ചുംബനസമരത്തിന്‍റെ നീതിബോധം

ഒരു നാടിന്‍റെ സാംസ്കാരിക പുരോഗതിയെ എങ്ങനെ വിലയിരുത്താം? ഏത് അളവുകോലുകൊണ്ടാണ് സംസ്കാരത്തെ അല്ലെങ്കില്‍ സാംസ്കാരിക പുരോഗതിയെ അളക്കാന്‍ സാധിക്കുക? എല്ലാ ദേശങ്ങള്‍ക്കും, രാജ്യങ്ങള്‍ക്കും, മൊത്തത്തില്‍ മാനവരാശിക്കു മുഴുവനായും ഉപയോഗിക്കാന്‍ തക്ക ‘ബലമുള്ള’ അളവുകോലായി ഒന്നുണ്ടാകുമോ? ഇങ്ങനെ ചില ചോദ്യങ്ങളും സംശയങ്ങളും മനസ്സില്‍ തോന്നാന്‍ കാരണം, നമ്മുടെ പൊതുമണ്ഡലത്തില്‍ അടുത്തകാലത്തായി ഉയര്‍ന്നു വന്ന ചില സമരരീതികളും തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളിലും പൊതുവേദികളിലുമുണ്ടായ ചര്‍ച്ചകളുമാണ്. മറ്റൊുമല്ല, ‘ചുംബനസമരവും’ തുടര്‍ന്ന് സംഭവിച്ച ‘ആലിംഗന’സമരവുമാണ് വിഷയം. ഒരു വശത്ത് ‘ചുംബനം’ എന്ന ക്രിയയുടെ വിശുദ്ധിയും അതിന്‍റെ വൈകാരികമായ (emotional) പ്രാധാന്യത്തെയും ഉയര്‍ത്തിക്കാട്ടി, അത് അവകാശം എന്ന നിലയില്‍ (അവകാശം എന്നാല്‍, എവിടെയും – പൊതുവേദിയില്‍ – ആര്‍ക്കും ഈ ക്രിയയില്‍ ഏര്‍പ്പെടാനുള്ള അവകാശം) അംഗീകരിക്കപ്പെടേണ്ടതിനെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ശ്രമവുമായി ഒരു വിഭാഗം. മറുവശത്ത്, ഇത് കേവലം ആഭാസമാണ്; മറയ്ക്കേണ്ടത് മറച്ചുകൊണ്ടുതന്നെവേണം നിര്‍വഹിക്കാന്‍. ഇത്തരം വൈകാരിക പ്രകടനം പൊതുവേദിയില്‍ നടത്തുന്നത് അന്തസ്സിന് (സംസ്കാരത്തിന് എന്ന് കൂട്ടിവായിക്കുക) ചേര്‍ന്നതല്ല എന്ന മുറവിളിയുമായി മറ്റൊരു വിഭാഗം. ഇവിടെ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് മനസ്സിലാക്കുവാന്‍ വെപ്രാളപ്പെടുന്ന ഒരു വലിയ വിഭാഗം നിശബ്ദരായി തങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുവാന്‍ ശ്രമിക്കുന്നു.

ഈ ഒരു സാഹചര്യം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുവാനുണ്ടായതിന്‍റെ കാരണം സാമൂഹികവിരുദ്ധരുടെ അടുത്ത കാലത്തുണ്ടായ ചില പ്രവര്‍ത്തനമാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറേക്കാലമായി ‘സദാചാര’ പ്രവര്‍ത്തികള്‍ ഉറപ്പുവരുത്തുതിന് എന്ന മറവില്‍ നടമാടുന്ന ചില സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളുടെ തുടര്‍ച്ച. ഇത്തരക്കാര്‍ ‘സദാചാര’ പോലീസ് എന്ന ഓമനപേരില്‍ അറിയപ്പെടുന്നു. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ഇവര്‍ നിയമം കൈയ്യിലെടുക്കുന്ന ഒരു സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നു. അതായത് നിയമപരിപാലകരുടെ അഭാവത്തില്‍ നിയമം നടത്താന്‍ ഉത്തരവാദിത്വമുള്ളവര്‍ എന്ന മട്ടില്‍ പെരുമാറുന്നു. ഇവിടെ നിയമം എന്നത് നിര്‍വചിക്കപ്പെടുന്നത് ഇത്തരം സാമൂഹിക വിരുദ്ധരുടെ മനോധര്‍മ്മമനുസരിച്ചാണ്. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധമായ പ്രവര്‍ത്തി എന്നുമാത്രമേ ഇത്തരം പ്രവര്‍ത്തികളെ വ്യാഖ്യാനിക്കാനാകൂ.

ഏറെ വിമര്‍ശിക്കപ്പെട്ട ഇത്തരം ഒരു പ്രവര്‍ത്തിയായിരുന്നു, അടുത്ത കാലത്ത് കോഴിക്കോട്ട് ഒരു ഹോട്ടലിന്‍റെ കുറേഭാഗം, സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ഏതോ പ്രണയ ജോഡികള്‍ ‘സദാചാര’ വിരുദ്ധ നടപടിയില്‍ ഏര്‍പ്പെടുന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ഒത്താശ ചെയ്തു എന്നാരോപിച്ചാണ് ഈ ഹോട്ടലിന്‍റെ ചില ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തത്. ഇവിടെ സദാചാര വിരുദ്ധ നടപടി ഈ പ്രണയ ജോഡികളുടെ പ്രവര്‍ത്തിയാണോ, അതോ ഈ പ്രവര്‍ത്തിക്ക് ഒത്താശ ചെയ്ത ഹോട്ടല്‍ ജീവനക്കാരുടെ ഇടപെടലാണോ, അതോ ഈ സദാചാര പ്രവര്‍ത്തി മൊബൈല്‍ ഫോണ്‍ക്യാമറയിലെടുത്ത് ചാനലിന് കൈമാറിയതാണോ? അതുമല്ലെങ്കില്‍ ഈ സ്വകാര്യ നടപടി പരസ്യപ്പെടുത്തിയ ചാനലിന്‍റെ ഇടപെലാണോ? ഇവിടെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രധാന കാര്യം, സദാചാര പോലീസ് ചമഞ്ഞെത്തിയ ആള്‍ക്കാരുടെ അക്രമം തന്നെയാണ്. അതേ ഗൗരവത്തില്‍ത്തന്നെ സ്വകാര്യതയെ ക്യാമറയിലാക്കിയ ‘ഞരമ്പു’രോഗിയുടെ പ്രവര്‍ത്തിയും, അത് പരസ്യപ്പെടുത്തിയ ചാനല്‍ കാണിച്ച സാമൂഹിക വിരുദ്ധ നടപടിയും എതിര്‍ക്കപ്പെടേണ്ടതായിരുന്നു. ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധ നടപടികളെ ആരും കാര്യമായി എതിര്‍ത്തു കണ്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. ഇവിടെ ഏറ്റവും ശക്തമായ എതിര്‍പ്പ് ഉണ്ടായത് സദാചാര പോലീസ് ചമഞ്ഞെത്തിയ രാഷ്ട്രീയഗുണ്ടകള്‍ നടത്തിയ അക്രമമെന്നത് സ്വാഭാവികമാണ്. നമ്മുടെ സമൂഹത്തിന്‍റെ സവിശേഷമായ സ്വഭാവമാണ് അത് കാണിക്കുന്നത്‌.

ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധമായ സദാചാര പോലീസിംഗിനെ എതിര്‍ത്തുകൊണ്ടാണ് പുത്തന്‍ സമരമുറയായ ‘ചുംബന’ സമരം അരങ്ങേറിയത്. അപ്പോള്‍ പ്രസക്തമായ ചോദ്യം ചുംബനം എന്ന ക്രിയ ഏതര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ളതാണോ? സഹോദരങ്ങള്‍ തമ്മിലുള്ളതാണോ, അതോ സുഹൃത്തുക്കള്‍ തമ്മിലുള്ളതാണോ, അതുമല്ല പ്രണയജോഡികള്‍ തമ്മിലുള്ള ചുംബനമാണോ എന്നുള്ളതാണ്. പ്രധാനമായും സാമൂഹിക വിരുദ്ധ സദാചാര പോലീസിനെ ചൊടിപ്പിക്കുന്നത് പ്രണയ ജോഡികള്‍ തമ്മിലുള്ള ചുംബനമായിരിക്കണം. സുഹൃത്തുക്കള്‍ തമ്മിലുള്ള ചുംബനവും (പ്രത്യേകിച്ചും ആണ്‍സുഹൃത്തും പെണ്‍ സുഹൃത്തും) തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം/സൗഹൃദം നിര്‍ണ്ണയിക്കുതില്‍ സ്പര്‍ശനത്തിനുള്ള പങ്ക് നിസ്തുലമാണ്. അതില്‍തന്നെ ചുംബനത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ചുംബനത്തിലൂടെ വൈകാരികമായ അടുപ്പമാണ് സ്ഥാപിക്കുക. വിവിധങ്ങളായ ചുംബനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം അര്‍ത്ഥം തന്നെയുണ്ട്. ഈ അവസരത്തില്‍ ചുംബനത്തിന്‍റെ മനഃശാസ്ത്രത്തെപ്പറ്റി കൂടുതലായി സൂചിപ്പിക്കേണ്ടതിന്‍റെ ആവശ്യമില്ല. ഇവിടെ ആണും പെണ്ണും തമ്മിലുള്ള ചുംബനമാണ് വില്ലന്‍. ഒരേ ലിംഗത്തില്‍ തന്നെയുള്ളവര്‍ ചുംബിക്കുന്ന തിന്‍റെ നാനാര്‍ത്ഥതലങ്ങള്‍ ഇപ്പോഴത്തെ ‘സദാചാര’വാദികള്‍ കണക്കിലെടുക്കുമെന്നു തോന്നുന്നില്ല. പാശ്ചാത്യനാടുകളിലെ സദാചാരവാദികളുടെ മുഖ്യപ്രശ്നം അതാണ്! അതവിടെ നില്ക്കട്ടെ.

ഈ സദാചാര പോലീസിന്‍റെ സമാനമായ സാമൂഹിക വിരുദ്ധ പോലിസിംഗ് മറ്റു മേഖലകളിലും സാധാരണമാണ്. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് നിയമപാലകരല്ലാത്തവര്‍ പലപ്പോഴും നിയമം കയ്യിലെടുക്കുന്ന അവസ്ഥ തീര്‍ച്ചയായും സാമൂഹിക വിരുദ്ധം തെയാണ്. നമ്മുടെ പല കോളേജ്/യൂണിവേഴ്സിറ്റി ക്യാമ്പസുകളും അതിനുദാഹരണമാണ്. ചില പ്രത്യേക വിഭാഗ(പലപ്പോഴും രാഷ്ട്രീയ സംഘടനകള്‍)ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥ. അവര്‍ തീരുമാനിക്കും വിദ്യാര്‍ത്ഥികളുടെ ക്യാമ്പസിലെ ജീവിതം. ഇലക്ഷന് ആരു മത്സരിക്കണം, മത്സരിക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഇത്തരം സംഘടനകളാണ്. എതിര്‍ഗ്രൂപ്പിലുള്ളവര്‍ക്ക് അല്ലെങ്കില്‍ ഈ ഗ്രൂപ്പില്‍പ്പെടാത്തവര്‍ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥ. എതിര്‍ഗ്രൂപ്പിലെ ആളാണ് എന്നതുകൊണ്ടുമാത്രം തല്ലുകിട്ടുന്ന അവസ്ഥ. ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്നകണക്കേ തങ്ങളുടെ എതിര്‍ഗ്രൂപ്പിനെ അടച്ചെതിര്‍ത്ത് ക്യാമ്പസില്‍ പ്രവര്‍ത്തിക്കാനനുവദിക്കാതെ തികച്ചും ജനാധിപത്യധ്വംസനം നടത്തു അവസ്ഥ, കേരളത്തിലെ പല പ്രമുഖ ക്യാമ്പസുകളുടെയും ദുര്യോഗമാണ്. സദാചാരപോലീസും, ഇത്തരം (അ)രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മില്‍ എന്താണു വ്യത്യാസം? ഇത്തരം പീറ രാഷ്ട്രീയ നിലപാടിനെയും സമൂഹം എതിര്‍ത്ത് തുരത്തിയോടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാനമായ സാമൂഹിക വിരുദ്ധപോലീസിംഗ് ഇങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലായി ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും. ഏതുതരത്തിലുള്ള സാമൂഹിക വിരുദ്ധ പോലീസിംഗും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഇത്തരം പ്രവണത വര്‍ദ്ധിച്ചു വരുന്നതിന്‍റെ മുഖ്യകാരണം നിയമവാഴ്ച വേണ്ടത്ര പ്രയോഗത്തില്‍ വരാത്തതിനാലാണെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

ഇനി പുതിയ സമരമാര്‍ഗ്ഗത്തിന്‍റെ യുക്തിയെപ്പറ്റി വിശകലനം ചെയ്യാം. ആണും പെണ്ണും തമ്മിലുള്ള ചുംബനം പരസ്യമായപ്പോള്‍ അതിനെതിരെ സാമൂഹിക വിരുദ്ധരായ ഒരു കൂട്ടം ആള്‍ക്കാര്‍ ശക്തമായ എതിര്‍പ്പിലൂടെ തങ്ങളുടെ നിലപാടു വ്യക്തമാക്കുന്നു. ചുംബനം എന്നത് നിയമപരമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയൊന്നുമല്ല. അപ്പോള്‍ ഇത്തരമൊരു അന്ധമായ എതിര്‍പ്പ് തികച്ചും സാമൂഹിക വിരുദ്ധമെന്നേപറയേണ്ടൂ. ഈയൊരുതലത്തിലുള്ള സദാചാര പോലീസിംഗിനു ശക്തമായ മറുപടി കൊടുക്കുതിനാണ് പൊതുവേദിയില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയത്. ഈ ഒരു സമരത്തോടെ, ചുംബനം പരസ്യമായി ചെയ്യാവുന്ന കൃത്യമായി അംഗീകരിക്കണം എന്ന ഒരു ആഹ്വാനം ഉണ്ടായതുപോലെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ മനസിലാക്കുവാനായത്. യഥാര്‍ത്ഥത്തില്‍, ചുംബനം സാമൂഹികമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയാണെന്ന് പറഞ്ഞു കേട്ടിട്ടില്ല. ചുംബനം പോലെ വൈകാരികമായ/ ഊഷ്മളമായ ഒരു പ്രവര്‍ത്തിയെ മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ/ ബന്ധത്തിന്‍റെ ഊഷ്മളതയാണ് ചുംബനത്തിലൂടെ കൈമാറുത്. അത് തികച്ചും സ്വകാര്യമായ (തികച്ചും വ്യക്തിപരം) ഒരു സംഗതിയാണ്. അത്, ഇത്തരത്തില്‍ public gimmickലൂടെ പ്രതിഷേധത്തിന്‍റെ ഒരു ‘വഴി’യാക്കിയത് ഒരുതരംതാണപ്രവര്‍ത്തിതന്നെയാണ്. കോഴിക്കോട്ടെ സംഭവത്തിലെ അഭിനവ സദാചാരവാദികള്‍ക്ക് ചുട്ടമറുപടി കൊടുക്കുവാനായി അനുവര്‍ത്തിച്ച രീതി ശരിയായില്ലെന്നു മാത്രമാണ് ഇവിടെ ഉദ്ദേശിച്ചുള്ളൂ. സാമൂഹിക നീതി എന്ന ലക്ഷ്യം മു ന്നില്‍ കണ്ടാണെങ്കില്‍ എത്രയോ ക്രിയാത്മകമായി ഇവര്‍ക്കു പ്രതികരിക്കാമായിരുന്നു. പക്ഷെ അവിടെ ‘വിപണി’ ലഭിക്കണമെന്നു നിര്‍ബന്ധമില്ല. ഈ രീതിയില്‍ സമരം ചെയ്തതിലൂടെ ഇന്നത്തെ വിപണന തന്ത്രം ഏതു രീതിയിലാവണം എന്ന് ഇവര്‍ അടിവരയിട്ടു സമര്‍ത്ഥിക്കുകയാണ്. ഒരുതരം അന്ധമായ പാശ്ചാത്യ അനുകരണം. പല പാശ്ചാത്യ നാടുകളിലും ജന/മാധ്യമ/ലോക ശ്രദ്ധ ലഭിക്കുതിനായി ഇത്തരം പല സമരമുറകളും കാണാറുണ്ട്. അതൊക്കെത്തന്നെ തങ്ങളെ തങ്ങള്‍ത്തന്നെമാര്‍ക്കറ്റ് ചെയ്യു ന്ന ഒരു പ്രവണതമാത്രമാണ്. ഇനി സാമൂഹിക നീതി എന്ന ലക്ഷ്യമാണ് പ്രധാന ദര്‍ശനമെങ്കില്‍ ഇതിനേക്കാള്‍ (സദാചാര പോലീസിംഗ്) എത്രയോ ദാരുണമാണ് സാമൂഹികമേഖലയില്‍ കാണുന്ന പല കുഴപ്പങ്ങളും. ഇങ്ങ് വില്ലേജ് ഓഫീസ് മുതല്‍, അങ്ങ് മന്ത്രിമാരുടെ ഓഫീസ് വരെ നീളുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അഴിമതി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ദുരിതം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം, പ്രായമായ അച്ഛനെയും അമ്മയെയും നടതള്ളുന്ന മക്കളുടെ പെരുമാറ്റം, അങ്ങനെ എന്തൊക്കെ, എന്തൊക്കെ? ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് എതിരായ ഒരു പ്രതിഷേധ സ്വരമുയര്‍ത്തിയാല്‍ അതിനൊന്നും ഒരു മാര്‍ക്കറ്റ് ഉണ്ടാകണമെന്നില്ല. ഇങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ അര്‍ഹമായ പരിഗണനയില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് പ്രതിഷേധത്തിന്‍റെ സമരമാര്‍ഗവുമായി പോകാന്‍ ആര്‍ക്കാണ് നേരം? യുവത്വത്തിന്‍റെ വലിയ ശക്തി ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഗതി തിരിഞ്ഞു വന്നിരുന്നുവെങ്കില്‍ നമ്മുടെ നാട് എത്രയോ നന്നായി വരുമായിരുന്നു.

ഇതിനിടയില്‍ ഈ സമരമുറയെ പരിഹസിച്ചുകൊണ്ട്/എതിര്‍ത്തുകൊണ്ട് വലിയ പ്രതിഷേധമുണ്ടായി. സാംസ്കാരിക അധ:പതനം; സംസ്കാരത്തിനു യോജിക്കാത്ത സമരമുറ എന്നിങ്ങനെ. നമ്മുടെ സംസ്കാരം എന്തെന്നുള്ളതായി അപ്പോഴത്തെ ആലോചന. ചിലര്‍ പതിറ്റാണ്ടുകള്‍ പിറകോട്ടു പോയി. മാറുമറയ്ക്കല്‍ സമരത്തിന്‍റെ കാര്യം പറയുകയുണ്ടായി. അതോടൊപ്പം ഉച്ചനീചത്വത്തിന്‍റെ കാണാപ്പുറങ്ങള്‍ പലതും ഓര്‍ത്തെടുത്തു. ഇതൊക്കെയാണോ നമ്മുടെ സംസ്കാരം എന്നു ചിലര്‍ വാദിച്ചു. ഈ സംസ്കാരത്തിലേക്കു നമ്മള്‍ മടങ്ങി പോകണമോ എന്നും ചിലര്‍ ചോദിച്ചു. നാം ഒരു കാര്യം മനസ്സിലാക്കണം, സംസ്കാരം എന്നത് ഒരു ചെറിയ കാലയളവുകൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല. സംസ്കാരം എന്നതിലുപരി ധാര്‍മ്മികം എന്ന ആശയത്തിലൂടെ ഈ പ്രശ്നം കൈകാര്യം ചെയ്യാവുതാണ് നല്ലതെന്നു തോന്നുന്നു. കാരണം ഒരു സംസ്കാരം നല്ലതോ മോശമോ എന്നു പറയുക എളുപ്പമല്ല. അതിനു സഹായിക്കുന്ന ഒരു പൊതുഅളവുകോല്‍ ഇല്ല എന്നുതന്നെപറയാം. എന്നാല്‍ ധാര്‍മ്മികത എന്നതിന് ഭാരതീയരെ സംബന്ധിച്ച് ഒരു നിര്‍വചനമുണ്ട് എന്നു നമുക്ക് തീര്‍ച്ചയായും പറയാം. ആ ധാര്‍മ്മികബോധം ഉള്ളതുകൊണ്ടുതെയാണ് ഭാരതീയ സംസ്കൃതി ഇന്നും നിലനില്‍ക്കുത്. ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പുരാതന സംസ്കൃതി ഇതു തന്നെയാണ് എന്ന പരമാര്‍ത്ഥം നാം ഒരിക്കലും മറക്കരുത്. ഒരു പാശ്ചാത്യ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല ഇതിന്‍റെ വ്യാപ്തി. ആ ധാര്‍മ്മിക ബോധം എന്ത് എന്ന് മനസ്സിലാക്കുക. അവിടെ ചുംബനം ഒരു തെറ്റായ സംഗതിയാണെന്നെന്നും വ്യാഖ്യാനമില്ല. മു ന്‍പു പറഞ്ഞതുപോലെ സ്വകാര്യമായ ഒരു പ്രവര്‍ത്തി മാത്രമാണ്. ആ സ്വകാര്യത ഭഞ്ജിക്കപ്പെട്ടാല്‍, അത് ഭഞ്ജിച്ചവരാണ് കുറ്റക്കാര്‍, അല്ലാതെ ആ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരല്ല, അതാണ് പരമാര്‍ത്ഥം. അതല്ലാതെ സ്വകാര്യമായ പ്രവര്‍ത്തിയെ വീണ്ടും വീണ്ടും പൊതുവേദിയിലൂടെ ഒരു പ്രഹസനമാക്കുന്ന നടപടി തികച്ചും വിപണിയെ ലക്ഷ്യമിട്ട് നടത്തുന്ന അല്പത്തമുള്ള ഒരു കപടനാടകം മാത്രമാണ്. യുവശക്തിയെ എത്രയോ മികച്ചരീതിയില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുതിനായി വിനിയോഗിക്കാമായിരുന്നു.

ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ വ്യക്തിപരമായ പല കാര്യങ്ങളും സ്വകാര്യമായിത്ത ന്നെചെയ്യാനുള്ളതാണ്. അതൊന്നും നിയമവിരുദ്ധമല്ലാത്ത കര്‍മ്മങ്ങളായതുകൊണ്ട് അതൊക്കെ ആര്‍ക്കും എപ്പോഴും എവിടെ വേണമെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കണമെന്ന് പറയുത് ശുദ്ധഭോഷ്കാണ്. തുടര്‍ന്ന് ആലിംഗന സമരം എന്ന പ്രതിഭാസം കണ്ടു. ആലിംഗനവും നിയമവിരുദ്ധമായ ഒന്നല്ല. ഇതിനേയും എന്തിനെതിര്‍ക്കണം? ഇത്തരം ചിന്തകള്‍ സ്വാഭാവികമായും ഉടലെടുക്കുന്നത് ക്യാമ്പ സുകളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ലക്ഷണമായി ഭാരതീയ ധാര്‍മ്മികത പറയുത്: അല്പാഹാരം, ജീര്‍ണ്ണവസ്ത്രം, ബകധ്യാനം, കാകദൃഷ്ടി, ശ്വാനനിദ്ര, ബ്രഹ്മചര്യം എന്നുള്ളതാണ്. അങ്ങനെയൊക്കെപ്പറയുന്ന ഭാരതീയ വിജ്ഞാനത്തിന്‍റെ ആഴവും പരപ്പും എന്നും പാശ്ചാത്യരെപ്പോലും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. ഇത്തരത്തിലുള്ള ധാര്‍മ്മികമൂല്യങ്ങള്‍ ഭാരതീയരുടെ വിദ്യാഭ്യാസത്തില്‍ വലിയ ഒരളവുവരെ സ്വാധീനം ചെലുത്തി എന്നുപറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. ഭാരതീയ വിദ്യാര്‍ത്ഥികള്‍ എന്നും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അന്ധമായ പാശ്ചാത്യ അനുകരണങ്ങളിലൂടെ നമ്മുടെ ധാര്‍മ്മികബോധം വലിയ തോതില്‍ അപചയപ്പെടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെ ഒരു പരിധിവരെ, പൊള്ളയായ ധാര്‍മ്മികബോധം പേറുന്നവര്‍ എന്നും നാം പഴി കേള്‍ക്കുന്നുണ്ട്. ഈ ഒരു പോരായ്മ മറികടക്കുതിനുപകരം, നമ്മുടെ വിദ്യാര്‍ത്ഥികള്‍ കേവലം ഭൗതികമായ താല്പര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തുകൊണ്ട് പഠനകാര്യങ്ങളില്‍ പിന്നോക്കം പോകുന്നുവെന്നുള്ളത് എടുത്തുപറയേണ്ട ഒരു സംഗതിയാണ്. ഈ സാഹചര്യത്തിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും നിലവാരത്തകര്‍ച്ച നേരിടുന്നുവെന്നുള്ളതും ചേര്‍ത്ത് വായിക്കേണ്ടതാണ്. നമ്മുടെ സാമൂഹികമായ ഉന്നമനം കേവലം ചുംബനസമരംകൊണ്ട് നേടാന്‍ പറ്റുന്ന കാര്യമൊന്നുമല്ല. പകരം അത് സാമൂഹികമായ അപചയം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു. സദാചാര പോലീസിംഗിനെ നിയന്ത്രിക്കുതിനും മറ്റും നിയമവാഴ്ചയുള്ള രാജ്യത്ത് നിയമത്തിന്‍റേതായ വഴി തേടണം. സാമൂഹിക നീതി ഉറപ്പാക്കുന്നതിന് നമ്മുടെ അന്തസ്സിന് ചേരുന്ന തരത്തിലുള്ള സമരമുറ കണ്ടെത്താനുള്ള ആര്‍ജ്ജവം യുവജനതയ്ക്കുണ്ടാകണം. എങ്കിലേ ബഹുജന പിന്തുണ ലഭിക്കുകയുള്ളൂ. ബഹുജനപിന്തുണ ഇല്ലാതെ ഒരു സമരവും വിജയിച്ച ചരിത്രമില്ല. കേവലം പാശ്ചാത്യ അനുകരണ പ്രലോഭനങ്ങളില്‍പ്പെടാതെ, നമ്മുടെ പൗരസ്ത്യ ജനതയുടെ അന്തസിനനുസരിച്ചുള്ള സമരമാര്‍ഗ്ഗം തേടണം. ഇവിടെയാണ് മഹാത്മജിയും മറ്റ് സ്വാതന്ത്ര്യസമരധീരരക്തസാക്ഷികളും അനുവര്‍ത്തിച്ചിരുന്ന സമരരീതിയുടെ പ്രസക്തി.

Generated from archived content: essay2_dec1_15.html Author: prasad_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English