ഓർമ്മകളിൽ ഇതൾ വിരിയുന്ന കഥകൾ

ഓർമ്മയും മറവിയും പരസ്‌പര ബന്ധിതങ്ങളായ രണ്ട്‌ പ്രവർത്തനങ്ങളാണെന്നതിൽ തർക്കമില്ല. ഒന്നില്ലാതെ മറ്റൊന്നിന്‌ നിലനിൽപ്പില്ല. ഒരു സംഭവം മറന്നുപോവാതെ കാത്തുസൂക്ഷിക്കാനും ആവശ്യാനുസരണം സ്‌മൃതിമണ്ഡലത്തിൽ പുനരുജ്ജീവിപ്പിക്കാനുമുളള വ്യക്തിയുടെ കഴിവിനെ ഓർമ്മയെന്ന്‌ നിർവ്വചിക്കാം.

അപ്പോൾ മറവിയോ?

മേൽ സൂചിപ്പിച്ചതിന്റെ അപചയം തന്നെ. കൊഴിഞ്ഞുപോയ ഇതളുകൾ ഓർമ്മയിൽ കോർത്തെടുക്കുമ്പോൾ പ്രസ്തുത കാലഘട്ടത്തിൽ അനുഭവിച്ച വികാരങ്ങൾ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പുനരവതരിക്കുകയാണ്‌. ഈ പുനരുജ്ജീവനത്തിൽ നോവുണ്ട്‌, വിരഹവും ആഹ്ലാദവുമുണ്ട്‌.

മലയാള കഥകളിൽ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാർ ഓർമ്മയുടെ ഈ ഋതുഭേദങ്ങൾ ഹൃദയസ്‌പർശിയായി വരച്ചിട്ടുണ്ട്‌. വേദനകൾക്കും ആത്മപീഡനങ്ങൾക്കുമപ്പുറം ഓർമ്മ ഇവിടെ വിശുദ്ധമായ ഒരനുഭവമാകുന്നു.

ഒന്ന്‌

നന്മനിറയുന്ന ഒരു മനസ്സുകൊണ്ട്‌ ദർശിക്കുന്നതൊക്കെയും നല്ലതായി അനുഭവപ്പെടും. എന്നാൽ ഏറ്റവും വിശുദ്ധമെന്ന്‌ കരുതുന്നതിൽപോലും വിഷാംശം കലരുമ്പോഴോ? സ്വന്തം നാടിന്റെ പരിശുദ്ധിയെക്കുറിച്ചും ഗ്രാമ്യഭാവങ്ങളെക്കുറിച്ചും വാചാലനാവുന്ന കൂടല്ലൂരിന്റെ സ്വന്തം കഥാകാരൻ പക്ഷെ, ‘ശിലാലിഖിത’ത്തിൽ കുടഞ്ഞിട്ട അക്ഷരങ്ങൾ ഓർമ്മകളിൽ വിരിയുന്ന നാലുകെട്ടിനും, ഇരുട്ടിന്റെ ആത്മാവിനും, അസുരവിത്തിനും പശ്ചാത്തലമൊരുക്കിയ അതേ കൂടല്ലൂരിന്റെ വറ്റിപ്പോയ നന്മകളുടെ ഹതാശമായ ഒരു പരിച്ഛേദമായി മാറുന്നു.

പ്രൊഫസർ ഗോപാലൻകുട്ടിയെന്ന ചരിത്രകാരന്റെ ഓർമ്മകളിൽ ആ നാടിന്‌ അങ്ങനെ ഒരു മുഖമേ ആയിരുന്നില്ലല്ലോ. പക്ഷെ വർഷങ്ങൾക്കിപ്പുറം മകളോടൊപ്പം അവിടെയെത്തുന്ന പ്രൊഫസർ ഗോപാലൻകുട്ടിയും പഴയ ഗോപാലൻകുട്ടിയും തമ്മിൽ അളന്നാൽ കൂടാത്തത്ര ദൂരം വന്നുകഴിഞ്ഞിരുന്നു. രേണുവെന്ന ആ മകളിൽ മാത്രമാണ്‌ വായനക്കാർ നന്മയുടെ ഇനിയും വറ്റാത്ത ഒരിറ്റു ജലം കണ്ടെത്തുന്നത്‌. ഏതോ വിഷക്കായ കഴിച്ച്‌ ദിവസം മുഴുവൻ പുഴവക്കിൽ കിടന്ന പേരറിയാത്ത പെണ്ണിനെ ഒരു നാട്‌ മുഴുവൻ പരിത്യജിച്ചപ്പോൾ, മരണത്തിലേക്ക്‌ നടന്നടുക്കുന്ന ആ ചുണ്ടുകളിലേക്ക്‌ ഇത്തിരിവെളളം ഒഴിച്ചു കൊടുക്കാൻ മനസ്സുതോന്നിയതും രേണുവെന്ന, നാഗരികയെങ്കിലും മനുഷ്യത്വം ഹൃദയത്തിലുളള ആ പെൺകുട്ടിക്ക്‌ മാത്രമായിരുന്നു.

എം.ടി. വാസുദേവൻ നായരുടെ ഇതര കഥകളിൽനിന്നും തീർത്തും വ്യത്യസ്തമായ ‘ശിലാലിഖിതം’ കഥാകാരന്റെ തന്നെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്ന ഒരു യഥാർത്ഥ സംഭവത്തിന്റെ അക്ഷരാവിഷ്‌ക്കാരമാണെന്നറിയുമ്പോൾ, അസ്വസ്ഥമായ ഓർമ്മകൾ പുനരവതരിക്കുമ്പോൾ പരക്കുന്ന നന്മയുടെ, സ്വാ സ്ഥ്യത്തിന്റെ സുഗന്ധം വായനക്കാരന്‌ അനുഭവവേദ്യമാകുന്നു.

രണ്ട്‌

മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികളിലൊന്നാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘ബാല്യകാലസഖി’. ഓർമ്മകളുടെ നിഷ്‌കളങ്കവും നിരുപമവുമായ തെളിനീർ നിത്യനിദ്രയുടെ കണ്ണീർക്കയത്തിൽ വിലയം പ്രാപിക്കുന്നത്‌ മനോഹരമായി ഇതിൽ വരച്ചിരിക്കുന്നു. ദൂരദേശത്ത്‌ തൊഴിൽചെയ്‌ത്‌ ജീവിതം പടുത്തുയർത്താൻ കഷ്‌ടപ്പെടുന്ന മജീദ്‌ സുഹ്‌റയുടെ മരണവിവരമറിയുന്നത്‌ ആരെയോകൊണ്ട്‌ ഉമ്മ എഴുതിച്ച കത്തിലൂടെയാണ്‌.

എല്ലാം നിശ്ശബ്‌ദമാവുകയാണ്‌. പ്രപഞ്ചവും സമയവും എല്ലാം, എല്ലാം. ഇരമ്പിവരുന്നത്‌ ഓർമ്മകളാണ്‌. വാക്കുകൾ… പ്രവൃത്തികൾ…മുഗ്‌ദഭാവങ്ങൾ…ചിത്രങ്ങൾ.. നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ട്‌ മജീദിനെ യാത്രയാക്കുന്ന സുഹ്‌റ. അവൾ പറഞ്ഞു മുഴുമിപ്പിക്കാതെ ബാക്കിവെച്ച എന്തോ ഒന്ന്‌. അതായിരുന്നു ഓർമ്മകളിൽ ഒടുക്കത്തേത്‌.

മൂന്ന്‌

ഒരുപാട്‌ കഥകളും അവയുടെ ദൃശ്യാവിഷ്‌ക്കാരവുമായി മലയാളികളെ കൊതിപ്പിച്ച്‌ കടന്നുപോയ പി.പത്മരാജന്റെ ‘ഓർമ്മ’യെന്ന കഥയിൽ, ഓർമ്മശക്തി കുറഞ്ഞുകുറഞ്ഞ്‌ തീരെ ഇല്ലാതാവുന്ന കഥാപാത്രത്തിന്‌ ഒരുനാളിൽ തിരികെ ലഭിക്കുന്നത്‌ ഓർമ്മകൾ മാത്രമല്ല; ഭാവി സ്‌പന്ദനങ്ങൾ കൂടിയാണ്‌.

ശങ്കരനാരായണപിളളയ്‌ക്ക്‌ എഴുപത്തിരണ്ട്‌ വയസ്സ്‌ തികഞ്ഞപ്പോഴാണ്‌ ഈ അത്ഭുതം. ഒരു ഉരുൾപൊട്ടലിന്റെ ഊറ്റത്തോടെ പിളളയുടെ മനസ്സിലേക്ക്‌ ഇരച്ചുകടന്നുവന്ന ഭൂതകാലം എല്ലാ ശാസ്‌ത്രവിശകലനങ്ങൾക്കുമപ്പുറത്തായിരുന്നു. അവാച്യമായ ആഹ്ലാദത്തോടെ ഓർമ്മയുടെ കല്ലറകൾ ഓരോന്നായി തുറന്ന്‌ പരിശോധിക്കുന്ന ആ വൃദ്ധകഥാപാത്രം വായനക്കാരന്റെ മനസ്സിൽ സ്‌മൃതി, വിസ്‌മൃതികളുടെ ഉത്തരം കിട്ടാത്ത ഒട്ടനവധി സംശയങ്ങൾ അവശേഷിപ്പിച്ചുകൊണ്ട്‌ കടന്നുപോവുമ്പോൾ ഓർമ്മയെന്ന പ്രതിഭാസത്തിന്‌ ഒരു പുതിയ ഭാവം ഉണ്ടാവുന്നു.

നാല്‌

ഓർമ്മകളുടെ വിഭ്രമാത്മകമായ നിറക്കൂട്ടുകളിൽ തീർത്തും വ്യത്യസ്തമായ ഒരു കഥയാണ്‌ വിൻസന്റ്‌ ‘വാൻഗോഘി’ലൂടെ പുനത്തിൽ കുഞ്ഞബ്‌ദുളള പറയുന്നത്‌. ഇരുട്ടും കാറ്റും മഴയും ചേർന്നൊരുക്കുന്ന വിചിത്രമായ ഒരു പാതിരാച്ചിത്രത്തിലേക്കാണ്‌ പരേതനായ വിൻസന്റ്‌ വാൻഗോഘ്‌ കടന്നുവരുന്നത്‌. ബഷീറിന്റെ മരണശേഷം രചിച്ച ഈ കഥ ഗ്രാമഫോണും മെഴുതിരിയും അന്ധകാരവും ചേർന്നൊരുക്കുന്ന അപൂർവ്വമായ ഒരു വായനാനുഭവമാണ്‌.

ഈ ലോകത്ത്‌ അവശേഷിക്കുന്ന ദയാനിധിയായ ഒരേയൊരു കലാകാരനെത്തേടിയെത്തിയ വാൻഗോഘ്‌ പക്ഷെ, വൈകിപ്പോയിരുന്നു. നിഴലും വെളിച്ചവും കെട്ടിപ്പുണരുന്ന അകമുറിക്കുളളിൽ രോദനം അടക്കിപ്പിടിച്ച വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പീഡിതരൂപം കാൺകെ, മനുഷ്യസ്‌നേഹത്തിനും പരിത്യാഗത്തിനുമായി നീക്കിവെച്ച്‌ ഒന്നുമല്ലാതായിപ്പോയ ഒരു ജന്മത്തിന്റെ സ്‌മരണകൾ വർണ്ണങ്ങളായി വാൻഗോഘിൽ നിറയുകയാണ്‌.

ഉരുളക്കിഴങ്ങു തിന്നുന്നവർ എന്ന തന്റെ ചിത്രത്തിലെ മെഴുതിരിവെട്ടം, തിമർത്തുപെയ്യുന്ന ഒരു രാപ്പാതിയിൽ തന്റെ മുന്നിലൂടെ കടന്നുപോയ നിരാലംബയായ ഗർഭിണി, ഇരുണ്ട കണ്ണുകളുളള ഖനിത്തൊഴിലാളികൾ, പ്രണയത്തിന്‌ അറുത്തുമാറ്റിയ ചോരപുരണ്ട ഒരു ചെവി, സ്വന്തം ജീവിതവും ആത്മാവും ഉരുക്കിയൊഴിച്ച അനേകായിരം കാൻവാസുകൾ…. ഓർമ്മകളുടെ വർണ്ണങ്ങൾക്ക്‌ ജീവിതകാലത്ത്‌ കാൻവാസിൽ ചാലിച്ച നിറക്കൂട്ടുകളെ വെല്ലുന്ന പൊലിമ.

ഒടുക്കം, ഊതിക്കെടുത്തുന്ന ആ മെഴുതിരിക്കൊപ്പം വാൻഗോഘിന്റെ പ്രതീക്ഷകൾ അണഞ്ഞുപോവുമ്പോഴും വായനക്കാരന്റെ ഓർമ്മകളിൽ നിറങ്ങളും അക്ഷരങ്ങളും കൊണ്ട്‌ ആത്മബലി നടത്തിയ രണ്ട്‌ മനുഷ്യസ്‌നേഹികളുടെ മുഖങ്ങൾ തെളിയുകയും സ്വയം ഉരുകുന്ന മെഴുതിരി, വ്യാഖ്യാനങ്ങൾക്കപ്പുറം നീളുന്ന രൂപകമായി പരിണമിക്കുകയും ചെയ്യാതിരിക്കുമോ?

അഞ്ച്‌

ക്ഷണിക നേരത്തേക്ക്‌ മാത്രമായി മിന്നിജ്വലിച്ച്‌ മാഞ്ഞുപോയ കഥാകൃത്ത്‌ വിക്‌ടർ ലീനസിന്റെ ‘മഴമേഘങ്ങളുടെ നിഴലിൽ’ ഓർമ്മയുടെ മറ്റൊരു രൂപകമാണ്‌. ഡയറിക്കുറിപ്പുകളിലൂടെ ഇതൾ വിരിയുന്ന ഒരു മനോഹരരചനയായ മഴമേഘങ്ങളുടെ നിഴലിൽ 1972 ജൂണിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ, അപൂർവ്വമായെങ്കിലും പരീക്ഷിക്കപ്പെട്ടിരുന്ന ഒരു രചനാരീതിയായിരുന്നിട്ടുകൂടി വിക്‌ടറിന്റെ കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെബ്രുവരി ഇരുപത്‌ പാതിരാത്രിയിൽ തുടങ്ങി ഇരുപത്തിരണ്ട്‌ പകൽ മൂന്നുമണിവരെയുളള സമയത്തിനിടെ ‘ഞാനെ’ന്ന കഥാപാത്രം അനിവാര്യമായ ഒരു വിധിയുടെ ശ്വസനവേഗങ്ങൾ താണ്ടിപ്പോകുന്നത്‌ വിക്‌ടർ ഓർമ്മയുടെ താളുകളിൽ കോറിയിട്ടിരുന്നു.

കഥാകൃത്തിന്റെ മരണശേഷം ഡി.സി.ബുക്‌സ്‌ അദ്ദേഹത്തിന്റെ കഥകൾ സമാഹരിച്ച്‌ പുറത്തിറക്കിയതിൽ ശ്രദ്ധേയമായ ഒന്ന്‌, ഈ സമാഹാരത്തിലെ മിക്ക കഥകളും ഒരു നോവലിലെ അധ്യായങ്ങളെന്നപോലെ ഒന്നിനോടൊന്ന്‌ ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ്‌. മാത്രമല്ല, 1972-ൽ എഴുതിയ ‘മഴമേഘങ്ങളുടെ നിഴലിൽ’ മുതൽ അവസാനമെഴുതിയ ‘യാത്രാമൊഴി’ (1992) വരെയുളള കഥകൾ മുഴുവനും ഒരു ആത്മകഥപോലെ തന്മയത്വത്തോടെ സ്‌മൃതിയുടെ നൂലുകളിൽ കൊരുക്കുമ്പോഴും മരണം സഹയാത്രികനായി ഈ കഥകളിൽ നിറഞ്ഞു നിന്നിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

വേദനിപ്പിക്കുന്ന ഓർമ്മകൾ കടന്നുവരുന്നതിനെ അധികമാരും സ്വാഗതം ചെയ്യുന്നില്ലല്ലോ. എല്ലാം മായ്‌ക്കാൻ ശക്തിയുളള കാലത്തിന്റെ സാമീപ്യം ഇവിടെയാണ്‌ സാന്ത്വനവുമായി എത്തുന്നത്‌.

ലോകം മുന്നേറുകയാണ്‌, ശാസ്‌ത്രവും. ഓർമ്മിക്കാൻ ഇഷ്‌ടമില്ലാത്ത സംഭവങ്ങളെ സ്‌മൃതിമണ്ഡലത്തിൽ നിന്നും ഒരു കമ്പ്യൂട്ടറിലെന്നപോലെ ‘ഡിലീറ്റ്‌’ ചെയ്‌തു കളയാനും നല്ല ഓർമ്മകൾ മാത്രം അവശേഷിപ്പിക്കാനും സാധിക്കുന്ന ഒരു കാലം വിദൂരത്തല്ല.

പക്ഷെ,

സന്തോഷവും ഹർഷോന്മാദങ്ങളും മാത്രം നിറഞ്ഞ ഒന്നല്ലല്ലോ ജീവിതം. ഓർമ്മയില്ലെങ്കിൽ മറവിയില്ലാതാവുന്നതുപോലെ വേദനയും സങ്കടവുമില്ലാത്ത ഒരു ലോകത്ത്‌ സന്തോഷത്തിനും ശാന്തിക്കും സ്ഥാനമില്ലാതെ വന്നാലോ. അതിനാൽ എല്ലാത്തരം ഓർമ്മകളെയും നമുക്ക്‌ ഒരുപോലെ സ്വീകരിക്കാം; എല്ലാത്തരം മറവികളെയും.

ബേപ്പൂർ സുൽത്താന്റെ ഒരു ബഡുക്കൂസ്‌ കഥാപാത്രം ഒരിക്കൽ മൊഴിഞ്ഞുഃ “കാലം കഴിയുമ്പോൾ ഞാനും എന്റെ പേരും ഇന്നലെയുടെ അനന്തകോടി വർഷങ്ങളിൽ ലയിക്കുമ്പോൾ ഒരു യുവതി പറയും എന്റമ്മച്ചീട,മ്മച്ചീട,മ്മച്ചീട,മ്മച്ചീടെ കഴുത്തിൽ തന്തപ്പടി കെട്ടിക്കൊടുത്തതാണീ തങ്കമോതിരം!”

ശരിയാണ്‌. അനന്തകോടി വർഷങ്ങൾക്കപ്പുറവും നിലനിൽക്കുന്ന ആ ഓർമ്മയ്‌ക്കായി നമുക്ക്‌ പ്രാർത്ഥിക്കാം. ഇല്ലെങ്കിൽ കാലത്തിന്‌ എന്തു പ്രസക്തി.

Generated from archived content: essay_stories.html Author: pramod_seban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചെറുകഥാ മത്സരവിജയികൾ
Next articleഅറിയപ്പെടാത്ത ദേവനർത്തകരെക്കുറിച്ച്‌
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here