മലയാളസിനിമയുടെ കൊടിയേറ്റം

അനായാസമായ ഭാവചലനങ്ങൾകൊണ്ട്‌ മലയാളസിനിമയുടെ നായക സങ്കല്‌പങ്ങളെ തിരുത്തിക്കുറിച്ച ഭരത്‌ ഗോപിയെന്ന മഹാനടന്റെ ഓർമകൾക്ക്‌ രണ്ടു വയസ്സ്‌.

മലയാള നവതരംഗ സിനിമാപ്രസ്‌ഥാനത്തിന്‌ ഊടും പാവും നെയ്‌ത ഭരത്‌ഗോപിയെന്ന മഹാനടൻ കാലയവനകയ്‌ക്കുള്ളിൽ മറഞ്ഞിട്ട്‌ ജനുവരി 29ന്‌ രണ്ടുവർഷം തികഞ്ഞു. 1972 മുതൽ 2008 വരെ നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ അദ്ദേഹം മലയാള സിനിമയ്‌ക്ക്‌ സമ്മാനിച്ചത്‌ പകരം വയ്‌ക്കാനില്ലാത്ത പക്വതയാർന്ന ഒരു അഭിനയ പ്രതിഭയെയായിരുന്നു. യവനികയിലെ തബലിസ്‌റ്റ്‌ അയ്യപ്പൻ, പാളങ്ങളിലെ വാസുമേനോൻ, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫ. ഷേക്‌സ്‌പിയർ കൃഷ്‌ണപിള്ള, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദുശാസനക്കുറുപ്പ്‌, ഓർമയ്‌ക്കായിലെ നന്ദഗോപാൽ, ആദാമിന്റെ വാരിയെല്ലിലെ മാമച്ചൻ, ചിദംബരത്തിലെ മേഹൻദാസ്‌, ആഗതിലെ കൃഷ്‌ണൻ രാജു തുടങ്ങിയവ ഗോപി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ചിലതുമാത്രം. 1977ൽ പുറത്തിറങ്ങിയ കൊടിയേറ്റത്തിലെ ശങ്കരൻകുട്ടിയിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്‌ ദേശീയ അവാർഡിന്റെ മധുരമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ 1937 നവംബർ എട്ടിനായിരുന്നു വി. ഗോപിനാഥൻ നായർ എന്ന ഭരത്‌ഗോപിയുടെ ജനനം. 1972ൽ അടൂരിന്റെ സ്വയംവരത്തിലൂടെയാണ്‌ ഗോപി തിരശ്ശീലയ്‌ക്കു മുന്നിൽ അവതരിച്ചത്‌. തുടർന്നങ്ങോട്ട്‌ മലയാള സിനിമയെ സ്വയംവരിച്ച്‌ അദ്ദേഹം നേടിയെടുത്തത്‌ ആർക്കും കീഴടക്കാനാവാത്ത അഭിനയകലയുടെ താരസിംഹാസനമായിരുന്നു.

മലയാളികളുടെ നായകസങ്കല്‌പങ്ങളെയെല്ലാം വെട്ടിനിരത്തുകയായിരുന്നു. ഭരത്‌ഗോപി. താരശോഭയുടെയും നടനചാരുതയുടെയും അതിർവരമ്പുകളെക്കുറിച്ച്‌ ചലച്ചിത്രവേദിയെ ബോധ്യപ്പെടുത്തി തന്ന മറ്റൊരുനടനും ഭൂമിമലയാളത്തിൽ ഉണ്ടായിട്ടില്ല. അഭ്രപാളിയുടെ അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴാണ്‌ 1986-ൽ രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെ അദ്ദേഹത്തിന്‌ പക്ഷാഘാതം പിടിപെട്ടത്‌. വിധിക്കുകീഴടങ്ങാൻ ധൈര്യപ്പെടാതിരുന്ന ഗോപി സ്വന്തം നിയന്ത്രണത്തിലല്ലാത്ത ശരീരംകൊണ്ട്‌ പിന്നെയും നിരവധി കഥാപാത്രങ്ങളെ വരുതിയിലാക്കി.

മുഖസൗന്ദര്യത്തെക്കാൾ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഗോപി. നൂറിൽതാഴെ ചിത്രങ്ങളിൽ മാത്രമേ ഈ നടൻ അഭിനയിച്ചിരുന്നുള്ളുവെങ്കിലും ചെയ്‌ത കഥാപാത്രങ്ങളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പുചേർക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരായ അടൂർ ഗോപാലകൃഷ്‌ണൻ, അരവിന്ദൻ, കെ.ജി ജോർജ്‌, ഭരതൻ, പത്മരാജൻ തുടങ്ങിയരോടൊപ്പം സഹകരിക്കാനുള്ള അവസരവും ഗോപിക്ക്‌ ലഭിച്ചിരുന്നു. ജി ശങ്കരപ്പിള്ള, സി.എൻ.ശ്രീകണ്‌ഠൻ നായർ, കാവാലം നാരായണപണിക്കർ തുടങ്ങി പ്രഗല്‌ഭരായ മിക്ക നാടകപ്രവർത്തകർക്കൊപ്പവും ഗോപി പ്രവർത്തിച്ചിട്ടുണ്ട്‌.

ഉത്‌സവപിറ്റേന്ന്‌, യമനം, ഞാറ്റടി, എന്റെ ഹൃദയത്തിന്റെ ഉടമ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധയകവേഷത്തിലും ഗോപി അഭ്രപാളിയിലെ സാന്നിധ്യമായി. 1993-ൽ പുറത്തിറങ്ങിയ ഭരതന്റെ പാഥേയം എന്ന ചിത്രം നിർമിച്ചതും അദ്ദേഹമായിരുന്നു. ഗോപിയെഴുതിയ ‘അഭിനയം അനുഭവം’ എന്ന കൃതിയ്‌ക്ക്‌ മികച്ച ചലച്ചിത്ര ഗ്രന്‌ഥത്തിനുള്ള 1995-ലെ ദേശീയ അവാർഡും അദ്ദേഹം സംവിധാനം ചെയ്‌ത യമനത്തിന്‌ 1991-ലെ മികച്ച സാമൂഹ്യ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകളെ മാനിച്ച്‌ 1991-ൽ രാഷ്‌ട്രം അദ്ദേഹത്തെ പദ്‌മശ്രീ നൽകി ആദരിച്ചു. നിരവധി ദേശീയ അന്തരാഷ്‌ട്ര ബഹുമതികൾക്കൊപ്പം നാലുതവണ മികച്ച നടനുള്ള സംസ്‌ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. വേണു നാഗവള്ളിയുടെ ഭാര്യസ്വന്തം സുഹൃത്ത്‌ എന്ന ചിത്രമാണ്‌ ഭരത്‌ ഗോപി അഭിനയിച്ചതിൽ അവസാനമായി പുറത്തിറങ്ങിയത്‌. ബാലചന്ദ്രമേനോന്റെ ദേ ഇങ്ങോട്ടു നോക്കിയേ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. 2008 ജനുവരി 29-ന്‌ എഴുപതാം വയസ്സിൽ കാലയവനികയ്‌ക്കുള്ളിൽ മറയുന്നതുവരെയും സിനിമയും സാംസ്‌കാരിക ഇടപെടലുകളും ഓരോ ശ്വാസത്തിലും കാത്തു സൂക്ഷിക്കാൻ ഈ നടന്‌ കഴിഞ്ഞു.

വാചാലതയ്‌ക്കുപകരം അനായാസമായ ഭാവചലനങ്ങൾകൊണ്ട്‌ അഭിനയകലയ്‌ക്ക്‌ നവപരിവേഷം നൽകിയ നടനായിരുന്നു ഗോപി. ഒരുവാചാകത്തിനുപകരം ഒരുനോട്ടം കൊണ്ട്‌ രംഗങ്ങൾക്ക്‌ പൂർണത നൽകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഏതു കഥാപാത്രങ്ങൾക്കും പാകമായിരുന്നു ആ ശരീരം. ഗോപിയുടെ സാന്നിധ്യമറിഞ്ഞ ഒരു സിനിമകളിൽ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പടിയിറങ്ങി പോകില്ല. ഗോപിയാശാന്റെ വിയോഗത്തോടെ അസ്‌തമിച്ചത്‌ ഒരു യുഗത്തിനെക്കാൾ ഉപരിയായി മലയാള സിനിമയുടെ ഒരു മഹത്തായ പാരമ്പര്യം കൂടിയായിരുന്നു. എത്രകണ്ടാലും മതിവരാത്ത വശ്യതയാർന്ന ഒരു ചാരുത ഈ നടന്റെ ഓരോ ചലനങ്ങളിലുമുണ്ട്‌. അതുകൊണ്ടാകാം ജീവിതത്തിന്റെ അരങ്ങിൽനിന്ന്‌ ഈ മനുഷ്യൻ തിരശ്ശീലയ്‌ക്കു പിന്നിലേക്ക്‌ മറഞ്ഞെങ്കിലും അദ്ദേഹം നമുക്ക്‌ പ്രിയപ്പെട്ടവനായി തുടരുന്നത്‌. മലയാള സിനിമയുള്ള കാലം മുഴുവൻ പ്രേക്ഷകമനസിൽ ഭരത്‌ഗോപിയുടെ കൊടിപ്പടം തലയെടുപ്പോടെ പാറിപ്പറക്കും…..

Generated from archived content: cinema1_feb2_10.html Author: prajod_kadakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here