ബോധം
മുള്ളില്‍ നിന്നുമാണ്
ഞാന്‍ ജനിച്ചത്
ചെറുപ്പത്തില്‍ എനിക്കു
മണമില്ലായിരുന്നു
വെയിലുകൊണ്ടപ്പോഴാണ്
നിറവും മണവും വന്നത്
സത്യം പൂവല്ല മുളളാണ്
എന്നറിഞ്ഞപ്പോള്‍ ഞാന്‍ വാടിപ്പോയി
ഇനിയൊന്നു ജനിക്കാതിരിക്കാന്‍
ഞാന്‍ മുള്ളെന്നു സ്വയം കരുതണം
****************
ശ്വാസം
നിഴല്‍ വരിയുടയ്ക്കാത്ത വീടുകളിലാണ്
പണ്ഡിറ്റുകള്‍ ഉറങ്ങാറ്
ഏഴുപതിറ്റാണ്ടുകളെ അവര്‍
മോതിരവിരലാല്‍ അത്താഴമൂട്ടുന്നു
അതിശൈത്യരാവുകളില്‍ , ഹിമവീണകളിലെ
തുകല്‍നാറ്റം തിരിച്ചറിയുന്നു
പുല്‍നാമ്പുകള്‍ കൈത്തലം മൂടിയ ദര്‍ഗയിലിരുന്ന്
മുടിനീണ്ടൊരാള്‍
ചുവന്ന നിലത്തേക്കു ചൂളം വിളിക്കുന്നു
പട്ടുവസ്ത്രം പുതച്ചുറങ്ങുന്ന ഹുമയൂണ്‍
സ്വപ്നങ്ങളില്‍ ഹസ്തദാനത്തിനു ചിരിക്കുന്നു
ബൈറാംഖാന്റെ പിരമിഡുകളില്‍
നാഗര്‍കോട്ടയിലെ ചെരുപ്പുകളില്‍
അവര്‍ ചരിത്ര പുസ്തകം ചാരിവയ്ക്കുന്നു
മാണ്ഡുവില്‍, റായ്സിനില്‍, ചിറ്റോറില്‍
സാരങ്പൂരില്‍ ജയ്സാല്‍മീറില്‍
അക്ബര്‍ പിന്നെയും മഷി നിറയ്ക്കുന്നു
ഗസനിയിലെ ചിതലുകള്‍ക്ക്
സോമനാഥം ചവിട്ടുപലകയും
ഒളിമുറിയുമാകുന്നു ഇപ്പോഴും
നെഞ്ചുവരഞ്ഞ് മുറിയുന്നുണ്ടെങ്കിലും
ഇവിടം ആലീസിന്റെ അത്ഭുത ലോകമാണെങ്കിലും
നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കാന്‍
കൈബര്‍ ചുരം തീണ്ടാത്ത
ശ്വാസം മതിയാകും.
Generated from archived content: poem1_aug12_13.html Author: pramod_punaloor