സംഭവാമി യുഗേ യുഗേ!

പുഴ.കോമിൽ (ഗ്രാമം മാസിക-മിനിമാഗസിൻ ചാനൽ) ശ്രീ. പി.ബൈജു പ്രകാശ്‌ എഴുതിയ ‘ഭക്തിവ്യവസായമോ യുക്തിവ്യവസായമോ’ എന്ന ലേഖനമാണ്‌ ഇങ്ങനെയൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. മാതാ അമൃതാനന്ദമയിയുടെ ദിവ്യാത്ഭുതകഥകളെ വിമർശിച്ച്‌ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ശ്രീനി പട്ടത്താനം എന്ന എഴുത്തുകാരനെ പ്രോസിക്യൂട്ട്‌ ചെയ്യുവാൻ സർക്കാർ തലത്തിൽ നീക്കം നടന്നത്‌ നിങ്ങൾ ഓർക്കുമല്ലോ. ഈ പുസ്‌തകത്തിന്റെ വിലയെ വിമർശിച്ചുകൊണ്ട്‌ ശ്രീ ബൈജു പ്രകാശ്‌ ഇങ്ങനെ തുടരുന്നു….വായിച്ചുകൊണ്ടിരുന്ന ‘അമൃതാനന്ദമയി ദിവ്യകഥകളും യാഥാർത്ഥ്യവും’ എന്ന പുസ്‌തകത്തിന്റെ വ്യാവസായിക സാധ്യത വെറുതെ ഒന്നു പരിശോധിച്ചു. നോട്ടീസ്‌ പേപ്പറിൽ അച്ചടി ഒറ്റകളറിലുളള കവർ, കവർ പേജ്‌ സഹിതം ആകെ 200 പേജ്‌. വില നൂറ്‌ രൂപ….ആശയപ്രചരണത്തിന്‌ വേണ്ടിയാണെങ്കിൽ നാല്‌പത്‌ (രൂപ) വിലയിട്ടാലും നഷ്‌ടം വരില്ല…. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ അമൃതാനന്ദമയി വിറ്റു കാശാക്കുന്നു എന്ന്‌ രോഷം കൊളളുന്നവർ അമൃതാനന്ദമയിയെ വിറ്റു കാശാക്കുന്ന യുക്തി കൊളളാം. യുക്തിവാദിയെന്ന്‌ വെറുതെയാണോ വിളിക്കുന്നത്‌!

ഇവിടെ ഞാൻ യുക്തിവാദികളെയും ഭക്തിവാദികളെയും ന്യായികരിക്കുകയല്ല. പക്ഷേ ചില യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ കണ്ണടയ്‌ക്കാൻ സാധിക്കാത്തതുകൊണ്ട്‌ ചില കാര്യങ്ങൾ മാത്രം പറയാൻ ആഗ്രഹിക്കുന്നു. 200 പേജുളള പുസ്‌തകത്തിന്‌ 100 രൂപ വിലയിട്ടതിൽ വിലപിക്കുന്ന ബൈജു പ്രകാശിന്റെ ശ്രദ്ധ ഒരുനിമിഷം ക്ഷണിക്കട്ടെ. ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഹിന്ദുസ്ഥാൻ ടൈംസ്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യ തുടങ്ങിയ ഇംഗ്ലീഷ്‌ പത്രങ്ങൾ ദിവസവും കുറഞ്ഞത്‌ 25-30 പേജുകൾ കാണാറുണ്ട്‌. മുഴുവൻ പേജുകളും മൾട്ടികളറിൽ പ്രിന്റു ചെയ്യുന്ന ഈ പേപ്പറുകളുടെ വിലയോ വെറും ഒരു രൂപ അമ്പതു പൈസ മാത്രം. അതേ സമയം 12-18 പേജുകൾ മാത്രമുളളതും മുഴുവൻ പേജുകളും മൾട്ടികളറിൽ പ്രിന്റു ചെയ്യാത്തതുമായ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വായിക്കുന്ന മലയാളം പത്രങ്ങളുടെ വിലയോ മൂന്നു രൂപയിൽ അധികമാവും. എന്തുകൊണ്ട്‌ ഇംഗ്ലീഷ്‌ പത്രങ്ങൾക്ക്‌ വിലകുറവും മലയാളം പത്രങ്ങൾക്ക്‌ വിലകൂടുതലും വാങ്ങുന്നു? അമൃതാനന്ദമയിയുടെ ദിവ്യാത്ഭുതങ്ങൾക്കെതിരെ ശ്രീനി പട്ടത്താനം ഒരേ ഒരു പുസ്‌തകമേ എഴുതിയിട്ടുളളൂ. ഈ ഒരു പുസ്‌തകം വായിച്ചാലുടൻ അമൃതാനന്ദമയിയുടെ ഭക്തന്മാരെല്ലാം അവിശ്വാസികളായിത്തീരും എന്നു കരുതാൻ പറ്റുമോ. പിന്നെ എന്തിന്‌ ഈ പുസ്‌തകത്തിനുനേരെ ബൈജു പ്രകാശിനെ പോലുളളവർ കലി തുളളണം. അമൃതാനന്ദമയിയെ വിമർശിച്ചുകൊണ്ട്‌ എഴുതപ്പെട്ടിട്ടുളള പുസ്‌തകങ്ങൾ, പുസതകലോകത്ത്‌ വളരെ വിരളമാണ്‌. എന്നാൽ പെൻഗ്വിൻ ബുക്‌സ്‌ എന്ന ബഹുരാഷ്‌ട്രപുസ്‌തക കമ്പനിയടക്കമുളളവർ പുറത്തിറക്കിയിരിക്കുന്ന അമൃതാനന്ദമയിയെ പാടിപുകഴ്‌ത്തി എഴുതിയ പുസ്‌തകങ്ങൾക്ക്‌ പുസ്‌തകവിപണിയിൽ യാതൊരു പഞ്ഞവുമില്ല. 100 കണക്കിന്‌ പുസ്‌തകങ്ങൾ ഒരാൾക്ക്‌ സ്‌തുതി പാടുമ്പോൾ അതിനെതിരെ ശബ്‌ദിച്ച ഒരു പുസ്‌തകത്തിന്‌ നേരെ എന്തിന്‌ കലിതുളളണം. സ്‌തുതിപാടകർക്ക്‌ കൈകൊടുക്കുകയും വിമർശകരുടെ കൈയൊടിക്കുകയും ചെയ്യുന്നതിനെയാണോ ‘സനാതനധർമ്മം’ എന്നു പറയുന്നത്‌. ലോകചരിത്രത്തിൽ എവിടെയെങ്കിലും യുക്തിവാദികൾ അന്ധവിശ്വാസങ്ങൾക്കും അത്‌ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന മതനേതാക്കൻമാരെയും ആശയപരമായല്ലാതെ ശാരീരികമായി നേരിട്ടിട്ടുണ്ടോ? പക്ഷേ ഇത്തരം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്‌ദമുയർത്തിയവരെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ചരിത്രമേ നമുക്ക്‌ കാണാൻ കഴിയൂ. ‘സാത്താന്റെ വചനങ്ങൾ’ എന്ന പുസ്‌തകമെഴുതിയ സൽമാൻ റുഷ്‌ദി, ബംഗ്ലാദേശുകാരിയായ തസ്‌ലിമ നസ്‌റുദീൻ, പാകിസ്ഥാനിലെ ഡോ. യൂനസ്സ്‌ ഷെയ്‌ക്ക്‌, ‘ക്രിസ്‌തുവിന്റെ ആറാം തിരുമുറിവെന്ന’ നാടകം രചിച്ച ശ്രീ പി.എം.ആന്റണി, ‘ജോസഫ്‌ എന്ന തച്ചൻ’ എന്ന നോവലെഴുതിയ ഫാദർ നെറ്റിയാടൻ, ‘മതസംഘടനകൾ എന്ന ബിദ്‌അത്ത്‌’ എന്ന പുസ്‌തകമെഴുതിയ ശ്രീ ഹുസൈൻബദ്‌രി, ശ്രീനി പട്ടത്താനം, സക്കറിയ, സുകുമാർ അഴീക്കോട്‌ തുടങ്ങി ഒരു വൻ നിരതന്നെ ഇത്തരം പീഡനങ്ങൾക്ക്‌ വിധേയരായവരാണ്‌.

ഇന്ത്യ ഒരു സ്വതന്ത്രജനാധിപത്യ രാഷ്‌ട്രമാണ്‌. ഇവിടെ ഈശ്വരവിശ്വാസികൾക്ക്‌ അവരുടെ വിശ്വാസം പ്രചരിപ്പിക്കുവാനുളള അവകാശം പോലെ തന്നെ അവിശ്വാസികൾക്ക്‌ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഉളള സ്വാതന്ത്ര്യമുണ്ട്‌. ഏത്‌ ആശയങ്ങൾ തളളണം ഏത്‌ ആശയങ്ങൾ ഉൾക്കൊളളണം എന്ന്‌ തീരുമാനിക്കേണ്ടത്‌ ജനങ്ങളാണ്‌. ആശയങ്ങളെ ആശയങ്ങൾ കൊണ്ട്‌ നേരിടണം, അല്ലാതെ ആയുധവും നിയമവും ഉപയോഗിച്ച്‌ അടിച്ചമർത്തുന്നത്‌ ഭീരുത്വമാണ്‌. അമൃതാനന്ദമയി ആശ്രമത്തിന്റെ ആതുര വിദ്യാഭ്യാസരംഗത്തെ സേവനങ്ങളിൽ ശ്രീ ബൈജു പ്രകാശ്‌ വാചാലനായി കാണപ്പെടുന്നു. അമൃതാനന്ദമയി മഠം ലാഭേച്‌ഛ കൂടാതെ പ്രവർത്തിക്കുന്നതും ആരോഗ്യ&സാമൂഹിക&വിദ്യാഭ്യാസ&ഗ്രാമവികസനത്തിനുവേണ്ടി പ്രവർത്തിക്കുന്നതുമായ ഒരു ചാരിറ്റബിൾ സംഘടനയാണെന്ന സത്യം ബൈജു പ്രകാശ്‌ മറക്കുന്നു. ഏറ്റവും അധികം വിദേശഫണ്ട്‌ കിട്ടുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്ഥാപനമാണ്‌ അമൃതാനന്ദമയി മഠം എന്ന്‌ കേന്ദ്ര ഗവൺമെന്റിന്റെ ആഭ്യന്തര റിക്കോർഡുകൾ സൂചിപ്പിക്കുന്നു. അങ്ങനെയുളള അമൃതാനന്ദമയി മഠം എന്തുകൊണ്ട്‌ പാവപ്പെട്ട ഭക്തർക്ക്‌ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും നൽകുന്നില്ല? എറണാകുളം പോലുളള മുന്നോക്ക ജില്ലയിൽ സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ പണിതതുപോലെ പിന്നോക്ക ജില്ലയായ വയനാട്ടിലെ ആദിവാസികൾക്കായി ഒരു ഹോസ്‌പിറ്റൽ എന്തുകൊണ്ട്‌ പണിയുന്നില്ല? ഇന്ത്യയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി സൗജന്യ ചികിത്സ നൽകുന്ന മൂന്നു ഹോസ്‌പിറ്റലുകളെയുളളൂ. ഡൽഹിയിലെ ഓൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, പഞ്ചാബിലെ മെഡിക്കൽ കോളേജ്‌ (?), പിന്നെ പുട്ടപർത്തിയിലെ സത്യസായി ബാബ ഹോസ്‌പിറ്റൽ. എന്തുകൊണ്ട്‌ സത്യസായിബാബയുടെ മാർഗ്ഗം അവലംബിക്കുവാൻ അമൃതാനന്ദമയി മഠം ശ്രമിക്കുന്നില്ല.

മനുഷ്യദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുവാൻ നമ്മുടെ ഭരണകൂടങ്ങളും മാധ്യമങ്ങളും പരസ്‌പരം മത്സരിക്കുകയാണ്‌. കാലാകാലങ്ങളിൽ അവതരിക്കുന്ന മനുഷ്യദൈവങ്ങളുടെ പുറകെ പായുന്ന രാഷ്‌ട്രീയ നേതാക്കളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു. തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ സി.കേശവന്റെ ഭരണകാലത്ത്‌ ഒരിക്കൽ ശബരിമലയിൽ അഗ്‌നിബാധയുണ്ടായി. ഇതിനെക്കുറിച്ച്‌ പത്രക്കാർ അദ്ദേഹത്തോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്‌ ‘ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും’ എന്നായിരുന്നു. ഇങ്ങനെയൊരു അഭിപ്രായം പറയാൻ അദ്ദേഹത്തെപ്പോലെ ധൈര്യശാലിയായ ഒരു മുഖ്യമന്ത്രി പിന്നീട്‌ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ? അജ്ഞാനാന്ധകാരത്തിൽ നിന്ന്‌ തന്റെ തപോബലത്താൽ വീണ്ടെടുത്ത സനാതനധർമ്മത്തിന്റെ പരിരക്ഷയ്‌ക്കായി ശ്രീ ശങ്കരൻ ഭാരതത്തിന്റെ നാലു ഭാഗങ്ങളിലായി സ്ഥാപിച്ച ശൃംഗേരി, ബഥരിനാഥ്‌, പുരി, ദ്വാരക എന്നിവിടങ്ങളിലെ മഠാധിപന്മാർ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത കാഞ്ചിപുരത്തെ കാമകോടിപീഠത്തെയും ജയേന്ദ്രസരസ്വതിയേയും നമ്മുടെ ഭരണകൂടങ്ങൾ അംഗീകരിക്കുകയും ആരാധിച്ചുപോരുകയും ചെയ്‌തതിന്റെ പരിണിതഫലമാണ്‌ ഇന്ന്‌ ജയേന്ദ്രസരസ്വതിയുടെ അറസ്‌റ്റിൽ എത്തി നിൽക്കുന്നത്‌. അനധികൃതമായി കുമിഞ്ഞ കൂടുന്ന സ്വത്തുക്കൾ സംരക്ഷിക്കുവാനും അത്‌ കൈയടക്കി ഭരിക്കുവാനും വേണ്ടി എത്ര ഹീനമായ പ്രവർത്തിയും വേണ്ടിവന്നാൽ അതിന്‌ തടസ്സം നിൽക്കുന്നവരെ കൊന്നുതളളുവാനും സ്വാമിമാർ പോലും മടിക്കില്ലെന്നതിന്റെ ഉത്തമോദാഹരണമാണ്‌ ശങ്കരരാമൻ കൊലക്കേസ്‌. ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഗോഡ്‌മാൻ എന്ന്‌ അറിയപ്പെട്ടിരുന്ന ചന്ദ്രസ്വാമി, രാജീവ്‌ഗാന്ധിയെ കൊലപ്പെടുത്താൻ ധനസഹായം നൽകിയിരുന്നുവെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു. കാര്യങ്ങളുടെ സ്ഥിതി ഇങ്ങനെ പോയാൽ നാളെ ജീവനകലയുടെ ആചാര്യനായ ശ്രീ ശ്രീ രവിശങ്കറും മറ്റൊരു മനുഷ്യദൈവമായി അവതരിക്കില്ലെന്നാരറിഞ്ഞു. കൂടുവിട്ടുകൂടുമാറാൻ കഴിവുളള സുപ്രസിദ്ധ മജീഷ്യനായ ശ്രീ മുതുകാടിനെപോലെയുളളവർ നാളെ മനുഷ്യദൈവങ്ങളുടെ റോളിൽ അവതരിച്ചാൽ കൂടി അത്ഭുതപ്പെടാനില്ല.

ശ്രീ ബൈജു പ്രകാശ്‌ ആരോപിക്കുന്നതുപോലെ യുക്തിവാദമല്ല, മറിച്ച്‌ ആത്മീയതയാണ്‌ ഇന്ന്‌ ഒരു വ്യവസായമായി മാറിയിരിക്കുന്നത്‌. പത്രങ്ങൾക്കും മാഗസിനുകൾക്കും പുറമെ ടി.വി.ചാനലുകളും ഇന്ന്‌ മത്സരിച്ചാണ്‌ ആത്മീയത ജനങ്ങളിലേക്ക്‌ അടിച്ചേൽപ്പിക്കുന്നത്‌. നിരീശ്വരവാദിയായിരുന്ന ഒരാൾ തന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച എന്തെങ്കിലും സംഭവങ്ങളുടെ വെളിച്ചത്തിൽ ഈശ്വരവിശ്വാസി ആയിത്തീർന്ന, പലവിധത്തിലുളള നിരവധി കഥകൾ ഞാൻ ഇത്തരം ടി.വി ചാനലുകളിലൂടെയും മറ്റും കേട്ടിട്ടുണ്ട്‌. ഇത്തരം കഥകൾ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന്‌ എനിക്കറിയില്ല. പക്ഷേ എന്റെ കൺമുന്നിൽ നടന്ന ഒരു സംഭവം പറയാം. ഡൽഹിയിലെ തിരക്കേറിയ കണോട്ട്‌പ്ലേസിലെ ഒരു ബസ്‌ സ്‌റ്റാന്റിൽ ബസ്‌ കാത്തു നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന്‌ പാഞ്ഞു വന്നുനിന്ന ഒരു ബസിൽ നിന്നും ചാടിയിറങ്ങുകയായിരുന്നു ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്‌കൻ. ബസിന്റെ വാതിൽപ്പടിയുടെ സൈഡിലുളള ഒരു ഹുക്കിൽ അയാളുടെ കൈയിൽ കെട്ടിയിരുന്ന ചുവന്ന ചരടു ഉടക്കി. (നോർത്ത്‌ ഇന്ത്യക്കാർ ക്ഷേത്രങ്ങളിൽ നിന്നും പൂജിച്ച ചുവന്ന നിറത്തിലുളള ചരടുകൾ കൈയിൽ കെട്ടുന്നത്‌ സാധാരണമാണ്‌). പെട്ടെന്ന്‌ അയാൾ ബാലൻസ്‌ തെറ്റി റോഡിലേക്ക്‌ വീഴുകയും സൈഡിലൂടെ ഓടിവന്ന ഒരു കാറ്‌ അയാളെ ഇടിച്ചിടുകയും ചെയ്‌തു. പിറ്റേ ദിവസത്തെ പത്രത്തിലൂടെ മനസ്സിലായി അയാൾ ഇന്ന്‌ ഈ ലോകത്ത്‌ ജീവിച്ചിരിപ്പില്ല എന്ന്‌. അയാളുടെ കൈയിൽ അപ്പോൾ ആ ചരട്‌ കെട്ടിയിട്ടില്ലായിരുന്നെങ്കിൽ അയാൾക്ക്‌ ഈ ഗതി വരില്ലല്ലോ എന്ന്‌ ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി. ഒരുപക്ഷേ അയാളുടെ വീട്ടുകാരും എന്നെപോലെ ചിന്തിച്ചിട്ടുണ്ടാവാം. ഇവിടെ അയാളുടെ വിശ്വാസം തന്നെയല്ലേ അയളുടെ അന്തകനായത്‌. ഒരുപക്ഷേ ഈശ്വരവിശ്വാസികൾ ഇതിനെ ഈശ്വരന്റെ പരീക്ഷണമെന്ന പേരിൽ ഉൾപ്പെടുത്തിയിരിക്കും.

കമ്മ്യൂണിസ്‌റ്റുകൾക്ക്‌ മാപ്പുകൊടുക്കണമെന്ന്‌ അധിക്ഷേപിക്കുന്ന ബൈജു പ്രകാശ്‌, കമ്മ്യൂണിസ്‌റ്റ്‌ ഗവൺമെന്റുകൾ കേരളത്തിൽ നാനാതുറകളിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ മനഃപൂർവ്വം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. ഈ നേട്ടങ്ങളെ സാമ്രാജ്യത്വ ശക്തികളുടെ പാദസേവകരായ ഐ.എം.എഫ്‌, ഇ.ഡി.ബി., ലോകബാങ്ക്‌ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വരെ അംഗീകരിച്ചിരിക്കുകയാണ്‌. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെയും വനിതാസംഘടനകളുടെയും ത്യാഗോജ്വലമായ സമരങ്ങളുടെ പരിണിതഫലങ്ങളാണ്‌ ഇന്ന്‌ കേരളസമൂഹത്തിൽ സ്‌ത്രീകൾക്ക്‌ പുരുഷൻമാർക്കൊപ്പം കിട്ടുന്ന തുല്യതയും അംഗീകാരവും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്‌ത്രീകളെ ഇന്നും പുരുഷൻമാരുടെ കാൽക്കീഴിൽ അടിച്ചമർത്തിയിട്ടിരിക്കുകയാണ്‌. ഈ സംസ്ഥാനങ്ങളിൽ സ്‌ത്രീകൾക്ക്‌ സമൂഹത്തിൽ അർഹിക്കുന്ന ഒരു സ്ഥാനവും നൽകാറില്ല. അതുകൊണ്ടാണ്‌ കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ സ്‌ത്രീവർഗ്ഗത്തിൽപ്പെട്ട മനുഷ്യദൈവങ്ങൾ ജന്മം കൊളളാത്തത്‌. പക്ഷേ അമൃതാനന്ദമായി ഇപ്പോൾ അനുഭവിക്കുന്ന ദൈവിക സ്ഥാനം കേരളത്തിലെ സ്‌ത്രീവിമോചന സംഘടനകളുടെ ത്യാഗഫലമാണെന്ന സത്യം ബൈജുപ്രകാശിനെപോലുളള ഭക്തർ അംഗീകരിക്കുകതന്നെ വേണം. ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ഉടലെടുക്കുന്ന സോഷ്യലിസ്‌റ്റ്‌-കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളെ ഉടലോടെ നശിപ്പിക്കുവാൻ അമേരിക്കയടക്കമുളള സാമ്രാജ്യത്വശക്തികൾ കോടിക്കണക്കിന്‌ ഡോളറുകളാണ്‌ ചിലവഴിക്കുന്നത്‌. അതിനായി അവർ ഇത്തരം ഭക്തിപ്രസ്ഥാനങ്ങളെയും മതനേതാക്കൻമാരെയും കൈയിലെടുക്കുന്നു. ഭക്തിപ്രസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്ന വിദേശഫണ്ടിനെക്കുറിച്ച്‌ അന്വേഷിക്കുവാൻ ഒരു ഗവൺമെന്റുകളും തയ്യാറാകില്ലെന്ന സത്യം സാമ്രാജ്യശക്തികൾക്കറിയാം. 1957-ൽ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഇ.എം.എസ്‌ മന്ത്രിസഭയെ മറിച്ചിടുവാനായി അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. ധനസഹായം നൽകിയിരുന്നുവെന്ന്‌, ആ ഗവൺമെന്റിനെതിരെ വിമോചനസമരം നടത്തിയ ഫാദർ വടക്കൻ തന്റെ അവസാന നാളുകളിൽ സമ്മതിക്കുകയുണ്ടായി. ആഗോളവത്‌കരണവും സ്വകാര്യവത്‌കരണവും കൊടികുത്തിവാഴുന്ന ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ദരിദ്രൻ കൂടുതൽ ദരിദ്രനാവുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ചെയ്യും. ഒരുപക്ഷേ ഇതിന്റെ ദൂഷ്യഫലങ്ങൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത്‌ ശ്രീ ബൈജു പ്രകാശും ഞാനും ഉൾപ്പെടുന്ന സാധാരണ ജനവിഭാഗങ്ങളായിരിക്കും. തത്‌ഫലമായി മധ്യവർഗ്ഗവും ദരിദ്രരും തമ്മിലുളള വിടവ്‌ ഇല്ലാതാവുകയും ഇവർ തങ്ങളുടെ പ്രാരാബ്‌ദങ്ങൾ ഇങ്ങനെ സാമ്രാജ്യത്വത്തിന്റെ തണലിൽ കഴിയുന്ന മനുഷ്യദൈവങ്ങളുടെ കാൽക്കീഴിൽ അർപ്പിക്കേണ്ടിവരികയും ചെയ്യും. ഇത്തരം മനുഷ്യദൈവങ്ങൾ തങ്ങളുടെ ഭക്തന്മാരെ ബ്രയ്‌ൻവാഷ്‌ ചെയ്‌ത്‌ അവനെ അവന്റെ വർഗ്ഗശത്രുവായ, ഈ ആഗോളവത്‌കരണത്തിന്റേയും സ്വകാര്യവത്‌കരണത്തിന്റേയും സൃഷ്‌ടാക്കളായ സാമ്രാജ്യത്വശക്തികൾക്കെതിരെ തിരിയാതിരിക്കുവാനുളള ഉപദേശങ്ങൾ നൽകുന്നു. കൂടാതെ ഇങ്ങനെ വന്നെത്തുന്ന ദരിദ്രനാരായണൻമാരിൽ ചിലർക്ക്‌ ചിലപ്പോൾ വീടുകൾ വച്ച്‌ കൊടുത്തും ചിലർക്ക്‌ ചെറിയ ചെറിയ കച്ചവടസ്ഥാപനങ്ങൾ ഇട്ടുകൊടുത്തും ബാക്കിയുളള ബഹുഭൂരിപക്ഷം ആളുകളെ കൂടെ തങ്ങളുടെ വലയിൽ കുടുക്കുന്നു.

കുറെ ആളുകളെ കുറെ കാലത്തേക്ക്‌ വിഡ്‌ഢികളാക്കാൻ കഴിയുമെങ്കിലും എല്ലാവരെയും എല്ലായ്‌പ്പോഴും വിഡ്‌ഢികളാക്കാൻ കഴിയില്ലെന്ന സത്യം ശ്രീ ബൈജു പ്രകാശിനെ പോലുളളവർ മനസ്സിലാക്കുന്നത്‌ നന്ന്‌. കമ്മ്യൂണിസ്‌റ്റുകാരേയും യുക്തിവാദികളേയും അമൃതാനന്ദമയിയുടേയും ശ്രീ കൃഷ്‌ണഭഗവാന്റെയും പേരിൽ മറക്കാം എന്നു പറയുന്ന ശ്രീ ബൈജു പ്രകാശിനോട്‌ അതേ ശ്രീ കൃഷ്‌ണഭഗവാൻ പറഞ്ഞ മറ്റൊരു കാര്യം എനിക്കും പറയാനുളളൂ – ‘സംഭവാമീയുഗേയുഗേ’.

Generated from archived content: essay1_dec22.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here