വേട്ട (കവിതാസമാഹാരം) – ഒരു കൂട്ടം കവികൾ
എഡിറ്റർ – ശ്രീധരൻ കൈതപ്രം
ഗുംറ പബ്ലിഷേഴ്‌സ്, മാതമംഗലം
വില – 25 രൂപ, പേജ് – 40.
ഇഷ്‌ടമില്ലാത്തതെന്തും മറക്കാനുളള അപാരമായ കഴിവ് ഓരോ മലയാളിക്കും ജന്മസിദ്ധമാണ്. മനംമടുപ്പിക്കുന്ന ദുരന്തചിത്രങ്ങൾ മായ്‌ച്ച് കളഞ്ഞ് വേൾഡ് കപ്പോ മറഡോണയോ ട്യൂൺ ചെയ്ത് ഈ വിസ്‌മൃതിയുടെ ആഴംകൂട്ടാൻ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ല, മലയാളിയ്‌ക്ക്. വർത്തമാനത്തിലെ പൊളളുന്ന യാഥാർത്ഥ്യത്തെയാണ് ഭയം. ചോരമണക്കുന്ന പത്രത്താളുകളെക്കാൾ എത്ര മനോജ്ഞമാണ് സിനിമാ മാസികകൾ! ആഘോഷിക്കാറുണ്ട് മാധ്യമങ്ങളും, അടുത്ത ഇരയെ കിട്ടുംവരേയ്‌ക്കും ഏതൊരു ദുരന്തവും. അർത്ഥശൂന്യമായ സർക്കുലേഷൻ കുതന്ത്രങ്ങൾക്കും അപഹാസ്യമായ രാഷ്‌ട്രീയ ജൽപനങ്ങൾക്കും ഏറെ മാറിനിന്ന് ഒരുകൂട്ടം കവികൾ മലയാളിക്കേറ്റ വലിയൊരു മുറിപ്പാടിന് അർത്ഥപൂർണ്ണമായ സ്മാരകം നിർമ്മിക്കുകയാണ് വേട്ട എന്ന ഈ കവിതാ സമാഹാരത്തിലൂടെ.
മുത്തങ്ങ അകാൽപനികമായ ചരിത്രസത്യത്തിന്റെ ചോരമണക്കുന്ന പരിച്ഛേദമാണ്. നിസ്സഹായതയുടെ നിഷ്‌ക്രിയത്വത്തിൽ അധികാരികൾ നടത്തിയ അധിനിവേശമല്ലത്, മറിച്ച് അസഹ്യമായ നെറികേടുകൾക്കെതിരെ അവഗണിക്കപ്പെട്ട ഒരു ജനത വീശിയ തിരിച്ചറിവിന്റെ കൊടിയടയാളമാണ്.
ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ചൂഷണത്തിന്റെയും അവഗണനയുടെയും നെറികേടിന്റെയും അനുഭവങ്ങൾ മാത്രം ലഭിച്ച ഒരു ജനതയ്‌ക്ക് നല്ലതായിട്ടൊന്നുമില്ല ഓർമ്മിക്കാനും സ്വപ്‌നം കാണാനും. വേട്ടക്കാരനും ഇരയ്‌ക്കുമിടയിൽ നഖമുരച്ച് കളിക്ക് കൊഴുപ്പുകൂട്ടി തടിച്ചുമിനുങ്ങിയ മദ്ധ്യവർഗ്ഗവും അപകടകരമായ ഒരു നിശ്ശബ്‌ദ മേഖലയിലേക്ക് മയങ്ങി വീഴുന്ന മലയാളി സമൂഹം തന്നെയും അറിഞ്ഞുകൊണ്ട് ഇറുത്തെടുക്കുന്നതും മറ്റാരുടെയും കിനാക്കളെയല്ല.
ഇത്തരമൊരു തിരിച്ചറിവിന്റെ ഊരുവെട്ടമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കായി എഴുതപ്പെട്ട പതിനാറ് കവിതകളുടെ സമാഹാരം. ഡി. വിനയചന്ദ്രൻ, ശ്രീധരനുണ്ണി, കുഞ്ഞപ്പ പട്ടാന്നൂർ, കരുണാകരൻ പുതുശ്ശേരി, ബിജു കാഞ്ഞങ്ങാട് തുടങ്ങി ‘വേട്ട’യിൽ അണിനിരക്കുന്ന ഓരോ എഴുത്തുകാരനും സംസാരിക്കുന്നത് നിസ്സഹായരുടെ ഭാഷയിലല്ല, കർക്കശവും വിട്ടുവീഴ്‌ചയില്ലാത്തതുമായ മുന്നറിയിപ്പുകളുടെ മുഴക്കത്തിലാണ്.
എ.സി.ശ്രീഹരിയുടെ ‘വയനാടൻ’, സന്തോഷ് കോറമംഗലത്തിന്റെ ‘വേട്ട’, രാമകൃഷ്‌ണൻ ചുഴലിയുടെ ‘കുടിയൊഴിക്കൽ’, പ്രമോദ് പി.സെബാന്റെ ‘ദുരിതകാലത്തെ പൂമ്പാറ്റകൾ’, മനോജ് കാട്ടാമ്പളളിയുടെ ‘ഉപ്പു പ്രതിമകൾ’, എം.എം. അശോക്‌കുമാറിന്റെ ‘ചാവുപാട്ട്’.. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതാഭിലാഷങ്ങൾക്ക് കൂട്ടിരിക്കാൻ വാക്കുകളുടെ കൂടാരമുയരുന്നു. കവിതയുടെ ഭരണഘടന നിർത്തൽ ചെയ്യാൻ ഭരണവർഗ്ഗം പാസ്സാക്കാനിരിക്കുന്ന പ്രമേയങ്ങളുടെ വിപത്‌സൂചനകളിളകുന്ന പതാക കണ്ട് ഭയക്കാതെ.
വയനാട്ടിലെ ഊരറിവിൽ ‘പച്ചക്കെട്ടും’ ‘പുരാണക്കെട്ടും’ ഉണ്ടെന്നും, ഈ കവിതകൾ പച്ചക്കെട്ട്-നടപ്പുകാലത്തിന്റെ ചോരവീണ കാട്ടിലകളാണെന്നും അവതാരികയിൽ ഇ.പി. രാജഗോപാലൻ. ജിനേഷ്‌കുമാർ എരമത്തിന്റെ അവലോകനം പുസ്തകത്തിലേക്കുളള പ്രവേശനം സുഗമമാക്കുന്നു.
Generated from archived content: book_april24.html Author: pramod_seban