വിവാദ പാഠപുസ്‌തകത്തിനെതിരായ സമരവും പുരോഹിതന്മാരുടെ കളളക്കളികളും

കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിന്റെ പ്രധാനവീഥികളെല്ലാം സമരക്കാരെ കൊണ്ട്‌ നിറഞ്ഞു തുളുമ്പിയിരിക്കുന്നു. സമരക്കാർ ജാഥയായി വന്ന്‌ പരസ്‌പരം ആക്രമിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരത്തിലേയ്‌ക്ക്‌ നാം തിരിഞ്ഞുകഴിഞ്ഞു. ഇത്രയും ആവേശം കൊളളുന്ന ഈ സമരം എന്തിനുവേണ്ടിയാണ്‌? വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളുടെ​‍െ ജീവിതഭാരം കുറയ്‌ക്കാൻ വേണ്ടിയോ? അതോ വർദ്ധിച്ച ഡീസൽ-പെട്രോൾ-പാചകവാതകവില പിൻവലിപ്പിക്കാൻ വേണ്ടിയോ? രാജ്യം അടുത്ത കാലത്ത്‌ ദർശിച്ചിട്ടില്ലാത്ത തരത്തിലുളള പണപ്പെരുപ്പം (11.75%) നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണോ ഈ സമരം? ഇതൊന്നുമല്ല ഇവരുടെ പ്രശ്‌നം. ലോകസഭാ തിരഞ്ഞെടുപ്പ്‌ അടുത്തുവരുന്നു. എങ്ങനെയും ജനങ്ങളുടെ സ്വൈര്യജീവിതം കെടുത്തി അത്‌ വോട്ടുബാങ്കാക്കിമാറ്റുക. വിലകയറ്റത്തിനെതിരെ കോൺഗ്രസുകാർ സമരം ചെയ്‌താൽ അത്‌ മലർന്നുകിടന്ന്‌ തുപ്പുന്നതിന്‌ തുല്യമായിത്തീരും. റബ്ബറിന്റെ വരെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിനു കഴിയുന്നില്ല. (റബ്ബർ തിന്നാണല്ലോ ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നത്‌). വിലക്കയറ്റം നിയന്ത്രിക്കാൻ തന്റെ കൈയിൽ മാന്ത്രികവടിയൊന്നും ഇല്ലെന്ന്‌ ധനകാര്യമന്ത്രി പി. ചിദംബരം ലോക്‌സഭയിൽ പറഞ്ഞു. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന്‌ കോൺഗ്രസ്‌ അദ്ധ്യക്ഷ സോണിയാജി പറയുന്നു. സാഹചര്യങ്ങളുടെ പോക്ക്‌ ഇങ്ങനെയാകുമ്പോൾ വിലക്കയറ്റത്തിനെതിരെ എങ്ങനെ മനഃസാക്ഷിയുളള കോൺഗ്രസുകാരനു പ്രതികരിക്കാൻ കഴിയും. അതിന്‌ അവർ കണ്ടെത്തിയ വഴിയാണ്‌ ‘പാഠപുസ്‌തകം പിൻവലിക്കുക’ എന്ന മുദ്രാവാക്യം. അതിന്‌ കെ.എസ്‌.യു -യൂത്ത്‌ കോൺഗ്രസ്‌ കുഞ്ഞാടുകളെ തെരുവിലിറക്കാൻ അവരുടെ തലതൊട്ടപ്പന്മാരായ ക്രൈസ്‌തവ പുരോഹിതന്മാരും രംഗത്തെത്തിക്കഴിഞ്ഞു

ഏഴാം ക്ലാസിലെ സോഷ്യൽ സയൻസ്‌ പാഠപുസ്‌തകം പിൻവലിക്കണമെന്നാണ്‌ കത്തോലിക്കാസഭയും പ്രതിപക്ഷകക്ഷികളും ആവശ്യപ്പെടുന്നത്‌. അവർക്ക്‌ കൂട്ടിനായി എൻ.എസ്‌.എസും ഇപ്പോൾ രംഗത്ത്‌ വന്നിരിക്കുന്നു. ഈ പാഠപുസ്‌തകത്തിൽ നിരീശ്വരവാദം ഉണ്ട്‌. അത്‌ വായിച്ചാൽ കുട്ടികൾ കമ്യൂണിസ്‌റ്റുകാരായിമാറും. കുട്ടികളിൽ സവർണ്ണ-അവർണ്ണവ്യത്യാസം സൃഷ്‌ടിച്ച്‌ വർഗ്ഗീയത കുത്തിവയ്‌ക്കുന്നു. എന്നതൊക്കെയാണ്‌ ഇവരുടെ ആരോപണങ്ങൾ. എന്നാൽ ഈ പുസ്‌തകം ഒരുപ്രാവശ്യം എങ്കിലും വായിച്ചു നോക്കിയാൽ ഇവരുടെ ആരോപണങ്ങൾ വെറും അടിസ്ഥാന രഹിതമാണെന്ന്‌ കണ്ടെത്താൻ കഴിയും. ‘മതമില്ലാത്ത ജീവൻ’ എന്ന പാഠത്തെക്കുറിച്ചും നെഹ്രുവിന്റെ ഓസ്യത്തിനെക്കുറിച്ചും ഉളള ഭാഗത്താണ്‌ മതത്തിനെതിരായ പരാമർശം ഉണ്ട്‌ എന്ന്‌ ഇവർ വാദിക്കുന്നത്‌. അൻവർ റഷീദ്‌ എന്ന മുസ്ലീമും സേതുലക്ഷ്‌മിയെന്ന ഹിന്ദുവും വിവാഹം കഴിച്ചു. അവർക്ക്‌ ജീവൻ എന്നു പേരുളള ഒരു കുട്ടി ജനിച്ചു. ആ കുട്ടിയെ സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ പ്രധാന അദ്ധ്യാപകൻ ചോദിച്ചു കുട്ടിയുടെ ജാതിയുടെയും മതത്തിന്റേയും കോളത്തിൽ എന്ത്‌ എഴുതണമെന്ന്‌. ജീവന്റെ മാതാപിതാക്കൾ പറഞ്ഞു ഒന്നും എഴുതേണ്ട എന്ന്‌. കുട്ടിയ്‌ക്ക്‌ വലുതാകുമ്പോൾ ഏതെങ്കിലും മതം വേണമെങ്കിലോ എന്ന അദ്ധ്യാപകന്റെ ചോദ്യത്തിന്‌ മാതാപിതാക്കൾ പറയുന്ന മറുപടി; വലുതാകുമ്പോൾ അവന്‌ ഇഷ്‌ടമുളള മതത്തിൽ ചേരാം എന്നതാണ്‌. ഇവിടെ എവിടെയാണ്‌ മതം വേണ്ട എന്ന പരാമർശം. ഇവിടെ എവിടെയാണ്‌ നിങ്ങൾ കമ്മ്യൂണിസ്‌റ്റുകാരാകണം എന്ന്‌ പറയുന്നത്‌.

നെഹ്രു ലോകപ്രശസ്‌തനായ ഒരു നിരീശ്വരവാദിയാണെന്ന്‌ എല്ലാവർക്കും അറിയാം. (ഉമ്മൻചാണ്ടിയ്‌ക്ക്‌ അറിയാമോ എന്നറിയില്ല). താൻ മരിക്കുമ്പോൾ തന്റെ മരണാനന്തരം മതപരമായ യാതൊരു ചടങ്ങുകളും നടത്തരുതെന്ന്‌ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കൂട്ടത്തിൽ മതത്തെക്കുറിച്ചുളള നെഹ്രുവിന്റെ അഭിപ്രായവും കൊടുത്തിരിക്കുന്നു. ഇൻഡ്യയിലെ ആദ്യ പ്രധാനമന്ത്രിയുടെ ചിന്താഗതികൾ കുട്ടികളെ പഠിപ്പിച്ചാൽ അവർ വഷളന്മാരായിത്തീരുമെന്നു പറയുന്ന കോൺഗ്രസുകാരും ക്രൈസ്‌തവപുരോഹിതൻമാരും ഈ യുഗത്തിൽ ജീവിക്കേണ്ടവരല്ല മറിച്ച്‌ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിക്കേണ്ടവരാണ്‌. നെഹ്രുവിന്റെ പാരമ്പര്യം അവകാശപ്പെടു​‍ുന്ന കെ.എസ്‌.യു.-യൂത്തു കോൺഗ്രസുകാർക്ക്‌ യാതൊരു ഉളുപ്പുമില്ല നെഹ്രുവിനെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിച്ചാൽ അവർ നിരീശ്വരന്മാരായിത്തീരുമെന്ന്‌ പറയാൻ. നിരീശ്വരവാദികളെല്ലാം കമ്യൂണിസ്‌റ്റുകാരാണെങ്കിൽ നെഹ്രുവും, പനമ്പളളി ഗോവിന്ദമേനോനും, സഹോദരൻ അയ്യപ്പനും സി. കേശവനും എം.സി. ജോസഫും എല്ലാം കമ്മ്യൂണിസ്‌റ്റുകാരായിരുന്നുവെന്ന്‌ സമ്മതിക്കേണ്ടിവരും.

ക്രൈസ്‌തവപുരോഹിതൻമാരെയും എൻ.എസ്‌.എസ്സിന്റെയും ഇത്രയധികം ചൊടിപ്പിക്കാൻ ഉണ്ടായ കാരണം പകൽപോലെ വ്യക്തമാണ്‌. ഈ പാഠപുസ്‌തകങ്ങളിൽ പിൻവലിക്കേണ്ടതായ ഒന്നും തന്നെയില്ലെന്ന്‌ ഇവർക്കറിയാം. പക്ഷേ എങ്ങനെയും ഇടതുപക്ഷ ഗവൺമെന്റിനെ താഴെയിറക്കുകയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത്‌ സർക്കാർ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങൾ ഓരോന്നിനോടും അസഹിഷ്‌ണതയോടുകൂടിയാണ്‌ ക്രൈസ്‌തവപുരോഹിൻമാർ പ്രത്യേകിച്ച്‌ കത്തോലിക്കാപുരോഹിതൻമാർ പെരുമാറി വരുന്നത്‌. സ്വാശ്രയകോളേജ്‌ പ്രശ്‌നം, കെ.ഇ.ആർ പരിഷ്‌കരണ നിർദ്ദേശങ്ങൾ, അവസാനം ഏകജാലകസംവിധാനം എന്നിവ ശക്തമായി നടപ്പിലാക്കിയാൽ ഇന്നേവരെ തങ്ങളുടെ കുഞ്ഞാടുകളെ അഡ്‌മിഷന്റെ പേരിൽ, പ്ലാവില കാട്ടി ആടിനെ അറവുശാലയിലേക്ക്‌ കൊണ്ടുപോകുന്നതുപോലെ, പുരോഹിതൻമാരുടെ അൾത്താരകൾക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരാക്കി നിർത്താൻ കഴിയില്ലെന്ന്‌ ഈ പുരോഹിതൻമാർക്കറിയാം. ഇപ്പോൾ തന്നെ പുരോഹിതന്മാരുടെ ചൊൽപ്പടിക്കു നിൽക്കാൻ വിശ്വാസികളിൽ ബഹുഭൂരിപക്ഷം തയ്യാറാകുന്നില്ല എന്നതാണ്‌ സത്യം. അതുകൊണ്ടാണല്ലോ ചില ഇടയലേഖനങ്ങൾക്ക്‌ (സർക്കാർ ഇടയുമ്പോൾ സഭ ഇറക്കുന്ന ലേഖനം) വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോകുന്നത്‌. സഭയുടെ കീഴിലുളള സ്‌കുകളിൽ അഡ്‌മിഷൻ നേടിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ്‌ ഇന്ന്‌ യുവജനങ്ങൾ യുവദീപ്‌തിയിലും വിൽസന്റ്‌ ഡി പോളിലും പ്രവർത്തിക്കാൻ തയ്യാറാകുന്നതെന്ന്‌ ചില ലഘുലേഖകളിൽ എഴുതാൻ ഒരു അഭിവന്ദ്യപിതാവ്‌ നിർബന്ധിതനാകേണ്ടിവന്നു. 20% കമ്മ്യൂണിറ്റി ക്വോട്ടയിൽകൂടി മെരിറ്റടിസ്ഥാനത്തിൽ അഡ്‌മിഷൻ നടത്താൻ സർക്കാർ തീരുമാനിച്ചാൽ (ന്യൂനപക്ഷസ്ഥാപനങ്ങൾക്കെതിരെ അങ്ങനെ ചെയ്യാൻ കഴിയില്ലെന്നറിയാം) യുവദീപ്‌തി പോലുളള സംഘടനകളിൽ പ്രവർത്തിക്കാൻ പത്രങ്ങളിൽ പരസ്യം നൽകി ആളുകളെ കണ്ടെത്തേണ്ടി വരും. കിരീടവും ചെങ്കോലും ഇല്ലാത്ത രാജാക്കൻമാരായ പുരോഹിതരുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചാൽ അവർ എത്രവലിയ കേമന്മാരായാലും അവരെ നശിപ്പിക്കുക എന്നതാണ്‌ ഈ വർഗ്ഗക്കാരുടെ ലക്ഷ്യം. അതിനായി അവർ പിഞ്ചുകുഞ്ഞുങ്ങളെ വരെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നു. എന്നാൽ ഈ ജാതിസ്‌നേഹം കാണിക്കുന്ന പുരോഹിതന്മാരുടെ സ്‌കൂളുകളിൽ ഡൊണേഷൻ വാങ്ങാതെ നിർദ്ധനരായ ഇടവകകുഞ്ഞാടുകളിൽ എത്രപേരെ സൗജന്യമായി പഠിപ്പിക്കാൻ ഇവർ തയ്യാറാകും എന്നത്‌ കണ്ടറിയാം.

കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയത്ത്‌ കത്തോലിക്കസഭയുടെ കീഴിലുളള സ്‌കൂളുകളിലെ കുട്ടികളെ പാഠപുസ്‌തകം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ തെരുവിലൂടെ ജാഥയായി നടത്തിച്ചത്‌ നമ്മൾ കണ്ടതാണ്‌. അവരു​‍െ കൈകളിലേന്തിയ പ്ലാക്കാർഡുകളിൽ ചിലതിൽ എഴുതിയിരുന്നത്‌ ‘വിപ്ലവം വേണ്ടേ വേണ്ട’, ‘വർഗസമരം പാടില്ല’ എന്നൊക്കെയായിരുന്നു. എന്താണ്‌ വിപ്ലവം? നിലവിലിരിക്കുന്ന ഒരു വ്യവസ്ഥിതി, അത്‌ പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന്‌ തിരിച്ചറിയുമ്പോൾ, ആ വ്യവസ്ഥിതിയ്‌ക്കെതിരെ സായുധമായി നടത്തുന്ന സമരത്തെ വിപ്ലവം എന്ന്‌ പറയാം. ‘ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നുവെന്നു നിരൂപിക്കരുത്‌; സമാധാനമല്ല, വാൾ വരുത്തുവാനത്രേ ഞാൻ വന്നത്‌. മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭിന്നിപ്പിക്കുവാനത്രേ ഞാൻ വന്നത്‌’ എന്ന്‌ യേശു പറഞ്ഞതായി മത്തായിയുടെ സുവിശേഷം 10-​‍ാം അദ്ധ്യായത്തിലെ 34, 35 വാക്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നു. യേശു തന്റെ ശിഷ്യന്മാരോട്‌ പറഞ്ഞിരിക്കുന്നുഃ ‘നിങ്ങളിൽ വാളില്ലാത്തവർ തന്റെ വസ്‌ത്രം വിറ്റ്‌ വാൾ വാങ്ങുവിൻ’ (ലൂക്കോസ്‌ 22ഃ36). വാൾ സമാധാനത്തിന്റെ പ്രതീകമാണോ അതോ വിപ്ലവത്തിന്റെ പ്രതീകമാണോ? വാളുമായി വിപ്ലവം നയിക്കാൻ വന്ന യേശുവിനെക്കുറിച്ച്‌ ഇന്നത്തെ പുരോഹിതൻമാർക്ക്‌ എന്തുപറയാനുണ്ട്‌?

ഇനി വർഗ്ഗസമരത്തെക്കുറിച്ച്‌ പരിശോധിക്കാം. കാൾ മാർക്‌സ്‌ തൊഴിലാളിയെന്നും മുതലാളിയെന്നും രണ്ട്‌ വർഗ്ഗത്തെക്കുറിച്ച്‌ പറയുമ്പോൾ ബൈബിളിൽ ഇല്ലാത്തവനും ഉളളവനെന്നും ദരിദ്രനെന്നും ധനവാനെന്നും രണ്ടു വർഗ്ഗത്തെക്കുറിച്ചാണ്‌ പറയുന്നത്‌. മാർക്‌സ്‌ തൊഴിലാളികൾക്കുവേണ്ടി വാദിച്ചപ്പോൾ ബൈബിൾ ഇല്ലാത്തവർക്കും ദരിദ്രർക്കും വേണ്ടി വാദിച്ചു. ‘അദ്ധ്വാനിക്കുന്നവരും ഭാരം വലിക്കുന്നവരുമായുളളവരേ, നിങ്ങൾ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്ക്‌ ആശ്വാസം നൽകാം’ എന്നും ‘വിശക്കുന്നവരേ നിങ്ങൾ ഭാഗ്യവാൻമാർ; എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങൾക്കുളളതാണ്‌’ എന്നുമാണ്‌ ബൈബിളിൽ പറഞ്ഞിരിക്കുന്നത്‌. യേശുവിന്റെ ശിഷ്യന്മാരെല്ലാവരും മുക്കുവരും മറ്റു തൊഴിലാളികളുമായിരുന്നു. യേശു തന്റെ മാർഗ്ഗം പഠിപ്പിച്ചതും അത്‌ ഏറ്റുപറയിപ്പിച്ചവരും തൊഴിലാളികളേയും മീൻപിടിത്തക്കാരേയും ആയിരുന്നു. രാജാവും പുരോഹിതന്മാരും ഉണ്ടായിരുന്നിട്ടുകൂടി യേശുവിന്റെ ജനനത്തെക്കുറിച്ച്‌ ദൂതന്മാർ ആദ്യം പറഞ്ഞ ആട്ടിടയന്മാരോടാണ്‌. യേശു ഒരേസമയം ആട്ടിടയനും മരപ്പണിക്കാരനും ആയിരുന്നു എന്ന കാര്യം ഓർക്കണം. അല്ലാതെ സ്വാശ്രയകോളേജുകളും സ്‌കൂളുകളും ഹോസ്‌പിറ്റലുകളും നടത്തുന്ന ഒരു മൾട്ടിനാഷണൽ മുതലാളിയായിരുന്നില്ല.

ആദത്തെയും ഹവ്വയേയും സൃഷ്‌ടിച്ച്‌ ദൈവം അവരെ കിഴക്കുളള ഏതൻതോട്ടത്തിലെ വേലക്കാരായിട്ടാണ്‌ നിയമിച്ചത്‌. ‘ഈ ഭൂലോകം മുഴുവനും നിന്റെ സന്തതിപരമ്പരകളാൽ പെരുകി ഭൂമിയിലെ സകലജീവജാലങ്ങളുടെയും അധിപനായി വാഴുവിൻ’ എന്ന്‌ ദൈവം ആദിമനുഷ്യരായ ആദത്തിനോടും ഹവ്വയോടും പറയുന്നു (ഉല്‌പത്തി 2-​‍ാം അദ്ധ്യായം). മാർക്‌സ്‌ വിഭാവനം ചെയ്‌ത തൊഴിലാളി വർഗ്ഗസർവ്വാധിപത്യവും ദൈവം ആദത്തിനോട്‌ നടപ്പിലാക്കാൻ ആവശ്യപ്പെട്ട ആധിപത്യവും ഒന്നുതന്നെയല്ലേ? യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാരെല്ലാവരും കൂടി അപ്പോസ്‌തല സഭയ്‌ക്കു രൂപം നൽകി. ‘വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചു ചേർന്നിരുന്നു. അവർക്കുണ്ടായിരുന്ന സകലതും പൊതുവക ആയിരുന്നു. വസ്‌തുവകകളും സമ്പാദ്യങ്ങളും വിറ്റ്‌ ഓരോരുത്തർക്കും ആവശ്യമുളളതുപോലെ വിഭാഗിച്ചു കൊടുത്തു’ (അപ്പോസ്‌തല പ്രവൃത്തികൾ 2ഃ 44-45, 4ഃ32-35. എല്ലാം പൊതുമുതലാക്കി ആർക്കും ഒന്നും സ്വന്തമായില്ലാത്ത എല്ലാം സമൂഹത്തിന്റെ വകയായിട്ടുളള ഈ അവസ്ഥയെയാണ്‌ മാർക്‌സ്‌ സോഷ്യലിസം എന്നുവിളിച്ചത്‌. അപ്പോസ്തലസഭയുടെ സാമ്പത്തികനയവും സോഷ്യലിസത്തിൽ അധിഷ്‌ടിതമായിരുന്നു. എന്നാൽ കത്തോലിക്കസഭയ്‌ക്ക്‌ ഇക്കാര്യം സ്വപ്‌നത്തിൽപോലും ചിന്തിക്കാൻ കഴിയില്ല.

വിവാദപാഠപുസ്‌തകത്തിലെ മറ്റൊരു പരാമർശം പൊതുകിണറ്റിൽ നിന്നും വെളളം കോരിയതിന്‌ ഒരു ദളിത്‌ യുവാവിനെ ചുട്ടുകൊന്നു എന്ന പത്രവാർത്തയുമായി ബന്ധപ്പെട്ട ഭാഗമാണ്‌. ഈ പാഠം സവർണ്ണ-അവർണ്ണ വ്യത്യാസം കുട്ടികളിൽ ഉണ്ടാക്കും എന്നാണ്‌ മറ്റൊരു വാദം. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ഗാസിയാബാദ്‌ ജില്ലയിൽ ഒരു പൊതുപൈപ്പിൽ നിന്നും വെളളം എടുത്തതിന്‌ ഒരു ദളിത്‌ യുവാവിനെ സവർണ്ണരായ ആളുകൾ ചുട്ടുകൊന്നതായ വാർത്ത നമ്മൾ വായിച്ചു. ഇത്തരം സംഭവങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. നിത്യേന കുട്ടികൾ ഇത്‌ പത്രത്താളുകളിൽ വായിക്കുന്നു. സാമൂഹ്യപാഠം പഠിക്കുന്ന കുട്ടികൾ ഇതൊന്നും പഠിക്കാതെ ഇന്ത്യയിൽ യാതൊരുവിധത്തിലുളള ജാതിവ്യത്യാസവും ഇല്ലാത്ത, എല്ലാവരും തുല്യരായ, പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസം ഇല്ലാത്ത ഒരു മാവേലി നാടാണ്‌ നമ്മുടെ ഭാരതം എന്ന്‌ പഠിക്കണമെന്നാണോ ഇവർ ആവശ്യപ്പെടുന്നത്‌. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യൻകാളിയുടെയും കാലഘട്ടത്തിൽ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും തൊട്ടുകൂടായ്‌മയും ഇന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നു. ഇത്തരം അനാചാരങ്ങൾക്കെതിരെ കുട്ടികളിൽ അവബോധം സൃഷ്‌ടിച്ച്‌ കുട്ടികളിൽ ഭാരതത്തിന്റെ അകകാമ്പായ മതേതരത്വം വളർത്താൻ ശ്രമിച്ചാൽ അതെങ്ങനെ നിരീശ്വരവാദമാകും? നിരീശ്വരവാദിയായിരുന്ന നെഹ്രു കമ്മ്യൂണിസ്‌റ്റുകാരനായിരുന്നില്ല. ഗാന്ധിജിയുടെ അന്ത്യരംഗം കുട്ടികളെ പഠിപ്പിക്കാമെങ്കിൽ പിന്നെ എന്തുകൊണ്ട്‌ നെഹ്രുവിന്റെ മരണാനന്തര രംഗം പഠിപ്പിച്ചുകൂടാ? 100 വർഷക്കാലം ഡാർവിന്റെ പരിണാമ സിദ്ധാന്തം കുട്ടികളെ പഠിപ്പിച്ചിട്ട്‌ ഒരാളെയെങ്കിലും നിരീശ്വരവാദിയാക്കി മാറ്റാൻ കഴിയാത്തിടത്ത്‌ നെഹ്രുവിന്റെ ഭൗതികവാദ ജീവിതത്തെക്കുറിച്ച്‌ പഠിപ്പിച്ച്‌ കുട്ടികളെ നിരീശ്വരവാദിയാക്കാൻ കഴിയുമെന്ന്‌ കരുതുന്ന പുരോഹിതപ്രഭൃതികളെ മൂഢന്മാർ എന്നല്ലാതെ എന്തുവിളിക്കും. ഈ പാഠങ്ങൾ കുട്ടികളിൽ വർഗ്ഗീയത വളർത്താൻ കാരണമാകുമെങ്കിൽ ക്രിസ്‌ത്യൻ കുട്ടികൾ ക്രിസ്‌ത്യൻ സ്‌കൂളുകളിൽ മാത്രമേ പഠിക്കാവൂ എന്നു പറഞ്ഞ പവ്വത്തിൽപിതാവിന്റെ പ്രസ്‌താവന, കുട്ടികളിൽ മതേതരത്വമാണോ വളർത്തുന്നത്‌?

ഏഴാം ക്ലാസിൽ പഠിക്കുന്ന കൊച്ചുകുട്ടികളെയാണോ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നതെന്ന്‌ ക്രൈസ്‌തവ പുരോഹിതർ ചോദിക്കുന്നു. ഓരോ ഞായറാഴ്‌ചകളിലും പളളിയിൽ അസഭ്യചുവയില്ലാത്ത ബൈബിൾ ഭാഗങ്ങൾ വായിക്കാൻ വേണ്ടി ബൈബിൾ അരിച്ചുപെറുക്കി വായിക്കുന്ന പുരോഹിതന്മാർ തന്നെയാണ്‌ കൊച്ചുകുട്ടികളെയാണോ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നതെന്ന്‌ ചോദിക്കുന്നത്‌. വേദപാഠക്ലാസിൽ ഒന്നാം ക്ലാസുമുതൽ 12-​‍ാം ക്ലാസുവരെ പഠിപ്പിക്കുന്ന ബൈബിളിലെ ചില ഭാഗങ്ങൾ താഴെ ഉച്ചരിക്കുന്നു.

“ഒരുവൻ ഒരു കന്യകയോട്‌ അവിഹിതമായി പെരുമാറുകയും അവൾക്ക്‌ പ്രായം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയുമാകയാൽ അവൻ അവന്റെ അഭീഷ്‌ടം സാധിക്കട്ടെ; അവൻ പാപം ചെയ്യുന്നില്ല” (1 കൊരിന്ത്യർ 7ഃ36).

ദൈവം മോശയോടു കല്‌പിക്കുന്നുഃ “നിങ്ങളിപ്പോൾ കുഞ്ഞുങ്ങളിലുളള ആണിനെയൊക്കെയും പുരുഷനോടു കൂടി ശയിച്ചിട്ടുളള സകല സ്‌ത്രീകളെയും കൊന്നുകളവിൻ; പുരുഷനോടു ശയിക്കാത്ത കന്യകകളായ സ്‌ത്രീകളെയെല്ലാം നിങ്ങൾക്കുവേണ്ടി ജീവനോടെ വെച്ചു കൊളളുവിൻ”. അങ്ങനെ അവർ 32,000 കന്യകകളെ പിടിച്ചു കൊണ്ടുവരികയും 1000 പേർക്ക്‌ ഒരാളെന്ന കണക്കിന്‌ 32 കന്യകകളെ ദൈവത്തിനും കാഴ്‌ചവച്ചു. (സംഖ്യാപുസ്‌തകം 31ഃ17-18).

പ്രവാചകനായ അബ്രഹാം തന്റെ ഭാര്യയായ സാറയെ സഹോദരിയാണെന്ന്‌ പരിചയപ്പെടുത്തി ഫെറോവയ്‌ക്കു കാഴ്‌ചവെയ്‌ക്കുന്ന ഭാഗം നോക്കാം. “ഇതാ നീ കാഴ്‌ചയിൽ സൗന്ദര്യമുളള സ്‌ത്രീയെന്നു ഞാൻ അറിയുന്നു. മിസ്രയിമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യ എന്നുപറഞ്ഞ്‌ എന്നെ കൊല്ലുകയും നിന്നെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യും. അതുകൊണ്ട്‌ നീ എന്റെ സഹോദരിയാണെന്നു പറയണം” (ഉല്‌പത്തി 12ഃ11-16). അനന്തരം അബ്രഹാം തന്റെ ഭാര്യയെ ഫെറോവയ്‌ക്ക്‌ കാഴ്‌ചവയ്‌ക്കുകയും ഫെറോവ അബ്രഹാമിന്‌ പൊന്നും പണവും മൃഗങ്ങളെയും നൽകി സന്തോഷിപ്പിക്കുകയും ചെയ്‌തു. (ഇതു തന്നെയല്ലെ ഇന്നത്തെ പെൺവാണിഭം എന്നു വിളിക്കുന്നത്‌.)

ഇനി മറ്റൊരു ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധിക്കാം. ലോത്തിന്റെ മൂത്തമകൾ ഇളയവളോടു പറഞ്ഞുഃ “നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിലെ പതിവനുസരിച്ച്‌ നമ്മുടെ അടുത്തു വരുവാൻ ഭൂമിയിലെങ്ങും ഒരു പുരുഷനുമില്ലല്ലോ; ആകയാൽ വരുക, നമുക്ക്‌ അപ്പനെ വീഞ്ഞുകുടിപ്പിച്ചിട്ട്‌ അവനോടുകൂടി ശയിച്ച്‌ അപ്പനിലൂടെ സന്താനപരമ്പര നിലനിർത്താം”. അങ്ങനെ ലോത്തിന്റെ രണ്ടുപുത്രിമാരും പിതാവിനാൽ ഗർഭം ധരിച്ചു (ഉൽപ്പത്തി 19ഃ31-38).

യഹോവയുടെ ദൂതനായ നാഥാൻ ദാവീദിനോട്‌ഃ “നിന്റെ സ്വന്തം ഗൃഹത്തിൽ നിന്നും ഞാൻ നിനക്ക്‌ അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ അയൽക്കാരനു കൊടുക്കും; അവൻ പകൽവെളിച്ചത്തിൽത്തന്നെ നിന്റെ ഭാര്യമാരോടുകൂടി ശയിക്കും. നീ അതു രഹസ്യമായി ചെയ്‌തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ പകൽ വെളിച്ചത്തിൽത്തന്നെ ചെയ്യും” (2 ശമുവേൽ 12ഃ11-12).

“ഒരുവന്റെ സഹോദരൻ മക്കളില്ലാതെ മരിക്കുകയും ഭാര്യ ശേഷിക്കുകയും ചെയ്‌താൽ ആ വിധവയെ അവന്റെ സഹോദരൻ സ്വീകരിച്ച്‌ തന്റെ സഹോദരനു സന്തതിയെ ജനിപ്പിക്കണം എന്ന്‌ മോശ എഴുതിയിരിക്കുന്നു” (മർക്കോസ്‌ 12ഃ19)

ഒരുവൻ ഒരു കന്യകയോട്‌ അവിഹിതമായി പെരുമാറുകയും അവൾക്ക്‌ പ്രായം കടന്നുപോയ്‌ക്കൊണ്ടിരിക്കുകയുമായാൽ അവൻ അവന്റെ അഭീഷ്‌ടം സാധിക്കട്ടെ; അവൻ പാപം ചെയ്യുന്നില്ല. (1 കൊരിന്ത്യർ 7ഃ36).

ബൈബിൾ പഠിക്കുന്ന കന്യകമാരായ കൊച്ചുകുട്ടികൾ മേൽപ്പറഞ്ഞ ഭാഗങ്ങൾ പഠിക്കുമ്പോൾ ഉണ്ടാകുന്ന ചേതോവികാരം എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലേ. ഇത്തരം കാര്യങ്ങൾ സൺഡേ സ്‌കൂളിൽ പഠിപ്പിക്കാൻ മടിക്കാത്തവർ കൊച്ചുകുട്ടികളെ മതേതരത്വം പഠിപ്പിക്കുന്നതിൽ അപാകത കണ്ടെത്തുന്നതെന്തിന്‌?

picture4

വിവാദപാഠപുസ്‌തകത്തിനെതിരെ സഭയുമായി ഒന്നിച്ചു ചേർന്ന്‌ സമരം ചെയ്യുവാൻ തയ്യാറായി നിൽക്കുന്ന എൻ.എസ്‌.എസ്‌. നേതൃത്വം, സഭാപിതാക്കൻമാർ മതേതരവാദികളാണെന്ന്‌ തെറ്റിദ്ധരിച്ചാൽ; താഴെ കൊടുത്തിരിക്കുന്ന ബൈബിളിലെ ചില ഭാഗങ്ങൾ കൂടി ശ്രദ്ധിക്കുന്നത്‌ നല്ലതാണ്‌.

“അന്യ ദൈവങ്ങളെ നാം ചെന്ന്‌ സേവിക്ക എന്ന്‌ നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുളള ഭാര്യയോ നിന്റെ പ്രാണസ്‌നേഹിതനോ രഹസ്യമായി പറഞ്ഞ്‌ നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോട്‌ യോജിക്കുകയോ അവന്റെ വാക്ക്‌ കേൾക്കയോ ചെയ്യരുത്‌; തീർച്ചയായും കൊന്നുകളയണം; അവനെ കല്ലു കൊണ്ടെറിഞ്ഞു കൊല്ലണം” (ആവർത്തനപുസ്‌തകം 13-​‍ാം അദ്ധ്യായം).

ഇനി യേശു സക്കായിയോടു പറഞ്ഞതെന്താണെന്ന്‌ നോക്കാം. “ആർക്കെല്ലാമാണോ ഞാൻ അവരുടെ രാജാവായിരിക്കുന്നതിനു സമ്മതമില്ലാത്തത്‌; ആ ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്‌; എന്റെ മുമ്പിൽ വച്ചു കൊന്നുകളയുവിൻ” (ലൂക്കോസ്‌ 19-​‍ാം അദ്ധ്യായം 27-​‍ാം വാക്യം).

മനുഷ്യനെ നരഭോജികളാക്കിമാറ്റും എന്ന്‌ ബൈബിളിൽ യഹോവ പറയുന്നു. “ഞാനവരെ സ്വന്തം പുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും. ഓരോരുത്തർ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും” (യിരമ്യാവ്‌ 19ഃ9)

കേരളത്തിൽ നടന്ന സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി കയ്യൂർ സമരത്തെപ്പറ്റി പഠിപ്പിക്കുന്നുവെന്നതാണ്‌ ഇവരുടെ മറ്റൊരു ആരോപണം. മലബാറിൽ നടന്ന ബ്രിട്ടീഷ്‌ വിരുദ്ധകലാപത്തിനെ ‘മാപ്പിളലഹള’ എന്ന പേരിട്ട്‌ അവഹേളിച്ച വരേണ്യവർഗ്ഗ ചരിത്രകാരൻമാർക്കും പാതിരിമാർക്കും കയ്യൂർ സമരത്തെ ഉൾക്കൊളളാൻ കഴിയാത്തതിൽ അത്ഭുതപ്പെടാനില്ല. ജാലിയൻവാലാബാഗ്‌ കൂട്ടക്കൊലപോലെയോ ചൗരിചൗര പോലീസ്‌ സ്‌റ്റേഷൻ ആക്രമണം പോലെയോ പറയാൻ പറ്റുന്ന സ്വാതന്ത്ര്യസമരങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല. മെക്കാളെ പ്രഭുവിനോട്‌ സന്ധിചെയ്‌ത്‌ ഭരിച്ചുപോരുകയും പിന്നീട്‌ സായ്‌പ്പിനോട്‌ പിണങ്ങിയപ്പോൾ, കൂടോത്രത്താൽ അയാളെ കൊലപ്പെടുത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ, രക്ഷപ്പെടാൻ കഴിയില്ല എന്നുറപ്പായപ്പോൾ, ആത്മഹത്യ ചെയ്‌ത്‌ ‘വീരചർമ്മം’ നേടിയെന്ന്‌ അവകാശപ്പെടുന്ന വേലുത്തമ്പിദളവയും മറ്റുമാണ്‌ ഇവർക്ക്‌ ദേശസ്‌നേഹികൾ. ജന്മി-മാടമ്പിമാർക്കെതിരെയും അവർക്ക്‌ വേണ്ട സായുധബലം നൽകി വന്ന ബ്രിട്ടീഷുകാർക്കെതിരെയും സമരം ചെയ്‌ത കയ്യൂരിലെ ജനങ്ങളുടെ സമരത്തെ അംഗീകരിക്കാൻ ഇവർക്ക്‌ കഴിയുന്നില്ല. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം വാങ്ങിതന്നത്‌ ഗാന്ധിജിയും നെഹ്രുവും പട്ടേലും മറ്റും മാത്രമാണെന്നാണ്‌ ഇവർ നമ്മുടെ കുട്ടികളെ ഇതുവരെ പഠിപ്പിച്ചിരുന്നത്‌. എന്നാൽ സ്വാതന്ത്ര്യത്തിനായി പടപൊരുതി അച്‌ഛനെ നഷ്‌ടപ്പെട്ട മക്കളുടെയും മകനെ നഷ്‌ടപ്പെട്ട അമ്മയുടെയും ഭർത്താവിനെ നഷ്‌ടപ്പെട്ട ഭാര്യയുടെയും കണ്ണുനീരിന്‌ ഒരു വിലയും ഇല്ലേ? പിറന്ന നാടിന്റെ സ്വാതന്ത്ര്യം കാക്കാൻ കഴിഞ്ഞില്ലെങ്കിൽ സാമ്രാജ്യത്വത്തിന്റെ കാൽക്കൽ വീണ്‌ അവരോട്‌ മാപ്പിരക്കാൻ തയ്യാറാകാതെ തൂക്കുമരത്തിൽ കയറിയ ഭഗത്‌ സിംഗിന്റെയും രാജ്‌ഗുരുവിന്റെയും സുഖ്‌ദേവിന്റെയും അമ്മമാരുടെ കണ്ണുനീരിന്റെ വിലയാണ്‌ നമ്മുടെ സ്വാതന്ത്ര്യം. കയ്യൂരിലും പുന്നപ്രയിലും കരിവെളളൂരിലും കാവുംമ്പായിലും തുടങ്ങി കേരളത്തിലേയും ഇന്ത്യയിലേയും ഓരോ തൊഴിലാളിയുടേയും അവകാശസമരത്തിന്റെ ഭാഗമാണ്‌ ഇന്ത്യൻ സ്വാതന്ത്ര്യം. പളളിമേടയിലിരുന്ന്‌ ബ്രിട്ടീഷുകാരുടെ അച്ചാരം വാങ്ങി കഴിഞ്ഞിരുന്ന വെളുത്ത കുപ്പായക്കാർക്ക്‌ ഇത്‌ ദഹിക്കാൻ ഇത്തിരി പ്രയാസം വരും.

ഇനി ഈ സമരങ്ങളുടെ പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യം കൂടി മനസ്സിലാക്കാം. ഇന്തോ-അമേരിക്ക ആണവക്കരാർ നടപ്പിലാക്കാൻ വേണ്ടി ഇന്ത്യയുടെ പുറകെ നടക്കുന്ന അമേരിക്കയ്‌ക്ക്‌, ഈ കരാർ നടപ്പിലാക്കാൻ വിലങ്ങുതടിയായി നിൽക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷശക്തികളെ ഇല്ലായ്‌മ ചെയ്‌ത്‌, അടുത്ത പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യേയോ കോൺഗ്രസിനെയോ അധികാരത്തിൽ കയറ്റി നിഷ്‌പ്രയാസം കരാർ നടപ്പിലാക്കുക എന്ന ലക്ഷ്യമാണുളളത്‌. അതിനായി കേരളത്തിലെ ജാതി-മതശക്തികളെ കൂട്ടുപിടിച്ച്‌ അവർക്ക്‌ ആളും അർത്ഥവും നൽകി ഇവിടത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഇല്ലാതാക്കേണ്ടത്‌ അത്യാവശ്യമാണ്‌. ജനങ്ങൾ പൊറുതി മുട്ടി ഇടതുപക്ഷത്തിനെതിരായി തിരിയും എന്നതാണ്‌ ഇവരുടെ കണക്കുകൂട്ടലുകൾ. 1959-ൽ ഇ.എം.എസ്‌. സർക്കാരിനെതിരെ സമരം ചെയ്യാൻ വേണ്ടി സി.ഐ.എ.യുടെ പക്കൽനിന്നും ലക്ഷക്കണക്കിന്‌ ഡോളറുകൾ കൈപ്പറ്റിയിരുന്നതായി വിമോചനസമര നായകനായ ഫാ. വടക്കൻ അദ്ദേഹത്തിന്റെ അന്ത്യനാളുകളിൽ വെളിപ്പെടുത്തുകയുണ്ടായി. ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്ന ഏതെങ്കിലും ഒരു ഫാ വടക്കൻമാർ നമ്മുടെ വാർദ്ധക്യകാലത്തെങ്കിലും ഇതുപോലെയൊരു വെളിപ്പെടുത്തൽ നടത്തുമെന്ന്‌ നമുക്ക്‌ സമാധാനിക്കാം. അപ്പോഴേക്കും കേരളത്തിലെ മതസൗഹാർദ്ദം തന്നെ ഒരുപക്ഷേ നഷ്‌ടപ്പെട്ടിരിക്കും.

Generated from archived content: eassay1_july8_08.html Author: prasannakumar-delhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here