രജിസ്‌റ്ററിൽ പേരെഴുതുമ്പോൾ തെല്ലൊരു സംശയത്തോടെ നോക്കുന്ന ചെറുപ്പക്കാരനായ റിസപ്‌ഷനിസ്‌റ്റിനെ അവഗണിച്ച് അയാൾ അവളെയും കൂട്ടി പടികൾ കയറി. രണ്ടാം നിലയിലെ മുപ്പത്തിരണ്ടാം നമ്പർ മുറി തുറന്ന് കൂജയിൽ വെളളം നിറച്ച് പയ്യൻ വലിഞ്ഞിട്ടും അയാൾ മുപ്പത്തിരണ്ട് എന്ന അക്കങ്ങളുടെ വളവുതിരിവുകളിൽ നിന്നും കരകയറിയിരുന്നില്ല. മുപ്പത്തിരണ്ട്- ഓർമ്മകളുടെ പെരുമഴ ഇരമ്പിയെത്തും മുന്നേ ഒരൊറ്റച്ചിരിയാൽ അയാൾ വെയിൽ പരത്തിക്കളഞ്ഞു. അലമാര വാതിലിലെ കണ്ണാടിയിൽ ജനലരികെ നിൽക്കുന്ന അവൾ പ്രതിബിംബിച്ചു. ഇളം വയലറ്റുനിറത്തിലുളള വോയിൽ സാരിയും വയലറ്റ് ബ്ലൗസും. യഥാർത്ഥത്തിൽ ഇപ്പോഴാണ് അവളെ ശരിക്കും കാണുന്നത്. അതിനും മണിക്കൂറുകൾക്കുമുമ്പ് റെയിൽവേ സ്‌റ്റേഷൻ റോഡിലെ വിളക്കുകാലിനുചുവട്ടിൽ ആരെയോ കാത്തെന്നപോലെ നിന്ന അവളെ ഒരംഗവിക്ഷേപത്താൽ ക്ഷണിക്കുമ്പോൾ യാതൊരു മുൻപരിചയവുമില്ലാത്ത ഒരു പ്രവൃത്തി എത്ര അനായാസം താൻ ചെയ്യുന്നുവെന്ന് അയാൾ അതിശയപ്പെടാതിരുന്നില്ല.
തുറന്നിട്ട ജനലിലൂടെ ഏതോ പൂവിന്റെ ഗന്ധം. പുറത്ത്, നഗരത്തിനുമീതെ രാത്രി പടരാൻ തുടങ്ങിയിട്ടുണ്ട്. അരികിൽ ഉലയുന്ന വസ്‌ത്രങ്ങളുടെ ശബ്‌ദം. അവൾ പതിയെ അടുത്തിരുന്നു. കൈവിരലുകൾ മടക്കിയും നിവർത്തിയും, തറയിലേക്കും മേശവിളക്കിലേക്കും അയാളുടെ മുഖത്തേക്കും വീണ്ടും തറയിലേക്കും നോക്കി മടുത്തപ്പോൾ പേരറിയാത്ത ഒരസ്വസ്ഥത അവളെ ഗ്രസിച്ചു തുടങ്ങി. ഇങ്ങനെ ഇതാദ്യമായാണ്. സാധാരണ ഇതിനകം കടിച്ചുപറിച്ചു തുടങ്ങിയിരിക്കും. ഇതെന്തൊരു മനുഷ്യൻ!
“സാറിനെന്നെ ഇഷ്‌ടായില്ലല്ലേ?”
ഇത്തവണ അയാൾക്ക് മുഖമുയർത്താതെ വയ്യെന്നായി. അവളുടെ മുഖത്തേയ്‌ക്കുനോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. കവിളിലെ മറുകും നേരിയ കറുപ്പ് പടർന്ന കൺതടങ്ങളും. വിളക്കുകാലിനുചുവട്ടിൽ നിന്നും കണ്ടതിലും സുന്ദരിയാണവളെന്ന് അയാളറിഞ്ഞു.
“അരമണിക്കൂറായി നമ്മളിവിടെ എത്തീട്ട്. ഇതുവരേം സാറെന്നോട് ഒന്ന് മിണ്ടീട്ടുകൂടിയില്ല.”
ആ സ്വരത്തിലെ ഇച്ഛാഭംഗം കാപട്യമല്ലെന്ന അറിവ് അയാളെ സന്തോഷിപ്പിച്ചു.
“നീ വല്ലതും കഴിച്ചോ?”
“ഉം. സന്ധ്യയ്‌ക്ക്”
പിന്നെയും മൗനം. പുറത്തെവിടെ നിന്നോ ഒരു പഴയ ഹിന്ദിഗാനം ഒഴുകിവന്നു. റെയിൽവേ സ്‌റ്റേഷനിൽ നിന്നും വണ്ടിയുടെ ചൂളംവിളി ഉയരുന്നു. കണ്ണൂർ എക്‌സ്‌പ്രസ്സാവും. അയാൾ വാച്ചിൽ നോക്കി.
രണ്ട്
“അച്ചൂട്ടാ, ഒന്ന് നിക്കൂന്നേ, ഞാനും വര്‌ന്നൂ” തോടിനപ്പുറം വയൽവരമ്പിൽ നിന്നും ഒരു നീലപാവാടക്കാരിയുടെ ശബ്‌ദം ഉയർന്നു.
ഓടിവരുമ്പോൾ കിലുങ്ങുന്ന പാദസരം. അടുത്തെത്തും മുമ്പേ അയാൾ തിരക്കുഭാവിച്ച് നടക്കാൻ തുടങ്ങി.
“പെൺകുട്ടികളായാൽ കുറച്ചൊക്കെ അടക്കം വേണം. അങ്ങേക്കരേന്ന് അച്ചൂട്ടാന്നുളള കാറല് കേട്ടാൽ നാട്ടാര് പേടിച്ചുപോവൂലോ.”
“അതേയ്, എനിക്കിപ്പം ഉളളത്ര അടക്കമൊക്കെ മതി. ഇതിനപ്പുറം അടക്കാൻ ഇയ്യാളിപ്പം ന്നെ കെട്ടാമ്പോണൊന്നുമില്ലല്ലോ?”
നെല്ലിൻ തലപ്പുകളെ വകഞ്ഞുമാറ്റിയെത്തിയ കാറ്റിനൊപ്പം ഒന്നുകറങ്ങി അയാൾ അവൾക്കഭിമുഖം നിന്നു.
“നോക്കി പേടിപ്പിക്കണ്ടാ. ഇപ്പം ഒര്‌പാട് ആലോചനകള് വര്‌ണ്ട്. നല്ലൊരെണ്ണം ഒത്ത് വന്നാ ഞാനങ്ങ് പോവും.”
“നീ പോവും?”
“പോവും.”
കാറ്റിനെതിരെ ഒരു വാശിക്ക് വലിഞ്ഞു നടക്കവേ പുറകിൽ നിന്നും അവളുടെ വിളി ഉയർന്നു.
“അച്ചൂട്ടാ, ഒന്ന് നിൽക്ക്. ഞാൻ വെറ്‌തേ പറഞ്ഞതല്ലേ. അച്ചൂട്ടാ, ഏയ്…”
മൂന്ന്
“നിന്റെ പേരെന്താ?”
“ഒരു പേരിലെന്തിരിക്കുന്നു സാറെ. ചിലര് ഓമനേന്ന് വിളിക്കും. ചിലര് ചക്കരേന്നും. അൽപം പൂക്കുറ്റി ആയാല് നിഘണ്ടുവിലില്ലാത്ത പേരൊക്കെയാവും വരിക. സ്‌നേഹത്തോടെ എന്തുവിളിച്ചാലും വിളികേൾക്കാലോ, സ്‌നേഹത്തോടെ..”
അവൾ ചിരിച്ചപ്പോൾ കീഴ്‌ച്ചുണ്ടിലെ നീളത്തിലുളള മുറിപ്പാട് തെളിഞ്ഞു. കൂടിയാൽ രണ്ട് ദിവസത്തെ പഴക്കമേ ആ മുറിവിന് കാണുകയുളളുവെന്ന് അയാൾ കണക്കുകൂട്ടി.
“ചുണ്ട്…”
“ഓ, ഇന്നലെ ഒരു വക്കീല് സ്‌നേഹിച്ചതാ. അങ്ങനെ പാടുകൾ ഒത്തിരിയുണ്ട് സാറെ. വയറിലും മാറത്തും ഒക്കെ. സിഗരറ്റ് കുത്തിയത്, കടിച്ചത്.. ഒക്കെ സ്‌നേഹം കൊണ്ടാ കേട്ടോ.”
പറയാൻ വന്നത് അയാൾ വിഴുങ്ങി. പുറത്തുനിന്നും രാത്രിയുടെ തണുപ്പ് അരിച്ചെത്താൻ തുടങ്ങിയിരിക്കുന്നു.
“പേര് പറഞ്ഞില്ല?”
“സാറിന് നിർബന്ധമാണേൽ സുധേന്ന് വിളിച്ചോ”
അതവൾ കളവ് പറഞ്ഞതല്ലെന്ന് അയാൾക്ക് തോന്നി.
കൊലുസിട്ട ഒരു പാവാടക്കാരി ഓടിവന്ന് തോടിന്റെ വക്കിൽ നിൽക്കുന്നു. തോടിന് ഒരുവിധം ആഴമുണ്ട്.
“അച്ചൂട്ടാ ഒന്ന് കയ്യ് പിടിക്ക്. അല്ലേ ഞാൻ വീഴും.”
“ഇങ്ങ് ഇറങ്ങിവാ പെണ്ണേ.”
“അയ്യടാ, പൂതികൊളളാലോ, ഞാനിതില് മുങ്ങിച്ചാവണം, ല്ലേ? എന്നാലല്ലേ ആ മാധവേട്ടന്റെ മോളെ കെട്ടാനാവൂ. ദുഷ്‌ടൻ. ഞാനിറങ്ങ്‌ന്നില്ല. അങ്ങനിപ്പം വേണ്ട.”
പെട്ടെന്ന് ഒരാവേശത്തിൽ അയാൾ അവളുടെ മുഖം പിടിച്ച് തനിക്കുനേരെ തിരിച്ചു.
“സുധേ ഇന്ന് രാത്രി നിന്റെ മുഴുവൻ സ്‌നേഹവും എനിക്കുവേണം.”
“അതുതന്നെയല്ലേ സാറേ എന്റെ ജോലി?”
“അതല്ല. ഒരു കാമുകിയുടെ, ഒരു കളിക്കൂട്ടുകാരിയുടെ, നിനക്ക് പറഞ്ഞാൽ മനസ്സിലാവുമോ… ഇന്നുരാത്രികൊണ്ട് പൂർണ്ണമായും എനിക്കന്യമാവുന്ന സ്‌നേഹം. എനിക്കിന്ന് നീ ഒര്‌പാട് കഥകൾ പറഞ്ഞുതരണം.”
അവൾക്ക് അമ്പരപ്പായിരുന്നു. ഇതാ അസാധാരണമായ ഒരു രാത്രി കടന്നുവരുന്നു. അസാധാരണമായ എന്തൊക്കെയോ സംഭവിക്കുന്നു. ഇതെന്തൊരു മനുഷ്യൻ.
നാല്
“അച്ചൂട്ടാ എന്റെ ഭാഗ്യനമ്പർ എത്രയെന്നോ, മുപ്പത്തിരണ്ട്!”
“ഉം”
“അച്ചൂട്ടനറിയ്യ്വോ, എന്റെ പരീക്ഷയുടെ റജിസ്‌റ്റർ നമ്പറിലെ അവസാനത്തെ അക്കങ്ങൾ മൂന്ന്, രണ്ട്. ഹോസ്‌റ്റലിലെ മുറി മുപ്പത്തിരണ്ട്. ഇന്നലെ പെണ്ണ് കാണാൻ വന്ന ആ സ്‌കൂൾമാഷ്‌ടെ വയസ്സും മുപ്പത്തിരണ്ട്.”
“ഉം”
“എന്തു പറഞ്ഞാലും ഒരു മൂളല്. അച്ചൂട്ടനെന്താ ചൂടാവാത്തെ? ഞാനിത്രേം പറഞ്ഞത് വെറ്‌തെ ആയി.”
“എന്തിനാ ചൂടാവ്‌ന്നേ? നിനക്ക് കേൾക്കണോ, കോഴിക്കോട് നടക്കാവിലൂടെ ജോലി അന്വേഷിച്ച് നടക്കുമ്പോൾ എന്നും ഒരു ലോട്ടറി വിൽപ്പനക്കാരൻ അടുത്തുവരും. ഒരിക്കൽ പോലും ഒരു ടിക്കറ്റെടുക്കാൻ കാശുണ്ടായിട്ടില്ല. അതറിഞ്ഞിട്ടും അയാൾ എന്നും.. ഞാൻ ഒരിക്കലും ആ മനുഷ്യനോട് ചൂടായിട്ടില്ല. എന്തിനാ, കിട്ടാത്ത കാര്യങ്ങളെ ചൊല്ലി വഴക്ക് കൂടീട്ട് എന്തിനാ…”
“അച്ചൂട്ടനെന്താ അങ്ങനെ പറഞ്ഞേ? പറയ്, അച്ചൂട്ടനെന്താ…”
“ഇനീപ്പം അതിന്റെ തലനാരിഴ കീറി വെറ്‌തെ കരയണ്ടാ. ഞാൻ പറഞ്ഞത് ദേ, തിരിച്ചെടുത്തു.”
പ്രണയം ഞെളിയംപറമ്പിലെ* ഉണക്കമരങ്ങളാണെന്ന് എഴുതിയത് ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരനായിരുന്നു. അതിന് അവനോട് ശരിക്കും പിണങ്ങുകയും ചെയ്‌തു. വർഷങ്ങൾക്കിപ്പുറം അയാൾക്കെന്തോ, ആ പഴയ സതീർത്ഥന്റെ മുഖം ഓർത്തെടുക്കാൻ തോന്നി. ഇല്ല, ആവുന്നില്ല. അല്ലെങ്കിലും മുഖങ്ങൾ അങ്ങനെയാണ്. മങ്ങിപ്പോകുവാൻ എന്തെളുപ്പം!
“നമ്മുടെ കല്ല്യാണം കഴിഞ്ഞാ, അവധിക്ക് അച്ചൂട്ടനെന്നെ എവ്‌ടാ കൊണ്ട് പോവ്വാ?”
“എനിക്കെപ്പോഴും അവധിയല്ലേ?”
“അതൊന്നുമല്ല. അച്ചൂട്ടന് നല്ല ജോലികിട്ടും. പിന്നെന്തിനാ നിരാശ? നമുക്ക് അവധിക്ക് ഊട്ടിയിലും കൊടൈക്കനാലിലും ഒന്നും പോവണ്ട. ഏതെങ്കിലും ഇത് പോലത്തെ ഒരു ഗ്രാമത്തില്. അങ്ങ് ദൂരെ…”
ഇന്നവളുടെ വിവാഹമാണ്. മുപ്പത്തിരണ്ടുകാരനായ ആ സ്‌കൂൾമാഷ് അവധിക്ക് അവളെ എങ്ങോട്ടാവും കൊണ്ടുപോവുക. അയാൾക്ക് നെഞ്ചെരിയുന്നതുപോലെ തോന്നി.
അഞ്ച്
“സുധേ, നിനക്കെത്ര കഥയറിയാം?”
“എനിക്കൊക്കെ എവിടാ സാറേ കഥ. കഥയില്ലായ്‌മ തന്നെ എന്റെ കഥ.”
“സാറല്ല; അച്ചൂട്ടൻ. ഇന്ന് നീ എന്നെ അങ്ങനെ വിളിക്കണം.”
അവൾ വീണ്ടും വല്ലാതായി. ഈശ്വരാ ഇതെന്തൊരു… പലവിധത്തിലുളളവരെ കാണുന്നു. പക്ഷെ ഇങ്ങനെ ഒരാൾ ആദ്യമായാണ്. ഇനിയും മോഹത്തോടെ ഇയാൾ തന്നെ ഒന്ന് തൊട്ടിട്ടുപോലുമില്ല. ശാന്തമായ ആ മുഖത്തേക്ക് നോക്കുംതോറും വല്ലാത്ത ഒരു സുരക്ഷിതബോധം ഉളളിൽ നിറയുന്നതായി അവൾക്കു തോന്നി.
“സുധേ, ഞാൻ നിന്റെ മടിയിൽ തലവെച്ച് കിടക്കട്ടെ?”
“ഉം”
ഇപ്പോൾ ഫാൻ കറങ്ങുന്ന ശബ്‌ദം മാത്രം. മുറിയിലെ അരണ്ട പ്രകാശത്തിൽ ഭിത്തിയിലെ പെയിന്റിംങ്ങിന്റെ അവ്യക്തരൂപം കാണാം. അയാളുടെ തലമുടികൾക്കിടയിലൂടെ വിരലോടിക്കവേ എന്തേ തന്റെ മിഴികൾ സജലങ്ങളാവുന്നുവെന്ന് അവൾ അതിശയിക്കാതിരുന്നില്ല.
മഴ ചാറാൻ തുടങ്ങിയപ്പോൾ അവർ ഉമ്മറത്തേക്ക് ഓടിക്കയറി. പുറത്ത്, ഉണക്കാനിട്ട തുണികൾ വാരിയെടുത്ത് തുഷാരേട്‌ത്തി അടുക്കളവശത്തേക്ക് ഓടുന്നു.
“അരിപ്പച്ചെട്ടി ഇരിപ്പച്ചെട്ടി
ആങ്ങള പെങ്ങള
പന്ത്രണ്ടാലിമ്മേ
കേറിയിറങ്ങി വരുമ്പോ…”
“ഛേയ്, അച്ചൂട്ടൻ തെറ്റിച്ചു. ഞാനില്ല. എപ്പഴും ഇങ്ങനെയാ. ഞാനില്ല, ഞാനില്ല, ഞാനില്ല.”
“ഇല്ലേ പോ. അല്ലേലും അരിപ്പച്ചെട്ടി കളിക്കാൻ പറ്റ്യ പ്രായല്ലേ.”
ചിണുങ്ങലിന്റെ പാവാടഞ്ഞൊറികൾ അകത്തളത്തിലേക്ക് മറഞ്ഞപ്പോൾ ഓടിനു മുകളിൽ നിന്നും വീഴുന്ന മഴനാരുകളെ കൈകളിൽ കോർത്ത് അയാൾ കുട്ടിയായി.
“എന്തേ ഞെട്ടീത്?”
“ഞാനുറങ്ങിപ്പോയിരുന്നോ?”
“ഉം”
“പുറത്ത് മഴയുണ്ടോ സുധേ?”
“മഴയോ, ഇത് വേനലാ സാറേ”
“. . . . . . . .”
“ഓ, അല്ല- അച്ചൂട്ടാ”
അയാൾ കാണാതെ പുറംകൈകൊണ്ട് അവൾ കണ്ണുനീർ തുടച്ചു. മനസ്സിന്റെ ചില്ലകളെ ആട്ടിയുലച്ച് തിമർത്തു പെയ്യുകയാണെന്ന് പറഞ്ഞില്ല.
“നിനക്ക് അരിപ്പച്ചെട്ടി കളിക്കാനറിയ്യ്യോ സുധേ?”
ഒന്നും മിണ്ടാനാവാതെ വറുതിയും ദുരിതവും നിറഞ്ഞ ഒരു ബാല്യത്തിൽ അവൾ സ്വയം നഷ്‌ടപ്പെടവേ, അയാൾ അവളുടെ മടിയിൽനിന്നും തല ഉയർത്തി നേരെ ഇരുന്നു.
“അരിപ്പച്ചെട്ടി ഇരിപ്പച്ചെട്ടി
ആങ്ങള പെങ്ങള
പന്ത്രണ്ടാലിമ്മേ
കേറിയിറങ്ങി വരുമ്പോളെന്തുണ്ട്?”
ചേറുനിറഞ്ഞ പാടത്ത് തലകറങ്ങി വീണ അമ്മയും ഏതോ ഒരു തുലാവർഷരാത്രിയിൽ പുറപ്പെട്ടുപോയ അനുജനും എത്ര ഊതിയിട്ടും കനലെരിയാത്ത ഒരടുപ്പും ആർത്തലച്ചുപെയ്യാൻ തുടങ്ങിയപ്പോൾ കിടക്കവിരിയിൽ നിവർത്തിവെച്ച അവളുടെ കൈ വിറയ്‌ക്കാൻ തുടങ്ങി.
“….. മുരിക്കുണ്ട്
മുരിക്കാശ്ശേരി കിടന്നവളേ
കയ്യോ കാലോ
രണ്ടാലൊന്ന്
തട്ടീം മുട്ടീം മലത്തി ക്ലാ”
അവസാനത്തെ സ്‌പർശം സ്വന്തം കയ്യിലാണെന്നറിഞ്ഞിട്ടും കൈ മലർത്താൻ അവൾ മറന്നുപോയിരുന്നു.
ആറ്
“. . .. .അറുപത്തിമൂന്ന്, അറുപത്തിനാല്, അറുപത്തി… അച്ചൂട്ടാ എഴുപതുപോലും ആയില്ലാട്ടോ. ശ്വാസംമുട്ടി,ല്ലേ?”
“പിന്നേ, നീ എണ്ണം തെറ്റിച്ചതാ. ഇത്രേം നേരം വെളളത്തില് മുങ്ങിക്കിടന്ന ഞാനാ മണ്ടൻ.”
കൈതത്തഴപ്പിൽ നിന്നും വെളളത്തിലേക്ക് വീണ ഒരു പുളച്ചിൽ തല ഉയർത്തിപ്പിടിച്ച് വരുന്നത് കാൺകെ അയാൾ കരയിലേക്ക് ചാടിക്കയറി.
“അത് നീർക്കോല്യാ അച്ചൂട്ടാ. അയ്യേ ഇങ്ങനൊണ്ടോ മനുഷ്യർക്ക് പേടി?”
“അത്താഴം മുടങ്ങാൻ അതുമതി മരക്കഴുതേ. കേറിപ്പൊയ്‌ക്കോ. ഞാനിതാ തോർത്തഴിക്കാൻ പോകുവാ.”
കൈതപ്പൊന്തയ്‌ക്കിടയിലൂടെ ഒരു കുളക്കോഴി ഓടിപ്പോയി.
ജനലിലൂടെ ദൂരെ ബഹുനിലക്കെട്ടിടങ്ങളിൽ നിന്നുളള വെളിച്ചം അരിച്ചെത്തുന്നുണ്ട്. സ്‌റ്റേഷനിലേക്ക് വന്നു കൊണ്ടിരിക്കുന്ന ഏതോ വണ്ടി.
“ശ്വാസം വിടാതെ നിനക്ക് എത്രവരെ എണ്ണാനാവും സുധേ?” അയാളുടെ വിരലുകൾ ചേർത്തു പിടിച്ചതല്ലാതെ അവൾ മറുപടി പറഞ്ഞില്ല.
“ഒന്ന്, രണ്ട്, മൂന്ന്, നാല്…”
അവളുടെ മടിയിൽ തലചായ്‌ച്ച് കണ്ണുകളടച്ച് അയാൾ എണ്ണിത്തുടങ്ങി. ചേറ്റുപാടത്ത് താഴ്‌ന്നുപോയ അമ്മയുടെ ഒറ്റച്ചെരുപ്പിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. ചിറപൊട്ടിവന്ന തുലാവർഷത്തിൽ ആ ചെരുപ്പ് ഒഴുകി തോട്ടിൽ പോയിരിക്കും. തോട്ടിൽ നിന്നും പുഴയിലേക്ക്. പുഴ അതൊഴുക്കിയൊഴുക്കി കടലിലേക്ക്. നിരാലംബമായിപ്പോവുന്ന ജീവിതം പോലെ.
“….. ഇരുപത്തി ഒമ്പത്, മുപ്പത്, മുപ്പത്തിയൊ…” മുപ്പത്തിയൊന്നിനും മുപ്പത്തിരണ്ടിനുമിടയിൽ അയാൾ വിക്കി. ശക്തിയായി ചുമച്ചു. ശ്വാസം വിലങ്ങി കണ്ണുകൾ മിഴിഞ്ഞു. ഓർമ്മയുടെ കുന്നിറങ്ങിയെത്തിയ അവൾ അയാളുടെ നെഞ്ചിൽ പതിയെ തടവി. പതുക്കെ പതുക്കെ അയാൾ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതും നോക്കിയിരിക്കെ എന്തിനെന്നറിയാതെ അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു. സാവധാനം മിടിക്കുന്ന ആ നെഞ്ചിൽ വിരലുകൾ ചേർത്തുവെച്ച് അവൾ മൂളിത്തുടങ്ങി.
“അരിപ്പച്ചെട്ടി ഇരിപ്പച്ചെട്ടി
ആങ്ങള പെങ്ങള….”
———-
*ഞെളിയംപറമ്പ് – കോഴിക്കോടിന്റെ ചവറ്റുകൂന.
Generated from archived content: story_june18.html Author: pramod_seban