പ്രകാശൻ മൊറാഴയുടെ കവിതകളിൽ ശപ്‌തകാലത്തിന്റെ വ്യാകുലതകളല്ല, ക്ഷുബ്‌ധമാനവികതയുടെ തീക്കനലുകളാണ് ചാരം മൂടിക്കിടക്കുന്നത്. അന്റോണിയോ ഗ്രാംഷിക്കുശേഷം തടവറയിൽ നിന്നും വിരചിതമായ ഏറ്റവും ഉത്‌കൃഷ്‌ടമായ കൃതിയെന്ന് മൂന്നാം പതിപ്പിനെഴുതിയ അവതാരികയിൽ ‘കാരാഗ്രഹഗീത’ങ്ങളെ നിഷ്‌ണാതനിരൂപകനായ കാട്ടകാമ്പാൽ വിശേഷിപ്പിക്കുന്നുണ്ട്. ‘ഇടുങ്ങിയ ചിന്തയുടെ – അഴികൾക്കിടയിൽ – കുടുങ്ങാത്ത മനസ്സുണ്ടെനിക്ക്’ എന്ന് ‘മോചന’ത്തിലൂടെയും “നേരിന്റെ മരുക്കാട്ടിൽ പൂഴ്‌ത്തപ്പെട്ടത്- ഒറ്റുകാരന്റെ ശിരസ്സായിരുന്നു‘ എന്ന് ഒട്ടകപ്പക്ഷി”യെന്ന കവിതയിലൂടെയും പറയുമ്പോൾ കവിയ്‌ക്കത് സ്വന്തം ജീവിതത്തിന്റെ മാനിഫെസ്‌റ്റോ തന്നെയാണെന്നും അദ്ദേഹം തുടർന്നു പറയുന്നു.
പാഴുതറ സെൻട്രൽ പ്രിസണിന്റെ ഡി ബ്ലോക്കിൽ, സ്ഥലപരിമിതിമൂലം 10,11 സെല്ലുകൾ ഒന്നാക്കിമാറ്റിയതിലാണ് പാർട്ടിയുടെ ജയിൽ യൂണിറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസ് സെക്രട്ടറിയായ പ്രകാശൻ മൊറാഴയുടെ കിടപ്പും അവിടെത്തന്നെ. ഈ ചെറുകഥ ആരംഭിക്കുമ്പോൾ കവിയുടെ മേശക്കെതിർവശത്ത് ഞാനും മാസ്‌റ്ററും. ജയിലിലേക്ക് ചടയൻ ബീഡി കടത്തുന്നതിന്റെ സബ് കോൺട്രാക്‌ട് രണ്ടുമാസം മുമ്പ് മാസ്‌റ്റർ വിളിച്ചെടുത്തിരുന്നു. അന്നു മുതലേ ഒട്ടനവധി യാചനകളും പ്രലോഭനങ്ങളും നടത്തി ഒടുവിൽ ഇപ്പോഴാണ് സുമനസ്സുകളിൽ രണപുഷ്‌പങ്ങൾ വിരിയിച്ച കവിശ്രേഷ്‌ഠനെ കാണാൻ എന്നെ മാസ്‌റ്റർ കൂടെക്കൂട്ടിയത്.
മേശയ്‌ക്കു പിന്നിൽ ഷെൽഫിലെ താത്വികഗ്രന്ഥങ്ങൾക്കടുത്ത് ’കാരാഗ്രഹഗീതങ്ങ‘ളുടെ ഒരു പതിപ്പ്, കവിയുടെ തന്നെ ഏവർക്കും സുപരിചിതമായിക്കഴിഞ്ഞ സ്വരത്തിൽ ചേതനാ മ്യൂസിക്‌സ് പുറത്തിറക്കിയ മൂന്ന് ആൽബങ്ങൾ. തൊട്ടുചേർന്ന് ഒമാൻ ശാന്തി പുരസ്‌കാരത്തിന്റെ ഫലകത്തിൽ ’പരിണാമമൊഴികെയെന്തും പരിണമിച്ചേ തീരൂ“ എന്ന ‘മണി വീണ വിറ്റ് കരവാളു വാങ്ങുമ്പോൾ’ -ലെ അപാര ദാർശനികമാനമുളള വരികൾക്കു താഴെ ‘സൂര്യപദങ്ങളുടെ സൂക്ഷ്‌മഛന്ദസ്സേറ്റു മനീഷിക്ക്’ എന്ന ഹിരണ്യാക്ഷരങ്ങൾ തെളിഞ്ഞു കാണാം.
ഞാൻ നിശ്ശബ്‌ദനായിരുന്നു. കവിതയിൽ മാത്രമല്ല കണ്ണുകളിലും കലാപം കാത്തുസൂക്ഷിക്കുന്നവനാണ് പ്രകാശൻ മൊറാഴയെന്ന് ആദ്യകാഴ്‌ചയിലെ ബോധ്യപ്പെട്ടപ്പോൾ ഇതികർത്തവ്യതാമൂഢനായിപ്പോയതാണ്. മാസ്‌റ്റർക്ക് ഓഫീസ് സെക്രട്ടറിയുടെ മേലൊപ്പ് കിട്ടിയാലേ രണ്ടുമാസത്തെ ബില്ല് ക്യാഷാക്കാനാവൂ. ഭവ്യതയോടെ അദ്ദേഹം ബില്ലും കമ്മീഷൻ ശതമാനവും മേശപ്പുറത്തുവെച്ചു. അതിലൂടെ മിഴികളുഴറവേ എന്റെ നേർക്ക് തല തിരിച്ചുകൊണ്ട് ഒടുവിൽ മൊറാഴ തന്നെ മൗനം ഭഞ്ഞ്‌ജിച്ചു – ഇവനാര്?
‘കിഴക്കന്തറേന്നു കൂടെ വന്നതാ. ഒന്നു കാണാനായിട്ട്.’ – മാസ്‌റ്റർ
”അതുശരി. സാംസ്‌കാരികമോ സാഹിത്യമോ?“
”കൊറച്ചൊക്കെ എഴുതാറുണ്ട്. കഥയാണത്രെ. എനിക്കൊന്നും മനസ്സിലായിട്ടില്ല. ചോദിക്കുമ്പം ഉത്തരാധുനികമാണെന്നു പറയും. എന്നാലും നമ്മുടെ കൂട്ടക്കാരൻ തന്നെയാ.‘
ന്റെ ചങ്ങായീ. എന്താ സാഹിത്യം ന്നാ ഇയ് ബിചാരിച്ചേ. രണ്ടീസം കണ്ടത്തിലെറങ്ങി നോക്ക് ന്ന്‌ട്ടെഴുത്. കേട്ടിറ്റ്‌ണ്ടോ – പുഞ്ചപ്പാടത്ത് പണിയെടുക്കുന്ന കുഞ്ചക്കന്റെ നെഞ്ചിനുളളിൽ വഞ്ചിപ്പാട്ടുപോലെ കിടന്നു തപിക്കുന്നതാവണം സാഹിത്യം’ (സുരേഷ്‌ഗോപിയുടെ ഒരു സിനിമാഡയലോഗിനോട് കടപ്പാട്)
‘അതുപോട്ടെ’ മൊറാഴ രാഷ്‌ട്രീയക്കാരനിലേക്ക് തിരിച്ചെത്തി. ‘എൽ.സീന്ന് കത്തൊന്നും ബേണ്ടീര്‌ന്ന്‌ല്ല. ഞാനൊപ്പിട്ടുതരാം.’ കവി കടലാസുകൾ തുല്യംചാർത്തി മടക്കിനൽകി.
“ഞാൻ – ഒരു കാര്യം പറയാനുണ്ടായിരുന്നു.” മാസ്‌റ്റർ പതറി.
“എന്താ?”
“ആ സുലൈമാൻ നെല്ലിക്കണ്ടിയിന്റെ കാര്യമാ. ഗുണശേഖരേട്ടന്റെ മുന്നില് വന്നു സറണ്ടറായി.”
“നേരന്നി? അസിസ്‌റ്റന്റ് വാർഡനാത്രെ. ജയിലർക്കുപോലും ഇത്ര തിമിരില്ല. നോക്കി. ഈടെ ഡി ബ്ലോക്കിൽത്തന്നെ നമ്മടെ അയിമ്പതാളുണ്ട്. ല്ലാരും ന്നെപ്പോലെ ഉദ്വിഗ്നരല്ലല്ലോ. കുടുമ്മോം വിട്ട് പ്രസ്ഥാനത്തിനുവേണ്ടി അകത്തുകിടക്കുന്നവര് എടയ്‌ക്കൊരു സാമി പിടിക്കുന്നത് അത്ര രഹസ്യോന്നുമല്ല. സ്വന്തം സെല്ലില് സൈലന്റായി പുകച്ചോണ്ടിരുന്ന രണ്ടെണ്ണത്തിനെയാ ഓൻ തച്ചത്. കോംപ്രമൈസാക്കാനാ ഞാനിടപെട്ടത്. അപ്പോ മനുഷ്യനെ കുത്തീം വെട്ടീം കൊല്ലുന്നവനോടൊന്നും എനക്കൊന്നും പറയാനില്ലെന്ന് ഓൻ. അതുമൊരു ന്യൂനപക്ഷക്കാരൻ. ഓനൊക്കെ വേണ്ടീറ്റല്ലേ ഞാനിതിനകത്ത് കഷ്‌ടപ്പെടുന്നത്. കലിപ്പ് വിട്ടില്ല. മുതുകിനിട്ടൊരു ഒത കൊടുത്തു. താഴെവീണപ്പം മോറിന് രണ്ടു ചവിട്ടും. നി ബ്‌ട കണ്ടാ ഒടല്‌മ്മേ കയ്യൊണ്ടാവില്ലാന്നും പറഞ്ഞു.‘
”മൊകേരിയിലെ വിദ്യാർത്ഥികളിപ്പോൾ
പേടിസ്വപ്‌നങ്ങൾ കാണാറേയില്ല
പഴമയുടെ കുങ്കുമം പുരണ്ട
ചൂരലൊന്നേ ഞാൻ വെട്ടിയുളെളങ്കിലും.“
എന്നെഴുതിയ അതേ ഓജസ്സാണ് ഞാനിപ്പോഴും പ്രകാശൻ മൊറാഴയിൽ കേൾക്കുന്നത്. ”മൂന്നു കുട്ട്യോളും ബീവീം പട്ടിണിയാവ്‌ന്നും പറഞ്ഞ് ഓഫീസിൽ വന്ന് കൊറെ കരഞ്ഞു. ഫൈനടയ്‌ക്കാനും സമ്മതിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ക്യാൻസല് ചെയ്‌ത് വേറെയെവിടെയെങ്കിലും പോസ്‌റ്റിങ്ങ് കൊടുക്കാമെന്ന് ഗുണശേഖരേട്ടൻ പറഞ്ഞു. രാജിയാക്കാമെങ്കില്….“ മാസ്‌റ്റർ മുഴുമിപ്പിച്ചില്ല.
”ഇപ്പഴും ഗുണശേഖരൻ തന്നെയാണോ നിങ്ങടെ പ്രസിഡണ്ട്.“
”അതെ. പക്ഷേ ഇത്തവണ കുറെ എതിർപ്പുണ്ട്. കടക്കുന്ന കാര്യം സംശയമാ.
എനിക്കെന്തായാലും സംഘടനേടെ മുഖ്യധാരയിലേ നിൽക്കാനാവൂ. വക്കീൽ ഫീസു തൊട്ട് വീട്ടുചെലവു വരെയാരാ തരുന്നത്? വേറേം ഒന്നുരണ്ടു കേസുമുണ്ട്. ങ്ങടെ കൂടെ നിക്കാമെങ്കില് ഗുണശേഖരന് സഹായമാവുന്ന ഒരു വിദ്യ ഞാൻ പറഞ്ഞുതരാം.
ഇതുപറഞ്ഞിട്ട് പ്രകാശൻ മൊറാഴ തൊട്ടുപിന്നിൽ ബയണറ്റും പിടിച്ചുനിൽക്കുന്ന അംഗരക്ഷകന്റെ നേർക്ക് തലയാട്ടി. സംജ്ഞ മനസ്സിലാക്കിയ സെൻട്രി പുറത്തെ വാതിൽക്കലേക്ക് നീങ്ങി അതേ നിൽപ്പു തുടർന്നു.
“ഇതിനകത്തെന്തിനാ സെക്യൂരിറ്റി?” ഞാൻ സംശയിച്ചു.
“ഇവിടേം ത്രട്ടുണ്ട്. എഫ് ബ്ലോക്കിലാ മറ്റവൻമാരു മുഴുവൻ. എനക്ക് പേടീണ്ടായിറ്റല്ല. പാർട്ടിക്ക് നിർബന്ധം. വിശ്വസ്ഥനാ. എന്നാലു അയാള് കേൾക്കെപ്പറയാനൊരു ചളിപ്പ്. നമുക്കാ നളിനി കൂട്ടായിയുടെ പ്രശ്‌നങ്ങൾ കണ്ടു സോൾവ് ചെയ്‌തു കൂടേ. അതാണ് ഞാൻ പറയാൻ വന്നത്.”
മനോരഞ്ഞ്‌ജിതം പത്രത്തിന്റെ പഴയൊരു വാരാദ്യപ്പതിപ്പിൽ നളിനി കൂട്ടായിയെക്കുറിച്ചു വന്ന ഫീച്ചറിന്റെ തലക്കെട്ട് ’ഉപരോധം തീർത്ത വിഭ്രാന്തിയിൽ‘ എന്നായിരുന്നു. സംഘടനാഗ്രാമത്തിൽ ഒറ്റപ്പെടുത്തപ്പെട്ട ഒരു വിധവയുടെ ദൈന്യതയത്രയും കൃതഹസ്‌തതയോടെ അതിന്റെ ലേഖകൻ ഒപ്പിയെടുത്തു. സുകുമാരൻ തൂങ്ങിയ കാഞ്ഞിരക്കൊമ്പിന്റെ ക്ലോസപ്പ് ചിത്രത്തിനു താഴെ ’കാലമാടൻമാര് ഇൻഷ്വറൻസ് കാശും. ജോലീം കിട്ടാതിരിക്കാനായിട്ട് സ്വയം കയറിടീപ്പിക്കുകയായിരുന്നു‘ എന്ന ഭ്രാന്തിയുടെ ജല്‌പനങ്ങൾ അടിക്കുറിപ്പായും കൊടുത്തത് ഞാനോർക്കുന്നു. പിന്നെ കുറെ മണ്ടവെട്ടിയ കമുകിന്റെയും വാഴയുടെയുമായി ഒരു വർണ്ണചിത്രവും.
“ആ പെണ്ണുങ്ങൾക്കൊരു മകളില്ലേ. കോടതീ വെച്ച് നുപ്പട്ട് ഞാൻ മിന്നായം പോലെ കണ്ടിറ്റ്‌ണ്ട്. മനസ്സീന്നു പറിഞ്ഞുപോരുന്നില്ല. എനക്ക് ഓളെ മംഗലം കഴിക്കണംന്ന്‌ണ്ട്. അത്‌നടന്നാ പാർട്ടീടെ ചീത്തപ്പേരൊഴിവാക്കാം, ഗുണശേഖരന് തൊടരാനും പറ്റും.”
ഈ സന്ദർഭത്തിൽ ഒരു അധികപ്പറ്റായി കടിച്ചു തൂങ്ങിക്കിടക്കുന്നത് കഥാകൃത്തിന്റെ ഗരിമയ്‌ക്കു ചേരില്ല. കഥയ്‌ക്ക് പുറത്ത്‌നിന്ന് വിവരിക്കുകയാണ് അതിലും ഭേദം. കൂട്ടായി വീട്ടിലേക്ക് വിവാഹാലോചനയുമായി നീങ്ങുന്ന മാസ്‌റ്ററെയും ഗുണശേഖരേട്ടനെയും അദൃശ്യനായി അനുഗമിക്കുന്നതിനൊപ്പം ഒരു പുരാവൃത്തം അനുവാചകരുമായി പങ്കുവെയ്‌ക്കുകയും ചെയ്യാമല്ലോ.
പാഴുതറയിലെ സംഘടനാരേഖകൾ പ്രകാരം 1996 ഡിസംബർ മാസത്തിലാണ് വൈദ്യുതി വകുപ്പിൽ ഓവർസിയറായിരുന്ന സുകുമാരന്റെ കുടുംബത്തിന് ഊരുവിലക്കു തുടങ്ങുന്നത്. അതിനാസ്‌പദമായ സംഗതികളുടെ തുടക്കം നിസ്സാരമായൊരു സംഭവമാണ്. ഇണ ചേർന്നു കഴിഞ്ഞാൽ പുറത്തെ വരാന്തയിൽ വന്നിരുന്ന് വെറ്റിലയുമടയ്‌ക്കയും ചവയ്‌ക്കുന്ന ഒരു ദുശ്ശീലം സുകുമാരന് ഉണ്ടായിരുന്നു. സെക്കന്റ്‌ഷോ കഴിഞ്ഞു മടങ്ങുന്ന കുണ്ടന്മാർ പലരും ഓനെ എറായിലിരിക്കുന്നത് മിക്കപ്പോഴും കണ്ടിട്ടുണ്ടായിരുന്നെങ്കിലും വിശേഷിച്ചൊന്നും തോന്നിയിരുന്നില്ല. നാട്ടിലെ പീപ്പിങ്ങ്‌ടോം ചൂഴിക്കൽ അബുവാണ് ഗുട്ടൻസ് കണ്ടുപിടിച്ചത്.
പണ്ടൊരു ദൈവംകെട്ടുകാരന്റെ മോളെ പെഴപ്പിച്ചിട്ട് പട്ടാളത്തില് ചേർന്ന വെളളാവളളി ഫൽഗുനന്റെ മകൾ രമ്യയുടെ കല്യാണത്തലേന്ന് രാത്രി ദേശം കൂടാൻ വന്നവരിൽ അബുവും സുകുമാരനുമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് രണ്ട് റൗണ്ട് റമ്മും വീശിയിട്ട് പന്തലിനു താഴെ ചീട്ടുവിളമ്പാൻ അവർ സെറ്റുകൂടി. കൈരാശിയില്ലാതെ സ്‌കൂട്ട് ചെയ്‌ത് മടുത്ത് ഡസ്‌കുമ്മേൽ കാലെടുത്തുവെച്ച് വെറ്റില മുറുക്കുകയായിരുന്നു സുകുമാരൻ. അതുകണ്ടപ്പോഴാണ് ’ങ്ങളെന്താപ്പാ നളിനീയേടത്തീടെ പൊറത്തുന്നെറങ്ങിവന്നതൊന്നുമല്ലല്ലോ ഇപ്പം വെറ്റില തിന്നാൻ“ എന്ന സന്ദർഭോചിതമല്ലാത്ത തമാശ അബു പറഞ്ഞുപോയത്. ചീട്ടൊതുക്കമില്ലാത്തതിന്റെ ദേഷ്യവും റമ്മും കൂടി പണിപറ്റിച്ചു. സുകുമാരൻ അബുവിന് കൊന്നിയടച്ച് ഒന്നു കൊടുത്തതോടെ കശപിശയായി. വന്ന ആൾക്കാരൊക്കെ ഓരോ ഭാഗത്തു ചേർന്നു.
മംഗലത്തലേന്നു കല്യാണവീടലമ്പാവാതിരിക്കാൻ പ്രസ്ഥാനം അവസരോചിതമായി ഇടപെട്ടു. രണ്ടു മിനിട്ടു കഴിഞ്ഞതോടെ ഒളിഞ്ഞുനോക്കിയ കഥയൊക്കെ അബു തുറന്നു പറഞ്ഞു. സുകുമാരനോട് മാപ്പ് പറയാനും ശിക്ഷയായി. കർഷകസമ്മേളനത്തിന്റെ പോസ്‌റ്റർ ഒരു വാർഡു മുഴുവനും തനിച്ചു കൊണ്ടുപോയി ഒട്ടിക്കാനും അവൻ സന്നദ്ധനായി. തീയ്യനെ ഒഴിവാക്കിയെന്ന് മാപ്പിളമാർക്ക് തോന്നാതിരിക്കാൻ സുകുമാരനും ചെറിയൊരു ശിക്ഷയിടണ്ടേ. വരുന്ന രണ്ടുമാസം ബന്ധപ്പെട്ടുകഴിഞ്ഞാൽ വെറ്റില മുറുക്കരുതെന്നും പകരം ദിനേശ് ബീഡി വലിക്കണമെന്നുമായിരുന്നു തീരുമാനം. അത് സുകുമാരൻ സമ്മതിച്ചില്ല. ഭാര്യയും ഭർത്താവും കിടക്കുന്നിടത്ത് രാഷ്‌ട്രീയം കൊണ്ടുവരണ്ട എന്നയാൾ തർക്കിച്ചു.
മനുഷ്യജീവിതത്തിന്റെ സർവ്വതല സ്‌പർശിയായ അനുഭവമായി രാഷ്‌ട്രീയത്തെ നെഞ്ചിലേറ്റുന്ന ഗുണശേഖരേട്ടന് യോജിക്കാൻ കഴിഞ്ഞില്ല. തർക്കം വിവാദത്തിലേക്കു നീണ്ടു. റഷ്യയും ചൈനയും ക്യൂബയുമൊക്കെ പിന്നിട്ട് പോളണ്ടിലെത്തിയ സമയത്ത് പോളണ്ടിനെമാത്രം തൊട്ടുകളിക്കണ്ടെന്ന് അവൈലബിൾ എൽ.സി. ഒറ്റക്കെട്ടായി തറപ്പിച്ചു പറഞ്ഞു. അപ്പോൾ ലേ വലേസയ്‌ക്ക് സ്‌തുതി പാടാൻ തുടങ്ങി സുകുമാരൻ. അന്നേരവും ആറുമാസത്തേക്ക് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുനിർത്തണമെന്ന ഉത്തരവുമാത്രമേ പ്രസ്ഥാനം പുറപ്പെടുവിച്ചുളളു.
അവിടംകൊണ്ട് തീരേണ്ടതാണ്. വീട്ടിലേക്ക് മടങ്ങിയ സുകുമാരൻ അന്നുരാത്രിതന്നെ രണ്ടുതവണ കോലായിലിരുന്ന് അടയ്‌ക്ക ചവച്ചതായി ദൃക്‌സാക്ഷികൾ മൊഴികൊടുത്തു. അച്ചടക്കലംഘനം ഇനിയനുവദിക്കാനാവില്ലെന്ന ഏകകണ്‌ഠമായ അഭിപ്രായത്തിന്റെ തുടർച്ചയായിരുന്നു ഊരുവിലക്ക്. ബാക്കിയൊക്കെ മാധ്യമങ്ങൾ ഊതി വീർപ്പിച്ചു പറയുന്നതാണെന്ന് പല വേദികളിലും ഗുണശേഖരേട്ടൻ ആവർത്തിച്ചിട്ടുണ്ട്.
നാട്ടിലെ പ്രമാണങ്ങളും ആധാരങ്ങളുമൊക്കെ പാർട്ടി ഓഫീസിലാണ് സൂക്ഷിച്ചുപോരുന്നത്. കാലുമാറ്റം തടയുകയെന്ന സദുദ്ദേശമാണ് ഇതിനുപിന്നിൽ. എന്നാൽ തന്റെ തൊടിയുടെ ആധാരം തനിക്കുതന്നെ വേണമെന്ന് ആവശ്യപ്പെട്ട് സുകുമാരൻ ഗുണശേഖരേട്ടന് രജിസ്‌ട്രേഡ് കത്തിട്ടു. അയാൾ ചത്തദിവസം തങ്ങളിൽ ചിലരവിടെ പോയെന്നതുനേരാണ്. പ്രസ്ഥാനത്തെ വെറുപ്പിച്ചുകൊണ്ടീ നാട്ടിൽ ആർക്കും കഴിയാനാകില്ലെന്നും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തെയാണ് സ്ഥലത്തിന്റെ ആധാരം പാർട്ടിയുടെ പേരിലാക്കാൻ ഭീഷണിപ്പെടുത്തിയതായി വളച്ചൊടിച്ചത്. സുകുമാരൻ തൂങ്ങിച്ചത്ത മരക്കൊമ്പിൽ മക്കൾക്കുവേണ്ടി വാങ്ങിയ ക്രിസ്‌മസ് സ്‌റ്റാർ പ്രഭാതത്തിലും പ്രകാശം ചൊരിഞ്ഞുനിന്നുവെന്നുവരെ ആൾക്കാർ എഴുതിപ്പിടിപ്പിച്ചു. പിന്നെ ഒന്നുരണ്ടുതവണ നളിനികൂട്ടായിയെ പുലഭ്യം പറഞ്ഞതും, അല്ലറ ചില്ലറ കൃഷിനാശം വരുത്തിയതും മെമ്പർമാരല്ല. നാട്ടിലെ വിരുദ്ധകുടുംബത്തോട് അരിശംകൊണ്ട ചില ചെറുപ്പക്കാരുടെ അമർഷപ്രകടനം മാത്രമായിരുന്നു അതൊക്കെ. അവരെ ഇല്ലായ്‌മ ചെയ്യുക ക്ഷിപ്രസാധ്യമാണ്. എന്നിട്ടും ചെയ്യാതിരിക്കുന്നത് പ്രതിപക്ഷ മര്യാദ കൊണ്ടാണെന്നും ഗുണശേഖരേട്ടൻ വ്യക്തമാക്കിയിരുന്നു.
കഥയുടെ സുഗമമായ മുന്നേറ്റത്തിന് ചില കാര്യങ്ങൾകൂടി പറയാൻ ബാക്കികിടക്കുന്നു. എന്നാൽ മാസ്‌റ്ററും ഗുണശേഖരേട്ടനും വീടിന്റെ മുന്നിലെത്തിക്കഴിഞ്ഞു. യുക്തിപൂർവ്വം നളിനികൂട്ടായിയുടെ മകളും പ്രകാശൻ മൊറാഴയുടെ ഹൃദയം കവർന്നവളുമായ സിതാര വീട്ടിലില്ലെന്ന് വരുത്തിത്തീർക്കണം. ഞായറാഴ്‌ചയായിരുന്നിട്ടും അവൾ ശാഖയ്‌ക്ക് പങ്കെടുക്കാൻ പോയിരിക്കുകയാണെന്ന് എഴുതിയുണ്ടാക്കാം. അവൾ മടങ്ങിവരുന്നതുവരെ അവർ കാത്തിരിക്കട്ടെ. നാമിനി ആ പെൺകുട്ടിയുടെ ജീവിതത്തിലേക്ക്.
ഇരുപത്തിമൂന്നു വയസ്സുളള ഒരു സുന്ദരിയായി സിതാരയ്‌ക്ക് നിറം കൊടുക്കുക പ്രയാസമല്ല. പക്ഷെ സാധാരണക്കാരിയായൊരു പെൺകുട്ടിയായി അവൾക്ക് ഇവിടത്തെ ഇതിവൃത്തത്തിൽ അതിജീവനം അസാധ്യം. ജീവിതസാഹചര്യങ്ങളുടെ കയ്‌പുനീർ കുടിച്ചു വളർന്ന് നിശ്ചയദാർഢ്യത്തിന്റെ നിദർശനമായെന്ന സംരചനയാകും അഭികാമ്യം. കൂട്ടായി വീടിന്റെ ഉമ്മറത്തിരിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് അവൾ പത്തുമിനിട്ടിനുളളിൽ വയലും കുണ്ടനിടവഴിയും കടന്ന് തിരിച്ചെത്തുമെന്ന് പറയുകയും വേണം.
സിതാരയുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തിയ രണ്ടാമത്തെ മരണമായിരുന്നു ബാലകൃഷ്‌ണൻ മാഷിന്റേത്. അച്‌ഛൻ മരിക്കുമ്പോൾ അതിന്റെ ഗൗരവമറിയാറായിരുന്നില്ല അവൾ. പഴയ കൂട്ടുകാരി സവിത അതിനുശേഷം സഹവാസം ഒഴിവാക്കി എന്നതും നാലു കിലോമീറ്ററകലെ അടുത്ത പഞ്ചായത്തിലെ സ്‌കൂളിലേക്ക് പഠിക്കാൻ ടി.സി വാങ്ങി പോകേണ്ടിവന്നുവെന്നതും മാത്രമാണ് സിതാരയിലുണ്ടായ അനുരണനങ്ങൾ. പിന്നെപ്പിന്നെ ഇടയ്‌ക്കിടെയുളള പറമ്പിലെ ആക്രമണങ്ങളും അവൾക്ക് ശീലമായി. അത്തരം രാത്രികളിൽ വാതിൽ ചേർത്തടച്ച് വിളക്കു കൊളുത്താതെ അനിയനെയും തന്നെയും ചേർത്തുപിടിച്ചുകിടക്കുന്ന അമ്മയോട് സഹതാപം തോന്നിയിരുന്നു. ഭരണസീസണായതുകൊണ്ട് അവർ വീട്ടിൽക്കയറി പേരുദോഷം വരുത്താൻ മുതിരുകയില്ലെന്ന് അമ്മ സമാധാനിപ്പിച്ചതിനു തുടർച്ചയായി എന്നും ഭരണം അവർക്കുതന്നെ കിട്ടണേ എന്ന് സന്ധ്യാപ്രാർത്ഥന നടത്തിപ്പോന്നതും അവൾ മറക്കില്ല.
ഡിസ്‌റ്റിംഗ്‌ഷനോടെ പത്താംക്ലാസു ജയിച്ചിട്ടും അതിമോഹങ്ങൾ സിതാരയ്‌ക്കുണ്ടായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞ് മംഗലാപുരത്ത് നഴ്‌സിങ്ങിന് പോകണമെന്നും കുറച്ചുനാൾ കഷ്‌ടപ്പെട്ടായാലും പത്തു കാശുണ്ടാക്കി പിഴ കെട്ടി ആധാരം തിരിച്ചുവാങ്ങണമെന്നും വീട് വിറ്റ് മറ്റെവിടെയെങ്കിലുമൊക്കെ ചേക്കേറണമെന്നുമൊക്കെയായിരുന്നു ആഗ്രഹങ്ങളൊക്കെ. അവയെ ലക്ഷ്യങ്ങളെന്നു വിളിക്കുന്നതാവും ഉചിതം. അല്ലാതെ പൂമ്പാറ്റകൾക്ക് പിന്നാലെ അവളെ വിടാനോ കെയ്‌റ്റ് മില്ലറ്റിന്റെ ‘സെക്ഷ്വൽ പൊളിറ്റിക്‌സ്’ വായിച്ച് മഹതിയാക്കാനോ തൽക്കാലം ഞാനുദ്ദേശിക്കുന്നില്ല.
മകരമാസത്തിലൊരു ദിവസം ഉച്ചയ്‌ക്കുമുമ്പ് ഓർക്കാപ്പുറത്ത് കൂട്ടമണിയടിച്ച് സ്‌കൂൾ വിട്ടപ്പോൾ പതിവുപോലേതോ ഒരുത്തൻ ചത്തു – അത്രയേ കരുതിയുളളു. റോഡിലെത്തിയിട്ടാണ് കൊല്ലപ്പെട്ടത് അനിയന്റെ സ്‌കൂളിലെ മാഷാണെന്നറിഞ്ഞത്. രണ്ടാംക്ലാസ് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ അവിടെയാകെ പോലീസ്. അകത്തേക്ക് നോക്കാനായില്ല. മാറിയിരുന്ന് വിറച്ചു വിജേഷിന്റെ യൂണിഫോമിലും ബാഗിലും ചോരത്തുളളികൾ ഉണങ്ങിപ്പിടിച്ചിരുന്നു. അന്ന് അവനേയും കൊണ്ട് എങ്ങനെയൊക്കെ വീട്ടിലെത്തി എന്നത് അവൾക്ക് മാത്രമേ അറിയൂ.
അടുത്ത രണ്ടുമൂന്നുദിവസത്തേക്ക് ഇടവിട്ട് വിജേഷിന് പനി വന്നുകൊണ്ടിരുന്നു. തീരെ ഉറക്കമില്ല. ലൈറ്റ് കെടുത്തിയാൽ ഉറക്കെ നിലവിളിക്കും. ഇടയ്‌ക്കെപ്പോഴെങ്കിലും കണ്ണു ചിമ്മിയാലും ഞെട്ടിയുണർന്ന് വിറയ്‌ക്കും. അപ്പോഴേക്കും അകലെയുളള നഗരത്തിൽ നിന്ന് ചിലർ വന്ന് കൗൺസലിങ്ങ് നടത്തി. ഉറങ്ങാൻ ചില ഗുളികകളും കൊടുത്തു. രണ്ടുതവണ കഴിഞ്ഞപ്പോൾ നാട്ടുവിലക്കുളള വീട്ടിലേക്ക് വരുന്നത് ആരൊക്കെയോ തടഞ്ഞതോടെ അതും നിലച്ചു.
മരണവെക്കേഷൻ കഴിഞ്ഞ് സ്‌കൂൾ വീണ്ടും തുറന്നു. പക്ഷേ വിജേഷ് പോകാനൊരുക്കമായിരുന്നില്ല. കുറച്ചുദിവസംകൊണ്ട് ശരിയാകുമെന്ന് നളിനിയും സിതാരയും കരുതി. ആദ്യമൊക്കെ നേരം പുലരുമ്പോൾ വിദ്യാലയത്തിലേക്കുളള പതിവു പരിശ്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തൊടിയിലെ ഏതെങ്കിലും മരത്തിൽ ഒളിച്ചിരുന്നു. അപ്പോഴാണ് മറ്റൊരു നേരംപോക്ക് അവൻ കണ്ടെത്തുന്നത്. ഒരുദിവസം അവൻ മരത്തിൽ കണ്ട ഒരു കിളിക്കൂട് മറ്റൊന്നും ചെയ്യാതിരുന്നതിനാൽ നശിപ്പിച്ച് പക്ഷിക്കുഞ്ഞുങ്ങളെ താഴെയിട്ടുകൊന്നു. അതിന്റെ രസം പ്രാണിഹത്യ എന്ന ആഹ്ലാദദായകമായ സ്വഭാവവിശേഷത്തിലേക്ക് വിജേഷിനെ കൊണ്ടെത്തിച്ചു. തവള, ഓന്ത് എന്നിവയൊക്കെയായിരുന്നു ആദ്യത്തെ ഇരകൾ. ഒറ്റയടിക്ക് കൊല്ലില്ല. കൈയും കാലുമൊക്കെ കല്ലുകൊണ്ട് പതിയെ ചതച്ചുചതച്ച്…
ഏതാനും വർഷങ്ങൾക്കുശേഷം തലശ്ശേരി കോടതിയിൽ സാക്ഷി പറയാൻ പോകേണ്ടിവന്ന സമയമായപ്പോഴേക്കും ആരോടും സംസാരിക്കുകപോലും ചെയ്യാത്ത പ്രകൃതത്തിലെത്തിയിരുന്നു അവൻ. തന്റേതായ ലോകത്ത് കണ്ണിൽക്കാണുന്ന പൂച്ചയേയും കിളികളേയും അണ്ണാനെയുമൊക്കെ കൃത്യമായി എറിഞ്ഞിടാനും ജീവനോടെ ചുട്ടുതിന്നാനുമൊക്കെ അവൻ ശീലിച്ചു. ഇടയ്‌ക്ക് ചൊക്ലിയിലൊരു നമ്പ്യാരെക്കൊണ്ട് ജപിച്ചുകെട്ടിച്ചതും ഫലം ചെയ്‌തില്ല. ജീവിതത്തിലെ സമസ്‌താകുലതകളും ഒന്നായെത്തിയതു താങ്ങാനാവാതെ ചിത്തവിഭ്രാന്തിയുടെ സുഖകരമായ അനുഭൂതിയിലേക്ക് നളിനി കൂട്ടായിയും നീങ്ങിത്തുടങ്ങിയതോടെയാണ് സിതാരയ്‌ക്ക് പഠിത്തം അവസാനിപ്പിക്കേണ്ടിവന്നത്.
വേണമെങ്കിൽ നളിനിയുടെ സ്‌കിസോഫ്രീനിയയുടെയും വിജേഷിന്റെ വൈകല്യങ്ങളുടെയും സൂക്ഷ്‌മാംശങ്ങളിലേക്ക് എനിക്ക് കൂടുതൽ കടന്നുചെല്ലാം. അതുകൊണ്ടൊരു കാര്യവുമില്ല. രണ്ട് ഖണ്ഡിക കൂടുതലെഴുതിയെന്നുവെച്ച് ഈ കഥ പ്രസിദ്ധീകരിക്കുന്ന വാരിക പ്രതിഫലമൊട്ടും കൂട്ടിത്തരില്ല. മാത്രവുമല്ല സിതാര വീടിന് അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നുതാനും. അവളുടെ ചെരിപ്പിന്റെ വാറു പൊട്ടിച്ചോ കാലിലൊരു മുളള് തറച്ചെന്ന് എഴുതിച്ചേർത്തോ പരമാവധി അല്‌പനേരംകൂടി – അതിനിടെ യുക്തിഭരിതമായ ഒരു പര്യവസാനം ഉണ്ടാക്കിയേതീരൂ.
ഇപ്പോൾ കഥയിൽ വിജേഷ് ഒരു അനാവശ്യമാണ്. അക്കാരണത്താൽ കഴിഞ്ഞവർഷം ഒരു രാത്രിയിൽ ദേഹത്തെന്തോ അരിച്ചിറങ്ങുന്നതുപോലെ സിതാരയ്‌ക്കു തോന്നി. പതിനേഴുതികയാത്ത അനിയന്റെ പരാക്രമമാണെന്നു തിരിച്ചറിയുമ്പോഴേക്കും അവൻ കഴുത്തിന് കുത്തിപ്പിടിച്ച് അനങ്ങാതെ കിടന്നില്ലെങ്കിൽ മടാളുകൊണ്ട് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. ശ്വാസമടക്കി ഭയന്നുവിറച്ച് അവൾ ചുരുണ്ടുകൂടിക്കിടന്നു. ഇടയ്‌ക്കെന്തോ അസംതൃപ്‌തിയോടെ മുരണ്ടുകൊണ്ട് അവൻ എഴുന്നേറ്റുപോവുകയും ചെയ്‌തു.
സിതാരയ്‌ക്കൊരു കാമുകനെ സൃഷ്‌ടിക്കാൻ പറ്റിയ അവസരമാണ് – ഈന്തുളളതിൽ ജയകുമാർ. അവൻ പത്തായക്കുന്നിലെ സഹപ്രാന്ത് കാര്യവാഹാണെന്നും കൂട്ടിച്ചേർക്കാം. ഇതേ ജയകുമാർ വഴിയാണ് കൊങ്കാച്ചിയിലെ മുരളീധർജിയുമായി പരിചയപ്പെടുന്നതും. സംഘത്തിന്റെ സജീവപ്രവർത്തകയായി മാറുന്നതും. വേണമെങ്കിൽ പാനൂരിലെ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അവൾക്കൊരു ജോലി മുരളീധർജി ശരിയാക്കിക്കൊടുത്തുവെന്നും ആഖ്യാനസാധ്യതയുണ്ട്. എന്തായാലും ശത്രുഗ്രാമത്തിൽ ജയകുമാറിന് പ്രവേശനമില്ല. അടുത്ത രാത്രിയിൽ ആരുമറിയാതെ കൂട്ടായിവീട്ടിൽ വന്ന് വിജേഷിനെ ഉപദേശിക്കാൻ ശ്രമിക്കെ അപ്രതീക്ഷിതമായി വിജേഷ് വെട്ടുകത്തി അവന്റെ മുതുകിലാഴ്‌ത്തി. അന്നു കാണാതായതാണ് അവനെ. ഒരുവശം തളർന്നുകിടപ്പാണിപ്പോൾ ജയകുമാറെന്നും പറഞ്ഞുകൊണ്ട് സിതാരയുടെ ദുരന്തപരിസരം ഇനിയും വിപുലമാക്കുന്നതും അർത്ഥപൂർണ്ണം.
ഗുണശേഖരേട്ടൻ ലോക്കൽക്കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നിഷ്‌കാസിതനായില്ലായിരുന്നുവെങ്കിൽ ഈ കഥയ്‌ക്ക് ശുഭകരമായൊരു അന്ത്യം ഞാൻ സൃഷ്‌ടിക്കുമായിരുന്നു. രണ്ടായിരം പാർട്ടി ഷെയറുകൾ ഒറ്റദിവസം കൊണ്ട് വാങ്ങിക്കൂട്ടിയ കോമ്പിയച്ചനാണ് ഇപ്പോഴത്തെ ഞങ്ങളുടെ നേതാവ്. സ്ഥാനാരോഹണയോഗത്തിൽതന്നെ പ്രതിലോമസാഹിത്യത്തിന്റെ അതിപ്രസരത്തെപ്പറ്റി അദ്ദേഹം മുന്നറിയിപ്പും തന്നിട്ടുണ്ട്. പ്രകാശൻ മൊറാഴ പ്രഥമദർശനമാത്രയിൽതന്നെ സിതാരയിൽ ഭ്രമിച്ചെന്നു പറയുന്നത് അദ്ദേഹം ചപലനാണെന്നു പറയാതെ പറയലാണ്. അനുസരണയുളെളാരു പ്രവർത്തകനെന്ന നിലയിൽ പ്രസ്ഥാനത്തിന്റെ നിർദ്ദേശം അദ്ദേഹം ഗുണശേഖരേട്ടനെ അറിയിച്ചെന്നുമാത്രം.
ഗുണശേഖരേട്ടൻ സ്വയമറിയാതെ മറ്റുളളവരുടെ ചട്ടുകമാവുകയായിരുന്നു. ഇത്തരം നപുംസകങ്ങൾ സംഘടനയെ പിന്നോട്ടു കൊണ്ടുപോകാനേ ഉതകൂ. സംഘടനാനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹം ദാരുണമായി പരാജയപ്പെട്ടു. സിതാരയെ പ്രീണിപ്പിക്കാനായില്ലെന്നു മാത്രമല്ല, അവൾ ഇടുപ്പിലൊളിപ്പിച്ചിരുന്ന നഞ്ചാക്ക് ചുഴറ്റി മാസ്‌റ്ററെയും ഗുണശേഖരേട്ടനെയും തുരത്തുകയും ചെയ്‌തു. സിതാരയ്‌ക്കു വേണ്ടി പ്രകാശൻ മൊറാഴ എഴുതിയ ‘ആകാശം’ എന്ന കവിത അവൾ പറമ്പിലേക്ക് ചുരുട്ടിയെറിഞ്ഞു. ശുഭ്രപത്രത്തിൽ ശോണായരങ്ങളിലെഴുതിയ ആ പ്രണയഗീതം വായനക്കാർക്കു മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ഈ ചെറുകഥ അവസാനിപ്പിക്കുകയാണ് രചയിതാവെന്ന നിലയിൽ എനിക്ക് പ്രകാശൻ മൊറാഴയ്‌ക്കുവേണ്ടി ഇപ്പോൾ ആകെ ചെയ്യാൻ സാധിക്കുന്നത്.
ആകാശം
എന്റെ പ്രിയേ നിന്റെ തലമുടിയെ
ഗിലയാദ് മലയിറങ്ങിവരുന്ന
കോലാട്ടിൻപറ്റത്തോട്
ഉപമിക്കാനെനിക്കു സാധിക്കില്ല.
മുന്തിരിച്ചാറും പ്രണയചഷകവും
നീയെനിക്കൊരുക്കേണ്ടതുമില്ല
പകരം നമുക്ക് മൈനുകൾ വിതച്ച
പാടങ്ങൾ നമ്മുടേതാക്കാം.
പ്രാവുകൾ മടങ്ങിയെത്തുംവരെ…
പടിഞ്ഞാറൻ ചക്രവാളത്തിനപ്പുറം
പ്രത്യാശാനക്ഷത്രം ഉദിക്കുംവരെ…
പ്രിയേ, പ്രിയതമേ…
നമുക്കു കൈകോർത്തുനിൽക്കാം.
Generated from archived content: story1_apr18_08.html Author: pradeep_ushus