സ്വാസ്ഥ്യത്തിന്റെ പിടിവളളികൾ ഓരോരുത്തർക്കും ഓരോന്നാണ്. പുഴയൊഴുക്കിൽ ഉറുമ്പിന് ഇല എന്നതുപോലെ ഓരോരുത്തരും അവരവരുടെ രക്ഷാവഞ്ചികളിൽ യാത്ര തുടരുന്നു. ഭദ്രമെന്ന പുറംമോടിക്കകത്ത് ഒരിക്കലും പിടികിട്ടാത്ത സംഘർഷയാനങ്ങൾ നടന്നു തീരാതെ വയ്യ.
അളന്നുതീർക്കാൻ കഴിയാത്ത മാനസികദൂരങ്ങൾക്കിടയിൽ അച്‌ഛൻ, അമ്മ, മകൻ, മകൾ…ബന്ധങ്ങളുടെ യുക്തിഭദ്രത ചോദ്യം ചെയ്യപ്പെടുന്ന പുതിയ കാലത്തിൽ ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം നിസ്സഹായരുടെ ആന്തരികഭാവങ്ങളാണ് സേതുവിന്റെ കൈമുദ്രകൾ എന്ന നോവൽ ആവിഷ്‌കരിക്കുന്നത്.
അജ്ഞാതമായ ഏതോ കൈമുദ്രകൾക്കനുസൃതം ജീവിതം ചിട്ടപ്പെടുത്തുവാൻ വിധിക്കപ്പെടുന്ന ഏതാനും മനുഷ്യരുടെ കഥയാണിത്. ഏകാന്തതയുടെ, നിസ്സഹായതയുടെ, അധീശത്വത്തിന്റെ, ശൂന്യതയുടെ വേദനിപ്പിക്കുന്ന വേഷങ്ങൾ അണിയാൻ നിർബന്ധിക്കപ്പെടുന്ന അജയനും സരിതയും ശാരദാമ്മയും ദാസും അച്ചുവും ഒക്കെ കൂട്ടിയാലും കൂടാത്ത, തങ്ങൾക്കിടയിലെ അകലത്തെക്കുറിച്ച് വ്യാകുലരാണ്. കണ്ണിയറ്റ ഒറ്റഗ്രഹത്തെപോലെ അജ്ഞാതപഥങ്ങളിൽ ചുറ്റിത്തിരിയുമ്പോഴും ഊഷ്‌മളമായ ചില ബന്ധങ്ങളെങ്കിലും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നുണ്ട്, ഇവരൊക്കെ. ആത്മസംഘർഷങ്ങളുടെ ഈ ചുറ്റിത്തീരലിൽ അജയൻ പാവക്കുട്ടികളിലും, ഊർമ്മിള പത്രപ്രവർത്തനത്തിലും, കാതറീൻ അഭിനയത്തിലും, ഉണ്ണിമായമ്മ ഭജനയിലും, ശാന്തനുദാ കാത്തിരിപ്പിലും അഭയം പൂകാൻ ശ്രമിക്കുന്നുവെങ്കിലും എല്ലാവരും ‘കൺഫ്യൂസ്‌ഡ്’ തന്നെ. ഉത്തരങ്ങളില്ലാത്ത ഒരു ചോദ്യാവലിപോലെ ജീവിതം പിടിതരാതെ വഴുക്കുമ്പോൾ കൺഫ്യൂസ്‌ഡ് ആകാതെ തരമില്ലല്ലോ?
പാതയ്‌ക്കൊടുവിൽ പ്രകാശം ചൊരിയുന്ന വഴിവിളക്കെന്നപോലെ ആന്തരിക നന്മകൾ ദീപ്തമാക്കുന്ന കഥാസന്ദർഭങ്ങൾ നിരവധിയുണ്ടിതിൽ. നോവൽ വായിച്ചു തീർന്നാലും ആ പ്രകാശരശ്‌മികൾ വന്നുവീഴുന്ന നന്മയുടെ തുരുത്തുകൾ കൂടെ വരാതിരിക്കില്ല. അവകാശവാദങ്ങളില്ലാത്ത നിശ്ശബ്‌ദമായ സ്‌നേഹം പോലെ.
കൈമുദ്രകൾ (നോവൽ)
സേതു
ഡിസി ബുക്‌സ്, 1998
പേജ് -544. വില ഃ 195 രൂപ.
Generated from archived content: book1_june17.html Author: pramod_seban