ഹേമന്ത്‌ ആകാശ്‌

‘ഹേമന്ത്‌ ആകാശ്‌; ആദ്യമൊക്കെ വിചിത്രമായ പേരായി തോന്നിയിരുന്നു ’അനഘ‘ക്കത്‌. അവളുടെ ഭർത്താവിന്റെ അനുജനാണ്‌ ഹേമന്ത്‌ ആകാശ്‌.

അനഘയുടെ വിവാഹം കഴിഞ്ഞിട്ട്‌ വർഷം രണ്ടായെങ്കിലും അവളിതുവരെ അനുജനെ കണ്ടിട്ടില്ല. അവളുടെ ഭർത്താവും, ഭർത്താവിന്റെ അച്ഛനമ്മമാരുമൊക്കെ വളരെയധികം അഭിമാനത്തോടെയാണ്‌ ഹേമന്തിനെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌.

ഹേമന്ത്‌ ഒരു ഗിറ്റാറിസ്‌റ്റാണ്‌, ക്രിക്കറ്ററാണ്‌, ഷാർപ്പ്‌ ഷൂട്ടറാണ്‌. ഇക്കാര്യങ്ങളിലൊക്കെ അസാമാന്യമായ പ്രതിഭ അയാൾക്കുണ്ടത്രെ! പക്ഷെ ഇതൊന്നും അയാളുടെ പ്രൊഫഷൻ അല്ല. അയാൾ മുംബൈയിലെ ഒരു കൺസ്‌ട്രക്ഷൻ കമ്പനിയിൽ ആർക്കിടെക്‌റ്റാണ്‌.

വിവാഹം കഴിഞ്ഞ്‌ പിറ്റന്നാൾ കേൾക്കാൻ തുടങ്ങിയതാണ്‌ അനഘ ഹേമന്തിനെക്കുറിച്ച്‌, വിവാഹത്തിന്‌ അയാൾ പങ്കെടുത്തിരുന്നില്ലത്രെ. പിന്നീട്‌ പല വിശേഷങ്ങളും വീട്ടിലുണ്ടായി. ഹേമന്ത്‌ വന്നില്ല. ഉള്ളിൽ അനഘ പരിഭവിച്ചിരുന്നു. ഇതുവരെ ഒരു ഫോണിൽ വിളിക്കുകപോലും ചെയ്‌തില്ലല്ലോ അനുജൻ. ഭർത്താവിനോട്‌ പറഞ്ഞപ്പോൾ അദ്ദേഹത്തിന്‌ തമാശ “ ഹേമന്ത്‌ അങ്ങനെയാണ്‌, അധികമാരോടും സംസാരിക്കില്ല.”

അനഘക്കൊരു കുഞ്ഞപിറന്നപ്പോൾ ഹേമന്ത്‌ അവളുടെ മൊബൈലിലേക്കൊരു സന്ദേശമയച്ചു. അത്രമാത്രം. ആ സന്ദേശം ഇന്നും നിധിപോലെ അനഘ സൂക്ഷിക്കുന്നു.

ഇപ്പോൾ അനഘയുടെ കുഞ്ഞിന്റെ പിറന്നാളിന്‌ വരുമെന്ന്‌ ഹേമന്ത്‌ മമ്മിക്ക്‌ വാക്കുകൊടുത്തിരുന്നു. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ അനഘയുടെ മനസ്സിൽ അദൃശ്യനായ ഹേമന്തിന്‌ താരപരിവേഷം വന്നിരിക്കുന്നു-ഫോട്ടോയിൽ കാണുമ്പോൾ അയാൾ തന്റെ ഭർത്താവിന്റെയത്രയൊന്നും സുന്ദരനല്ല. എങ്കിലും അസാധാരണമായൊരു ആകർഷണീയത, വ്യക്തിത്വം ഫോട്ടോയിൽ നിന്നുതന്നെ ഗണിച്ചെടുക്കാം. ഇപ്പോൾ മറ്റെല്ലാവരേക്കാളുമുപരി അനഘയും ഹേമന്തിനെ കാത്തിരിക്കുകയാണ്‌.

പിറന്നാളിന്‌ രണ്ടു ദിവസം മുമ്പ്‌ ഹേമന്തിന്റെ ഇ-മെയിൽ സന്ദേശം-വരാൻ കഴിയില്ലത്രെ. മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. അവർ ഹോട്ടൽ കീഴടക്കിയിരിക്കുന്നു. വരാത്തതിന്റെ കാരണം അതല്ല. ഭീകരർക്കെതിരെയുള്ള യുദ്ധത്തിന്‌ സൈന്യത്തിൽ കമാന്റോയായ്‌ ഹേമന്തിനെ ഉൾപ്പെടുത്തിയിരിക്കുന്നു! അനഘക്ക്‌ അത്ഭുതം തോന്നി. പ്രൈവറ്റ്‌ കമ്പനിയിൽ ആർക്കിടെക്‌റ്റായ ഒരാളെങ്ങനെ….?

രാജ്യം ഹേമന്തിന്റെ സേവനം അപേക്ഷിച്ചതാണു പോലും. ഭീകരർ കീഴടക്കിയ നക്ഷത്രഹോട്ടലിന്റെ ശില്‌പി ഹേമന്തായിരുന്നത്രെ.

അനഘയുടെ മനസ്സിൽ ഹേമന്ത്‌ പിന്നെയും വളരുന്നു. അയാളൊരു വിഗ്രഹമാകുന്നു. മകൻ യുദ്ധം ചെയ്യാൻ പോകുന്നവെന്നറിഞ്ഞിട്ടും അച്ഛനുമമ്മക്കും ഒരു കുലുക്കവുമില്ല.“ അത്‌ ഹേമന്ത്‌ ആകാശാണ്‌. അവൻ ജയിച്ചേ വരൂ. ആർക്കും അവനെ ഒന്നും ചെയ്യാനാവില്ല.”

പിറന്നാളിന്‌ വന്ന അതിഥികൾക്കെല്ലാം ചോദിക്കാനുള്ളത്‌ ഹേമന്തിനെക്കുറിച്ചുമാത്രം…..

“ഹേമന്ത്‌ യുദ്ധം ചെയ്യുന്നു!”

“ഹി ഈസ്‌ ആൻ ആർട്ടിസ്‌റ്റിക്‌ സോൾജിയർ!”

“ഹേമന്ത്‌ എന്നു വരും?”

തരുണീമണികൾക്കെല്ലാം ഹേമന്തിന്റെ മുറി കാണണം. ഫോട്ടോ വേണം.

അന്ന്‌ ടെലിവിഷനിൽ യുദ്ധദൃശ്യം. ഹേമന്ത്‌ ഹെലിക്കോപ്‌റ്ററിൽ നിന്ന്‌ കയറിയിട്ട്‌ പഞ്ചനക്ഷത്രഹോട്ടലിലേക്ക്‌ ഇറങ്ങുന്നു. പിറ്റേന്ന്‌ പത്രങ്ങളിൽ ഹേമന്തിന്റെ തോക്കേന്തിയ സ്‌നാപ്പ്‌ ഫോട്ടോസ്‌. അനഘക്കും കോരിത്തരിപ്പുണ്ടായി.

അവളോർത്തു-മുമ്പൊക്കെ ഹേമന്തിനെ തന്റെ ഭർത്താവിനെ സാമ്യപ്പെടുത്തി അസൂയ തോന്നിയിരുന്നു. ഹേമന്തിന്റെ പ്രഭാവത്തിൽ തന്റെ ഭർത്താവ്‌ രണ്ടാമനായിപ്പോകുന്നു എന്ന തോന്നൽ. അത്‌ തന്റെ തെറ്റ്‌. ഹേമന്ത്‌ തികച്ചും അർഹൻ തന്നെ. അസാമാന്യൻ തന്നെ! കാണാൻ കൊതിയാവുന്നു. ഹേമന്തിനെ ഇപ്പോൾ താനും ആരാധിക്കുന്നു. അയാൾ യുദ്ധം കഴിഞ്ഞ്‌ എത്രയും പെട്ടെന്ന്‌ വന്നാൽ മതിയായിരുന്നു.

പിറ്റേന്ന്‌ യുദ്ധം മുറുകുന്നു. ടെലിവിഷനിൽ ഫ്‌ളാഷ്‌ന്യൂസ്‌“ യുദ്ധം അവസാനഘട്ടത്തിൽ, കമാന്റോകളുടെ വീരമൃത്യു രണ്ട്‌…. പത്ത്‌….. ഇരുപത്‌…. യുദ്ധം അവസാനിക്കുന്നു. സൈന്യം ഹോട്ടൽ കീഴടക്കി.”

പിന്നീട്‌ ആർമിയിൽ നിന്ന്‌ ഹേമന്തിന്റെ വീട്ടിലേക്ക്‌ ഔദ്യോഗികമായ ഒരു സന്ദേശമെത്തുന്നു.“ ’ഹേമന്ത്‌ ആകാശ്‌ ഈസ്‌ എക്‌സ്‌പയേർഡ്‌ ഫോർ ഓവർ ഇൻഡ്യ.‘

വീരന്റെ ആകസ്‌മിക വിയോഗം. വീട്ടിൽ വിലാപങ്ങൾ ഉയരുന്നു. എങ്ങുനിന്നോ സൈറൻ മുഴങ്ങുന്നു കോളിംഗ്‌ബെല്ലും, ഫോണുകളും തുരുതുരാ ശബ്‌ദിക്കുന്നു. ബഹളമയം. ഗദ്‌ഗത്തോടെ അനഘ വിങ്ങുന്നു- ”ഈശ്വരാ ഇതെന്ത്‌ വിധി, എന്റെ പൊന്നനിയാ………“

അവളുടെ കണ്ണുകൾ നനഞ്ഞു. ഒരിറ്റ്‌ കണ്ണുനീർ ഹേമന്തിന്റെ ഗിറ്റാറിൽ വീണു ചിതറി” അനിയാ നിനക്ക്‌ ജേഷ്‌ഠത്തിയുടെ അന്ത്യാഞ്ജലി. നിന്റെ ഓർമ്മക്ക്‌ ഞാനെന്റെ മകന്‌ പേരിടുന്നു. ഒരിക്കലും കാണാത്ത ധീരനായ അവന്റെ ഇളയച്ഛന്റെ പേര്‌, ഹേമന്ത്‌ ആകാശ്‌! ഹേമന്ത്‌ ആകാശ്‌! !“

Generated from archived content: story_competition13.html Author: pradeep_perasannur..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English