പ്രതീക്ഷയുടെ
വഴിയിലേക്കെന്റെ
തുടക്കം
നിരാശയുടെ
വീട്ടിലേക്കൊടുക്കം.
കുത്തിനിറച്ച
സ്ഥിരം വണ്ടിയിൽ
പിന്തിരിഞ്ഞുളള മൃഗ
വ്യായാമം.
പരിചയത്തിന്റെ
ലുബ്‌ധിച്ച പുഞ്ചിരി
സ്‌നിഗ്‌ദ്ധമായ
ഹസ്‌തദാനം.
കണ്ണിന്റെ
ചലനവീക്കങ്ങളിൽ
നഷ്‌ടമാകുന്ന
പ്രണയവും
പതിവ്രതവും
കണ്ണീരൊഴുക്കിന്റെ
മൃദുലമാം
കവിൾപാറയിൽ തേഞ്ഞ
ഉപ്പുറ്റിതന്നാശാന്തിയും
കുമ്പസാരക്കൂട്ടിൽനി-
ന്നുറ്റുനോക്കുന്ന
കുമ്മായക്കുരിശിന്റെ ശാന്തിയും
ബാക്കി.
പെരുകുന്ന
തെരുവുപട്ടിയാം
പാപങ്ങൾ ബാക്കി
കടങ്ങളും ബാക്കി
അവൾ തെറ്റിപ്പിരിഞ്ഞ നിരത്തും
അവൻ തെറിയെറിഞ്ഞ തുരുത്തും
അവർ തല്ലിച്ചതച്ചിട്ട കരുത്തും
പണ്ടാരോ
പറയാത്ത മാതിരി
ഈ ജന്മവും ബാക്കി
പറഞ്ഞതങ്ങനെയല്ലെന്നു മാറ്റി
പറയുവാനില്ലാത്ത
ബാക്കി
ഒരു ചായക്കോപ്പയിൽ
ചത്തൊടുങ്ങുന്ന
സമയത്തെങ്കിലും
ധരിക്കാമായിരുന്നു
എന്തെങ്കിലും.
Generated from archived content: poem_july30.html Author: pramod_kuveri
Click this button or press Ctrl+G to toggle between Malayalam and English