യാത്രയുടെ സന്ദേശം

മരണസർട്ടിഫിക്കറ്റ്‌ (നോവൽ)

ആനന്ദ്‌

കറന്റ്‌ ബുക്‌സ്‌, തൃശൂർ

വില – 50.00

മരണം ഒന്നിന്റെയും ഒടുക്കമോ അവസാനവാക്കോ അല്ല; മറിച്ച്‌ അത്‌ വളർച്ചയുടെ പൂർണ്ണത മാത്രം. മരണമെന്ന സത്യത്തിന്‌ ലോകം എന്തിനിത്രയും വർണ്ണാഭയും വാർത്താപ്രാധാന്യവും നൽകുന്നു എന്നതും ചിന്തനീയം തന്നെ. ഒരു മനുഷ്യൻ ജനിക്കുന്നു, വലിയവായിൽ കരയുന്നു. കമിഴ്‌ന്നു വീഴുകയും, മുട്ടിലിഴയുകയും, നിവർന്നുനടക്കുകയും ചെയ്യുന്നു. ഇത്‌ ജീവിതമാണ്‌. തിരക്കുളള വണ്ടിയിൽ മറ്റുളളവരുടെ ഇടയിൽ, വീഴാതിരിക്കാൻ പരസ്‌പരം താങ്ങും സഹായവുമായി നിന്നുളള യാത്ര. ഉഴവുചാലിലെ തീർത്ഥയാത്ര. ഉഴവുകാളയുടെ ലക്ഷ്യം പലപ്പോഴും വ്യതിരിക്തമാവുന്നു. ഒന്ന്‌ ഇച്‌ഛിക്കുന്നു, ആവശ്യം മറ്റൊന്ന്‌, വിധിയോ ഇതൊന്നുമല്ലതാനും.

അനിവാര്യമായ വിധിയുടെ കീഴിൽ നിരന്തരം തുടരുന്ന ഒരന്വേഷണയാത്രയാണ്‌ ആനന്ദിന്റെ മരണസർട്ടിഫിക്കറ്റ്‌ എന്ന കൃതി. പരേതന്റെ എല്ലുകൾ, വിറക്‌ വാങ്ങിയ രസീത്‌, ശ്‌മശാനത്തിലെ ക്ലാർക്ക്‌, കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഫയലുകൾ- എന്തിനെന്നറിയാതെ, ഒരുപക്ഷെ അങ്ങനെ ചിന്തിക്കുകകൂടി ചെയ്യാതെ പരേതന്റെ മരണസർട്ടിഫിക്കറ്റിനായുളള പരക്കം പാച്ചിൽ ആ സെയിൽസ്‌മാനെ, ഒരു വെറും സെയിൽസ്‌മാനെ അവശനും പീഡിതനുമാക്കുന്നുണ്ട്‌. കഥാവേളയിൽ ഒരിക്കൽപോലും നീണ്ടുനിൽക്കുന്ന ഒരാശ്വാസവേള ഗ്രന്ഥകർത്താവ്‌ തന്റെ കഥാപാത്രത്തിന്‌ കനിയുന്നില്ല; വായനക്കാർ അങ്ങനെ ആഗ്രഹിച്ചുപോവുമെങ്കിലും.

പരേതൻ അയാൾക്ക്‌ വേണ്ടപ്പെട്ട ആരോ ആയിരുന്നു. മനുഷ്യൻ മനുഷ്യനെ അറിയേണ്ടുന്നത്‌ ഇത്തരം സന്ദർഭങ്ങളിലാണെന്ന വെളിപ്പെടുത്തലുമായി സഹായഹസ്‌തം നീട്ടിയ കമ്യൂണിസ്‌റ്റ്‌ സുഹൃത്ത്‌, നിർവ്യാജമായ വ്യസനത്തോടെ ഓക്‌സിജൻ സിലിണ്ടർ തിരികെ വാങ്ങുന്ന കെമിസ്‌റ്റ്‌, ലൈബ്രേറിയൻ… ഉഴവുമൃഗത്തിന്റെ ദുരിതയാനത്തിൽ ഇത്രയെങ്കിലും വഴിത്തണലുകൾ ഇല്ലായിരുന്നുവെങ്കിൽ അയാൾ ആ നുകം എന്നേ വലിച്ചെറിയുമായിരുന്നിരിക്കണം.

മരണം വളർച്ചയുടെ സ്‌തംഭനമല്ല, പൂരണമാണെന്ന കണ്ടെത്തലിലേക്ക്‌ അയാളെ നയിച്ച ലൈബ്രേറിയൻ പക്ഷെ, അയാളുടെ അന്വേഷണ തൃഷ്‌ണയ്‌ക്കുതകുന്ന ഒരു റഫറൻസ്‌ ഗ്രന്ഥമെങ്കിലും നിർദ്ദേശിക്കുന്നതിൽ പരാജിതനായിരുന്നു. മറിച്ച്‌, “ഈ ലൈബ്രറിയുടെ സന്ദേശം ഏതെങ്കിലും പ്രത്യേക വരിയോ, ഖണ്ഡികയോ, പുസ്തകം തന്നെയോ അല്ല; പുസ്തകങ്ങളാണ്‌” എന്നയാൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കമ്പനി മാനേജർ, ലിഫ്‌റ്റ്‌മാൻ, ശ്‌മശാനത്തിലെ ക്ലാർക്ക്‌ എല്ലാവരും എന്നും ഒരേപോലെ പെരുമാറുന്നില്ല. ചിലനാൾ ഒരു ചിരി, സൗഹാർദ്ദം. ചിലപ്പോൾ നിസ്സംഗത, മേധാവിത്വം. പരേതന്റെ എക്‌സ്‌റേയുമായി അയാൾ ഇടയ്‌ക്കിടെ മാറിമാറിക്കയറുന്ന ലാബുകളിലെ റേഡിയോളജിസ്‌റ്റുകൾ മാത്രമായിരുന്നു ഒരുപോലെ സഹതപിക്കുന്നവർ. തെളിവുകളില്ലാത്ത രേഖകളായി, പലപ്പോഴും തീയതി പോലുമില്ലാത്ത വെറും എഴുത്തുകുത്തുകളായി, രസീതുകൾ പരിവർത്തനപ്പെട്ടുകൊണ്ടേയിരുന്നു.

ഒരാൾ-ജീവിച്ചിരുന്ന ഒരാൾ-അങ്ങനെതന്നെ ഇല്ലാതായതിന്റെ തെളിവ്‌, മരണസർട്ടിഫിക്കറ്റ്‌, അതുമില്ലെങ്കിൽ എന്താണവശേഷിക്കുന്നത്‌?

കമ്യൂണിസ്‌റ്റ്‌ സുഹൃത്തും മറ്റുളളവരും പറയുന്ന ആ നല്ല നാളെ കാലത്തിൽ തന്നെയാണോ എന്നുപോലും അയാൾക്ക്‌ നിശ്ചയിക്കാൻ സാധിക്കുന്നില്ല. ഒരു ചിതയുടെ മുന്നിൽ തുടങ്ങിയ പ്രശ്‌നം അയാളെ എങ്ങും എത്തിക്കുന്നുമില്ല. എന്നിട്ടുമയാൾ കാറ്റലോഗുകളും പ്രൈസ്‌ലിസ്‌റ്റുകളും സാംപിളുകളുമായി ഓഫീസുകളുടെയും കമ്പനിയുടെയും ചവിട്ടുപടികൾ കയറിയിറങ്ങി. ഒരു കടമ പോലെ ശ്‌മശാനം സന്ദർശിച്ചു. റേഡിയോളജിസ്‌റ്റുകളെ മാറിമാറി കണ്ടു, ഭാര്യയെ ആശ്വസിപ്പിച്ചു, കുട്ടികളെ കളിപ്പിച്ചു… പരേതൻ ഇപ്പോൾ ഏതോ ഫയൽ മാത്രമാവുന്നു. ഒരിക്കലും കണ്ടെടുക്കാനാവാത്ത, തെളിവുകളൊന്നും അവശേഷിക്കാത്ത, ഇനിയും എഴുതാത്ത ഒരു സർട്ടിഫിക്കറ്റ്‌- മരണസർട്ടിഫിക്കറ്റ്‌- മാത്രമാവുന്നു. അതുതന്നെയല്ലേ അയാളുടെ ജീവിതത്തിന്റെ സർട്ടിഫിക്കറ്റും?

വിറ്റഴിക്കുന്ന ഗുണനിലവാരമില്ലാത്ത ഉൽപന്നത്തിന്റെ വിതരണത്തിൽ മാത്രം പരസ്‌പരബന്ധവും സ്‌നേഹവും കാണുന്ന കമ്പനി മാനേജരും, സെയിൽസ്‌മാൻമാരും. ഇല്ലാത്ത മികവുകൾ പലവുരു ചൊല്ലി ഓർഡർ ശേഖരിക്കാൻ വിധിക്കപ്പെടുന്ന കമ്പോളവത്‌കൃത ഉഴവുമാടുകളുടെ ദീനത. 1974-ൽ എഴുതിയ ഈ കൃതിയിലൂടെ ആഗതമാവുന്ന ഗ്ലോബലൈസേഷനും ഉദാരവത്‌ക്കരണവും ആനന്ദ്‌ മുൻകൂട്ടി കണ്ടിരുന്നുവോ? സ്വയം വിറ്റ്‌ ഒന്നുമല്ലാതെയാവുന്ന, നാളെകളെക്കുറിച്ച്‌ നിരർത്ഥകം സ്വപ്നങ്ങൾ കാണുന്ന ഒരു ജനതയെ?

മുഷിച്ചിലില്ലാത്ത വായന. ഫിലോസഫിയും ജീവിതവീക്ഷണവും അനുഭവസാക്ഷ്യങ്ങളായി മാറുന്ന നല്ല ഒരു വായനാനുഭവം-മരണസർട്ടിഫിക്കറ്റ്‌.

Generated from archived content: books_yatrayude.html Author: pramod_seban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleബൗദ്ധികരംഗത്തെ പുതിയ ചലനങ്ങൾ
Next articleഭ്രൂണഹത്യ
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here