ആറില്‌പ്പഠിക്കുമ്പോളായിരുന്നു…
പ്രസംഗത്തിന് എനിക്കു ഫസ്‌റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്…. അങ്ങനെ…
ഏ ഗ്രേഡുളളവര് സബ്‌ജില്ലക്ക്,
ആറു ഗായകരും ഞാനും.
ദേശഭക്തി ഗാനത്തിന്
ഏഴാള് വേണം കുറയാതെ.
ആറു ഗായകർക്ക്
ശാന്തടീച്ചറുടെ വക
അരമണിക്കൂർ റിഹേഴ്‌സൽ.
‘ഓടിവിളയാടൂ പാപ്പാ… നീ
ഓയ്‌ന്തിരിക്കലാകാതൂ പാപ്പാ…’
എനിക്ക്
അച്ചുതന് മാഷുടെ വക
ഒന്നര മണിക്കൂർ റിഹേഴ്‌സൽ.
‘ഓടിവിളയാടൂ പാപ്പാ… നീ
ഓയ്‌ന്തിരിക്കലാകാതൂ പാപ്പാ..’
കഴുത്തിലെ ഞരമ്പുകൾ
എടുത്തുപിടിക്കണം.
മുഖപേശികൾ
വലിച്ചു മുറുക്കണം.
ചുമൽ ഇടക്കിടെ
പൊക്കുകയും താഴ്‌ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം
ഒച്ച മാത്രം വരരുത്.
രണ്ടാഴ്‌ചത്തെ പരിശീലനം.
അച്ചുതൻ മാഷ് പുറത്തു തട്ടി.
‘സബാഷ്’
സ്‌റ്റേജിൽ കയറി.
സഹിക്കാൻ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടൂ പാപ്പാ.. നീ
ഓയ്‌ന്തിരിക്കലാകാതൂ പാപ്പാ…’
അച്ചുതൻമാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.
എന്നിട്ടെന്താ മാഷേ…
എത്ര മസിലു പിടിച്ചാലും
ഇടയ്‌ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകൾ, പ്രണയങ്ങൾ, കവിതകൾ.
Generated from archived content: poem1_june23_08.html Author: pramod_km