പഴയ സ്നേഹിതാ, മനനം ചെയ്തൊരാ
പഴയ പാഠങ്ങൾ മറന്നുപോവുക.
കലക്കമാണെങ്കിലവനവൻ തന്നെ
കൊരുത്തു ചൂണ്ടയിൽ പിടഞ്ഞുതാഴണം
പെരുത്ത മീനുകൾ, പഴയ സ്രാവുകൾ
ഇടറിയെത്തുന്ന സ്‌മരണകൾ തെന്നി
ഇവിടെയെത്തിടുമൊരിക്കലെങ്കിലും
കലക്കവെളളങ്ങളൊഴുകിടുന്നൊരീ
പുഴക്കരയിൽ കാത്തിരിക്കണം മനം
അടിച്ചു നീർത്തൊരു പിടിയുമായ് സ്വയം.
അഴികളിൽപ്പെട്ട മൃഗത്തെയെന്നോണം
ഇളിച്ചുകാട്ടിയും എറിഞ്ഞുനോക്കിയും
പുറത്തു നിൽക്കുന്ന മനുഷ്യരൊക്കെയും
ഭരിച്ചിരുന്നൊരു പകലമർന്നുപോയ്.
മുറിവുകൾ നക്കിയുണക്കി ജീവിതം
വെടിച്ചു ദുഃഖങ്ങൾ പുതച്ചിരിക്കിലും
പകിട പോലെങ്ങോ കറങ്ങിവീഴവേ
മറക്ക വയ്യെന്റെ പഴന്തിണർപ്പുകൾ
തണുത്ത ചാരത്തിന്നകത്തണയാതെ
കനത്തു നീറുന്നു മുറിഞ്ഞ മാനസം.
പഴയ സ്നേഹിതാ, മുഖത്തു നിന്നുമീ
വ്യഥിത ഭാവങ്ങളടർത്തി മാറ്റുക
പഴയ പാട്ടിലെ വിവശവേഷങ്ങൾ
നിരത്തു വാണിഭരെറിഞ്ഞ നാണയം
അതിനു കിട്ടില്ല തെരുവുകുട്ടികൾ
മനസ്സിൽ ചിന്തുന്ന കനിവുതൂളികൾ.
മഴകളൊക്കെയുമൊഴിഞ്ഞ മാനത്ത്
തുറന്ന ജാലക മരത്തണുപ്പിതിൽ
പുതിയ പാഠത്തിന്നറിവുമായുയിർ
പറിഞ്ഞു പോവുന്ന കഠിനനൊമ്പരം
മിഴികൾ പൂട്ടുക, കരം പിടിക്കുക
തുറമുഖങ്ങൾ കാത്തിരിപ്പു നമ്മളെ.
പഴയ സ്നേഹിതാ, പറഞ്ഞതൊക്കെയും
മനനം ചെയ്‌തൊരീ പുതിയ പുസ്‌തകം
കരത്തിലേറുക, കലക്കമാണുളളം
പതഞ്ഞൊഴുകുന്നു കരയ്‌ക്കിരിക്കണം.
Generated from archived content: poem1_april16.html Author: pramod_seban
Click this button or press Ctrl+G to toggle between Malayalam and English