്‌ക്കുവാനേ നിവൃത്തിയുളളൂ. പിടിച്ചുമേടിക്കാൻ നോക്കിൽ അങ്ങനെ പെട്ടെന്ന്‌ വിട്ടുകൊടുക്കുന്ന സ്വഭാവക്കാരനല്ല ഇക്കൂട്ടർ എന്നറിയാമല്ലോ! അപ്പോൾ പിന്നെ എന്തുചെയ്യും? പുറത്താക്കപ്പെട്ട ഈ മന്ത്രിമാർ അതാത്‌ മുഖ്യമന്ത്രിമാർക്ക്‌ ഒരു തീരാതലവേദനതന്നെയായിരിക്കും. ഈ തലവേദന മാറണമെങ്കിൽ അവരെ എവിടെയെങ്കിലും തളച്ചിട്ടേ മതിയാകൂ. എവിടെ? ഈ അണ്ടനും അടകോടനേയുമറ്റും തളച്ചിടാൻ പറ്റുന്ന ഒരേയൊരു സ്ഥലമേ ഈ പൂമുഖത്തുളളൂ- ഏതെങ്കിലും കോർപ്പറേഷന്റെയോ പൊതുമേഖലാസ്ഥാപനത്തിന്റെയോ ചെയർമാന്റെ കസേര. ഒരുപക്ഷേ ഇവർക്ക്‌ ക്യാബിനറ്റ്‌ പദവിയോടുകൂടിയ കസേരതന്നെ വേണമെങ്കിൽ കൊടുക്കാം. അതിനും നമ്മുടെ ഭരണഘടനയിൽ വകുപ്പുണ്ടെന്ന്‌ തെളിഞ്ഞുകഴിഞ്ഞു. നിരവധി ഉദാഹരണങ്ങൾ ഉളളതിൽ ഏറ്റവും പുതിയതും ജനശ്രദ്ധയാകർഷിച്ചതുമായ ഒരു ഉദാഹരണം പറയാം.

സുഷമാ സ്വരാജ്‌, ഉമാഭാരതി, ഗോവിന്ദാചര്യമാരുടെ വീണ്ടുവിചാരമില്ലാത്ത പിടിവാശി മൂലം സമാന്തരമായ രണ്ടു പ്രധാനമന്ത്രിമാരെ ഇന്ത്യ ഇന്ന്‌ സഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഒന്ന്‌ ശ്രീമാൻ മൻമോഹൻസിങ്ങ്‌ മറ്റൊന്ന്‌ ശ്രീമതി സോണിയാഗാന്ധി. വിദേശ ജന്മപ്രശ്‌നത്തോടുകൂടി സോണിയാഗാന്ധി പ്രധാനമന്ത്രി പദത്തിൽ നിന്നും പിന്മാറുകയും പകരം അവർക്ക്‌ ഐക്യപുരോഗമന സഖ്യത്തിന്റെ അദ്ധ്യക്ഷസ്ഥാനം നൽകുകയും ചെയ്‌തു. കേന്ദ്രമന്ത്രിസഭയിലെ 15% വരുന്ന മന്ത്രിമാരിൽ സോണിയാഗാന്ധി ഉൾപ്പെടുന്നില്ല എന്നകാര്യം അടിവരയിട്ടു പറയേണ്ട കാര്യമാണ്‌. ക്യാബിനറ്റ്‌ പദവിയോടുകൂടിയ സ്ഥാനമാണ്‌ അവർ ഇന്ന്‌ അലങ്കരിക്കുന്നത്‌. ആരും ചോദിക്കാൻ ഇല്ലെങ്കിൽ ഇത്തരം എത്ര പദവികൾ വേണമെങ്കിലും സൃഷ്‌ടിക്കാം. ഈ അധികച്ചിലവു വഹിക്കുന്നത്‌, കോൺഗ്രസ്സോ സുഷമാ സ്വരാജോ ഉമാഭാരതിയോയല്ല, മറിച്ച്‌ ഇന്ത്യയിലെ നികുതിദായകരായ ജനങ്ങളാണ്‌. ഏതു ബാധ വന്നാലും കോഴിയുടെ തലപോകും എന്ന അവസ്ഥയാണ്‌ ഇന്ത്യയിലെ നികുതിദായകർക്കുണ്ടാകാൻ പോകുന്നത്‌.

അങ്ങനെ മുഖ്യമന്ത്രിമാരുടെ തലവേദന മാറ്റാനുളള ഒറ്റമൂലി റെഡി. ഫലമോ, വൻലാഭത്തിലും ചെറിയ ലാഭത്തിലും ചെറിയ നഷ്‌ടങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന കോർപ്പറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഇനിമുതൽ വൻ നഷ്‌ടങ്ങളുടെയും അടച്ചുപൂട്ടലുകളുടെയും സ്വകാര്യവത്‌കരണങ്ങളുടെയും കഥകൾ പറയേണ്ടിവരും. തൻമൂലം പതിനായിരക്കണക്കിന്‌ നിരപരാധികൾക്ക്‌ തങ്ങളുടെ തൊഴിൽ നഷ്‌ടപ്പെട്ടെന്നും വരാം. 250 മന്ത്രിമാരെ പുറത്താക്കി ചിലവുകുറച്ചുവെന്ന്‌ വീമ്പിളക്കുന്നവർ, തൊഴിൽ നഷ്‌ടപ്പെടുന്ന പതിനായിരങ്ങളോടും അവരെ ആശ്രയിച്ചു കഴിയുന്നവരോടും എന്തു സമാധാനം പറയും. 250 കോടിയുടെ ലാഭക്കഥ പറയുമ്പോഴും പിന്നാമ്പുറകിലൂടെ 2500 കോടിയുടെ നഷ്‌ടം ഉണ്ടാകുന്നു എന്ന കാര്യം ജനം ഓർക്കണം. ആടിനെ പട്ടിയാക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയുകതന്നെ വേണം.

Generated from archived content: essay1_july7.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here