രാജകുമാരൻ

വർണ്ണാഭമായ പനിനീർ വനങ്ങൾക്ക്‌ സമീപം കുമാരൻ കുറേനേരം കൂടി അസ്വസ്‌ഥതയോടെയിരുന്നു. കാൽപ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌, പുളച്ച്‌ ഒരു മാൻകിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.

അമ്പും വില്ലും ആവനാഴിയും പാഴ്‌വസ്‌ത്രംപോലെ കുമാരനരുകിൽ കിടക്കുന്നു.

ദൂരെ വനവീഥിയിൽ രഥവും, തേരാളിയും കുമാരനെ കാത്ത്‌ നിൽക്കുന്നു.

ഭീരുവായ രാജകുമാരന്‌ വീരസ്യം പകരാൻ രാജഗുരുവും മനീഷികളും വിധിച്ചത്‌ ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക്‌ വനവീഥിവരെ വരാം. സ്വദേഹത്തിൽ രക്തം പൊടിയാതെ ഒരു ഹിംസ്രമൃഗത്തിന്റെ തലയുമായി മൂന്ന്‌ ദിവസത്തിനകം കൊട്ടാരത്തിലെത്തിയാൽ രാജകുമാരൻ ആദ്യപരീക്ഷണത്തിൽ വിജയിച്ചു. അല്ലാത്തപക്ഷം ഇനി തല മുണ്ഡനം ചെയ്‌ത്‌ രാജ്യത്തിൽ നിന്നും ചണ്ഡാലക്കൂട്ടത്തിലേക്ക്‌ നാടുകടത്തും.

ബാല്യം മുതലെ യുദ്ധങ്ങളും, ആയുധങ്ങളും രാജകുമാരന്‌ ഭയമായിരുന്നു. സദസ്സുകളിൽ, ആയുധപാടവത്തിൽ എവിടെയും രാജകുമാരൻ സ്വത്വം മറന്നു.

രാജകുമാരൻ ഓർക്കുകയായിരുന്നുഃ പണ്ട്‌ കുബേരകുമാരൻമാർക്കിടയിൽ കളിച്ചുകൊണ്ടിരുന്ന തന്നെക്കണ്ട്‌ പ്രജകൾ അടക്കം പറഞ്ഞിരുന്നത്‌ – “നമ്മുടെ രാജകുമാരന്‌ രാജപ്രൗഢിയും, മനോവീര്യവും കുറവാണ്‌. ഇദ്ദേഹം എങ്ങനെ രാജ്യം ഭരിക്കും!”

പലപ്പോഴും ആൾക്കണ്ണാടിയിൽ സ്വരൂപം നോക്കി വിമ്മിഷ്‌ടപ്പെടുന്നു. കേട്ട കഥകളിലും വർത്തമാന ചരിത്രത്തിലുമെല്ലാം രാജപുത്രൻമാർ സുന്ദരൻമാരും, സുശക്തരുമാണ്‌. പക്ഷെ താൻമാത്രം എന്തേ ഇങ്ങനെയായിപ്പോയത്‌? വംശപരമ്പകളിൽ തന്റെ പിതാവടക്കം മുൻഗാമികളെല്ലാവരും ശക്തരും, ധീരൻമാരുമായിരുന്നത്രെ! തന്റെ യൗവനാരംഭത്തിൽ തന്നെ പിതാവ്‌ ഏകസന്താനമായ തന്നെക്കുറിച്ച്‌ വ്യാകുലനായിരുന്നു. രക്തം കണ്ടാൽ ബോധം കെടുന്ന, യുദ്ധങ്ങളേയും, ആരവങ്ങളേയും ഭയക്കുന്ന താനെങ്ങനെ രാജാവാകും?

മാതാപിതാക്കൾ തനിക്കായ്‌ പ്രാർത്ഥിക്കാത്ത ക്ഷേത്രങ്ങളില്ല, ചെയ്യാത്ത വഴിപാടുകളില്ല. രാജ്യത്തെ ഒന്നാന്തരം ഗുരുക്കൻമാരിൽ നിന്നും വേദാഭ്യാസവും, ആയുധാഭ്യാസവും. എന്നിട്ടും ആത്മവിശ്വാസം വന്നില്ല. രാജാവാകണമെന്ന ആഗ്രഹം ഒരിക്കലുമില്ലായിരുന്നു. പക്ഷേ പിതാവ്‌ പലപ്പോഴും ഓർമ്മപ്പെടുത്തി.

പുത്രധർമ്മം!

രാജധർമ്മം!!

രാജകുമാരന്‌ താത്‌പര്യം ഗ്രന്ഥപാരായണത്തിലും ചിത്രരചനയിലുമായിരുന്നു. പഠിച്ച അസ്‌ത്രശാസ്‌ത്രങ്ങളും, ആയുധശാസ്‌ത്രവും ക്ലാവ്‌പടിച്ച ലോഹം പോലെ ഉള്ളിൽകിടക്കുന്നു.

പിതാവ്‌ പിന്നെയും പലവുരു ഉപദേശിച്ചു.

“ഉണ്ണി പാണ്ഡ്യത്വവും, കലാഗുണവും രാജാവിന്‌ അലങ്കാരങ്ങൾ മാത്രമാണ്‌. നല്ലൊരു യോദ്ധാവിനേ യുദ്ധം നയിക്കാനാകൂ. പോരാട്ടങ്ങളെ ഭയക്കാതെ അചഞ്ചലതയോടെ നേരിടൂ”.

പിതാവ്‌ പറഞ്ഞത്‌ ശരിയാണ്‌. പക്ഷേ വളരുംതോറും ഉള്ളിലെ ഭയവും, ഭീരുത്വവും വർദ്ധിക്കുകയാണ്‌. സമപ്രായക്കാരായ മന്ത്രികുമാരനും, ഗുരുപുത്രരും സമർത്ഥരും, തേജസ്വികളുമായ്‌ക്കഴിഞ്ഞു. മല്ലയുദ്ധത്തിലും, ചൂതുകളിയിലും, വാഗ്വോദത്തിലുമെല്ലാം ഇന്ന്‌ അവർത്തന്നെ ജയിക്കുന്നു. മാതാവ്‌ ദാസീപുത്രൻമാർക്ക്‌ ദാനം ചെയ്‌ത കുമാരനുപേക്ഷിച്ച ആഭരണങ്ങളും, ആടകളും കുമാരനേക്കാൾ ചേരുന്നത്‌ അവർക്കാണ്‌. ആരോടാണിനി പ്രാർത്ഥിക്കേണ്ടത്‌? യുദ്ധങ്ങളുടെ, തേജസിന്റെ ദേവനാരാണ്‌? പ്രപിതാമഹൻമാരിലാരോ തപസ്സ്‌ ചെയ്‌ത്‌ വരലബ്‌ദി നേടിയതായ്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. പക്ഷേ ഏകാഗ്രതയും, ക്ഷമയും സിദ്ധിയല്ലേ? തനിക്കതുണ്ടോ?

ജോത്സ്യരും, വിദൂഷകരും ഒന്നുതന്നെ പറഞ്ഞു.ഃ “രാജകുമാരന്‌ അലസതയാണ്‌ അതിൽ നിന്നുതിർന്ന മൗഢ്യവും, യാഗങ്ങൾക്കൊണ്ടും, ഉപദേശം കൊണ്ടുമാത്രം കാര്യമില്ല. മുക്തിക്ക്‌ ആദ്യം രാജകുമാരൻ തന്നെ മനസ്സ്‌ വെക്കണം. രോഗവും, ഔഷധവും രാജകുമാരനിൽ തന്നെ”.

രാജാവ്‌ വീണ്ടും മകനെ ഉപദേശിച്ചുഃ “കുമാരാ നമുക്ക്‌ പ്രായമായി, നീ ഭരണകാര്യങ്ങളിൽ ഇടപെടേണ്ട സമയമായി. നീ നിന്റെ ധീരതയും കഴിവും പ്രജകളെക്കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. നിന്റെ ഭീരുത്വം നിന്നെ മാത്രമല്ല നമ്മെയും നമ്മുടെ കുലമഹിമയെയും ഇകഴ്‌ത്തിക്കാട്ടുന്നു. അതുകൊണ്ട്‌ നീ സ്വയം ഒരു മാറ്റത്തിന്‌ തയ്യാറാവൂ. രാജരക്തമാണ്‌ നിന്റെ സിരകളിലൂടെ ഓടുന്നത്‌. അതുകൊണ്ട്‌ ഭൗതികമായ്‌ നിനക്കപ്രാപ്യമായൊന്നുമില്ല.”

മാതാപിതാക്കൻമാരുടേയും, ഗുരുക്കൻമാരുടേയും ഉപദേശം കുമാരനിൽ ഒരു ചലനമുണ്ടാക്കിയില്ല. കുമാരൻ നിന്ദിക്കുകയായിരുന്നില്ല. എല്ലാവരും പറയുന്നത്‌ പോലെ മാറ്റം ആവശ്യമാണ്‌. പക്ഷേ മറ്റൊരാളായി മാറണമെങ്കിൽ ഈ ജന്മം തന്നെ മാറണം. അതിനിനി…….

അങ്ങിനെയിരിക്കെ അഞ്ച്‌ സംവൽസരങ്ങൾ കൂടുമ്പോൾ നടത്താറുള്ള “ആയുധാഭ്യാസക്കാഴ്‌ച” വന്നു. യോദ്ധാക്കൾക്ക്‌ പഠിച്ച അസ്‌ത്രശാസ്‌ത്രങ്ങൾ മാറ്റുരച്ച്‌ കാണിക്കാനുള്ള സുവർണ്ണാവസരം. സർവ്വായുധങ്ങളും പരീക്ഷിക്കാം. കുമാരന്‌ അമ്പും വില്ലുമായിരുന്നു നിശ്ചയിച്ചിരുന്നത്‌. പക്ഷേ ഞാണൊലി മുഴക്കിയ കുമാരന്റെ അസ്‌ത്രം ലക്ഷ്യം കണ്ടില്ല. സദസ്സ്‌ നിശബ്‌ദമായി. അഭ്യാസത്തിൽ കുമാരന്റെ പ്രകടനം പ്രഹസനമായപ്പോൾ രാജാവ്‌ കോപം കൊണ്ടലറി.

ഇക്കുറി രാജാവ്‌ ഗൗരവപൂർണ്ണമായ ഒരു തീരുമാനമെടുക്കുകയായിരുന്നു. കാരണം കുമാരന്റെ കഴിവ്‌കേട്‌ ഇന്ന്‌ രാജ്യത്തിൽ ഒരു സംസാരവിഷയമായിരിക്കുന്നു. രാജഗുരുവായിരുന്നു പരീക്ഷണങ്ങൾ ആസൂത്രണം ചെയ്‌തത്‌. തത്‌ഫലമായി കുമാരൻ കാട്ടിലെത്തിയിരിക്കുന്നത്‌. യാത്രയയക്കുമ്പോൾ നിറഞ്ഞ പുത്ര വാൽസല്യത്തോടെ കുമാരനോട്‌ രാജാവ്‌ പറഞ്ഞു.

“ഉണ്ണീ നിയമങ്ങളിൽ നിന്ന്‌ രാജാവും മുക്തനല്ല. ധർമ്മിഷ്‌ഠനും, നീതിമാനുമായ ഒരു രാജാവെന്ന നിലയിൽ നമുക്ക്‌ നിന്നെയും മാറ്റിയെടുക്കേണ്ടതുണ്ട്‌. നമുക്കു മുമ്പെ പ്രജകൾ നിന്നെ അംഗീകരിക്കണം. നിന്നിൽ ആത്മവിശ്വാസം വരേണ്ടതുണ്ട്‌. പോയ്‌ വരൂ. നമ്മുടെ പ്രാർത്ഥനയും, അനുഗ്രഹവും എന്നും നിന്നോടൊപ്പമുണ്ട്‌. വിജയശ്രീലാളിതനായ്‌ തിരിച്ചുവരുന്ന നിന്നെ വരവേൽക്കാൻ ഈ കൊട്ടാരവും, പ്രജകളും ആഘോഷങ്ങളോടെ കാത്തു നിൽക്കും”. മൂർദ്ധാവിൽ കൈവെച്ചു കൊണ്ടദ്ദേഹം പറഞ്ഞു; “ജയിച്ചു വരൂ”.

ഉൾവനങ്ങളിലെവിടെനിന്നോ ഒരു കാട്ടുമൃഗത്തിന്റെ ഗർജ്ജനം. കുമാരൻ ചിന്തകളിൽ നിന്നുണർന്നു കണ്ണെത്താവുന്നിടത്തോളം കാണുന്ന ചെറുശൈലങ്ങൾക്കപ്പുറം വനം നിബിഢമാവുകയാണ്‌. കുമാരന്റെ ആദ്യത്തെ ബലിമൃഗം അവിടെ കാത്തിരിക്കുന്നു.

മുമ്പ്‌ പലതവണ കൊട്ടാരത്തിൽ അടക്കം പറയുന്നത്‌ കേട്ടിട്ടുണ്ട്‌. രാജ്യത്ത്‌ ഉടനെ ഒരു യുദ്ധമുണ്ടാവുമത്രെ! വിശ്വം കീഴടക്കാൻ ശപഥമെടുത്ത ഒരു സുൽത്താൻ ശതകാതങ്ങൾക്കരികെവരെയെത്തിയിരിക്കുന്നു! രാജ്യത്ത്‌ രാജാവ്‌ സൈനികരേയും, ആയുധങ്ങളേയും വർദ്ധിപ്പിക്കുന്നു. ഒരു പക്ഷേ ആ യുദ്ധം നയിക്കേണ്ടവൻ കുമാരനായിരിക്കാം. കുമാരൻ പ്രാർത്ഥിച്ചുഃ “ദേവാ, എനിക്ക്‌ ശക്തി തരൂ, ശക്തി തരൂ.”

കുമാരൻ ആവനാഴി ഉറപ്പിച്ചു. അമ്പും, വില്ലും, വാളുമെടുത്ത്‌ വനാന്തരങ്ങളിലേക്ക്‌ നടന്നു.

കന്മദം കിനിയുന്ന പാറക്കൂട്ടങ്ങളിൽ കാട്ടാടുകൾ കൂട്ടംകൂടി മേയുന്നു. മുമ്പ്‌ കേട്ട വന്യമൃഗത്തിന്റെ അലർച്ച ദൂരെനിന്ന്‌ ഒരിക്കൽ കൂടി കേട്ടു. കുമാരൻ ജാഗരൂകനായി. എവിടെ എന്റെ ശത്രു!

വൃക്ഷത്തലപ്പുകളെ വിറകൊള്ളിച്ചുകൊണ്ട്‌ ഒരു കാറ്റ്‌ വീശി. അപ്പോൾ വല്ലാത്തൊരസ്വസ്‌ഥത. തലകറങ്ങുന്നത്‌ പോലെ. മുകളിലേക്ക്‌ നോക്കിയപ്പോൾ മനസ്സിലായി. വലിയൊരു പാലമരത്തിന്റെ ചുവട്ടിലാണ്‌ നിൽക്കുന്നത്‌. പാല പിശാചിനികളുടെ വൃക്ഷമാണ്‌. ഭയം നിറയുന്ന മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട്‌ വീണ്ടും കുമാരൻ മുന്നോട്ട്‌ നടന്നു.

ഇപ്പോൾ കാറ്റടങ്ങിയിരിക്കുന്നു. ശാന്തത. പെട്ടെന്ന്‌ ഒരാനയുടെ ചിന്നംവിളി കേട്ടു. അധികം അകലെ നിന്നല്ല. ശബ്‌ദത്തിന്റെ ഉറവിടം തേടി നീങ്ങിയപ്പോൾ ഓർത്തു. ആന ഹിംസ്രമൃഗമാണോ? വീണ്ടും ശബദം കേട്ടു. പിന്നീട്‌ മനസ്സിലായി. അതൊരു ദീനരോദനമാണ്‌. കുമാരൻ മറഞ്ഞ്‌ നിന്ന്‌ ആ കറുകറുത്ത കൊമ്പനാനയെ നോക്കി. മുന്നിലൊരു കാൽ നിലത്തുറപ്പിക്കാനാകാതെ അത്‌ നിസ്സഹായനായി എന്തിനോ കേഴുകയാണ്‌.

കുമാരൻ ആനക്കഭിമുഖമായ്‌ കുറേക്കൂടിയരുകിലെത്തി. ഇപ്പോൾ ആന കുമാരനേയും കണ്ടിരിക്കുന്നു. അത്‌ വേദനയോടെ, നിസ്സഹായതയോടെ കുമാരനെ നോക്കി. ആ ചെറിയ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. പിന്നെ വലത്‌ കാൽപാദം മുകളിലേക്കുയർത്തി. കുമാരൻ വ്യക്‌​‍്തമായ്‌ കണ്ടു. ആന വനം കൊള്ളക്കാരുടെ കെണിയിൽപെട്ടിരിക്കുന്നു. വലത്‌ കാൽപാദത്തിൽ ആഴത്തിൽ തുളഞ്ഞിറങ്ങുയിരിക്കുന്ന ഇരുമ്പാണികൾ പാകിയ അള്ള്‌.

ഇപ്പോൾ ഭയം തോന്നുന്നില്ല. ഹിംസ്രയല്ല മനസ്സിലെ വികാരം. വീണ്ടും ആനയുടെ ദീനരോദനം. ഏതോ ഒരു കാന്തികപ്രേരണയിലെന്നോണം കുമാരൻ മുന്നോട്ടു നടന്നു. തറച്ച്‌ കയറിയ അള്ള്‌ സാഹസത്തോടെ വലിച്ചെടുത്തു. ആന നന്ദിയോടെ കുമാരനെ നോക്കി. കുമാരന്റെ കണ്ണുകൾ നിറഞ്ഞു. ആന തുമ്പിക്കൈകൊണ്ട്‌ അരികിലൂടെ ഒഴുകിയിരുന്ന അരുവിയിൽ നിന്നും വെള്ളം വലിച്ചെടുത്ത്‌ ഒരാശീർവാദമെന്നോണം കണികകളാക്കി കുമാരനിലേക്ക്‌ തളിച്ചു. പിന്നെയത്‌ ദൂരേക്ക്‌ മറഞ്ഞു.

കുമാരന്റെ ആദ്രമായ മനസ്സ്‌ മന്ത്രിച്ചു. “ഇല്ല എനിക്കൊന്നിനേയും ഹിംസിക്കാനാവില്ല. വധിക്കാൻ ഞാനശക്തനാണ്‌. രക്തം ചിന്തുന്നത്‌ ചിന്തകളിൽപ്പോലും എന്നെ വേദനിപ്പിക്കുന്നു. ആയതിനാൽ ഞാൻ രാജാവാകാൻ അർഹനല്ല. പരീക്ഷണത്തിൽ പരാജിതനായ്‌ ഞാൻ മടങ്ങുകയാണ്‌. വിധി എന്തുമായ്‌ക്കൊള്ളട്ടെ. സഹനത്തിന്‌ ഞാനിതാ തയ്യാറായിരിക്കുന്നു.”

കുമാരൻ ഘോരവനത്തിൽ നിന്നും വനവീഥിയിലേക്ക്‌ നടന്നു.

ദൂരെ ദൂരെ ഹിംസംഋഗത്തിന്റെ ഗർജ്ജനത്തിനപ്പോൾ പ്രതിധ്വനികളുയർന്നു.

Generated from archived content: story1_mar24_11.html Author: pradeep_perasannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here