ഡാർവിനും ജെസീക്കയുടെ കപ്പിത്താനും കഥാപാത്രങ്ങളാകുന്ന ഒരു ‘ശുഭാന്ത’ നാടകം

അരങ്ങുണരും നേരം

ക്യാപ്‌റ്റൻ ടാർക്വിനോ അരെവാലോ എന്ന കഥാപാത്രം വേദിയുടെ ഇടതുഭാഗത്തുകൂടെ ഗമിച്ച്‌ വലതുവശത്ത്‌ സ്ഥാപിച്ചിട്ടുളള പ്രതിക്കൂട്ടിലേക്ക്‌ നടന്നു തുടങ്ങുന്നതോടുകൂടി നാടകം ആരംഭിക്കുകയായി. വേദിയുടെ മിക്കഭാഗവും അരണ്ട വെളിച്ചത്തിലാഴ്‌ത്തി ഒരു അവ്യക്തമായ പശ്ചാത്തലമാണ്‌ നാടകത്തിന്‌ ഒരുക്കിയിരിക്കുന്നത്‌. ക്യാപ്‌റ്റർ അരെവാലോയെ മാത്രം സ്പോട്‌ലൈറ്റിന്റെ ധവളാഭ ചൂഴ്‌ന്നു നിൽക്കുന്നു. ഉയർത്തിപ്പിടിച്ച ശിരസ്സും വിരിഞ്ഞ നെഞ്ചും ആരെയും കൂസാത്ത ശരീരഘടന ആ കഥാപാത്രത്തിന്‌ നല്‌കുന്നുണ്ടെങ്കിലും മുഖത്തെ ഭാവവ്യതിയാനങ്ങൾ ഇപ്പോൾ വ്യക്തമല്ല.

ക്യാപ്‌റ്റൻ അരെവാലോ പ്രതിക്കൂട്ടിൽ കയറി ഏതാനും നിമിഷം നിശ്ശബ്‌ദനായി സദസ്സിനെ നോക്കിനിന്നു. പിന്നെ ആ നിശ്ശബ്‌ദതയ്‌ക്ക്‌ ഭംഗം വരുത്തുവാനെന്നവണ്ണം തന്റെ വലതുമുഷ്‌ടി മടക്കി പ്രതിക്കൂട്ടിന്റെ അഴികളിൽ സാമാന്യം ശക്തമായി ഇടിച്ചു.

വീണ്ടും നിശ്ശബ്‌ദത. ഏതാനും നിമിഷങ്ങൾ അതുനീണ്ടു. അതിനൊടുവിൽ വേദി സാവധാനം പച്ചവെളിച്ചം കൊണ്ട്‌ പൂരിതമാകുകയായി.

“ക്യാപ്‌റ്റൻ അരെവാലോ, നിങ്ങളാണിതിനുത്തരവാദി- ഈ പരിസ്ഥിതി ദുരന്തത്തിന്‌. ഇവിടെ ചത്തൊടുങ്ങിയ ഓരോ കടൽക്കാക്കകൾക്കും, ആമകൾക്കും, ഇഗ്വാനകൾക്കും, ഗൂബീഡിനും പിന്നെയും അസംഖ്യം ജീവജാലങ്ങൾക്കും എല്ലാം ഉത്തരവാദിയാണ്‌ നിങ്ങൾ, നിങ്ങൾ മാത്രം.”

പച്ചവെളിച്ചം അണയുകയായി. ഇപ്പോൾ വേദിയിൽ അരണ്ട വെളിച്ചം മാത്രം. പിന്നെ അരെവാലോ എന്ന കഥാപാത്രത്തിന്‌ നേരെ നീളുന്ന സ്പോട്ട്‌ ലൈറ്റും.

ക്യാപ്‌റ്റൻ അരെവാലോ ചുറ്റുപാടും ശബ്‌ദത്തിന്റെ ഉറവിടം തേടുന്നു. ഒന്നും ദൃശ്യമാകുന്നില്ല. പരുപരുത്ത സ്വരം ഒരല്പം പതർച്ചയോടെ അയാളിൽ നിന്നും പുറപ്പെട്ടു- ആരാണു നീ?

വീണ്ടും പച്ചവെളിച്ചം.

-ഞ്ഞാൻ പ്രോട്ടോസോവ.

അരെവാലോ-പ്രോട്ടോസോവ?! നീ എവിടെയാണ്‌?

പ്രോട്ടോസോവ-ക്യാപ്‌റ്റൻ അരെവാലോ, താങ്കൾക്കെന്നെ കാണുവാനാകില്ല. ഞാൻ ഫൈലം പ്രോട്ടോസോവ. കാലങ്ങളേറെ മുമ്പ്‌, താങ്കളുടെ പിതാമഹന്മാരും പ്രപിതാമഹന്മാരുമായ നിയാണ്ടർത്തലും ആസ്ര്ടേലോപിത്തിക്കൈൻസും രാമപിത്തിക്കൈൻസുമൊക്കെ ഉണ്ടാകുന്നതിനും ഏറെമുമ്പ്‌ ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെട്ട ആദ്യജീവന്റെ സ്പർശം.

അരെവാലോ-നിന്നെ എനിക്ക്‌ കാണാനാവുന്നില്ല…

പ്രോട്ടോസോവ-നീ വായിച്ചിട്ടില്ല എന്നുണ്ടോ, യോഹന്നാന്റെ സുവിശേഷം. ആദിയിൽ വചനം ഉണ്ടായി. അതു മാത്രമായിരുന്നു സത്യം.

അരെവാലോ-നീ പറയുന്ന പുരാണങ്ങളിൽ അഭിരമിക്കാൻ എനിക്കാവില്ല.

വേദിയിൽ പ്രോട്ടോസോവയുടെ ഒരു തണുത്ത ചിരി വീണുടയുന്നു. അതിന്റെ നനുത്ത പ്രതിധ്വനി അല്പനേരം നീണ്ടുനില്‌ക്കുന്നു. അതിൽ അസ്വസ്ഥനും അക്ഷമനുമായി അരെവാലോ കുറച്ചുറക്കെത്തന്നെ ചോദിക്കുന്നു.

-നിനക്കിവിടെന്തു കാര്യം?

പ്രോട്ടോസോവ-പരിണാമത്തിന്റെ പരിമാണം ഒരുപക്ഷെ നീ അറിയുന്നില്ല. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ തീക്ഷ്‌ണതയും നിന്നിൽനിന്നും അകന്നു നില്‌ക്കുന്നു.

അരെവാലോ- ദുരന്തം…ആ പദത്തിന്‌ അഭിശപ്തതയുടെ ആവരണം ഇട്ടുതന്നെ നീയും ഉപയോഗിക്കുന്നു. ഓരോ ദുരന്തവും തുറക്കുന്നത്‌ പ്രകാശമാനമായ പുതുലോകത്തിന്റെ കവാടങ്ങളാണ്‌. അത്‌ സൃഷ്‌ടിയെ, സ്രഷ്‌ടാവിനെ, ഈ വിശ്വത്തെ എല്ലാം ചൂഴ്‌ന്നു നില്‌ക്കുന്നു. നിന്റെ ഉല്പത്തിപോലും ഒരു സ്‌ഫോടനത്തിന്റെ പരിണിതിയല്ലേ. എന്റെ ജനനവും ഒരു ദുരന്തത്തിന്റെ ബാക്കിപത്രമാണ്‌ എന്ന്‌ അമ്മ എത്രയോ പ്രാവശ്യം കണ്ണുനീർ തുടച്ചുകൊണ്ട്‌ പറയുന്നത്‌ ഞാൻ ഒളിച്ചുനിന്നു കേട്ടിരിക്കുന്നു.

പ്രോട്ടോസോവ-നിങ്ങളുടെ വാക്‌ചാതുരി ഞാൻ വിചാരിച്ചതിലും കേമം. പക്ഷെ, ഈ ദുരന്തം… തീർച്ചയായും നിനക്കതൊഴിവാക്കാമായിരുന്നു, സെർബിനോ എന്ന ടാങ്കർക്ര്യൂ വൻകരയിൽവച്ച്‌ സംശയം പ്രകടിപ്പിച്ച മാത്രയിൽ ഒന്ന്‌ ശ്രദ്ധിച്ചിരുന്നുവെങ്കിൽ.

അരെവാലോയുടെ മുഖം ചുവന്നു തുടുക്കുന്നതും പ്രതിക്കൂട്ടിൽ രണ്ടു മുഷ്‌ടികൊണ്ടും ശക്തമായി പ്രഹരിക്കുന്നതും ഇപ്പോൾ കാണാം.

-ശുദ്ധ അസംബന്ധം.

പ്രോട്ടോസോവ- ഒരിക്കലും അല്ല ക്യാപ്‌റ്റൻ. നിങ്ങൾ ആ സമയം മദ്യത്തിന്റെയും മാർഗരത്തീന എന്ന ഇക്വഡോറിയൻ സുന്ദരിയുടെ മാറിൻ ചൂടിന്റെയും ലഹരിയിലായിരുന്നു. അതിൽനിന്നും ഒരു നിമിഷത്തേക്കെങ്കിലും ഒന്ന്‌ ഇറങ്ങിവന്നിരുന്നുവെങ്കിൽ…

പ്രതിക്കൂട്ടിൽനിന്നും സദസ്സിനെ നോക്കിക്കൊണ്ടാണ്‌ ഇത്രയും നേരം ക്യാപ്‌റ്റൻ ടാർക്വിനോ അരെവാലോ സംവദിച്ചിരുന്നത്‌. ഇപ്പോൾ അയാൾ അതിന്‌ വിപരീതദിശയിലേക്ക്‌ പൊടുന്നനെ തിരിഞ്ഞ്‌ വളരെ നാടകീയമായി വലംകൈ എങ്ങോട്ടെന്നില്ലാതെ ചൂണ്ടി ആക്രോശിച്ചു.

-ഇത്‌ ജല്പനമാണ്‌, കല്പിതകഥയാണ്‌.

ഒരു നെടുവീർപ്പോടെ കോട്ടിന്റെ പോക്കറ്റിൽ തിരുകിയിരുന്ന കൈലേസെടുത്ത്‌ നെറ്റിയിലെ സ്വേദകണങ്ങൾ അയാൾ ഒപ്പിയെടുത്തു. പിന്നെ നേരത്തെ നിറുത്തിയതിന്‌ തുടർച്ചെയെന്നോണം പറഞ്ഞു, വളരെ സാവധാനം.

-ഇത്‌ ദുരന്തഭൂമിയാണ്‌-ഗാലപ്പഗോസിലെ സാൻക്രിസ്‌റ്റോബലിനും സാന്റാക്രൂസിനും ഇടയിലുളള പ്രദേശം. താങ്കൾക്കും അതറിയാം. ഗാലപ്പഗോസിന്റെ മാധുര്യവും കയ്പും ഒട്ടേറെ ഏറ്റുവാങ്ങിയവനാണല്ലോ താങ്കൾ. *HMS ബീഗിളിന്‌‘ സംഭവിച്ചതുമാത്രമേ ’ജെസീക്ക‘ക്കും സംഭവിച്ചിട്ടുളളൂ. – ഒരു ദുരന്തം…. അർഹതയുളളവർ അതിനെ അതിജീവിക്കും.

ഇപ്പോൾ മറ്റൊരു സ്പോട്‌ലൈറ്റ്‌ വെളളിവെളിച്ചം തൂകിക്കൊണ്ട്‌ നീതിപീഠത്തിന്റെ നേരെ നീങ്ങുകയായി. ഇത്രയും നേരം ഈ പശ്ചാത്തലം അവ്യക്തമായിരുന്നു. ഇപ്പോൾ നമുക്ക്‌ സ്പഷ്‌ടമായി കാണാം-നരച്ച്‌ നെഞ്ചൊപ്പമെത്തുന്ന താടിയും പരന്ന തൊപ്പിയും കറുത്തകോട്ടുമായി ഒരു മനുഷ്യൻ!

അരെവാലോ തുടർന്നു.

-വിചാരണകളെ ഞാൻ ഭയക്കുന്നില്ല. പക്ഷെ, ഡാർവിൻ…ഈ ആരോപണങ്ങൾക്ക്‌ മറുപടി നല്‌കേണ്ടത്‌ താങ്കളുടെ ബാദ്ധ്യതയാണ്‌. ഈ ഭൂവിൽകണ്ട ദുരന്തത്തിൽനിന്നും സൃഷ്‌ടിച്ചെടുത്ത ശാസ്‌ത്രത്തിന്റെ ഉടമയാണ്‌ താങ്കൾ. അതിന്റെ ആകെത്തുകയായ “പ്രകൃതി നിർദ്ധാരണം വഴിയുളള ജീവന്റെ ഉല്‌പത്തി”യുടെ താളുകളൊന്നിൽ നിന്നും ഇറങ്ങി വന്ന്‌ എന്നെ വിചാരണ ചെയ്യുന്നവന്റെ വചനങ്ങൾക്ക്‌ തീർച്ചയായും മറുപടി നല്‌കേണ്ടത്‌ താങ്കൾ തന്നെയാണ്‌.

ഡാർവിനിൽ നിന്നും പ്രത്യേകിച്ച്‌ പ്രതികരണമൊന്നും ഉണ്ടാകുന്നില്ല.

വീണ്ടും പച്ചവെളിച്ചം തെളിയുകയായി. പ്രോട്ടോസോവയുടെ അറുത്തുമുറിച്ച വാക്കുകൾ…അതിനുമുന്നിൽ അല്പമൊന്നു പതറി, എന്നാൽ മനഃസ്ഥൈര്യം പൂർണ്ണമായും കൈവിടാതെ ഡാർവിനെതിരെ ചോദ്യങ്ങളെയ്യുന്ന അരെവാലോ…സദസ്സിനെ നോക്കി നിശ്ശബ്‌ദനായി ഒരു പ്രതിമ കണക്കെ നീതിപീഠത്തിൽ നിലകൊളളുന്ന ചാൾസ്‌ ഡാർവിൻ എന്ന കഥാപാത്രം…ആളുകളുടെ വല്ലപ്പോഴുമുളള കരഘോഷങ്ങളുടേയും അതിലുമേറെ കോട്ടുവാകളുടേയും അകമ്പടിയോടെ അങ്ങിനെ ആ നാടകം സാവധാനം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നു.

***************************************************************************

’ഗാലപ്പഗോസ്‌ എന്ന ദുരന്തം‘

ലേഖനത്തിന്റെ തലക്കെട്ട്‌ ഇങ്ങിനെത്തന്നെ വേണമോ എന്ന കാര്യത്തിൽ മുപ്പതുകിലോമീറ്ററോളമുളള യാത്രക്കിടയിൽ എബ്രഹാം തോമസ്‌ എന്ന സബ്‌എഡിറ്റർ ഏറെക്കുറെ ഒരു ഉറപ്പിൽ എത്തിക്കഴിഞ്ഞിരുന്നു. മലയാള നാടകവേദിയുടെ മുഖഛായ മാറ്റുന്നതിൽ പ്രമുഖ പങ്കു വഹിച്ച രാഘവൻമാഷുടെ പുതിയ നാടകം ’ഗാലപ്പഗോസ്‌ പതിവിനു വിപരീതമായി നഗരത്തിൽ നിന്നും ഏറെ അകന്ന്‌ നാട്ടിൻപുറത്തിന്റെ സ്നിഗ്‌ദ്ധത ഏറെയുളള അദ്ദേഹത്തിന്റെ തട്ടകത്തിൽ അരങ്ങേറുന്നു എന്നറിഞ്ഞപ്പോൾതന്നെ തീരുമാനിച്ചതാണ്‌-പോകണം; റിപ്പോർട്ടു ചെയ്യണം. പക്ഷെ, അത്‌ റിപ്പോർട്ട്‌ എന്ന രൂപത്തിൽ നിന്നും ഒരു നിരൂപണത്തിന്റെ തലത്തിലേക്ക്‌ മാറുമെന്ന്‌ അയാൾ ഒരിക്കലും കരുതിയതല്ല. കഴിഞ്ഞ നാല്പത്തഞ്ചു മിനിട്ടിലേറെ നീണ്ട ഇരുളിനെ കീറിമുറിച്ചുകൊണ്ടുളള മോട്ടോർസൈക്കിൾ യാത്രക്കിടയിൽ അതിനങ്ങിനെയൊരു രൂപപരിണാമം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.

പത്രസ്ഥാപനത്തിന്റെ പാർക്കിങ്ങ്‌ ബേയിൽ വണ്ടി വച്ച്‌ അകത്തേക്ക്‌ കടക്കുമ്പോൾത്തന്നെ കുമാരേട്ടൻ ഓടിവന്ന്‌ പറഞ്ഞു. “സാറവിടെ കാത്തിരിക്കുകയാണ്‌. മറ്റെല്ലാം സെറ്റു ചെയ്‌തു കഴിഞ്ഞിരിക്കുന്നു. ഇനി ഇതുകൂടിയേ ബാക്കിയുളളൂ.”

വാഷ്‌ബേസിനിൽ മുഖം കഴുകി അമർത്തിത്തുടച്ച്‌ തിടുക്കത്തിൽ എബ്രഹാം തോമസ്‌ തന്റെ സീറ്റിലേക്ക്‌ നടന്നു. “ഗാലപ്പഗോസ്‌ എന്ന ദുരന്തം” എന്ന തലക്കെട്ടിനുകീഴെ വെളളക്കടലാസിൽ അക്ഷരങ്ങൾ ഇങ്ങിനെ തെളിയുകയായി.

“നാടകാചാര്യന്മാർ എന്ന്‌ സ്വയം കല്പിച്ചേകിയ കുപ്പായമണിഞ്ഞ്‌ നാടകവേദിയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തങ്ങളുടെ ശൈലിക്കനുസൃതമായി സ്ഥിരമായൊരു രംഗഭാഷയും സൂത്രവാക്യങ്ങളും കൊണ്ട്‌ ബൊണ്ണിസായ്‌ ചെയ്യപ്പെട്ടിരുന്ന ഒരു കാലം മലയാള നാടകത്തിനുണ്ടായിരുന്നു. അതിൽ നിന്നും മോചിപ്പിച്ച്‌ പുതിയൊരു ദിശാബോധം മലയാള നാടകത്തിന്‌ നല്‌കാൻ ശ്രമിച്ചവരിൽ പ്രമുഖനാണ്‌ രാഘവൻമാഷ്‌ എന്ന്‌ പരക്കെ, അറിയപ്പെടുന്ന രാഘവവാര്യർ. റിയലിസവും ഫാന്റസിയും ഇടകലർത്തിക്കൊണ്ടുളള അദ്ദേഹത്തിന്റെ ഓരോ നാടകവും അവതരണ ഭാഷ്യംകൊണ്ട്‌ നൂതനവും തികച്ചും വ്യത്യസ്ഥങ്ങളും ആയിരുന്നു. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം, അവന്റെ സംവേദനത്തിന്‌ പുതിയ മാനങ്ങൾ രൂപപ്പെടുത്തുന്നതിനും അവന്റെ മനസ്സിന്റെ ഊഷരതയിൽ നവ്യമായ സാമൂഹികാവബോധത്തിന്റെ നീർച്ചാലുകൾ സൃഷ്‌ടിച്ചെടുക്കുന്നതിനും ഈ നാടകങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ മറ്റൊരു നാടകം കൂടി, ഏറെ പ്രതീക്ഷയോടെ, സ്വന്തം മണ്ണിൽ കൊയ്‌ത്തുകഴിഞ്ഞ്‌ പരന്നു കിടക്കുന്ന പാടങ്ങൾക്കു നടുവിൽ കെട്ടിയുയർത്തിയ വേദിയിൽ അരങ്ങേറുകയുണ്ടായി – ഗാലപ്പഗോസ്‌.

ഗാലപ്പഗോസ്‌…. ഇക്വഡോറിന്റെ അധീനതയിലുളള ദ്വീപസമൂഹം. ചിതറിക്കിടക്കുന്ന ഫോസിലുകളുടേയും അവശിഷ്‌ടങ്ങളുടേയും ഇരുണ്ട വഴികളിൽ നിന്നും പുതിയൊരു ശാസ്‌ത്രത്തിന്റെ അനന്ത സാധ്യതകൾ തെളിയിച്ചെടുക്കാൻ ചാൾസ്‌ ഡാർവിനെ സഹായിച്ച ഭൂമി. ഭൂതവും വർത്തമാനവും ഭാവിയുമെല്ലാം ഇഴ പിരിഞ്ഞു കിടക്കുന്ന ഒരു ശാസ്‌ത്രത്തിന്റെ മാതൃഭൂവിൻ സിരകളിലേക്ക്‌ ഒഴുകിയിറങ്ങിയ വിഷകണങ്ങളായിരുന്നു 2001 ജനുവരിയിൽ ‘ജെസ്സീക്ക’ എന്ന എണ്ണക്കപ്പലിൽ നിന്നും വമിച്ചത്‌. വർഷം രണ്ടു കഴിഞ്ഞിട്ടും അത്‌ പരിസ്ഥിതിയിലേല്പിക്കുന്ന ക്ഷതം നിർബാധം തുടരുന്നു. അതിനുത്തരവാദികളെന്ന്‌ പറയപ്പെടുന്നവർ നിരവധിയാണ്‌-ഓയിൽ ടാങ്കർ ഉടമ, എണ്ണ കയറ്റുമതി കമ്പനി, ശരിയായ സുരക്ഷ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താതിരുന്ന അധികൃതർ, കപ്പലിലെ ജീവനക്കാർ…. ഇങ്ങിനെ പോകുന്നു ആ നീണ്ട നിര. അതിൽ ആദ്യം പ്രതിയാക്കപ്പെട്ടതും മാസങ്ങളോളം വിചാരണ നേരിട്ടതും ടാർക്വിനോ അരെവാലോ എന്ന ‘ജെസീക്ക’യുടെ കപ്പിത്താനായിരുന്നു. ഈ നാടകത്തിൽ അയാൾ മറ്റൊരു വിചാരണ കൂടി നേരിടുകയാണ്‌.

വ്യക്തമായ ദിശാബോധമില്ലാതെ തുടരുന്ന ഫൈലം പ്രോട്ടോസോവയുടെ വിചാരണ ചോദ്യങ്ങൾക്കും അരെവാലോയുടെ മറുവാദങ്ങൾക്കും പ്രത്യേകിച്ചൊരു മറുപടിയും നല്‌കാനാകാതെ നിശ്ശബ്‌ദനായി, പ്രതികരണ ശേഷിപോലും നഷ്‌ടപ്പെട്ട്‌ നിലകൊളളുന്ന ഒരു ഡാർവിനെയാണ്‌ ഈ നാടകത്തിലുടനീളം കാണുന്നത്‌. ഇതു തന്നെയാണ്‌ ഈ നാടകത്തിന്റെ ദുരന്തവും. അതാകട്ടെ നാടകത്തിൽ പരാമർശിക്കപ്പെടുന്ന ദുരന്തത്തേക്കാൾ ഭയാനകവുമാണ്‌. വാദത്തിനും പ്രതിവാദത്തിനും മാത്രമായി ഒരു വേദിയുടെ ആവശ്യമെന്ത്‌? അതോ ജനങ്ങൾ പ്രതികരിക്കട്ടെ എന്നാണോ നാടകക്കാരൻ വിവക്ഷിക്കുന്നത്‌. അങ്ങിനെയെങ്കിൽ ഡാർവിൻ എന്ന നോക്കുകുത്തി കഥാപാത്രത്തിന്റെ ആവശ്യമെന്ത്‌?…

***************************************************************************

നാടകം പെയ്തൊഴിഞ്ഞ പുലരിയിൽ

”രാഘവമ്മാഷേ….രാഘവമ്മാഷേ… ങ്ങളറിഞ്ഞോന്ന്‌?“

സൂര്യന്റെ ചുവപ്പുരാശി ഇപ്പോഴും പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. എഴുന്നേറ്റ്‌ ഒരു കടുംകാപ്പിയും കുടിച്ച്‌ പത്രവുമായി പൂമുഖത്തിട്ടിരിക്കുന്ന ചാരുകസേരയിൽ കിടന്ന്‌ പതിവുപോലെ പത്രം വായിക്കുകയായിരുന്നു രാഘവവാര്യർ. തലേന്നാളത്തെ ഉറക്കക്ഷീണം ഏറെയുണ്ട്‌. അല്ലെങ്കിൽ ഇതിനോടകം തന്നെ പത്രം വായന കഴിഞ്ഞുകാണുമായിരുന്നു. ‘ഗാലപ്പഗോസ്‌ എന്ന ദുരന്തം’ എന്ന ലേഖനം പ്രാധാന്യത്തോടുകൂടി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതൊരു പ്രാവശ്യം വായിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയൊരു പ്രാവശ്യം കൂടി വായിക്കാനുളള തത്രപ്പാടിലായിരുന്നു രാഘവവാര്യർ. അപ്പോഴാണ്‌ പടിക്കൽനിന്നും ഉയരുന്ന വിളി അയാളുടെ ശ്രദ്ധയിൽപ്പെട്ടത്‌. അതടുത്തേക്ക്‌ വന്നു.

”രാഘവമ്മാഷേ…മ്മടെ തോമസിനെ ആരോ കുത്തിക്കൊന്നിരിക്കണ്‌.“ ശേഖരൻ കിതച്ചുകൊണ്ടാണ്‌ പറഞ്ഞൊപ്പിച്ചത്‌. അതു പറഞ്ഞു തീർന്നയുടനെ അയാളുടെ കണ്ണിൽനിന്നും രണ്ടു നീർതുളളികൾ കവിളിലേക്ക്‌ ഒഴുകിയിറങ്ങി.

”മയ്യത്ത്‌ ബടക്കേലെ കവുങ്ങിൻ തോപ്പില്‌ ചോര ബാർത്ത്‌ കടക്ക്വാത്രെ.“ അതു പറഞ്ഞത്‌ അഹമ്മദായിരുന്നു.

രാഘവവാര്യർ ”ഗാലപ്പഗോസ്‌ എന്ന ദുരന്തത്തിൽ“ നിന്നും തല പതുക്കെ ഒന്നുയർത്തി, ശേഖരനേയും അഹമ്മദിനേയും ഒന്നു നോക്കി. വേറെയും രണ്ടുപേർ അവരോടൊപ്പമുണ്ട്‌. തോമസിനെപോലെ തന്റെ നാടകത്തെ ഹൃദയങ്ങളിലേന്തിയ സഹചാരികൾ ഇവരെല്ലാം.

”ങ്ങളൊന്ന്‌ ബെക്കം ബരാൻ നോക്കീന്ന്‌, ന്റെ മാഷേ.“ രാഘവവാര്യരുടെ ആ ‘സാ’മട്ട്‌ അഹമ്മദിന്‌ പിടിച്ചില്ല എന്നു സ്പഷ്‌ടം.

പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ രാഘവവാര്യർ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. മുണ്ടൊന്നു മുറുക്കി കുത്തി. മുറിക്കയ്യൻ ബനിയനുമേൽ ഒരു മേൽമുണ്ടിട്ടു. കണ്ണാടിയുടെ മുന്നിൽ ചെന്ന്‌ തലേന്നാളത്തെ ഡാർവിന്റെ തടിയുടെ അവശിഷ്‌ടങ്ങളൊന്നും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തി. പിന്നെ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞുഃ ”ജാനക്യേയ്‌, ഞാൻ ഒന്ന്‌ പൊറത്തേക്കിറങ്ങ്വാണ്‌ ട്ടോ..“ ഇറങ്ങുംവഴി പതിവുപോലെ പത്രം മടക്കി കക്ഷത്തു തിരുകി.

വടക്കേലെ കവുങ്ങിൻ തോട്ടത്തിലേക്ക്‌ നടക്കുന്നതിനിടയിൽ ശേഖരൻ പറഞ്ഞുകൊണ്ടിരുന്നു. ”ആരാണ്‌ എങ്ങിന്യാണ്‌ന്നൊന്നും ഒരു രൂപോംല്യ. ന്നലെ കപ്പിത്താന്റെ വേഷം കെട്ടണവരെ തോമസ്‌ മദ്യപിച്ചിട്ടില്ല. അതെനിക്കൊറപ്പാ, അത്‌ പതിവില്ലാത്തതാണ്‌ ച്ചാലും. അതു കഴിഞ്ഞ്‌ ഞാൻ നാടകം കാണാൻ താഴേക്കങ്ങടെറങ്ങി. ഇനീച്ച നാടകം കഴിഞ്ഞ്‌ വല്ലതും…“

”ശേഖരേട്ടൻ എന്താ ഈ പറയണത്‌. തോമസ്‌ വെളളം അടിച്ച്‌ ചത്തതൊന്നും അല്ലല്ലോ. ആരോ കുത്തിക്കൊന്നതല്ലേ.“ ദിവാകരൻ ഇടക്കു കയറിപ്പറഞ്ഞു.

”അതു തന്ന്യാ ഞാൻ പറഞ്ഞു വന്നത്‌. നിപ്പോ വെളളടിച്ച്‌ ആരെങ്കിലുമായി വഴക്കിട്ടിട്ടുണ്ടായിരിക്ക്യോ എന്തോ?“

”എന്റെ സംശയം അങ്ങിന്യല്ല. മുൻവൈരാഗ്യം വച്ച്‌ വല്ലോരും കുത്തി മലർത്ത്യോന്നാ. ആൾടെ കയ്യിലിരിപ്പും അത്ര നന്നൊന്ന്വല്ലല്ലോ ആയിരുന്നത്‌.“ ദിവാകരൻ മറ്റൊരു സാധ്യത നിരത്തി.

രാഘവൻമാഷും, അഹമ്മദും ശേഖരനും സംഘവും കവുങ്ങിൻ തോപ്പിലെത്തി. സാമാന്യം നല്ലൊരു ആൾക്കൂട്ടം ഇപ്പോഴവിടെയുണ്ട്‌. അവരെ വകഞ്ഞുമാറ്റി അഹമ്മദ്‌ ഒരു പാത വെട്ടി. അതിലൂടെ അവർ മുന്നിലേക്ക്‌ കടന്നു.

ക്യാപ്‌റ്റൻ ടാർക്വിനോ അരെവാലോയുടെ വസ്‌ത്രം ചോരയിൽ മുങ്ങിയിരിക്കുന്നു. നെഞ്ചിന്റെ ഇടതുവശത്തു തന്നെയായിരിക്കണം കുത്തേറ്റിരിക്കുന്നത്‌ എന്ന്‌ അവിടെ വാർന്നിരിക്കുന്ന ചോരയുടെ ഗാഢത വ്യക്തമാക്കുന്നു. ആറടി നീളവും ഒത്ത ശരീരവുമുളള തോമസിന്റെ ശരീരം കവുങ്ങിൻ തോപ്പിൽ വെട്ടിയിട്ട വടവൃക്ഷം പോലെ മലർന്നു പരന്നു കിടക്കുന്നു.

”ഹാരാ ഈ അറും കൈ ചെയ്തതെന്റീശ്വരാ“

”ഓന്‌ കുടീം ബീടരൊന്നുംല്ലാത്തത്‌ നന്നായി.“

”ന്താ പോലീസില്‌ വിവരം അറിയിച്ചില്ല്യാന്ന്‌ണ്ടോ?“

ഒട്ടനവധി മുറുമുറുപ്പുകളും രോദനങ്ങളും നിശ്വാസങ്ങളും കൊണ്ട്‌ അന്തരീക്ഷം ചൂട്‌ പിടിച്ച്‌ കഴിഞ്ഞിരിക്കുന്നു.

രാഘവൻമാഷ്‌ എന്നത്തേയും പോലെ ശാന്തനും അക്ഷോഭ്യനുമായിരുന്നു. അയാൾ തോമസിന്റെ ശരീരത്തിനടുത്തേക്ക്‌ കുനിഞ്ഞിരുന്നു. കക്ഷത്ത്‌ അത്രയും നേരം ഇറുക്കിപ്പിടിച്ചിരുന്ന പത്രം പതുക്കെ ഊർന്ന്‌ തോമസിന്റെ ഇടതുനെഞ്ചിൽ വന്നു വീഴുകയായി. കട്ടപിടിച്ചു കിടന്നിരുന്ന ചോര പതുക്കെ ഉരുകാൻ തുടങ്ങി. പത്രത്തിലെ കറുത്ത അക്ഷരങ്ങൾ ചുകന്ന പശ്ചാത്തലത്തിൽ തെളിയുകയായി-”ഗാലപ്പഗോസ്‌ എന്ന ദുരന്തം“. അതിനുപിറകെ ഒന്നൊന്നായി അക്ഷരങ്ങളുടെ ഘോഷയാത്ര. ഓരോ അക്ഷരങ്ങളും ചോരയിൽ മുങ്ങി ഒന്നിനുപിറകെ മറ്റൊന്നായി രക്തസാക്ഷികളാകുകയായി. അവസാനം തെളിഞ്ഞ അക്ഷരങ്ങൾ ഇങ്ങിനെ വായിക്കാറായി. ”പ്രതികരണ ശേഷിപോലും നഷ്‌ടപ്പെട്ട്‌ നിലകൊളളുന്ന ഒരു ഡാർവിനെയാണ്‌ ഈ നാടകത്തിലുടനീളം കാണുന്നത്‌.“ പിന്നീടുളള അക്ഷരങ്ങളെ ജ്വലിപ്പിക്കാനോ മുക്കിക്കൊല്ലാനോ കെല്പില്ലാതെ അപ്പോഴേക്കും ചോര ഒരിക്കൽക്കൂടി ഘനീഭവിച്ചു കഴിഞ്ഞിരുന്നു.

മൃതശരീരത്തിനടുത്തുനിന്നും എഴുന്നേറ്റ്‌ തിരിഞ്ഞു നടക്കുമ്പോൾ രാഘവവാര്യർ ആരോടെന്നില്ലാതെ മന്ത്രിച്ചുഃ ”ഡാർവിൻ എപ്പോഴേ പ്രതികരിച്ചു കഴിഞ്ഞിരുന്നു.“

കവുങ്ങിൻ തോപ്പിലേക്ക്‌ പൊടുന്നനെ കാറ്റ്‌ ശക്തമായി വീശി. കവുങ്ങുകൾ പരസ്പരം തലതല്ലി ചാകാനൊരുങ്ങി. ആളുകൾ നാലുപാടും ചിതറി ഓടി.

നാടകം പെയ്തൊഴിഞ്ഞ ആ പുലരിയിൽ അവിടെ ഒടുവിലവശേഷിച്ചത്‌ തോമസിന്റെ മൃതശരീരവും രാഘവൻമാഷും മാത്രം. ഇപ്പോൾ കാറ്റിന്‌ രൗദ്രഭാവമില്ല. അവ കവുങ്ങിൻ തലപ്പുകളെ താരാട്ടുന്നു.

പടിഞ്ഞാറൻ തീരത്തെവിടെയോ കപ്പലിന്റെ നങ്കൂരമുയർത്തുന്നതിന്റെയും സൈറൺ മുഴക്കുന്നതിന്റെയും ശബ്‌ദം ഇപ്പോൾ കേൾക്കാം. അത്‌ ‘ജെസീക്ക’യുടേയോ *HMS ബീഗിളിന്റെയോ? ഒരു പക്ഷെ, രണ്ടിന്റെയും സമ്മിശ്രവുമാകാം. രാഘവൻമാഷ്‌ എന്ന രാഘവവാര്യർ തോമസിന്റെ മൃതശരീരവും തോളിലേന്തി പടിഞ്ഞാറൻ തീരത്തേക്കോടുകയായി.

Generated from archived content: story1_june17.html Author: pramod_m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English