മഴ എനിക്കെന്തായിരുന്നു എന്നു നിർവ്വചിക്കാൻ വയ്യ, അല്ലെങ്കിലും ഒരു നിർവ്വചത്തീന്റെ ചട്ടക്കൂടിനുള്ളിൽ അതിനെ ഒതുക്കി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. മഴ എന്നും എനിക്കൊരു വിസ്‌മയമായിരുന്നു. അനുഭൂതിയായിരുന്നു. ഒരുപാടു ഓർമ്മകളുടെ ഭൂതകാലമായിരുന്നു.
ഓർമ്മകളുടെ സഞ്ചാരപഥങ്ങളിലെന്നും മഴ പെയ്യാറുണ്ടായിരുന്നു. എനിക്ക് ഇന്നുമോർമ്മയുണ്ട്. മഴയടർന്നു വീഴുന്ന കർക്കിടക രാത്രികളിൽ മാറാല പിടിച്ച അടുപ്പുകല്ലിനു മുകളിൽ അമ്മയുടെ കണ്ണീരുമുണ്ടായിരുന്നു. പക്ഷെ എന്റെ ബാല്യം എന്നും മഴയ്‌ക്കു വേണ്ടിയുള്ള കാത്തിരിപ്പുകളായിരുന്നു. കൊച്ചു കൈത്തോടുകളിലും കാറ്റടിച്ചാടുന്ന നെൽക്കതിരുകളിലും, കണ്ണാന്തളിപ്പൂക്കളിൽ നിന്നടർന്നു വീഴുന്ന വെള്ളത്തുള്ളികളിലും മഴ വിസ്‌മയം സൃഷ്‌ടിച്ചു. മഴകൊണ്ടു പനിച്ചു കൊച്ചുപുതപ്പിനുള്ളിൽ കിടക്കുമ്പോഴും മഴയുടെ ശബ്‌ദം കേട്ടുറങ്ങാനായിരുന്നു എനിഷ്‌ടം.
മഴയ്‌ക്ക് എന്റെ ഭാവങ്ങളായിരുന്നു. ഞാൻ ചിരിക്കുമ്പോൾ കൂടെചിരിച്ചും ഒരു മഴ….. കൊണ്ടെന്റെ കൂടെക്കരഞ്ഞും അതു തുടർന്നു. എന്റെ പ്രണയത്തിനുപോലും മഴയുടെ മൗനാനുവാദമുണ്ടെന്നു തോന്നിയിരുന്നു… അന്നു ഞാൻ ആദ്യമായ് അവളെ കണ്ടപ്പോഴും മഴ പെയ്‌തിരുന്നു. ഓരോ രാത്രിയുടെ സംഗീതത്തിനും അവളുടെ സ്വരമായിരുന്നു, മഴ പെയ്‌തു കുതിർന്ന പുതുമണ്ണിനും അവളുടെ നിശ്വാസത്തിന്റെ ഗന്ധമായിരുന്നു; ഒടുവിൽ തിരിഞ്ഞു നോക്കാതെ അവൾ നടന്നകലുമ്പോഴും; ഞാൻ ഇന്നുമോർക്കുന്നു, മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴ….. ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ…. വാകപ്പൂക്കൾ ഒലിച്ചുപൊയ്‌ക്കൊണ്ടിരുന്നു…. റെയിൽവേ സ്‌റ്റേഷന്റെ സിമന്റ് ബഞ്ചിലിരിക്കുമ്പോൾ……. ഇറ്റുവീഴുന്നുണ്ടായിരുന്നു, പിന്നെ ഒരു നേർത്ത നിശ്വാസം പോലെ മഴ നിന്നു. ട്രെയിനിന്റെ ജനാലച്ചില്ലിലൂടെ ഞാൻ പുറത്തേക്കു നോക്കി, ആകാശത്തു മഴമേഘങ്ങളുടെ ഇടനാഴിയിൽ ചുവപ്പുരാശി കാണുന്നുണ്ടായിരുന്നു, അപ്പോഴും പക്ഷെ മഴ പെയ്യുന്നുണ്ടായിരുന്നില്ല…… പിന്നീടെപ്പോഴോ ഒത്തിരി നിലാവെളിച്ചത്തിൽ ഞാൻ കണ്ടു, എന്റെ ജനാലച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന രണ്ട് മഴത്തുള്ളികൾ കണ്ണീർത്തുള്ളികൾ….. ആ മിഴികൾ തുടച്ചു കളഞ്ഞു ഞാൻ യാത്ര തുടർന്നു.. മഴയില്ലാ ദ്വീപിലേക്ക് പ്രണയമറിയാ നാട്ടിലേക്ക്…..
Generated from archived content: story1_april9_11.html Author: prajith_murali