ഓര്‍മ്മ തിന്നുന്ന ഹൃദയമിന്നിന്‍റെ കാഴ്ച്ചയെന്നില്‍ മറയ്ക്കെ
പോയ നാളിന്‍റെ സ്മൃതികളെന്നിലൊരു വര്‍ഷമായി വര്‍ഷിക്കെ
പഴയ മാറാല പടരവേയെന്‍റെ മനസ്സ് മരവിച്ചു പോകെ
കാഴ്ച്ചതെളിയുവാന്‍ ഞാന്‍ നിനച്ചെന്റെ ഓര്‍മ്മ മായ്ച്ചു തുടങ്ങാന്‍………………..
അലസമലിയുന്ന കാറ്റിനും നിറമലിഞ്ഞറ്റ പകലിനും
പാടുവാതെ നീ പാതിവച്ചൊരാ ഗീതകത്തിന്‍റെയോര്‍മ്മകള്‍
അക്ഷരങ്ങള്‍ക്കു നീ പകര്‍ന്നൊരു ഉഷസ്സും പൂക്കളും ചൂടും
അസ്തമിക്കുന്നു ബാക്കിയാവുന്നു വിണ്ണിലീ രക്തരേഖകള്‍
കണ്ണിലണയുന്നോരോ കണങ്ങളും നിന്നെയെന്നില്‍ കുറിക്കെ
ഞാനറിയുന്നു നീ നിറയുന്നതെന്‍റെ സ്മൃതിപഥങ്ങളില്‍
ഓര്‍മ്മ മായ്ക്കുവാന്‍ പകലു തികയുവാതോര്‍ത്തു വച്ച് നടന്നു ഞാന്‍
രാത്രി വിടരുന്നതും കാത്ത് രാവില്‍ ഇരുള്‍ പടരുന്നതും കാത്ത്
കാറ്ററിയാതെ പൂക്കള്‍ കാണാതെ രാത്രിപോലുമറിയാതെ
ഞാന്‍ നടന്നേറി ഏതോരുള്‍വിളിയുടെ പ്രേരണയിലറിയാതെ
ഇരുളില്‍ വഴിവെട്ടി നിന്‍റെയോര്‍മമയുടെ ഭാണ്ഡവും പുറത്തേറി
നദിയില്‍ സ്മൃതികളൊഴുക്കി മന്ത്രിച്ചു നിന്നെയകലേക്കകറ്റാന്‍
ഉദകമേകുവാന്‍ ഓര്‍മ്മമായ്ക്കുവാന്‍ എന്നെഞാനാക്കി നിര്‍ത്താന്‍
ചക്രവാളത്തിനകലെയനന്തതയില്‍ നീ ലയിച്ചഗ്നിയാവാന്‍
ഞാന്‍ നടന്നേറി ഹൃദയമുരുകുന്നോരറിവിലും പതറാതെ
ഒഴുകിയകലുന്ന പുഴയില്‍ ഞാന്‍ നിന്‍റെയോര്‍മ്മകള്‍ ചൊരിഞ്ഞീടെ
ഹൃത്തില്‍ നിന്നൂര്‍ന്ന പൊന്‍ചെമ്പകത്തിന്‍റെ ഗന്ധമകലേക്കൊഴുകെ
ഞാനറിയുന്നു ജന്മസന്ധ്യകളുടെയകലെതാരാപഥത്തില്‍
നിറയും മിഴികളുടെ, ആര്‍ദ്രവേദനയുടെ നഷ്ടസ്വപ്ന വിലാപം
എന്നുമിന്നലെകള്‍ തന്ന വേദനകള്‍ എന്നെയറിയിച്ചിടാതെ
ഒരു മേഘമായ് മറച്ചു നിന്‍റെ മുഖം, തിരശീല തീര്‍ത്തു നീ വാനില്‍
വിഷാദരാത്രിയുടെ തേങ്ങലിന്‍റെ മഴത്തുള്ളിയെന്നില്‍ പതിക്കെ
പിന്തിരിയാതെ വയ്യെനിക്കു, നീ മഴയിലെന്നെ തിരക്കും
ഇരുളുമാകാശ-മുതിരും മിന്നലുകള്‍, ഞാനരികിലില്ലാതെ പോയാല്‍………..
അണഞ്ഞരാത്രിയിലണഞ്ഞ പെയ്ത്തില്‍ ഉണരാതെ നീ മയങ്ങീടെ
നിന്നെ മൂടിപ്പുണര്‍ന്നു കിടന്നു ഞാന്‍ നീ നനയാതിരിക്കാന്‍
നിന്‍റെ നെഞ്ചത്തു ഞാനന്നു വച്ച പൂക്കൂട നനയാതിരിക്കാന്‍……
–
Generated from archived content: poem1_feb7_13.html Author: prajith_murali
Click this button or press Ctrl+G to toggle between Malayalam and English