ഉറങ്ങാതിരിക്കുന്നു

ജാലകച്ചില്ലിനപ്പുറം നിലാവിൽ തെളിയുന്ന മരങ്ങളിൽ മഞ്ഞ്‌ വീഴുന്നു. നൈലോൺ വിരികളെ ഇളക്കി മാറ്റി ഒരു തണുത്ത കാറ്റ്‌ എഴുത്തുമേശവരെ ഓടിയെത്തി അണയ്‌ക്കുന്നു. പലവട്ടം കുടഞ്ഞ്‌ മഷി പതഞ്ഞ സ്‌റ്റീൽ പേനയുടെ തണുപ്പ്‌ വിരൽതുമ്പിലൂടെ. തീവ്രവേദനയിൽ ജീവിതം കറുത്ത മഷിയായി ഇറ്റി വീഴുകയാണ്‌. എഴുതി വെട്ടിയ അക്ഷരങ്ങളുടെ ജ്യാമിതീയതകൾക്കിടയിലെവിടെയോ വീണു തിളങ്ങുന്ന ഒരു പ്രത്യാശ തേടി ഉറങ്ങാൻ മറക്കുന്നു. എഴുതുകയാണ്‌.

ഏകയാനം വേദനാപൂർണം

എഴുത്ത്‌ ശ്രമകരമായ ഒരു വഴിയാണ്‌. ഒരുപക്ഷെ, മറ്റേതൊരു പ്രവൃത്തിയിലും വേദനാപൂർണം. കഥയാവട്ടെ, കവിതയാവട്ടെ, മറ്റെന്തുമാവട്ടെ; ജീവിതം മുറിച്ചിട്ടതു നോക്കി ചോരവാർന്നു വീഴുന്ന പേനയിൽ മുറിവുകൾ പകർത്തുകയാണയാൾ. അവഹേളനവും നിന്ദയുമാവാം പ്രതിഫലം. ലോകത്തിലെ ഏറ്റവും ഏകാന്തമായ പ്രവൃത്തികളിലൊന്നാണ്‌ എഴുത്ത്‌ എന്ന്‌ പൗലോ കൊയ്‌ലോ എഴുതിയത്‌ വെറുതെയല്ല.

പത്ത്‌ വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാർകേസ്‌ തന്റെ പുതിയ നോവൽ പൂർത്തിയാക്കിയിരിക്കുന്നു. മാനസിക പീഡനങ്ങളുടെ നടുവിലും പ്രത്യാശയുടെ ഒരു കിരണം കാണുന്ന ആ പ്രതിഭാധനൻ ‘എന്റെ വിഷാദവേശ്യകളുടെ ഓർമ്മക’ളിലും ആ പ്രകാശം കൈവെടിയുന്നില്ല. മരണത്തിന്റെ നിഴലിലും ഏകാന്തതയെ ഭേദിക്കാനുളള തീവ്രാഭിലാഷത്തെ മാർകേസിന്റെ രചനകളിൽ കാണുവാൻ കഴിയും. തീവ്രമായ ഏകാന്തത അനുഭവിച്ച ദസ്‌തയെവ്‌സ്‌കി അടക്കമുളള എഴുത്തുകാർ ഒരളവോളം എഴുത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ പരിശ്രമിച്ചവരാണ്‌. മരണവും ഏകാന്തതയും വേറിട്ടു കാണാത്ത എഴുത്തുകാർക്കിടയിൽ മലയാളത്തിൽ, പത്മരാജന്റെ കഥകൾ വേറിട്ടു നിൽക്കുന്നു. മരണത്തിന്റെ അമൂർത്തതയിലേക്ക്‌ പെയ്‌തിറങ്ങുന്ന ഫാന്റസിയുടെ ലോകം കാട്ടിത്തരുന്ന പത്മരാജൻ രചനകൾ വായനക്കാർ ഹൃദയത്തോട്‌ ചേർത്തു പിടിക്കുന്നതും ഇതിനാൽ തന്നെ. വേദനയുടെ ആഴം അളക്കാനിറങ്ങി ഹിമതുല്യം തണുക്കുന്ന മരണവുമായി കൂടിക്കാഴ്‌ച നടത്തുന്ന ആ ഗന്ധർവൻ വേദനയെ കോറിയിട്ടിരിക്കുന്നത്‌ നോക്കുക.

തങ്ങളെക്കാൾ ശക്തി കൂടിയ, തങ്ങളുടെ തന്നെ തരക്കാർ വന്നാൽ മാത്രം സ്ഥാനമൊഴിഞ്ഞു കൊടുക്കുന്നവരാണ്‌ ദുഃഖങ്ങൾ (നക്ഷത്രങ്ങളെ കാവൽ).

എഴുത്തിന്റെ രാഷ്‌ട്രീയം

എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച്‌ വാചാലരാവുന്നവർ ഒന്ന്‌ മറക്കുന്നു-ഒരാൾ എങ്ങനെ എഴുത്തുകാരനായി? മാധ്യമങ്ങൾ പകരുന്ന വിഷയവിവരങ്ങളേറ്റ്‌ ‘എന്നാലൊന്ന്‌ എഴുതിക്കളയാ’മെന്ന്‌ കരുതി ആരും ഇറങ്ങിത്തിരിക്കുന്നില്ല.

ജീവിതത്തെ പിടിച്ചുലയ്‌ക്കുന്ന അനുഭവതീക്ഷ്‌ണതയിൽ നിന്നേ പൊളളുന്ന അക്ഷരങ്ങൾ (കഥകൾ ആസിഡ്‌ പോലെ പൊളളണമെന്ന്‌ സന്തോഷ്‌ ഏച്ചിക്കാനം) ജനിക്കുകയുളളൂ. അല്ലാത്തതൊക്കെയും കൃത്രിമത്വം നിറഞ്ഞ ജൽപനങ്ങളാണ്‌. ആരെയും ബോധിപ്പിക്കാനായി ഒരു യഥാർത്ഥ എഴുത്തുകാരന്‌ പേന ചലിപ്പിക്കാൻ സാധിക്കില്ല.

സമുദായം കഥാകൃത്തിന്റെ രക്ഷാകർത്താവല്ല, പോറ്റമ്മയുമല്ല. ഒരു സുഹൃത്ത്‌ മാത്രമാണെന്ന്‌ എം.ടി. പൊറുതി തരാത്ത സമുദായത്തെ ചീത്ത വിളിക്കാനും നിർഭയനായ എഴുത്തുകാരൻ മടിക്കുന്നില്ല.

രോഗാതുരമായ ഒരു കാലത്ത്‌ ജീവിക്കേണ്ടി വരുന്ന എഴുത്തുകാരന്റെ രചനകളിൽ ആപത്‌ശങ്കകളും അനിശ്ചിതത്ത്വവും പ്രതിഫലിക്കുന്നത്‌ സ്വാഭാവികം. ആത്മനിശ്ചയങ്ങളുടെ ക്ലാസിക്കൽ കാലഘട്ടം കല്ലിന്മേൽ കല്ലവശേഷിക്കാതെ പോയ്‌ മറഞ്ഞിരിക്കുന്നുവെന്ന്‌ ബാക്തിൻ പറഞ്ഞത്‌ വെറുതെ ആയില്ല. നിന്ദിതരും പീഡിതരുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ അനുഭവതീക്ഷ്‌ണതയുടെ ഗ്രാഫിക്കൽ ലൈനുകളായി എഴുത്ത്‌ കണ്ടെടുക്കുന്നവരും ആത്മഭാവങ്ങളുടെ പ്രതിഫലനത്തിൽ കത്തുന്ന വർത്തമാനം പ്രകടമാക്കുന്നവരും ചരിത്രത്തിൽ കാലത്തിന്റെ സ്‌പന്ദനങ്ങൾ അടയാളപ്പെടുത്തുക തന്നെയാണ്‌.

എ.സോമൻ അഭിപ്രായപ്പെട്ടതുപോലെ പുതിയ കാലം എഴുത്തുകാരനെ ഏക കേന്ദ്രീതയിൽ നിന്ന്‌ ബഹുകേന്ദ്രീതയിലേക്കും ഏകസ്വരതയിൽ നിന്ന്‌ ബഹുസ്വരതയിലേക്കും മാറ്റിമറിക്കുന്നു. ഏകതാനയെ ഭേദിക്കുവാനായി ആഖ്യാതാവിനെത്തന്നെ മാറിമാറി പ്രതിഷ്‌ഠിക്കുന്നു.

അനായാസം മരണം!

എഴുത്തുകാരുടെ ആയുസ്‌ കുറവായിരിക്കുമെന്ന രസകരമായ ഒരു പഠന റിപ്പോർട്ട്‌ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ടു. അപവാദങ്ങൾക്കപ്പുറം ഈ പഠനത്തിൽ യുക്തിയുടെ കണികകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. സ്വയം പീഡിപ്പിക്കുന്നതിൽ നിർവൃതി കണ്ടെത്തുന്ന എഴുത്തുകാർ നിരന്തര വേദനകളിലൂടെ, നീണ്ടുപോവുന്ന ഏകാന്തതയിലൂടെ സ്വയം ദഹിച്ചു തീരുകയാണെന്ന്‌ വരുമോ-ആർക്കറിയാം! ഭരണകൂടത്തെ ഭയന്ന്‌ പലായനം ചെയ്യുന്നവർ, ആകെ കൂട്ടിയിട്ടും കൂടാത്തതിനെ ഒരു വെടിയുണ്ടയിൽ തീർത്ത്‌ നടന്നുപോകുന്നവർ, മുറിച്ചെടുത്ത ചെവിപോലെ അറുത്തുമാറ്റുന്ന തിരസ്‌കാരങ്ങളിൽ ഇല്ലാതാവുന്നവർ…

പ്രസാധകനായും കവിയായും അലഞ്ഞ്‌ പാതിവഴിയിൽ ജീവിതമവസാനിപ്പിച്ച ഷെൽവി എഴുതിയതുപോലെ,

ഒരു പാഴ്‌മരം കരഞ്ഞു തീർന്നതാണീ കടലാസു മുഴുവൻ

ഒരു ജന്മം കരിഞ്ഞു തീർന്നതാണീ പുസ്‌തകം!

അക്ഷരം മറന്നവന്റെ ലോകത്ത്‌ നിന്ന്‌

പരലോകത്തേക്ക്‌ പുസ്‌തകത്തെ നാടുകടത്തുന്നു

ഓരോ പുസ്‌തകവും

ഓരോ മരണമാണ്‌.

Generated from archived content: essay1_dec29_05.html Author: pramod_seban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസഭ വഴിതെറ്റുന്നുവോ?
Next articleമനസിലെ കലാപങ്ങൾ
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here