കുറ്റിപ്പുറം പാലമെത്തുമ്പോളോർമ്മകൾ
കുന്നിറക്കത്തിലുരുളുന്ന പന്തുപോൽ.
എന്റെയും നിന്റെയും പാദംപുണർന്നലി-
ഞ്ഞാകെ കുളിർപ്പച്ചയായ നിളയുടെ
പ്രേതം വരണ്ടു കിടപ്പതുണ്ടാവുമീ
കാലം കനൽച്ചൂട്ടെരിക്കും നിലങ്ങളിൽ.
ലോറിയിൽ കേറിയൊടുക്കത്തെ ജീവനും
യാത്രപറയും പുഴയുടെ നൂതന
ദൃശ്യങ്ങളും ദൂരദർശനിൽ കണ്ടുനാ-
മാർത്തരായിട്ടുമിങ്ങെത്ര വേനൽ വന്നൂ!
ഉളളിൽ കലമ്പുന്ന ചക്രവേഗങ്ങൾക്കു-
മുമ്പിൽ പറക്കുന്ന ചിന്തയുമായി നീ
ഏറെത്തണുത്തൊരീ കാറ്റുവീശും ജനൽ
ചാരെ പുതപ്പിതിൽ നൂണ്ടുറങ്ങുന്നുവോ.
ലോകം മുഴുക്കെ പിണക്കമാണെന്നൊരു
ഭാവം മയങ്ങുന്ന നിൻമുഖതാവിൽ ഞാൻ
ആകെപ്പരതിത്തളരുന്നലിവിന്റെ
കണ്ണീർത്തെളിച്ചമലിയുന്ന സന്ധ്യയെ.
കുറ്റിപ്പുറം പാലമെന്നപോലൊക്കെയും
ഹൃത്തിൽ കനപ്പിച്ചൊടുക്കമെൻ ജീവനെ
വിട്ടുപിരികയാണെങ്കിലുമോമലേ;
ഒച്ചകളെല്ലാമകന്നുപോം കാലത്തിൽ
ഒറ്റപ്പെടലിന്റെ സാഗരം താണ്ടുവാ-
നെത്താതിരിക്കുമോ നോവും നിമിഷങ്ങൾ?
കുറ്റിപ്പുറം പാലമെത്തുന്നു തീവണ്ടി
കുറ്റിരുട്ടല്ലോ പുറത്തുളളിലെന്നപോൽ
രാവു ചിലപ്പോളനുഗ്രഹമാണിങ്ങു
കാണാതിരിക്കുവാനാരും പരസ്‌പരം.
Generated from archived content: poem_palam.html Author: pramod_seban
Click this button or press Ctrl+G to toggle between Malayalam and English