പെയ്‌തൊഴിയും മുമ്പേ ഈ മഴമൊഴികൾ

[ഷെൽവിക്ക്‌….]

പെട്ടെന്ന്‌ ഒരു മേഘശകലം പോലുമില്ലാതെ, മുന്നറിയിപ്പു നൽകാതെ മഴത്തുളളികൾ ജീപ്പിന്റെ ഗ്ലാസുകളിലും റോസ്‌മേരിയുടെ ശരീരത്തിലും തെറിച്ചുവീണു.

മഴ പെയ്യാൻ തുടങ്ങി.

പെട്ടെന്ന്‌ റോസ്‌മേരിക്ക്‌ മനസ്സിലായി. മഴയായിരുന്നു മഴ. അതിന്റെ കുറവുമാത്രം. തമ്പുരാനെ യാത്രയയ്‌ക്കാൻ മഴയുടെ അഭാവമേ ഉണ്ടായിരുന്നുളളൂ.

—————————————————————————–

കഥ തീർന്ന പുസ്‌തകത്താളുകൾ അടച്ചുവെയ്‌ക്കാം. പുറത്ത്‌ മഴയാണ്‌. ഓടിനുപുറത്ത്‌ താളം തല്ലി ചരിഞ്ഞൊഴുകി ഇറയത്തിനപ്പുറം മുറ്റത്തെ ചരൽമണലിലേക്ക്‌. മഴനൂലുകൾക്കിടയിൽ, ചാഞ്ഞ മരച്ചില്ലകൾക്കു കീഴെ കുട ചെരിച്ചുപിടിച്ച്‌ വഴിയാത്രക്കാർ-ഒരു മഞ്ഞുകാഴ്‌ചപോലെ. ഇറയത്തെ അരഭിത്തിയുടെ തണുപ്പ്‌ നുകർന്നുകൊണ്ട്‌ മഴത്താളത്തിന്‌ കാതോർത്താൽ….അകത്ത്‌ എപ്പോഴോ നിന്നുപോയ ടേപ്പ്‌ റിക്കാർഡിൽ സക്കീറിന്റെ തബലയും ഇതേ താളമല്ലേ പെയ്‌തുതീർത്തത്‌?

മേടത്തിന്റെ തെളിമയ്‌ക്കുമീതെ എടവം പെയ്‌തൊഴിയാറായിരിക്കുന്നു. വേനൽച്ചൂടിൽ പൊരിഞ്ഞ ഉഷ്‌ണനാളുകളിൽനിന്നും ഇനി മോചനം. ആത്മാവിലോളമെത്തുന്ന മഴക്കാറ്റുകൾ വിസ്‌മൃതമാവാത്ത കഴിഞ്ഞകാലങ്ങൾ തോളിലേറ്റി ചെരിഞ്ഞു വീഴുകയായി. പ്രണയം, വിരഹം, വിഷാദം ജീവിതത്തിന്റെ എല്ലാ മുഹൂർത്തങ്ങളിലും ഒരു കൂട്ടായി, അകമ്പടിയായി മഴയുണ്ടാകും.

ചോർന്നൊലിക്കുന്ന കൂരയ്‌ക്കുകീഴിൽ തണുത്ത്‌ വിറച്ച്‌ അനുജനോടൊപ്പം അമ്മയുടെ ഓരത്ത്‌ ഉറങ്ങാതിരിക്കുമ്പോൾ അമ്മയുടെ മിഴികൾ പെയ്‌തൊഴിയാതെ….കയ്യിലുളള കുട മറച്ചുവെച്ച്‌ ഒരു കുടക്കീഴിൽ അവളുടെ തണുത്തവിരലുകളിൽ ഇറുകെ പിടിച്ച്‌ മഴച്ചാലുകളൊഴിഞ്ഞ്‌….മുറ്റത്തുനിർത്തിയ ആംബുലൻസിൽനിന്നും ചേതനയറ്റ അവന്റെ ശരീരം പുറത്തേക്ക്‌ എടുക്കുമ്പോഴും എത്തിയിരുന്നു, പിശറൻ കാറ്റിനൊപ്പം വലിയ വലിയ തുളളികൾ….പൊടുന്നനെ ഒരാവേശത്തിൽ, വഴിയരികിലേക്ക്‌ എന്നെ വലിച്ചുമാറ്റി ഭൂമി ഈ മഴയെ സ്‌നേഹിക്കുന്നതുപോലെ ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന്‌ പതിഞ്ഞ സ്വരത്തിൽ നീ പറയവേ നമുക്കുമീതെ മരം പെഞ്ഞുകയായിരുന്നു, ഒരാശീർവാദംപോലെ.

സ്‌കൂളിലേക്കുളള വഴിയിലൂടെ വർണ്ണക്കുടകൾ പിടിച്ച കുരുന്നുകൾ, പാടവരമ്പത്ത്‌ വാഴയിലക്കുടക്കാരനോട്‌ കൂമ്പൻ തൊപ്പിക്കാരന്റെ സൗഹൃദം. പൊടുന്നനെയെത്തിയ മഴയിൽ മുറ്റത്ത്‌ ഉണങ്ങാനിട്ട തുണികൾ വാരിയെടുത്ത്‌ ഉമ്മറത്തേക്ക്‌ ഒരോട്ടം….വെയിൽ പരന്ന ഒരിടവേളയിൽ ആകാശം നോക്കി ചേമ്പിലയിൽ തങ്ങിനിൽക്കുന്ന കണ്ണീർതുളളികൾ.

മലയാളിക്ക്‌ മഴ എന്നും ഗൃഹാതുരമായ ഓർമ്മകളുടെ പുനർജ്ജനിയാണ്‌. ആമ്പൽക്കുളത്തിലേക്ക്‌ ചറപറ വീഴുന്ന മഴത്തുളളികൾ, പൊട്ടിയ ഒരു ഓടിന്റെ വിടവിലൂടെ അകത്തളത്തിലേക്ക്‌ തുളളിതുളളിയായ്‌ വീഴുന്ന വർഷശോകം. ഇതൊന്നുമില്ലാത്ത മഴ ഏതു മലയാളിയുടെ മനസ്സിലാണ്‌ പെയ്യുക?

ചാറ്റൽ മഴ, പെരുമഴ, കുഞ്ഞുമഴ, കോന്തൻ മഴ, ചറപറ മഴ, ധും ധും മഴ….. മഴഭേദങ്ങളുടെ വർഗ്ഗീകരണം കഴിഞ്ഞാൽ വെയിൽ മഴ കണക്കെ ചിരിക്കാം. ഓടിന്‌ മുകളിൽനിന്നും വീഴുന്ന മഴനൂലുകളിൽ വളയിട്ട കൈകൾ ചലിപ്പിച്ചു കളിക്കുന്ന അമ്മൂട്ടിയുടെ ചെവിക്ക്‌ പിടിക്കാം. ചിണുങ്ങലിന്റെ പാവാട ഞൊറികൾ അകത്തളത്തിലേക്ക്‌ മറഞ്ഞാൽ ആരും കാണാതെ മഴനാരുകളെ കൈകളിൽ കോർത്തെടുത്ത്‌ ഒന്നുകൂടി കുട്ടിയാവാം.

ഒരിക്കലും ഞാനുണ്ടായിരുന്നില്ല

മഴ എന്റെ പെരെഴുതിയില്ല

മഴ എന്റെ പേരു മായ്‌ച്ചുമില്ല

എങ്കിലും മഴ പെയ്‌തുകൊണ്ടേയിരുന്നു.

കവിക്ക്‌ മഴ മുറിവുകൾക്കുമീതെ വീണൊഴുകുന്ന സാന്ത്വനമാവുന്നു. മഴമാറി തെളിയുന്ന വാനിൽ മഴവില്ലായി നഷ്‌ടപ്പെട്ട നീലാംബരി തെളിഞ്ഞേക്കാം. നനഞ്ഞുകുതിർന്ന പഴയപാതയിൽ ഇഷ്‌ടപ്പെട്ട പാട്ടിന്റെ മറന്നുപോയ ചരണങ്ങൾ വീണുകിട്ടിയേക്കാം. എങ്കിലും, മഴയുടെ തളളവിരൽകൊണ്ട്‌ ആ വിശുദ്ധഗാനം എന്റെ നെറ്റിയിൽ വരയ്‌ക്കാൻ ഇനി നീ….

നോക്കൂ, ഏയ്‌ നോക്കൂന്നേ-പിൻകഴുത്തിൽ മഴത്തണുവിന്റെ മയിൽപ്പീലി സ്‌പർശം. മുന്നറിയിപ്പില്ലാതെ, ഒരു കാർമേഘം പോലുമില്ലാതെ എന്റെ മിഴികൾ എന്തേ സജലങ്ങളാവുന്നു?

പ്രിയ സുഹൃത്തേ,

നോവിന്റെ വിരൽത്തുമ്പാലെ നീ എഴുതിയ ഓർമ്മയുടെ പുസ്‌തകം മഴ നനഞ്ഞ വഴിയിലെങ്ങോ കുതിർന്നു വീണുപോയിരിക്കുന്നു. സന്ധ്യയാവുകയാണ്‌. ഈ മഴക്കാറ്റിൽ ആകെ തണുത്ത്‌ ഇങ്ങനെ നിൽക്കണ്ടാ. ഗ്രാമത്തിലേക്കുളള അവസാന വണ്ടിക്ക്‌ സമയമായി. ഒന്നും മിണ്ടാതെ, എല്ലാം മിണ്ടി നമുക്കിനി നടക്കാം. മനസ്സിൽ ഇരമ്പുന്ന കടലും മിഴിയിൽ തുളുമ്പുന്ന വർഷവും ഒരു ചിരിയിൽ ഒളിച്ചുവെച്ച്‌… മഴ ഉണങ്ങിപ്പോയിരിക്കുന്നു.

എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു

എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു.

മഴവഴിയിൽ നിന്ന്‌-

ഞാനും നീയും മാറിപ്പോയിരിക്കുന്നു.

Generated from archived content: essay3-june30.html Author: pramod_seban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രേംനസീർ
Next articleകർണ്ണികാരം പൂത്തുതളിർക്കുമ്പോൾ…..
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here