അസാധ്യമായ സ്വപ്നങ്ങൾ

ദിശ (നോവൽ)

സി.വി.ബാലകൃഷ്‌ണൻ

ഡിസി. ബുക്‌സ്‌

വില – 95.00

ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, ഇതിവൃത്തം തുടങ്ങിയ ശ്രദ്ധേയമായ നോവലുകൾ എഴുതിയ സി.വി.ബാലകൃഷ്‌ണന്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ്‌ ദിശ. മനുഷ്യബന്ധങ്ങളുടെ ദുരൂഹതകളിൽ എന്നും വിഹരിക്കുവാൻ താൽപര്യപ്പെടുന്ന നോവലിസ്‌റ്റ്‌ ദിശയിൽ ഒരളവുവരെ വികാരങ്ങൾക്ക്‌ നിസ്സംഗത കൽപിച്ചുകൊണ്ട്‌ കസബയെന്ന പശ്ചാത്തലത്തിൽ ജീവനും ജീവിതത്തിനും മീതെ കുത്തിയൊലിക്കുന്ന കാലത്തെ ഒപ്പിയെടുക്കാൻ ശ്രമിക്കുമ്പോൾ അന്യവൽക്കരിക്കപ്പെടുന്ന ഇസങ്ങളും പ്രതിഷേധങ്ങളും പ്രദർശനവസ്‌തുക്കളാവുന്നു.

ദീപക്കും വേലുണ്ണിയും ആൻമേരിയും റോസയുമൊക്കെ കാലാനുവർത്തിയായ ചൂഷണത്തിന്റെ പ്രോട്ടോടൈപ്പുകൾ മാത്രം. കമ്പ്യൂട്ടറും ഇന്റർനെറ്റും സെൽഫോണും ഒക്കെയായി കാലം എത്രദൂരം താണ്ടിയാലും ജനറൽ അഗസ്‌തോപിനോഷെമാർ അന്താരാഷ്‌ട്ര അതിരുകൾക്കതീതരായി വിഹരിക്കുകതന്നെ ചെയ്യുമെന്ന്‌ തിരിച്ചറിയാൻ അവർ വൈകി. പിനോഷെയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഒരു തിരശ്ശീലയിലെന്നപോലെ അരങ്ങേറുമ്പോൾ സ്‌ക്രീനിൽ നിന്നും അകന്ന്‌ ഇൻസ്‌പെക്‌ടർ സോളമന്മാരും ശിവസ്വാമിമാരും തങ്ങളുടെ ലോകം പടുത്തുയർത്തുന്നതിൽ വ്യാപൃതരായിരുന്നു. യാദൃശ്ചികമെന്ന്‌ കരുതപ്പെടുന്ന മിക്ക സംഭവങ്ങളും ആരൊക്കെയോ മുൻനിശ്ചയിച്ച പ്രകാരം നടക്കുന്ന നാടകങ്ങൾ മാത്രമാണെന്നറിയുമ്പോൾ ചത്വരങ്ങളിൽ പകലുറക്കം നടിക്കുന്ന കസബ ദുരൂഹമായ ഒരു സമസ്യയായി പേടിപ്പെടുത്തുന്നു; അത്‌ നമ്മുടെയൊക്കെ പട്ടണങ്ങളിൽ നിന്നും തീർത്തും വ്യതിരിക്തമല്ലാതിരുന്നിട്ടുകൂടി!

“നിങ്ങൾ എത്രയുച്ചത്തിൽ വിളിച്ചു പറഞ്ഞാലും പാറകളോ പർവ്വതങ്ങളോ അവയുടെ സ്ഥാനത്തുനിന്നിളകുകയില്ല. മൂഢവിശ്വാസികൾ എന്നിട്ടും പാറകളോടും പർവ്വതങ്ങളോടും മാറിപ്പോകാൻ പറയുന്നു. എന്തൊരു ഫലിതം!”

പ്രായോഗികവാദത്തിന്റെ ബാലപാഠങ്ങൾപോലുമറിയാത്ത കസബയിലെ ജീർണ്ണജന്മങ്ങൾക്ക്‌ ഈ ഫലിതത്തിന്‌ ഒരു മറുമരുന്നും പഴയ നക്‌സൽവേട്ടക്കാരൻ പോലീസ്‌ ഉദ്യോഗസ്ഥന്റെ പക്കലുണ്ട്‌.

“പാറകളും പർവ്വതങ്ങളുമൊക്കെ അവിടെ നിൽക്കട്ടെയെന്നു തീരുമാനിച്ച്‌ ജീവിതത്തിലേക്ക്‌ തിരിച്ചു നടക്കുന്നവർ ഒരു ലോകം നേടിയെടുക്കുന്നു.”

മാർക്‌സും ഏംഗൽസും ആവർത്തിച്ച്‌ വിരസമാക്കിയ വർഗ്ഗസമരം തലതിരിച്ചിട്ടാൽ ഈ ലോകം നേടാമെന്ന്‌ വ്യാമോഹിക്കാത്തതുകൊണ്ടുമാത്രം അവർ പാറകളോടും പർവ്വതങ്ങളോടും സദാ ആക്രോശിച്ചുകൊണ്ടേയിരുന്നു-വേലുണ്ണി പീഡനത്തിൽ മരിക്കുന്നതുവരെ, ചന്ദ്രമോഹനന്റെ ശിരസ്സ്‌ ബുളളറ്റുകൾ തകർക്കുന്നതുവരെ, ആൻമേരി പലവട്ടം ബലാത്സംഗം ചെയ്യപ്പെടുന്നതുവരെ…

ഒരിക്കലും സംഭവിക്കാത്ത ഒരുപാട്‌ സ്വപ്നങ്ങളിൽ ദിശയിലെ മിക്കകഥാപാത്രങ്ങളും ജീവിക്കുന്നു. റെയിൽപാളത്തിനു മുകളിൽ കയറിനിന്ന്‌ അടുത്തുവരുന്ന തീവണ്ടിയെ നോക്കി ഒരു നിശ്ശബ്‌ദസിനിമയെപ്പറ്റി ചിന്തിക്കുവാൻ ദീപക്കിനെ പ്രേരിപ്പിച്ചതും മറ്റൊന്നുമല്ല. എന്നെങ്കിലും സ്ഥാപിക്കാനുദ്ദേശിക്കുന്ന രക്തസാക്ഷികളുടെ മ്യൂസിയമായിരുന്നു വേലുണ്ണിയുടെ സ്വപ്നം. ആൻമേരിയാവട്ടെ, സമുദ്രങ്ങളുടെ ഗഹനനീലിമയ്‌ക്കുളളിൽ അനേകം ദീപങ്ങൾ മിന്നിപ്പൊലിയുന്ന അമേരിക്കൻ ഐക്യനാടുകളെ സ്വപ്നം കണ്ടു. അസാധ്യമായി സ്വപ്നങ്ങൾ കാണുന്നുവെന്നതിലല്ല; അത്തരം സ്വപ്നങ്ങൾക്ക്‌ ദിശയിലെ കഥാപാത്രങ്ങൾ അചിന്തനീയമായ വില നൽകേണ്ടിവരുന്നു എന്നിടത്താണ്‌ അവയുടെ പ്രാധാന്യം.

പരിഷ്‌കൃതമായ സാമൂഹിക സ്ഥാപനത്തിന്റെ ബലിയാടുകൾ, അവർ വായിച്ചതും സ്വപ്നം കണ്ടതുമായ പുതിയ ലോകങ്ങളിൽ എങ്ങനെ വേട്ടയാടപ്പെടുന്നുവെന്ന്‌ ദിശ വിളിച്ചുപറയുന്നു. ഉദാരവൽക്കരണവും കുത്തക ദൈവങ്ങളും തകർത്തു തരിപ്പണമാക്കിയ ജീവിതങ്ങളുടെ ദൈന്യതയാണ്‌ മുപ്പത്‌ അധ്യായങ്ങളിലൂടെ നോവലിസ്‌റ്റ്‌ ചിത്രീകരിക്കുന്നത്‌.

——-

Generated from archived content: book_asadyamaya.html Author: pramod_seban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുൾ പെയ്യുന്ന സൂര്യൻ
Next articleനീരോട്ടമുളള ഹൃദയങ്ങളെക്കുറിച്ച്‌……
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here