എന്നും ആ വഴിയിലൂടെയാണ് എനിക്ക് ജോലിക്ക് പോകേണ്ടിയിരുന്നത്. അപ്പോഴൊക്കെ ഇടവഴിയോട് ചേർന്ന ആ വലിയ വീട്ടിലെ മുറ്റത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി ചോദിക്കുമായിരുന്നു-“ നീ എങ്ങോട്ടാടാ പോണത്?” ഞാൻ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത് ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക് എന്റെ മകനാകാനുള്ള പ്രായമേയുള്ളൂ. അവനാണ് എന്നെ ‘എടാപോടാ’ എന്ന് വിളിക്കുന്നത്. അവൻ കുട്ടിയല്ലേ, കഥയില്ലാത്തതുകൊണ്ടാണന്ന് ഞാനാശ്വസിക്കും. എന്റെ നാട്ടിൽ മറ്റാരും തന്നെ എന്നോടിങ്ങനെ പെരുമാറിയിരുന്നില്ല.
ദിനം കഴിയുന്തോറും കുട്ടിയുടെ സംസാരരീതി മാറിക്കൊണ്ടിരുന്നു-“ എങ്ങോട്ടാടാ കഷണ്ടിത്തലയാ പോണത്?” അതാസ്വദിച്ചെന്നോണം ഗൾഫുകാരായ മാതാപിതാക്കൾ രസിച്ചിരിക്കും. അവരെന്നോട് കുശലം ചോദിക്കും. ഞാൻ മുഖം കറുപ്പിക്കാതെ തന്നെ മറുപടി നല്‌കും.
എങ്ങനെയാണ് കുട്ടിയെ പറഞ്ഞ് തിരുത്തുക? സംസ്‌കാരമുള്ള മാതാപിതാക്കളാണെങ്കിൽ അവര് തന്നെ പറഞ്ഞുമനസ്സിലാക്കും.
പിന്നെപ്പിന്നെ കുട്ടിയുടെ തമാശക്ക് മാതാപിതാക്കളോടൊപ്പം ചുറ്റുവട്ടത്തെ അയൽക്കാരും പങ്കുചേരാൻ തുടങ്ങി. വഴിമാറിപ്പോയാലോ എന്നായി എന്റെ ചിന്ത. പക്ഷേ അങ്ങനെയാകുമ്പോൾ പത്തടി നടക്കേണ്ടിടത്ത് നൂറടി നടക്കണം. മാത്രമല്ല ഒരു ഭീരുവായി തരം താഴുകയും വേണം.
ഒരു നാൾ ഒരു മിഠായിയുമായി ഞാൻ കുട്ടിയെ സമീപിച്ചുനോക്കി. അവനത് രണ്ട് കയ്യും നീട്ടി വാങ്ങി, അവനെന്നെ തെറിപറഞ്ഞില്ല. എനിക്കാശ്വാസമായി. പിന്നെ അതൊരു പതിവായി, എനിക്കതൊരു ഭാരവും. മറ്റൊരുനാൾ ഒരു പരീക്ഷണത്തിനെന്നപോലെ മിഠായിയില്ലാതെ ഞാനാവഴിയെപോയി. പരിചയം ഭാവിക്കാതെ ഞാൻ നടന്നകലുമ്പോൾ കുട്ടിയെന്നോടുചോദിച്ചു, “എവിടെടാ പട്ടി മിഠായി?”
ഞാൻ ഞെട്ടിപ്പോയി. പട്ടിയെന്ന്! പരിഭ്രമത്തിൽ കാൽവഴുതി ഞാൻ ഇടവഴിയിൽ വീണു. കുട്ടി ഓടിവന്ന് എന്റെ നെഞ്ചത്ത് ചവിട്ടി. ഞാൻ നിറകണ്ണുകളോടെ അവിടെ നിന്നെഴുന്നേറ്റു, പിന്നെ തീർത്തും നിസ്സഹായനായി റോഡിലേക്കോടി. കുട്ടി അപ്പോഴൊരു പാട്ടുപാടുകയായിരുന്നു.
“മൊട്ടത്തലയൻ കുഞ്ഞാപ്പു
പട്ടീടെമോൻ കുഞ്ഞാപ്പൂ”
എനിക്കെത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല, എന്തേ, ഈ കുട്ടി മാത്രം എന്നോടിങ്ങനെ പെരുമാറുന്നത്? എന്തായിരിക്കും…….
എന്തായിരിക്കും കാരണം?
Generated from archived content: story1_july30_10.html Author: pradeep_perassannur
Click this button or press Ctrl+G to toggle between Malayalam and English