ഖുറാനകളുടെ നാട്ടിൽ എന്തുമാവാം

എൻ.ഡി.എ സർക്കാർ നിയമിച്ച ഗവർണർമാരെ മാറ്റുന്നതിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കാൻ, ജൂലൈ 10-​‍ാം തീയതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യോഗങ്ങളിൽ ബി.ജെ.പി നേതാക്കൾ തീരുമാനിച്ചു. ഉത്തരേന്ത്യൻ പത്രങ്ങൾക്ക്‌ എട്ടുകോളം അച്ചുനിരത്താൻ ഇതിൽപരം ഒരു സന്തോഷവാർത്ത വേറെ എവിടെ കിട്ടും. ശ്രീ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ യൂണൈറ്റഡ്‌ പ്രോഗ്രസ്സീവ്‌ അലൈൻസ്‌ അഥവാ യു.പി.എ എന്ന ഒരു മതേതര ഗവൺമെന്റ്‌ നിലവിൽ വന്നതോടുകൂടി ബി.ജെ.പി ഒരു ‘ഇഷ്യൂ ലസ്സ്‌’ പാർട്ടിയായി മാറി. അതുകൊണ്ടാണല്ലോ ഭൂരിപക്ഷം ജനങ്ങൾക്കും യാതൊരുവിധ താല്‌പര്യവും ഇല്ലാത്ത ഗവർണർ പ്രശ്‌നം ബി.ജെ.പി ഉയർത്തിപിടിക്കുന്നത്‌. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിന്‌ ശേഷം ശ്രീമതി സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മതേതരഗവൺമെന്റ്‌ നിലവിൽ വരുമെന്ന്‌ അവസാന നിമിഷംവരെ ഓരോരുത്തരും വിശ്വസിച്ചിരുന്നു. എന്നാൽ സോണിയ പ്രധാനമന്ത്രിയായാൽ താനും തന്റെ ഭർത്താവും പാർലമെന്റിൽ നിന്നും രാജിവെയ്‌ക്കുമെന്നും താൻ തല മുണ്‌ഡനം ചെയ്‌ത്‌ വെളുത്ത്‌ വസ്‌ത്രങ്ങൾ ധരിച്ച്‌ ഒരു വിധവയെപ്പോലെ ജീവിക്കുമെന്നും ശ്രീമതി സുഷമസ്വരാജ്‌ ഭീഷണിമുഴക്കിയതിനെ തുടർന്ന്‌ ശ്രീമതി സോണിയാഗാന്ധി അവസാന നിമിഷം പ്രധാനമന്ത്രി പദത്തിൽ നിന്നും പിൻമാറിയത്‌ നാം കണ്ടതാണ്‌. സുഷമസ്വരാജിന്‌ സോണിയാഗാന്ധിയോടുളള വ്യക്തിപരമായ ഒരു ‘ഈഗോ പ്രോബ്ലം’ ആയിരുന്നു ഇതിനു പിന്നിലെന്ന്‌ ഒരു നഗ്‌നസത്യമാണ്‌. അതുകൊണ്ടാണല്ലോ ബി.ജെ.പി പിന്നീട്‌ സുഷമയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിക്കാതിരുന്നത്‌. മുൻപ്‌ സോണിയാഗാന്ധിയ്‌ക്ക്‌ എതിരായി മത്സരിക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്‌ത വ്യക്തിയാണ്‌ ശ്രീമതി സുഷമാസ്വരാജ്‌.

മൻമോഹൻ സിങ്ങ്‌ അധികാരത്തിൽ വന്നതിന്‌ ശേഷം പ്രതിപക്ഷമായ ബി.ജെ.പി ആദ്യമായി നടത്തുന്ന പ്രക്ഷോഭപരിപാടി തികച്ചും ജനതാല്‌പര്യമില്ലാത്ത ഒന്നായതിൽ വളരെയധികം വിഷമം ഉണ്ട്‌. ബി.ജെ.പി ഒരു ദേശീയ പാർട്ടിയാണെന്ന കാര്യം പലപ്പോഴും ബി.ജെ.പി നേതാക്കൾ തന്നെ മറക്കുന്നു. ‘ഹിന്ദുത്വം’ മുഖ്യ അജണ്ടയാണെന്ന്‌ പറയുമ്പോഴും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കുവേണ്ടി എൻ.ഡി.എ സർക്കാരാൽ നിയമിതരായ ഈ ഗവർണർമാർ എന്തു ചെയ്‌തു അല്ലെങ്കിൽ എന്തു ചെയ്യുന്നു എന്നുകൂടി വ്യക്തമാക്കാനുളള ധാർമ്മികമായ ഉത്തരവാദിത്വം കൂടി ഇവർക്കുണ്ട്‌. പുതുതായി ഏതു ഗവൺമെന്റ്‌ അധികാരത്തിൽ വന്നാലും തങ്ങളുടെ സന്തതസഹചാരികളായവരെ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിൽ എവിടെയെല്ലാം വിടവുകളുണ്ടോ അവിടെയെല്ലാം കുത്തിനിറക്കുക പതിവാണ്‌. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെ കഴിഞ്ഞ എൻ.ഡി.എ ഗവൺമെന്റ്‌ ചെയ്‌തതു തന്നെ ഇപ്പോഴത്തെ യു.പി.എ ഗവൺമെന്റും ചെയ്യുന്നു. ഇതിന്‌ നിയമപരമായ തടസ്സങ്ങൾ ഒന്നും ഉളളതായി അറിയില്ല. വാജ്‌പേയ്‌ ഗവൺമെന്റിന്റെ കാലത്ത്‌ നിയമിച്ച ഗവർണർമാരെല്ലാം ബി.ജെ.പിയുമായോ ആർ.എസ്‌.എസുമായോ ബന്ധമുളളവരായിരുന്നു. മൻമോഹൻസിങ്ങ്‌ ഗവൺമെന്റ്‌ കോൺഗ്രസുകാരായവരെ ഗവർണർമാരാക്കുന്നതിനെ എതിർക്കുന്ന ബി.ജെ.പി നേതാക്കൾ, എന്തുകൊണ്ട്‌ വാജ്‌പേയ്‌ ഗവൺമെന്റിന്റെ കാലത്ത്‌ ഒരു കോൺഗ്രസുകാരനെയെങ്കിലും ഗവർണറാക്കിയില്ല.

സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പുതിയ സർക്കാരുകൾ നിലവിൽ വരുമ്പോൾ അടുത്ത ഒരാഴ്‌ചക്കുളളിൽ, രാഷ്‌ട്രീയ പിൻബലത്താൽ നിയമിതരായ ഉന്നത ഉദ്യോഗസ്ഥർ രാജിവെയ്‌ക്കുന്ന ബഹളമായിരിക്കും രാജ്യം മുഴുവനും. ദേശീയ സുരക്ഷ കൗൺസിലിന്റെ അധ്യക്ഷൻ, എൻ.സി.ആർ.ടി. ചെയർമാൻ, വിദേശകാര്യ സെക്രട്ടറി, വൈസ്‌ ചാൻസലറുമാർ, കോർപ്പറേഷൻ ചെയർമാൻമാർ അങ്ങനെ നീണ്ടുപോകുന്നു അവരുടെ പട്ടിക. തങ്ങളുടെ രാഷ്‌ട്രീയ താത്‌പര്യത്തിനു ലഭിച്ച ഈ അധികാരത്തിന്റെ അപ്പകക്ഷണങ്ങൾ വലിച്ചെറിയാൻ ആത്മാഭിമാനം ഉളള ഒരാൾക്കും രണ്ടിലൊന്ന്‌ ആലോചിക്കേണ്ടിവരില്ല. എന്നാൽ ഈ അപ്പക്കഷണങ്ങൾ വലിച്ചെറിയാൻ മടികാണിക്കുന്ന ഗവർണർമാരെക്കുറിച്ച്‌ സാധാരണ ജനങ്ങൾക്ക്‌ മതിപ്പല്ല, നേരെമറിച്ച്‌ പുച്ഛമാണ്‌ തോന്നുന്നത്‌. ഈ ഗവർണർമാർ അവരുടെ സ്ഥാനങ്ങൾ തുടർന്നും അലങ്കരിച്ചാൽ അതുകൊണ്ട്‌ ബി.ജെ.പിക്കോ ഹിന്ദുത്വത്തിന്റെ ഭാഗമായ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കോ എന്തു നേട്ടമാണുണ്ടാകുന്നത്‌? അന്തരിച്ച ശ്രീ സിക്കന്തർ ഭക്ത്‌ കേരള ഗവർണറായതിനുശേഷവും ബി.ജെ.പിയ്‌ക്ക്‌ കേരളത്തിൽ ഒരു അക്കൗണ്ടെങ്കിലും തുറക്കാൻ കഴിഞ്ഞോ? മുവാറ്റുപുഴയിൽ ശ്രീ പി.സി.തോമസിന്റെ വിജയം ഗവർണറായിരുന്ന ശ്രീ സിക്കന്തർ ഭക്തിന്റെ വിജയമാണെന്ന്‌ പറയാൻ പറ്റുമോ? നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം നടക്കുന്നവേളകളിൽ അതാതു ഗവൺമെന്റുകൾ എഴുതിക്കൊടുക്കുന്ന കടലാസു തുണ്ടുകൾ അതുപോലെ തന്നെ വായിക്കാൻ വിധിക്കപ്പെട്ടവരല്ലേ ഈ ഗവർണർമാർ. കോൺഗ്രസ്‌ ഗവൺമെന്റിന്റെ നയപരിപാടികൾ വായിക്കുകയായിരുന്നില്ലേ ശ്രീ സിക്കന്തർ ഭക്തും ചെയ്‌തിരുന്നത്‌.

ഗുജറാത്ത്‌ ഗവർണറായിരുന്ന ശ്രീ കൈലാസ്‌പതി മിശ്ര, ഗോവ ഗവർണറായിരുന്ന ശ്രീ കേദാർനാഥ്‌ സാഹ്‌നി, ഹരിയാന ഗവർണറായിരുന്ന ശ്രീ ബാബു പരമാനന്ദ്‌, ഉത്തർപ്രദേശ്‌ ഗവർണറായിരുന്ന ശ്രീ വിഷ്‌ണുകാന്ത്‌ ശാസ്‌ത്രി എന്നിവരെ നീക്കിയതിൽ പ്രതിഷേധിച്ചാണ്‌ ബി.ജെ.പി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്‌. സത്യത്തിൽ ഈ നാലു ഗവർണർമാരെ നീക്കിയതാണോ ബി.ജെ.പി നേതാക്കളെ ചൊടിപ്പിച്ചത്‌. ഒരിക്കലുമല്ല. ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്ന കൊച്ചുകുട്ടികളോടുവരെ ചോദിച്ചാൽ അവർ വരെ പറയും ഇതിനുപിന്നിലെ സത്യാവസ്ഥ ബി.ജെ.പി നേതാക്കൾക്ക്‌ ഏറ്റവും അധികം തലവേദന സൃഷ്‌ടിക്കാൻ പോകുന്നത്‌ രാജസ്ഥാൻ ഗവർണറായ ശ്രീ മഥൻലാൽ ഖുറാനയാണ്‌. പഞ്ചാബിയായ ശ്രീ ഖുറാനയും ഹരിയാനയിലെ ജാട്ട്‌ വംശജനായ ശ്രീ സാഹിബ്‌ സിങ്ങ്‌ വർമ്മയും തമ്മിൽ കളിക്കുന്ന ‘ചീഞ്ഞ’ രാഷ്‌ട്രീയമാണ്‌ ഡൽഹിയിൽ ബി.ജെ.പിയുടെ അടിത്തറ തന്നെ ഇളക്കിയത്‌. ഇവർ തമ്മിലുളള കോഴിപ്പോര്‌ അവസാനിപ്പിക്കുവാനായാണ്‌ ശ്രീ ഖുറാനയെ രാജസ്ഥാൻ ഗവർണറായി കെട്ടുകെട്ടിച്ചത്‌. ശ്രീ ഖുറാന സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും ഡൽഹി രാഷ്‌ട്രീയത്തിൽ തിരിച്ചെത്തുകയും ചെയ്‌താൽ ബി.ജെ.പിയുടെ കാര്യം ‘കൂനിൻമേൽ കുരു’ എന്നതുപോലെയാകും. ഇതു മനസ്സിലാക്കിയാണ്‌ ബി.ജെ.പി നേതാക്കൾ ‘ഓടുന്ന നായ്‌ക്കിട്ട്‌ ഒരു മുഴം മുന്നെ’ എറിയാൻ തീരുമാനിച്ചത്‌.

നാണമില്ലാത്തവന്റെ എവിടെയോ ഒരു ആലു കിളുത്താൽ അതും തണലാകും എന്നതുപോലെയാണ്‌ ഡൽഹി രാഷ്‌ട്രീയം. നാലു ഗവർണർമാരെ അധികാരത്തിന്റെ പുറത്തുനിന്ന്‌ തളളി താഴെയിട്ടതിനും മറ്റുനാലു ഗവർണർമാരെ താഴെയിടാതിരിക്കുവാനും വേണ്ടിയും രാജ്യവ്യാപകമായി ബി.ജെ.പി നേതാക്കൾ ‘പാർലമെന്റിൽ നിന്നും തെരുവിലേക്ക്‌’ ഇറങ്ങുമ്പോൾ, മറ്റുചില ബി.ജെ.പി നേതാക്കൾ അധികാരം നഷ്‌ടപ്പെട്ടിട്ടും തങ്ങളുടെ തറവാടുകൾ വിട്ടിറങ്ങാൻ തയ്യാറായിട്ടില്ലാത്തത്‌ തികച്ചും വിരോധാഭാസമാണ്‌. യു.പി.എ സർക്കാരിൽ സയൻസ്‌ & ടെക്‌നോളജി മന്ത്രിയായ ശ്രീ കപിൽ സിബാളിന്‌ അനുവദിച്ചിരിക്കുന്ന, റായ്‌സിന റോഡിലെ ബംഗ്ലാവ്‌ ഇതുവരെ ശ്രീ മുരളി മനോഹർ ജോഷി വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. ഡൽഹിയിലെ സാദർ പാർലമെന്റ്‌ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ട ശ്രീ വിജയ്‌ ഗോയൽ, മഹാദേവ്‌ റോഡിലുളള 5-​‍ാം നമ്പർ ബംഗ്ലാവ്‌ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. അതുപോലെ തന്നെ ശ്രീ സാഹിബ്‌ സിങ്ങ്‌ വർമ്മ തുഗ്ലക്ക്‌ ലേനിലെ 5-​‍ാം നമ്പർ ബംഗ്ലാവും ബീഹാറിൽ നിന്നുളള മുൻ എം.പി. ശ്രീ പപ്പു യാദവ്‌ ബൽബന്ദ്‌റായ്‌ മേഹ്‌ത്ത ലേനിലെ ഒന്നാം നമ്പർ വീടും ഡൽഹിയിൽ കരോൾ ബാഗിൽ നിന്നുളള മുൻ എം.പി.ശ്രീമതി അനിത ആര്യ നോർത്ത്‌ അവന്യൂവിലുളള 3-​‍ാം നമ്പർ വീടും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല എന്നതാണ്‌ യാഥാർത്ഥ്യം. കൂടാതെ ജഗ്‌മോഹൻ, സത്യനാരായണൻ ജട്ടിയ, വിനോദ്‌ ഖന്ന, മേനകഗാന്ധി, സമതാപാർട്ടി നേതാക്കളായ ശ്രീ ജോർജ്‌ ഫെർണാണ്ടസ്‌, ശ്രീ ശരദ്‌ യാദവ്‌, ശ്രീ നിതീഷ്‌ കുമാർ തുടങ്ങിയ തലമൂത്ത നേതാക്കളും തങ്ങൾക്കു കിട്ടിയ ബംഗ്ലാവുകൾ തിരിച്ചു നൽകാൻ തയ്യാറായിട്ടില്ല. രാജ്യവും രാജകിങ്കരന്മാരും നഷ്‌ടപ്പെട്ടിട്ടും എന്തേ ഇവർ കിരീടം വച്ചു കീഴടങ്ങുന്നില്ല. സ്വന്തം കണ്ണിലെ കോലുകാണാതെ മറ്റുളളവന്റെ കണ്ണിലെ കരടു തേടിപോകുന്ന ഇവരോട്‌ ഒന്നേ പറയാനുളളൂ-മാ നിഷാദാ!

മഹാരാഷ്‌ട്ര പോലുളള സംസ്ഥാനങ്ങളിൽ ഓരോ വർഷവും 10,000 കണക്കിന്‌ കുട്ടികളാണ്‌ 6 വയസ്സാകുന്നതിന്‌ മുൻപ്‌ തന്നെ മരിച്ചുവീഴുന്നത്‌. പോഷകാഹാരക്കുറവും മറ്റു അസുഖങ്ങളുമാണ്‌ ഇതിനു പിന്നിലെന്നാണ്‌ മഹാരാഷ്‌ട്ര ഗവൺമെന്റ്‌ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്‌. എന്തുകൊണ്ട്‌ ഇത്തരം സാമൂഹിക പ്രശ്‌നങ്ങൾക്കുവേണ്ടി ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കുന്നില്ല. അതോ ഈ മരിച്ചു വീഴുന്ന കുട്ടികളിൽ ഹിന്ദുക്കളില്ല എന്നു വിശ്വസിക്കുന്നുവോ? കേരളത്തിലെ ബി.ജെ.പി നേതാക്കളിൽ ഞാൻ ഇഷ്‌ടപ്പെടുന്ന, ഒരു പക്ഷേ നിങ്ങളും ഇഷ്‌ടപ്പെടുന്ന, ഒരു നേതാവാണ്‌ ശ്രീ സി.കെ.പത്മനാഭൻ. അധികാരത്തിന്റെ വടംവലി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തതായി എവിടെയെങ്കിലും വായിച്ചതായി അറിവില്ല. വാക്കുകൾ അളന്നുകുറിച്ച്‌ മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന്റെ ഓരോ വാക്കുകളും നെപ്പോളിയന്റെ വാളിനേക്കാൾ മൂർച്ചയുളളതാണ്‌. അദ്ദേഹത്തിനോട്‌ എനിക്കൊരു അഭ്യർത്ഥനയുണ്ട്‌. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിന്റെ വാക്കുകൾ കേട്ട്‌ ഇത്തരം ‘സില്ലി’ പ്രശ്‌നങ്ങൾക്കു പുറകെ പോകരുത്‌! മറിച്ച്‌ വയനാട്ടിൽ ആത്മഹത്യ ചെയ്യുന്ന കടബാധിതരായ കർഷകർക്കുമുന്നിൽ ഒരു സഹായഹസ്‌തമായി നീങ്ങൂ. ഈ സൽപ്രവർത്തിയിൽ എല്ലാവിഭാഗം ജനങ്ങളും മുപ്പത്തിമുക്കോടി ദൈവങ്ങളും നിങ്ങളോടൊപ്പമുണ്ടാകും തീർച്ച.

Generated from archived content: essay1_july14.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here