ഡി.സി. ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കഥായനത്തിലെ ശ്രദ്ധേയമായ പുസ്‌തകമാണ് സേതുവിന്റെ പ്രഹേളികാകാണ്ഡം. ഒരേ കാലഘട്ടത്തിൽ എഴുതിത്തുടങ്ങുകയും മലയാളി ഭാവുകത്വത്തെ ആകമാനം സ്വാധീനിക്കുകയും ചെയ്‌ത എം.മുകുന്ദൻ, കാക്കനാടൻ, സേതു, പുനത്തിൽ കുഞ്ഞബ്‌ദുളള, എൻ.എസ്.മാധവൻ, ആനന്ദ്, വത്സല എന്നീ പ്രമുഖരായ എഴുത്തുകാരുടെ രചനകൾ യഥാക്രമം ശൂന്യതാകാണ്ഡം, ഐതരേയകാണ്ഡം, പ്രഹേളികാകാണ്ഡം, വിഭ്രാമകകാണ്ഡം, അർത്ഥനാരീകാണ്ഡം, ചരിത്രകാണ്ഡം, ആരണ്യകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.
1968 മുതൽ 2001 വരെയുളള കാലത്ത് സേതു എഴുതിയ കഥകളിൽ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് രചനകളാണ് പ്രഹേളികാകാണ്ഡത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുഭവാവിഷ്‌കാരത്തിൽ എന്നും പ്രഹേളികാസ്വഭാവം പുലർത്തുന്ന കഥാകൃത്താണ് സേതു. മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന ഒരു തുടർച്ച എന്ന നിലയിലും ഈ പുസ്‌തകത്തെ കാണാവുന്നതാണ്. ഇതിലെ പല കഥകളും സമാഹാരങ്ങളിൽ ഇതിനുമുമ്പേ വന്നിട്ടുളളതാണെങ്കിലും, സ്വഭാവഘടനയിലെ സമാനത നിലനിർത്തിക്കൊണ്ടുളള ഈ തെരഞ്ഞെടുപ്പ് നന്നായിരിക്കുന്നു.
സ്ഥലകാലഭേദമില്ലാതെ പിന്തുടരുന്ന പൗരാണിക സമസ്യയായ ‘പൊട്ടക്കുളം’, ‘അടയാളങ്ങൾ’ എന്നീ കഥകളും സൈബർ യുഗവിഭ്രാന്തികളിലേക്ക് മിഴി തുറക്കുന്ന ‘മായക്കാഴ്‌ച’യും ഈ പുസ്തകത്തിലെ മറ്റ് കഥകളിൽനിന്നും രചന സൂക്ഷ്‌മതയിൽ വേറിട്ടുനിൽക്കുന്നു.
വിരസതയില്ലാത്ത വായനാനുഭവം കാഴ്‌ചവെയ്‌ക്കുന്ന സേതുവിന്റെ എല്ലാക്കഥകളും ജീവിതത്തിലെ വിട്ടുപോയ ഇടങ്ങളെ ചൊല്ലി ആകുലരാവുന്നവർക്ക് ഒന്നാന്തരം നൊൾസ്‌റ്റാജിക് ട്രീറ്റ്‌മെന്റ് തന്നെ.
Generated from archived content: book2_july7.html Author: pramod_seban
Click this button or press Ctrl+G to toggle between Malayalam and English