ജുറാസിക് പാർക്ക് (കഥകൾ),
രേഖ കെ.,
കറന്റ് ബുക്‌സ്, കോട്ടയം,
2002, വില – 48 രൂപ
വാക്കുകൾ കൊണ്ടുളള കൺകെട്ടും വായന തീരുമ്പോൾ ഉളളിൽ നിറയുന്ന ശൂന്യതയും പുസ്തകങ്ങളിൽനിന്നും വായനക്കാരനെ ഓടി രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. വഴിവാണിഭക്കാർക്കിടയിലകപ്പെട്ട നാട്ടിൻപുറത്തുകാരന്റെ വിഹ്വലതകൾപോലെ ദിവസേനയിറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരന്റെ ആസ്വാസ്ഥ്യങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ, വായനയുടെ നഷ്‌ടപ്പെട്ട ഇടങ്ങൾ തിരയുന്നവർക്ക് പ്രതീക്ഷയുടെ പച്ചത്തുരുത്താവുന്ന രേഖ.കെ.യുടെ ആദ്യ കഥാസമാഹാരം.
ശുഭാശുഭാപ്തി വിശ്വാസങ്ങൾക്ക് മദ്ധ്യേ സ്വയം നിർമ്മിച്ച ഒരു തലത്തിൽ നിന്നുകൊണ്ട് ലളിതമായി കഥ പറയുന്ന രേഖ ചെറിയ ഭാഷയിൽ തീരെ ചെറുതല്ലാത്ത കാര്യങ്ങൾ ‘അപഥസഞ്ചാരം’ മുതൽ ‘ജ്യാമിതീയ രൂപങ്ങൾ’ വരെയുളള പത്ത് കഥകളിലൂടെ അനായാസം പറഞ്ഞു പോവുമ്പോൾ ഓരോ കഥയും അവശേഷിപ്പിക്കുന്നത് ശൂന്യതയല്ല, പെരുകുന്ന എന്തൊക്കെയോ അസ്വസ്ഥതകളാണ്.
മദ്ധ്യവർഗ്ഗ സമൂഹത്തിൽ ഏറെ പ്രകടമായ കപട സദാചാരത്തിന്റെ തൊലിയുരിക്കുകയാണ് ‘അപഥസഞ്ചാര’ത്തിലൂടെ. കേവലമൊരഗ്രസ്പർശത്തിലുടയുന്ന മോറൽ ബബ്‌ൾസ് മാത്രമല്ല, കാര്യങ്ങൾ കുറേക്കൂടി ‘ഫ്രീ’ ആയും ഫാസ്‌റ്റായും കാണുന്ന പുതിയ തലമുറയുടെ വികാരവിചാരങ്ങളോടുളള പൊരുത്തക്കേടുകൾകൂടി ഹേമയെന്ന വീട്ടമ്മയിൽ കാണാം.
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്, ജുറാസിക് പാർക്ക്, മറന്നുവെച്ചത്, ജ്യോമിതീയരൂപങ്ങൾ എന്നീ കഥകളിൽ അമ്മ-മകൾ ബന്ധത്തിന്റെ ഊഷ്‌മള മുഹൂർത്തങ്ങൾ ഹൃദയസ്പർശിയായ തരത്തിൽ അന്തർലീനമായിരിക്കുന്നു. കഠിന വ്യഥകൾക്കും ഒറ്റപ്പെടലുകൾക്കുമിടയിലും ചുരത്തുന്ന വാത്സല്യത്തിന്റെ നറുമണം ഈ കഥകളിൽ അനുഭവവേദ്യമാണ്. വൈകാരിക ജീവിതമുഹൂർത്തങ്ങൾ സൃഷ്‌ടിക്കുമ്പോൾപോലും ഭാഷയിലെ മിതത്വം പക്വതയോടെ നിർവ്വഹിക്കാൻ കഥാകാരി ബദ്ധശ്രദ്ധയാണ്.
മറ്റൊരാൾക്കുവേണ്ടി സ്വയം പാകപ്പെടുത്തുവാനുളള ശ്രമങ്ങളൊക്കെയും വിഫലമാവുന്ന നിസ്സഹായത ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും അനുഭവിക്കുന്നുണ്ട്. പരികൽപ്പിതമായ സ്വാതന്ത്ര്യസീമകൾക്കുളളിൽ നിന്നുകൊണ്ടുതന്നെ വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തിന്റെ വലിയ താളുകളിൽ ഭാഷ മറന്നുഴലാൻ വിധിക്കപ്പെടുന്ന വിവശവേഷങ്ങൾ. ‘ലവ് ഇൻ ദ ടൈം ഓഫ് ടൈഫോയ്‌ഡ് അഥവാ മുക്കുവനെ സ്‌നേഹിച്ച ഭൂതം’, ഇരുൾക്കൂട്ടിലെ കന്യകമാർ, നിശ്ചല ചിത്രങ്ങൾ, ഒലിപ്രം കടവ് എന്നീ കഥകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ഇതേ നിസ്സഹായതയുടെ ഇരകളാണ്.
ഗൗരവമായ ഉൾക്കാഴ്‌ചയും ജീവിതവീക്ഷണവും കൊണ്ട് ഉയർന്ന നിലവാരം പുലർത്തുന്ന ഒരു രചനയായിത്തീർന്നിരിക്കുന്നു ‘ജുറാസിക് പാർക്ക്’ എന്ന കഥ. തീവ്രവൈകാരിക മുഹൂർത്തങ്ങളിലും കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞുകൊണ്ട് ‘ട്രീറ്റ്’ ചെയ്യാനുളള കഥാകാരിയുടെ വൈഭവം ഏറ്റവും പ്രകടമാവുന്നതും ഈ കഥയിൽ തന്നെ. യാത്ര പറയാതെ, ഉമ്മ നൽകാതെ അമ്മയിൽ നിന്നും ഒരിക്കലും വിളിച്ചാൽ കേൾക്കാത്ത അകലത്തിലേക്ക് നടന്നകന്ന അമ്മു രഞ്ഞ്‌ജിനിയുടെ മാത്രമല്ല, ഓരോ വായനക്കാരന്റേയും സ്വാസ്ഥ്യമാണ് കവരുന്നത്.
പ്രണയം, വാത്സല്യം, അസഹിഷ്‌ണുത, വ്യഥ- നാട്യങ്ങളില്ലാതെ വരച്ചുവെയ്‌ക്കുന്ന ജീവിത ചിത്രങ്ങളിൽ പ്രതിഫലിക്കുന്ന പരിചിതാന്തരീക്ഷം വായനക്കാർക്കും എഴുത്തുകാരിക്കുമിടയിലെ അകലം ദുരീകരിക്കുന്നു.
കഥകൾ കേവല വായനാരസത്തിന്റെ പരിധിക്കപ്പുറത്തേക്ക്- നീണ്ടുനിൽക്കുന്ന അസ്വസ്ഥതകളിലേക്ക്-വളരുമ്പോഴാണ് നല്ല കഥകളാവുന്നതെങ്കിൽ രേഖയുടെ കഥകൾ തീർച്ചയായും ആ പട്ടികയിൽ ഉൾപ്പെടുത്താവുന്ന രചനകളാണ്.
Generated from archived content: book_june4.html Author: pramod_seban