വിഷു ഇന്ന് ഓർമ്മകളിൽ മാത്രമാണ്. പുതിയ സംസ്‌കാരത്തിലും ജീവിതക്രമത്തിലും വിഷു എന്നത് ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. വിഷുദിനം വിളവിറക്കലിന്റെ ധന്യതയാണ്. പക്ഷെ പുതിയ ഉപഭോഗസ്വഭാവം ജനങ്ങളിൽ ഏറെ ആഴ്‌ന്നിറങ്ങിയിരിക്കുന്ന ഇക്കാലത്ത് വിഷുവെന്നത് വെറും അവധി ദിനമായി മാറിയിരിക്കുന്നു. ഇത് വിഷുവിന്റെ മാത്രം അനുഭവമല്ല. എല്ലാത്തരം ദേശീയ-പ്രാദേശീക ഉത്സവങ്ങളുടെ അവസ്ഥയും ഇതുതന്നെ. ഇതിൽ ഞാൻ ഏറെ വേദനിക്കുന്നു. പണ്ട് കൂട്ടുകുടുംബങ്ങൾ ആയിരുന്നു. ഇന്ന് എല്ലായിടത്തും അണുകുടുംബങ്ങൾ മാത്രമായി മാറുന്നു. ഈ ഒരു മാറ്റം പല കാര്യങ്ങളിലും ഗുണകരമെങ്കിലും, നമ്മുടെ തനിമ, ജീവിതശൈലിയുടെ ആത്മാവ് നഷ്‌ടപ്പെട്ടുപോകുവാൻ ഇടവരുത്തുന്നു. ഇനി നല്ല നാളുകൾ തിരികെ വരുമോ എന്നതിന് ‘വരും’ എന്ന് ഉത്തരമായി പറയുവാൻ നമുക്ക് കഴിയില്ല.
വിഷു എന്നത് കാർഷിക ഉത്സവമാണ്. ഞാനൊരു കർഷകൻ കൂടിയായതുകൊണ്ട് എനിക്ക് ഈ ഉത്സവത്തോട് ഏറെ അടുപ്പമുണ്ട്. ഇന്നത്തെ തലമുറയ്‌ക്ക് കാർഷികരംഗം ഒട്ടും താത്‌പര്യമില്ലാത്ത ഒന്നാണ്. കൃഷിഭൂമിയില്ലാത്ത ഒരു കാലത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്. ഭൂമിയെ സ്‌നേഹിക്കാൻ നാം മറന്നുപോയിരിക്കുന്നു. യുവാക്കളിൽ മദ്യപാനവും മറ്റും ഏറിയിരിക്കുന്നു.
സ്വദേശി ഉത്‌പന്നങ്ങളോട് നമ്മൾ വിരക്തി പ്രകടിപ്പിക്കുന്നു. ഇന്ന് ലോകം അമേരിക്ക നടത്തിയ നെറിവുകേടിൽ പകച്ചു നില്‌ക്കുകയാണ്. ലാഭം കൊതിച്ച് കൊന്നുകൂട്ടിയ ഇറാഖി ജനതയ്‌ക്കുവേണ്ടി അമേരിക്കൻ ഉത്‌പന്നങ്ങൾ ബഹിഷ്‌ക്കരിച്ചേ മതിയാവൂ… അതിനായ് സ്വദേശി ഉത്‌പന്നങ്ങൾ ഉപയോഗിക്കണം. ഈ വെളളരി എങ്ങിനെയായാലും കൊക്കോകോളയെക്കാൾ നല്ലതാണ്. ഇതിന് നമ്മുടെ മണ്ണിന്റെ സ്വാദുണ്ട്. നമ്മുടെ നാടിന്റെ ഗന്ധമുണ്ട്. ഞാൻ ഈ കച്ചവടം നടത്തുന്നത് ഒരു പ്രതിഷേധത്തിനുകൂടിയാണ്. നമ്മുടെ മണ്ണിനെ തിരിച്ചറിയാനാണ്.
കർഷകരുടെ…. മലയാളികളുടെ…. ഉത്സവമായ വിഷു, പുതിയ പ്രതീക്ഷകളുടെ ദിനമാകട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം ഈസ്‌റ്റർ ദിനാശംസകളും.
Generated from archived content: essay2_vishu.html Author: prasad_vellari
Click this button or press Ctrl+G to toggle between Malayalam and English